ADVERTISEMENT

കോവിഡ് മഹാമാരി ദുരന്തം വിതച്ചതിനൊപ്പം, പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമ്മെ പഠിപ്പിക്കുകയും ചെയ്തു. അതിലൊന്നാണ് ഇന്ത്യയിൽ ദീർഘകാലമായി അവഗണിക്കപ്പെട്ടു കഴിയുന്ന, 14 കോടിയോളം വരുന്ന അതിഥിത്തൊഴിലാളികളുടെ ദുരിതജീവിതം. ലോക്ഡൗണിൽ തൊഴിൽനഷ്ടം നേരിട്ട ആയിരക്കണക്കിനു തൊഴിലാളികളും കുടുംബങ്ങളും നഗ്നപാദരായി നൂറുകണക്കിനു കിലോമീറ്റർ നടന്ന് നാടുകളിലേക്കു പോകുന്ന ദുരിത ചിത്രങ്ങൾ വേദനാജനകമായിരുന്നു. രാജ്യത്തിന്റെ നട്ടെല്ലായ ഈ തൊഴിലാളികൾക്ക് സമാന ദുരനുഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ എന്തുചെയ്യണമെന്ന് ആലോചിക്കണം.

രാജ്യവ്യാപക ലോക്ഡൗൺ സമസ്ത മേഖലകളിലും വരുമാനനഷ്ടവും തൊഴിൽനഷ്ടവും ഉണ്ടാക്കിയിട്ടുണ്ട്. വിവിധ നാടുകളിലെ അതിഥിത്തൊഴിലാളികളെയാണ് ഇതു കഠിനമായി ബാധിച്ചത്. സ്വന്തം നാട്ടിൽനിന്ന് അകലെയാണെന്ന അരക്ഷിതാവസ്ഥ, ജോലിസ്ഥലത്തിനും താമസിക്കുന്ന ഇടത്തിനും അപ്പുറം എന്തെന്നറിയാത്ത സ്ഥിതി. തിരസ്കൃതരും സംഭീതരുമായ അവർ അങ്ങനെയാണ് അകലങ്ങളിലെ സ്വന്തം നാടുകളിലേക്കു നടന്നു തുടങ്ങിയത്.

രാജ്യത്തെ അതിഥിത്തൊഴിലാളികളിൽ 4 കോടിയോളം പേർ ജോലി ചെയ്യുന്നതു നിർമാണമേഖലയിലാണ്. ഇന്ത്യയുടെ വികസനത്തിൽ അവർ വഹിക്കുന്ന പങ്ക് അത്രയും നിർണായകമാണ്. അവരെ മാറ്റിനിർത്തിയാൽ രാജ്യത്തിന്റെ അടിസ്ഥാന വികസനവളർച്ച മുരടിക്കും; ഒപ്പം ദേശീയ ഉൽപാദനത്തിലും ഇടിവുണ്ടാകും. അതുകൊണ്ടാണ് മാനവശേഷി എന്ന ദേശീയ വിഭവത്തിന്റെ സംരക്ഷണത്തിന് നടപടികൾ അത്യന്താപേക്ഷിതമാകുന്നത്.

അതിഥിത്തൊഴിലാളികളുടെ സംരക്ഷണത്തിനു 3 കാര്യങ്ങളാണ് നിയമനിർമാണം വഴി ഉറപ്പാക്കേണ്ടത്. 1) നിർദിഷ്ട വേതനം. 2) ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്ന താമസസൗകര്യം. 3) ആവശ്യമായ ആരോഗ്യപരിരക്ഷ.

Galfar-Mohammed-Ali
ഡോ. പി.മുഹമ്മദ് അലി

ഇക്കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള നടപടികൾ കൂടിയേ തീരൂ. ഇതര സംസ്ഥാനങ്ങളിൽ കുടിയേറുന്ന തൊഴിലാളികൾക്ക് വിദ്യാഭ്യാസമടക്കമുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കാൻ അവരുടെ സ്വന്തം സംസ്ഥാനത്തിനും ആതിഥേയ സംസ്ഥാനത്തിനും കേന്ദ്രം നിർദേശം നൽകണം. പദ്ധതികളും തയാറാക്കണം. ഇടനിലക്കാരുടെയും തൊഴിൽദാതാക്കളുുടെയും ചൂഷണം അവസാനിപ്പിക്കാൻ ഇത് ആവശ്യമാണ്. സെസ് പിരിച്ചും മറ്റും ആസൂത്രണം ചെയ്തിട്ടുള്ള ക്ഷേമപദ്ധതികൾ വിവേകപൂർവം നടപ്പാക്കണം. മാത്രമല്ല, ഇവ സംബന്ധിച്ച് തൊഴിലാളികൾക്കു ബോധവൽക്കരണം നൽകുകയും വേണം. ഇക്കാര്യത്തിൽ നിലവിൽ ഒട്ടും ആശാവഹമല്ല നടപടികൾ.

ആഗോള പ്രവണതകൾക്കനുസരിച്ച തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവയ്ക്കു സർക്കാരുകൾ പ്രത്യേക ശ്രദ്ധ നൽകണം. അതിഥിത്തൊഴിലാളികളെ നിയോഗിക്കുന്ന തൊഴിൽദാതാക്കൾ അവർക്കു മതിയായ പരിശീലനം നൽകുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കണം.

നടപ്പാക്കേണ്ട കാര്യങ്ങൾ

കുടിയേറ്റത്തൊഴിലാളികൾക്ക് ആവശ്യമായ താമസസൗകര്യം ഉറപ്പാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. ഇത്തരം കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാകണം. നടത്തിപ്പും സൗകര്യങ്ങളും ഓഡിറ്റ് ചെയ്യാൻ സ്വതന്ത്ര സംവിധാനവും വേണം.

എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും അതിഥിത്തൊഴിലാളികൾക്കായി പാർപ്പിട സമുച്ചയങ്ങൾ ഉണ്ടാകണം. ഇതു സർക്കാരിനു നേരിട്ടോ കരാർ നൽകിയോ നടത്താവുന്നതാണ്. സ്വകാര്യ സംരംഭകർക്ക് ഈ ആവശ്യത്തിനു ഭൂമി വിട്ടു നൽകുന്നതും പരിഗണിക്കണം. നഗരാസൂത്രണ വിദഗ്ധർ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ ശ്രമിക്കേണ്ട പദ്ധതിയാണിത്. പൊതുഗതാഗതവും പൊതുവിതരണ സമ്പ്രദായവും ലഭ്യമായ ഇടങ്ങളിലാകണം ഈ കേന്ദ്രങ്ങൾ. തൊഴിലാളികളുടെ താമസച്ചെലവ് തൊഴിലുടമയിൽനിന്ന് ഈടാക്കണം. സുരക്ഷയിലും ശുചിത്വ പരിപാലനത്തിലും അതിദയനീയമായ അവസ്ഥയുള്ള ചേരികളിൽനിന്നു നമ്മുടെ തൊഴിൽസമൂഹത്തെ മെച്ചപ്പെട്ട ഇടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കേണ്ടതു പ്രധാനമാണെന്ന് കോവിഡ് നമ്മെ പഠിപ്പിക്കുന്നു.

ഇത്തരം കേന്ദ്രങ്ങളിൽ പാർക്കുന്ന തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലേക്കു സൗജന്യ ഗതാഗത സൗകര്യം നൽകേണ്ടതുമാണ്. ഇതിന്റെ ചെലവും തൊഴിൽദാതാക്കളിൽനിന്ന് ഈടാക്കാൻ കഴിയും.

തൊഴിലാളികളുടെ താമസസ്ഥലത്തെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാൻ മാർഗരേഖയുണ്ടാകണം. ഇവ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് തൊഴിൽദാതാക്കൾ ഉറപ്പുവരുത്തണം.

രണ്ടോ മൂന്നോ ‘പങ്കാളിത്ത അടുക്കള’ വഴി ഭക്ഷണം തയാറാക്കി നൽകാം. കേരളം പരീക്ഷിച്ചു വിജയിപ്പിച്ച സമൂഹ അടുക്കള ഇതിനു മാതൃകയാക്കാം. അടുക്കളയ്ക്കു വേണ്ട വിഭവങ്ങൾ മത്സരാധിഷ്ഠിത ടെൻഡർ വഴി സമാഹരിക്കാൻ കഴിയും. അല്ലാത്തപക്ഷം, സർക്കാർ സബ്സിഡി നൽകാവുന്നതുമാണ്. പാർപ്പിടസമുച്ചയ വാസികളായ തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി അങ്കണവാടി, സ്കൂൾ, ആശുപത്രി തുടങ്ങിയവയും പരിഗണിക്കണം.

∙ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ.

∙ നിശ്ചിത കാലയളവിൽ ആരോഗ്യപരിശോധന, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ.

∙ നിശ്ചിത വേതനം.

∙ അടിമപ്പണി ഒഴിവാക്കാൻ കാലാകാലങ്ങളിൽ തൊഴിൽദാതാവിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ഇവയും തൊഴിലാളികൾക്കു ലഭിക്കണം.

തൊഴിലാളിക്ഷേമത്തിനു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികളും വിവിധ തൊഴിൽ സെസുകളും സമാഹരിച്ച് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയാൽ ഇക്കാര്യങ്ങളെല്ലാം സാധ്യമാകും. അതോടെ, നമ്മുടെ തൊഴിൽ സമൂഹത്തിന് അന്തസ്സോടെ തൊഴിൽ ചെയ്യാനും അഭിമാനപൂർവം ജീവിക്കാനും സാഹചര്യമൊരുങ്ങും. രാഷ്ട്ര നിർമാണത്തിൽ തങ്ങളും പങ്കാളികളാണെന്ന തോന്നൽ അവർക്കുണ്ടാകുകയും ചെയ്യും.

(ഗൾഫാർ ഗ്രൂപ്പ് സ്ഥാപകനും പ്രമുഖ എൻആർഐ വ്യവസായിയുമാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com