സമരനായകന്റെ സ്മരണകളിൽ...

HIGHLIGHTS
  • ഇ.മൊയ്തു മൗലവിയുടെ വിയോഗത്തിന് ഇന്ന് 25 വയസ്സ്
Moithu-Moulavi
SHARE

കാലത്തെ തോൽപിച്ച ഇതിഹാസ സമരനായകന്റെ വേർപാടിന്  25 വയസ്സ്. സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ഇ.മൊയ്തു മൗലവി ഓർമയായത് 1995 ജൂൺ എട്ടിനാണ്; 109–ാം വയസ്സിൽ. പണ്ഡിതനും സ്വാതന്ത്ര്യസമരസേനാനിയുമായ മലയങ്കുളത്തേൽ മരയ്ക്കാർ മുസല്യാരുടെ മകനായി പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ ജനിച്ചു. 

1919ൽ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ സജീവമായി. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവർത്തനങ്ങളും മുഹമ്മദ് അബ്ദുറഹ്മാനെപ്പോലെ ഒട്ടേറെപ്പേരെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു. സമുദായ പരിഷ്കരണാർഥവും മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം സ്വാതന്ത്ര്യസമരത്തിൽ ഉറപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട മജ്‌ലിസുൽ ഉലമയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു മൗലവി. 1921ലെ ഖിലാഫത്ത് പ്രസ്ഥാനക്കാലത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റ് ചെയ്യപ്പെടുകയും കഠിനതടവ് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന് 3 വർഷം തടവുശിക്ഷ അനുഭവിച്ചു.

കെപിസിസി വർക്കിങ് കമ്മിറ്റി അംഗം, എഐസിസി അംഗം എന്നിങ്ങനെ സംഘടനയുടെ വിവിധ തലങ്ങളിൽ മൗലവി നേതൃപരമായ പങ്കു വഹിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹ്മാനോടൊപ്പം അൽ അമീൻ പത്രം പ്രസിദ്ധീകരിക്കുന്നതിലും പങ്കുവഹിച്ചു. സ്വതന്ത്ര ഭാരതത്തിലെ ഒരു പൊതുതിരഞ്ഞെടുപ്പു വേദിയിലും മൊയ്തു മൗലവിയെ സ്ഥാനാർഥിയായി കേരളം കണ്ടില്ല. അധികാരത്തിനു പിന്നാലെ അദ്ദേഹം പാഞ്ഞുനടന്നുമില്ല. രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൗലാന അബുൽ കലാം ആസാദ്, മൊയ്തു മൗലവിയോട് അഭ്യർഥിച്ചിരുന്നു. മൂന്നാം പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹുമയൂൺ കബീർ സാമ്പത്തിക സഹായം പോലും വാഗ്ദാനം ചെയ്തു. പക്ഷേ, മൊയ്തു മൗലവി തയാറായില്ല.

ഒരുതവണ എംപിയായത് വോട്ടെടുപ്പിലൂടെ ആയിരുന്നില്ല. മദ്രാസ് നിയമസഭയുടെ ഉപരിമണ്ഡലത്തിൽനിന്ന് ഏകകണ്‌ഠമായി തിരഞ്ഞെടുക്കപ്പെട്ട് അദ്ദേഹം ഭരണഘടനാ നിർമാണസഭയിൽ അംഗമായി. 

ക്വിറ്റ് ഇന്ത്യ സമരത്തിനു മൂന്നു വർഷം മുൻപു നടന്ന മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് തിരഞ്ഞെടുപ്പിൽ മാറഞ്ചേരി ഉൾപ്പെട്ട അണ്ടത്തോടു ഫർക്കയിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചു. കോഴിക്കോട് മുനിസിപ്പാലിറ്റിയിൽ ഹജൂർ വാർഡിൽനിന്നുള്ള അംഗവുമായിരുന്നു.

102–ാം വയസ്സിൽ മൗലാന അബുൽ കലാം ആസാദിന്റെ ‘റസൂലെ റഹ്‌മത്’ ഉറുദുവിൽനിന്നു പരിഭാഷ ചെയ്ത മൊയ്തു മൗലവി, അവസാനകാലത്ത് 106 വർഷം പിന്നിട്ട ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുകയായിരുന്നു. കോഴിക്കോട് കണ്ണംപറമ്പിലെ ശ്മശാനത്തിലാണ് അദ്ദേഹത്തെ കബറടക്കിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA