sections
MORE

വരുന്നത് പുതുകാലം, പുത്തൻ ഇന്ത്യ

amitabh-kant
അമിതാഭ് കാന്ത്
SHARE

കോവിഡിനു ശേഷമുള്ള ജീവിതം എന്നതുവിട്ട്, കൊറോണ  വൈറസിനൊപ്പമുള്ള ജീവിതം എന്ന നിലയിലേക്കു നാം  മാറേണ്ടതുണ്ടെന്ന്  നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൂടുതൽ പരിസ്ഥിതിസൗഹൃദ ജീവിതശൈലിയും ‘വർക് ഫ്രം ഹോം’ രീതിയും പിന്തുടരുന്ന ഇന്ത്യയാകും വരുംകാലങ്ങളിൽ ഉണ്ടാവുക.

സുരക്ഷിത അകലം പാലിക്കലും മാസ്ക്കും വ്യക്തിശുചിത്വവും അനിവാര്യമാകുന്ന സമയത്ത് അതിനനുസരിച്ച മാറ്റങ്ങൾ സൗകര്യങ്ങളിലുമുണ്ടാകും. അതിനുള്ള പരിശ്രമമാണ് ഇനി. പുതിയ കാലത്തെ ഇന്ത്യയെ രൂപപ്പെടുത്താനുള്ള നിതി ആയോഗിന്റെ ശ്രമങ്ങളെക്കുറിച്ച് അമിതാഭ് കാന്ത് മനോരമയോട്...

കോവിഡിനൊപ്പമുള്ള ജീവിതത്തിൽ ശാരീരിക അകലം അനിവാര്യമാകുമല്ലോ. വീട്ടിൽനിന്നു ജോലി (വർക് ഫ്രം ഹോം) വ്യാപകമാകുമോ?

ലോക്ഡൗൺ സമയത്തു വ്യാപകമായി പരീക്ഷിക്കപ്പെട്ട ‘വീട്ടിൽനിന്നു ജോലി’ സാധാരണമാകും. ഇത് ഇന്ത്യയുടെ പുതിയ തൊഴിൽ സംസ്കാരമാകും. വൈറസ് നമുക്കിടയിലുണ്ട് എന്ന ബോധ്യത്തിൽ ജോലി ചെയ്യുന്നത്, അതിനനുസരിച്ച സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. മാത്രമല്ല, പരിസ്ഥിതിസൗഹൃദപരമായ പല നേട്ടങ്ങളും ഇതിനുണ്ട്. ഇപ്പോൾത്തന്നെ ടിസിഎസ് പോലുള്ള കമ്പനികൾ 2025ഓടെ അവരുടെ 4.5 ലക്ഷം ജീവനക്കാരിൽ 75 ശതമാനവും വീട്ടിൽനിന്നാവും ജോലി ചെയ്യുക എന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് എങ്ങനെയാണു മാറ്റങ്ങളുണ്ടാക്കുക.

ഇതു കമ്പനികളുടെ ചെലവു കുറയ്ക്കും; പരിസ്ഥിതിക്കും ഏറെ ഗുണകരമാണ്. ഓഫിസ് സ്പേസ്, വൈദ്യുതി ഉൾപ്പെടെയുള്ള ചെലവുകൾ എന്നിവയൊക്കെ നിയന്ത്രിക്കാം. ജീവനക്കാരുടെ സേവനം യുക്തിസഹമായി ഉപയോഗിക്കാം. അത് ഉൽപാദനക്ഷമതയ്ക്കു വഴിതെളിക്കും. ഓഫിസായി ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ മറ്റു പല ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താം.

കൂടുതൽ പുതിയ നിർമാണങ്ങൾ വേണ്ടിവരില്ല. കൂടുതൽ പേർ വീടുകളിൽനിന്നു ജോലി ചെയ്യുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയും. അതുവഴി അന്തരീക്ഷ മലിനീകരണവും റോഡുകളിലെ കുരുക്കും കുറയും. പരിസ്ഥിതിസൗഹൃദ സുസ്ഥിര വികസനത്തിന് ഏറ്റവും യോജിച്ചതാണ് ‘വീട്ടിൽനിന്നു ജോലി’. മറ്റു മേഖലകൾക്കും ഇത് സഹായകരമാകും.

