sections
MORE

കോട്ടയം കരാർ കീറാമുട്ടി

keraleeyam
SHARE

യുഡിഎഫിനകത്തെ കേരള കോൺഗ്രസ് തമ്മിലടി എങ്ങനെ കൈകാര്യം ചെയ്യണമെന്നതു ചർച്ച ചെയ്യാനായി മാത്രം വിളിച്ചുചേർത്ത കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ കെ.സി.ജോസഫ് പ്രസക്തമായൊരു ചോദ്യം ഉന്നയിച്ചു: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മുൻകയ്യെടുത്ത് കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉണ്ടാക്കിയ ഒരു കരാർ പാലിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ, മറ്റു നേതാക്കൾ താഴെത്തട്ടിലെ തദ്ദേശസ്ഥാപനങ്ങളിൽ ഉണ്ടാക്കുന്ന കരാറുകളുടെ ഗതി എന്തായിരിക്കും? കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റ കരാർ യുഡിഎഫിനു തന്നെ തലവേദനയായി മാറിയിരിക്കുന്നു. എതിർമുന്നണിയുടെ ഈ അങ്കലാപ്പ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുന്നതിലേക്കു വരെ കാര്യങ്ങളെത്തിയിരിക്കുന്നു.

എന്താണ് ഈ കരാർ? അല്ലെങ്കിൽ, രേഖാമൂലം അല്ലാതുള്ള ധാരണ? കേരള കോൺഗ്രസ് ജോസ് കെ.മാണി – പി.ജെ.ജോസഫ് വിഭാഗങ്ങളായി അകന്നപ്പോൾ കോട്ടയം ജില്ലാ പഞ്ചായത്തിൽ ആ പാ‍ർട്ടിയുടെ വക പ്രസിഡന്റ് പദവി തർക്കത്തിലാകുന്നു. കന്റോൺമെന്റ് ഹൗസിൽ യുഡിഎഫ് നേതൃത്വം ഒരേദിവസം ഇരുകൂട്ടരെയും ചർച്ചയ്ക്കു വിളിക്കുന്നു. പി.ജെ.ജോസഫും സംഘവും പോയശേഷം രാത്രി വൈകി ജോസ് വിഭാഗവുമായി കൂടിക്കാഴ്ച. ഒരു വശത്ത് ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോസഫ് വാഴയ്ക്കൻ. മറുഭാഗത്ത് ജോസ് കെ.മാണി, എൻ.ജയരാജ്, റോഷി അഗസ്റ്റിൻ, ജോസഫ് എം.പുതുശേരി, സണ്ണി തേക്കേടം. കോൺഗ്രസ് നേതൃത്വം ഒരു നിർദേശം രൂപപ്പെടുത്തിയിരുന്നു. ഇനിയുള്ള 14 മാസം എട്ടും ആറുമായി വീതിക്കുക. അതോടെ ആദ്യത്തെ എട്ടു മാസത്തിനായി ജോസഫും ജോസും ഒരുപോലെ വാശിപിടിച്ചു. ഒടുവിൽ ജില്ലാ പഞ്ചായത്തിൽ കൂടുതൽ അംഗങ്ങളുള്ള ജോസ് വിഭാഗത്തിന് എട്ടു മാസവും ബാക്കി കാലാവധി ജോസഫിനും എന്നു തീർപ്പാക്കി. 

വീതംവയ്പ് എന്ന ആശയത്തോടുതന്നെ യോജിക്കാതിരുന്ന ജോസിനും ആദ്യ ഊഴം ചോദിച്ച ജോസഫിനും ഇതിനോട് ഒരുപോലെ എതിർപ്പുണ്ടായി. എന്നാൽ, മുന്നണി സംവിധാനത്തിൽ അംഗീകരിക്കാൻ ബാധ്യസ്ഥമായ തീർപ്പ് എന്നുകണ്ട് ഇരുകൂട്ടരും വഴങ്ങി. അതുകൊണ്ടാണ് ജോസ് വിഭാഗം പ്രസിഡന്റ് സ്ഥാനമേറ്റതും അവരുടെ കാലാവധി തീരുന്നതുവരെ കാത്തിരുന്നശേഷം മാത്രം ജോസഫ് ശബ്ദിച്ചതും. ജോസ് വിഭാഗം രാജിവയ്ക്കാതിരുന്നതോടെ കോട്ടയം കരാ‍ർ കീറാമുട്ടിയായി.

 കാർക്കശ്യത്തോടെ യുഡിഎഫ്

ലോക്സഭാ തിരഞ്ഞെടുപ്പു തൂത്തുവാരുക വഴി സംസ്ഥാന രാഷ്ട്രീയത്തിൽ ആർജിച്ച വൻ മേധാവിത്തം കൈവിട്ടുപോയത് പാലാ ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയിലൂടെയാണെന്നു യുഡിഎഫ് വിലയിരുത്തുന്നു. പാലായിൽ തുടങ്ങിയ തമ്മിലടി അനുസ്യൂതം തുടരുന്നതിൽ നേതൃത്വം മനംമടുപ്പിലാണ്; തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ, അന്തഃഛിദ്രങ്ങൾ തുടരുന്നത് അനുവദിക്കാനാകില്ലെന്ന തീരുമാനത്തിലും.

കോട്ടയം കരാർ പാലിച്ചും പരസ്പരം അംഗീകരിച്ചും മാത്രം ഇരുവിഭാഗവും മുന്നണിയിൽ തുടരണമെന്നാണു ചിന്താഗതി. യുഡിഎഫിനു രണ്ടു വിഭാഗങ്ങളും വേണം എന്നാണെങ്കിൽ, ഒരുകൂട്ടർ മതിയെന്ന വാശിയിൽ ജോസഫും ജോസും പരസ്പരം പുറന്തള്ളാൻ നോക്കുന്നുവെന്നു നേതൃത്വം കരുതുന്നു. യുഡിഎഫ് വിട്ടുള്ള കളിയോടു സഭാനേതൃത്വവും എൻഎസ്എസും ഇതിനകം എതിർപ്പു പറഞ്ഞിട്ടുള്ളതിനാൽ ആ ചാട്ടം എളുപ്പമല്ലെന്നാണു കണക്കുകൂട്ടൽ.

 ജോസഫ് – ജോസ് വിരുദ്ധ ലൈൻ

പാലാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കു ചിഹ്നം വാങ്ങിക്കൊടുക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വം, ജില്ലാ പഞ്ചായത്തിലെ ധാരണയുടെ കാര്യത്തിൽ മാത്രം വാശിപിടിക്കുന്നതു ന്യായമല്ലെന്ന വികാരത്തി‍ലാണു ജോസ് കെ.മാണി. തന്റെ വിഭാഗത്തോടു കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾക്കുള്ള ഇഷ്ടക്കേടു മൂലം കരാർ വച്ചുനീട്ടുകയാണ് അവരെന്ന പരാതിയിൽ ജോസഫും. ഇരുവിഭാഗത്തിനും കോൺഗ്രസുമായുള്ള ബന്ധത്തിൽ വിള്ളലുകളുണ്ട്. അതുകൊണ്ടുതന്നെ, ഇടതുപക്ഷ പ്രണയസന്ദേശങ്ങളെ കയ്യോടെ അവർ തള്ളുന്നില്ല. എൽഡിഎഫിനു തുടർഭരണം കിട്ടിയാൽ ആ മുന്നണിയിൽ കയറിപ്പറ്റുന്ന വിഭാഗത്തിനു ‘ലോട്ടറി’ അടിക്കുമല്ലോയെന്ന ആധി ഒരേസമയം രണ്ടു കൂട്ടർക്കുമുണ്ട്.

 കാത്തിരിക്കാൻ എൽഡിഎഫ്

കോട്ടയത്തെ സിപിഎം നേതൃത്വത്തിനു ജോസ് കെ.മാണി വിഭാഗത്തോടാണു താൽപര്യം. എന്നാൽ, സംസ്ഥാന നേതൃത്വത്തിനു ജോസഫാണ് കൂടുതൽ സ്വീകാര്യൻ. തൽക്കാലം രണ്ടു കൂട്ടരും യുഡിഎഫിൽ തമ്മിലടിച്ച് ആ മുന്നണിയുടെ പ്രതിഛായ പരമാവധി വഷളാക്കുന്നതാകും എൽഡിഎഫിനു ഗുണകരമെന്നു സിപിഎം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി മുന്നണിവിട്ട് രണ്ടിലാരു പുറത്തുവന്നാലും അവരെ സ്വീകരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA