ADVERTISEMENT

കേരളത്തിന്റെ ഭാവി മണലിലാണെന്നു കണ്ടുപിടിച്ചത് മന്ത്രി തോമസ് ഐസക്കാണോ മുൻ മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയോ പ്രേമചന്ദ്രനോ ആണോ എന്നു തീർച്ചയില്ല. അതു കരിമണലായാലും പുഴമണലായാലും കൊള്ളാം. കടൽമണലായാലും തെറ്റില്ല. മണലിനു തുല്യതൂക്കം സ്വർണത്തിന്റെ കാലം വരുമെന്ന സാമ്പത്തിക സിദ്ധാന്തം കണ്ടുപിടിച്ചത് ആരാണെന്ന തർക്കം അവിടെ നിൽക്കട്ടെ. ഏതായാലും ഈ സർക്കാർ മണലിനു പുല്ലുവിലയേ കൽപിക്കുന്നുള്ളൂ എന്നതാണു സത്യം. 

പ്രളയകാലത്തു പമ്പയിൽ അടിഞ്ഞുകൂടിയ മണൽ സർക്കാരിനെ സംബന്ധിച്ചിടത്തോളം വെറും മണ്ണും ചെളിയുമാണ്. ചെളിയെന്നു പറഞ്ഞാൽ നിസ്സാരമായ എക്കൽ. ഇത് അടിയന്തരമായി നീക്കിയില്ലെങ്കിൽ വീണ്ടുമൊരു പ്രളയം വന്നാൽ എന്താണു സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. അങ്ങനെ വന്നപ്പോഴാണ് കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് എന്ന കണ്ണൂർ കമ്പനി ‘അടിയൻ ലച്ചിപ്പോം’ എന്നു പറഞ്ഞു സർക്കാരിനു മുന്നിൽ അവതരിച്ചത്. 

തീരുമാനമെടുക്കുന്നതിൽ വരുന്ന കാലതാമസമാണു പല സർക്കാരുകൾക്കും പറ്റുന്ന പിഴവ്. ഉമ്മൻ ചാണ്ടി കൊണ്ടുവന്ന ‘അതിവേഗം, ബഹുദൂരം’ എന്ന മുദ്രാവാക്യത്തിന്റെ ഗുണം കിട്ടിയതു പിണറായി സർക്കാരിനാണ്. അത് അവർ അക്ഷരംപ്രതി നടപ്പാക്കിയതു പമ്പയിലെ മണലിന്റെ കാര്യത്തിലാണ്. മണലിനെ ചെളിയും മണ്ണുമാക്കുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ചത് അതിവേഗമാണ്. പമ്പയിലേക്കു ബഹുദൂരം പോകാനുള്ളതിനാൽ ചീഫ് സെക്രട്ടറി വിരമിക്കുന്നതിനു മുൻപ് ഹെലികോപ്റ്ററിൽ അവിടെയെത്തിയാണ് മണ്ണും ചെളിയും നീക്കാൻ കണ്ണൂർ കമ്പനിയെ ചുമതലപ്പെടുത്തിയത്. സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതുകൊണ്ടു പ്രയോജനം ഉണ്ടായില്ലെന്ന് ആരുമിനി കുറ്റപ്പെടുത്തരുത്. 

ജില്ല നിർണയം ആനക്കാര്യം 

കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവഡേക്കർക്കും മേനക ഗാന്ധിക്കും ഭൂമിശാസ്ത്രത്തിൽ വലിയ പിടിപാടാണെന്നു മനസ്സിലായത് ഇപ്പോഴാണ്. മണ്ണാർക്കാട്ടു പന്നിപ്പടക്കം കടിച്ച് ആന ചെരിഞ്ഞാൽ അതു മലപ്പുറത്താണെന്ന് അവർക്കു പിടികിട്ടിയതു വെറുതെയല്ല. മലപ്പുറത്തുകാരെ ഒരു പാഠം പഠിപ്പിക്കണമെന്നു ബിജെപി ഒരുപാടു കാലമായി വിചാരിക്കുന്നു. അവിടത്തെ ലോക്സഭാംഗങ്ങൾ രണ്ടു പേരും നിയമസഭാംഗങ്ങൾ ബഹുഭൂരിപക്ഷവും മുസ്‌ലിം ലീഗുകാരാണെന്നതു തന്നെ, മലപ്പുറത്തുകാരെ മോശക്കാരാക്കാൻ ധാരാളം മതി. 

ആനയുടെ കാര്യം വരുമ്പോൾ അവസാനവാക്കാണു മേനക ഗാന്ധി. തൃശൂർ പൂരത്തിന്റെ വിഡിയോ ദൃശ്യങ്ങളിലാണ് അവർ കേരളത്തിലെ ആനകളെ ഏറെയും കണ്ടിട്ടുള്ളത്. എന്നുവച്ചു കാട്ടാനകളെക്കുറിച്ച് അവർക്ക് അറിവില്ലെന്നു ധരിക്കരുത്. കേരളത്തിൽ വർഷത്തിൽ 600 ആനകൾ ചെരിയുന്നുണ്ടെന്ന വിവരം അവർക്കു ലഭിച്ചിട്ടുണ്ട്. എവിടെ നിന്നാണെന്നു മാത്രം ചോദിക്കരുത്. സംഗതി സത്യമാണെങ്കിൽ കാര്യം ഗുരുതരമാണ്. വർഷത്തിൽ 600 ആനകൾ വച്ചു ചെരിയുന്നുണ്ടെന്ന കണക്കു പ്രകാരം നോക്കിയാൽ 10 കൊല്ലം കഴിഞ്ഞാൽ കേരളത്തിൽ നാട്ടാനയോ കാട്ടാനയോ ബാക്കിയുണ്ടാവില്ലെന്ന യുക്തിയൊന്നും മേനക ഗാന്ധിയോട് ഉന്നയിച്ചിട്ടു കാര്യമില്ല. ആന ചത്തതു മണ്ണാർക്കാട്ടാണെങ്കിലും അതിനു കാരണമായ പന്നിപ്പടക്കം കെട്ടാൻ ഉപയോഗിച്ച ചാക്കുനൂൽ വാങ്ങിയതു മലപ്പുറത്തു നിന്നാണെന്ന വാദം വൈകാതെ വന്നേക്കും. 

മലപ്പുറത്തിന്റെ ഭൂമിശാസ്ത്രം മാത്രമല്ല, സോഷ്യോളജി, ഇക്കോളജി, ക്രിമിനോളജി തുടങ്ങിയ കാര്യങ്ങളിലും മേനക ഗാന്ധിക്കു നല്ല ധാരണയാണെന്ന് അവരുടെ ട്വീറ്റ് തെളിയിക്കുന്നുണ്ട്. രാഹുൽ ഗാന്ധി ആനക്കാര്യത്തിൽ പ്രതികരിക്കാത്തതു മോശമായി എന്നാണു മന്ത്രി പറയുന്നത്. അദ്ദേഹമാണത്രെ മണ്ണാർക്കാട്ടെ എംപി. മണ്ണാർക്കാട്ടെ ആന ചെരിഞ്ഞാൽ സ്വാഭാവികമായും അദ്ദേഹം പ്രതികരിക്കേണ്ടതായിരുന്നു. 

ചെരിഞ്ഞ ആനയുടെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ ഏതെങ്കിലും കാടാണെന്നു കണ്ടെത്തുന്ന കാലവും വിദൂരമല്ലെന്നു വേണം കരുതാൻ. മണ്ണാർക്കാട് എംഎൽഎയും മുസ്‌ലിം ലീഗുകാരനായതിനാൽ മണ്ണാർക്കാട് മലപ്പുറം ജില്ലയോടു ചേർത്താൽ മേനക ഗാന്ധി പറഞ്ഞതു സത്യമാക്കിയെടുക്കാം. 

യുഡിഎഫിന്റെ വിശാല പെട്ടകം 

രണ്ടു കേരള കോൺഗ്രസുകളെയും ഒപ്പം നിർത്താനുള്ള കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം എന്തുകൊണ്ടും നന്നായി. കോൺഗ്രസിന്റെ പെട്ടകത്തിൽ ലോകത്തിലെ എല്ലാ ജന്തുജീവി ജനുസ്സുകൾക്കും ഇടമുണ്ട്. അത്രയ്ക്കു വലുതാണ് ഈ പെട്ടകം. കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ചാലും പിന്നെയും അതിൽ സ്ഥലം ബാക്കികിടക്കും. യുഡിഎഫിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട.

പുല്ലും വെള്ളവും കൊടുത്താൽ തൃപ്തരാകുന്ന ഇനങ്ങൾ മുതൽ ഇരയുടെ നടുത്തുണ്ടം തന്നെ കിട്ടിയാലേ കഴിക്കൂ എന്നു വാശിപിടിക്കുന്നവർ വരെ മുന്നണിയിലുണ്ട്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വാതിലുകൾ ഒരുകാലത്തും അടയ്ക്കാറില്ല. ആർക്കും എപ്പോൾ വേണമെങ്കിലും വരാം, എപ്പോൾ വേണമെങ്കിലും പോകാം. അതു രേഖപ്പെടുത്താനുള്ള മൂവ്മെന്റ് റജിസ്റ്ററൊന്നും കെപിസിസി ആസ്ഥാനത്തോ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലോ സൂക്ഷിച്ചിട്ടില്ല. 

പുലിയെയും ആട്ടിൻകുട്ടിയെയും ഒരേ കൂട്ടിൽ വളർത്തിയ പാരമ്പര്യം കേരളത്തിലെ കോൺഗ്രസിനുണ്ട്; എ ഗ്രൂപ്പും ഐ ഗ്രൂപ്പും. ഏതായാലും ഒരുകൂട്ടിൽ വളർത്തിയിട്ടും ആട്ടിൻകുട്ടിയുടെ രോമത്തിനോ പുലിയുടെ സ്വഭാവത്തിനോ പോറൽ‍ പോലും ഏറ്റിട്ടില്ല. ആരാണു പുലി, ആരാണ് ആട്ടിൻകുട്ടിയെന്നു മാത്രം ചോദിക്കരുത്. അതെല്ലാം ‘ശേഷം ചിന്ത്യ’മെന്നു കരുതിയാൽ മതി. 

എൽഡിഎഫിലെ കാര്യം ഇങ്ങനെയൊന്നുമല്ല. അവരുടെ തറവാട്ടുമാളികയുടെ പടിപ്പുരയ്ക്കപ്പുറം കടക്കണമെങ്കിൽ ചുവപ്പു മാസ്ക് നിർബന്ധമാണ്. ചുരുങ്ങിയത് 70% ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിൽ മുങ്ങിക്കുളിക്കണം. തെർമൽ സ്കാനർ ഉപയോഗിച്ചു ശരീരോഷ്മാവ് രേഖപ്പെടുത്തണം. പോരാത്തതിനു ചിലരോട് എകെജി സെന്ററിനു ചുറ്റും ശയനപ്രദക്ഷിണം നടത്താനും കൽപിക്കും. 

ഈ നിബന്ധനകളെല്ലാം പാലിച്ചാലും അഷ്ടമംഗല്യമെടുത്തും വെള്ളയും കരിമ്പടവും വിരിച്ചും സ്വീകരിച്ചു പൂമുഖത്തേക്ക് ആനയിക്കുമെന്നു ധരിക്കരുത്. ആദ്യത്തെ 10 വർഷം പുറംപണിക്കായിരിക്കും വിരുന്നുകാരെ നിയോഗിക്കുക. കാടിയോ പഴഞ്ചോറോ കിട്ടിയാൽ ഭാഗ്യമെന്നു കരുതിയാൽ മതി. 10 വർഷം കൊണ്ടാണു വിരുന്നുകാരുടെ ജനിതക പരിശോധന പൂർത്തിയാക്കുക. അതിൽ വിജയിക്കുന്നവർക്ക് ഏതെങ്കിലും ഗ്രാമപഞ്ചായത്തിൽ സ്വതന്ത്രരായി മത്സരിക്കാൻ അവസരം കിട്ടിയെന്നു വരാം.

ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. യുഡിഎഫിൽ ആർക്കും എന്തുവേണമെങ്കിലും ആവശ്യപ്പെടാം. രാജ്യസഭാ സീറ്റെങ്കിൽ അത്. അതിന്റെ കാലാവധി തീരും മുൻപ് ലോക്സഭാ സീറ്റ് ചോദിച്ചാൽ അതും കിട്ടും. അഞ്ചാം മന്ത്രിസ്ഥാനം വേണ്ടവർക്ക് ചോദിക്കാതെ തന്നെ അതു കിട്ടിയെന്നിരിക്കും. ഇതൊന്നും കോൺഗ്രസിന്റെ ബലഹീനതയായി കാണരുത്. കോൺഗ്രസുകാരുടെ ക്രോമസോമിൽ വല്യേട്ടൻ കോംപ്ലക്സിന്റെ ജീൻ ഇല്ലാത്തതാണു കാരണം. 

സ്റ്റോപ് പ്രസ്:  ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് വീണ്ടും മാറ്റുന്നു.

വാസ്തുദോഷമാണോ ആനശാപമാണോ കാരണമെന്നറിയില്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com