മറ്റു മേഖലകൾക്ക് ഇതു സഹായകരമാകുന്നത് എങ്ങനെ.

വർക് ഫ്രം ഹോം വ്യാപകമാകുമ്പോൾ വിഡിയോ കോൺഫറൻസുകൾ സാധാരണമാകും. സ്റ്റാർട്ടപ്പുകളടക്കം, ഒട്ടേറെ ഇന്ത്യൻ കമ്പനികൾക്ക് ഈ മേഖലയിൽ അവസരമൊരുങ്ങും. ഇപ്പോൾത്തന്നെ പുതിയ സുരക്ഷിതമായ വിഡിയോ കോൺഫറൻസിങ് ആപ് തയാറാക്കാൻ ഇന്നവേഷൻ ചാലഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. പല കമ്പനികളും മികച്ച പരിഹാരമാർഗങ്ങളുമായി വരുന്നുണ്ട്. നിർമിതബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്സും ഇതിൽ വലിയ പങ്കുവഹിക്കും. 

നിർമിതബുദ്ധി വികസനത്തിന്റെ വലിയ ആകാശങ്ങളാണു തുറന്നിടുന്നത്. ടെലി മെഡിസിൻ, വിഡിയോ കോൺഫറൻസിങ് ആപ്പുകൾ, ഗവേഷണം, ഉൽപാദന മേഖല എന്നിവയിൽ ഏറെ സാധ്യതകളുണ്ട്. നമുക്കു കൂടുതൽ വിഡിയോ കോൺഫറൻസിങ് ആപ്പുകൾ വേണ്ടിവരും. രാജ്യാന്തര തലത്തിലും ഇതിനു സാധ്യതകളുണ്ട്. നമ്മുടെ ചെറുകിട വ്യവസായങ്ങൾക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിലാവണം ഇത്.

വീട്ടിൽനിന്നു ജോലി, അകലം പാലിക്കൽ എന്നിവ പൊതുഗതാഗതത്തെ എങ്ങനെ ബാധിക്കും.

പൊതുഗതാഗതം ഏതു സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിൽ പ്രധാനമാണ്; നഗരമേഖലകളുടെ ജീവനാഡിയാണ്. തീർച്ചയായും, കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ കുറയും. പക്ഷേ, കൃത്യവും വ്യക്തവുമായ നടപടികളുണ്ടായാൽ സുഗമമായി കൈകാര്യം ചെയ്യാവുന്നതാണിത്.

 പൊതുഗതാഗത സംവിധാനത്തിൽ ഉണ്ടായേക്കാവുന്ന മാറ്റത്തെക്കുറിച്ച്...

നമ്മുടെ നഗരങ്ങളുടെ വികസനത്തിൽ വിവിധ ഏജൻസികളുടെ ക്രിയാത്മക ഇടപെടലുകൾ വേണ്ട സമയമാണിത്. നടപ്പ്, സൈക്കിൾ സവാരി എന്നിവയ്ക്കു കൂടുതൽ ഇണങ്ങുന്ന വിധത്തിൽ നഗരങ്ങളെ മാറ്റണം. മോട്ടർ രഹിത ഗതാഗതമായിരിക്കും (Non Motorized Transit) ഇനിയങ്ങോട്ടുള്ള ഗതാഗത പദ്ധതികളുടെ കാതൽ എന്നാണു ഞാൻ കരുതുന്നത്. ഇലക്ട്രിക് വാഹനങ്ങൾ അതിനു നല്ലൊരു മാർഗമാണ്. ഇന്ത്യയ്ക്ക് ഈ മേഖലയിൽ നല്ല സാധ്യതകളുണ്ട്. നമ്മൾ കൂടുതൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും മുച്ചക്ര വാഹനങ്ങളുമുണ്ടാക്കണം.

അന്തരീക്ഷ മലിനീകരണത്തിനുള്ള പരിഹാരവും ഇലക്ട്രിക് വാഹനങ്ങൾ തന്നെ. പൊതുഗതാഗതമോ സ്വകാര്യ വാഹനമോ ഏതുമാകട്ടെ, ഇലക്ട്രിക് വാഹനങ്ങളായാൽ മതി. ഇതു കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം, രാജ്യത്ത് പുതിയൊരു ഗതാഗത സംസ്കാരമുണ്ടാക്കുകയും ചെയ്യും.

ഇതിന് നിതി ആയോഗിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള നടപടികൾ.

ഇലക്ട്രിക് വാഹനങ്ങൾക്കു നികുതിയിളവും ഫെയിം (ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ്) നയവും നമുക്കുണ്ട്. ജിഎസ്ടിയിലെ ഇളവ്, പെർമിറ്റുകളിലെ ഇളവ്, ഇറക്കുമതി ഇളവുകൾ, സംസ്ഥാനങ്ങൾക്ക് ഇ ബസുകൾ നൽകുന്ന പദ്ധതി, ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുന്ന പദ്ധതി എന്നിവ ചില പ്രധാന നടപടികളാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.

കോവിഡിന് വാക്സിൻ കണ്ടുപിടിക്കുന്നതു വരെ വൈറസിനൊപ്പമാകും ജീവിതമെന്നതിൽ സംശയമില്ല. അപ്പോൾ ഏതു വാഹനമായാലും സാമൂഹിക അകലം നിർബന്ധമാണ്. സംസ്ഥാന സർക്കാരുകളും കേന്ദ്രസർക്കാരും ചർച്ച ചെയ്ത് പരമ്പരാഗത വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, പൊതുഗതാഗതം എന്നിവയുടെ സന്തുലിതമായ ഉപയോഗം സംബന്ധിച്ചു മാർഗരേഖകളുണ്ടാക്കണം. സുസ്ഥിര വികസനവും സുഗമമായ ഗതാഗതവും ജനങ്ങളുടെ ആരോഗ്യപരമായ ആശങ്കകളും കണക്കിലെടുത്തു കൊണ്ടാവണം ഇത്.

 കോവിഡിനു ശേഷം ചൈനയിൽനിന്നടക്കം കൂടുതൽ കമ്പനികളെ ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നു. ഇത്തരം സാഹചര്യങ്ങളിൽ മലിനീകരണ ഭീഷണികൾ കൂടുതലാവില്ലേ? അതിനുള്ള പരിഹാരം...

ഇന്ത്യ ഇക്കാര്യത്തിൽ കൃത്യമായ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നുണ്ട്. കോപ്പൻഹേഗൻ കൺവൻഷൻ പ്രകാരമുള്ള മാനദണ്ഡങ്ങൾ കൃത്യമായി നാം പാലിക്കുന്നുണ്ട്. കാർബൺ പുറന്തള്ളൽ പരിധിക്കുള്ളിൽ നിർത്താൻ നിരന്തര ശ്രമങ്ങളുണ്ട്. നമ്മുടെ ഊർജ ഉപയോഗത്തിൽ 36% പുനരുപയോഗിക്കാവുന്ന ഊർജമാണ്. കഴിഞ്ഞ വർഷം നാം 7 ജിഗാ വാട്ട് സോളർ വൈദ്യുതി ഉൽപാദനം കൈവരിച്ചു. 2022ൽ 175 ജിഗാവാട്ട് പാരമ്പര്യേതര ഊർജം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണ്. വരുന്ന 9–10 വർഷങ്ങൾക്കുള്ളിൽ ഇതു 400 ജിഗാവാട്ട് ആയി ഉയർത്താൻ നമുക്കു കഴിയും. മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം കൂടി യുക്തിസഹമായി വർധിപ്പിക്കേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA