sections
MORE

ചെളിപുരണ്ട തീരുമാനങ്ങൾ

SHARE

ആരോപണങ്ങളെയും വിവാദങ്ങളെയും തുടർന്ന് ഒരിക്കൽക്കൂടി സർക്കാരിനു സ്വന്തം തീരുമാനത്തിൽനിന്നു പിൻവാങ്ങേണ്ടി വന്നിരിക്കുന്നു. പമ്പാനദിയിലെ മണൽ വനത്തിനു പുറത്തുകൊണ്ടുപോയി വിൽക്കാനുള്ള നടപടിയാണ് സർക്കാർ നിർത്തിവച്ചത്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചായിരുന്നു നടപടിയെന്നു വ്യക്തമായ സാഹചര്യത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ എടുത്ത കേസിൽ സർക്കാർ എന്തു വിശദീകരണം നൽകുമെന്നു കണ്ടറിയണം.

കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയത്തിൽ പമ്പ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണലും ചെളിയും മാലിന്യങ്ങളും നീക്കാനായിരുന്നു തീരുമാനം. പമ്പ ഉൾപ്പെടെ നദികളിൽനിന്നുള്ള മണൽ വാരാൻ കഴിഞ്ഞ വർഷം തന്നെ തീരുമാനിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടുപോയി. ഒടുവിൽ ഈ മഴക്കാലത്തിനു മുൻപു ചെളി നീക്കിയില്ലെങ്കിൽ വീണ്ടുമൊരു പ്രളയത്തിനു സാധ്യതയുണ്ടെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെത്തുടർന്നാണു നടപടികൾ വേഗത്തിലായത്.

ചെളി നീക്കാനുള്ള കരാർ നൽകിയത് പൊതുമേഖലാ സ്ഥാപനമായ കണ്ണൂരിലെ കേരള ക്ലേയ്സ് ആൻഡ് സെറാമിക്സിനാണ്. അവർ ഉപകരാറുകാരെ ഏർപ്പാടാക്കി. ദേവസ്വം ബോർഡ് ചെളി നീക്കാൻ അനുമതി നൽകിയപ്പോൾ മറ്റു വകുപ്പുകളുടെ അനുമതി കൂടി വാങ്ങണമെന്നു നിർദേശിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. ചെളി നീക്കലിനു സർക്കാർ പ്രതിഫലം നൽകില്ല. അതിനാൽ മണൽ വിറ്റു ലാഭം കണ്ടെത്താനായിരുന്നു നിർദേശം. എന്നാൽ, ഇതിൽ നിയമപ്രശ്നമുണ്ടെന്നു പത്തനംതിട്ട കലക്ടർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയതോടെ മണൽവാരൽ സ്തംഭിച്ചു.

ഇതോടെയാണ് മുൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഹെലികോപ്റ്ററിൽ പമ്പയിലെത്തി മണൽ വിൽക്കാനുള്ള സൗകര്യങ്ങൾ ചെയ്തുനൽകണമെന്നു നിർദേശിച്ചത്. ഇതു വിവാദമാകുകയും പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ സർക്കാരിന്റെ നീക്കങ്ങൾ സംശയത്തിന്റെ നിഴലിലായി. പിന്നാലെ, മണൽ വനത്തിനു പുറത്തെത്തിച്ചു വിൽക്കാനുള്ള നീക്കം വനംവകുപ്പ് ഉത്തരവിറക്കി തടഞ്ഞതോടെ സർക്കാരിലെ ഭിന്നതകളും പുറത്തുവന്നു.

താമസിയാതെ, മണലെടുപ്പിനെ ന്യായീകരിച്ചും വനംവകുപ്പിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്തെത്തി. ഇതോടെ സിപിഎം – സിപിഐ രാഷ്ട്രീയഭിന്നതയും മറനീക്കി. പമ്പാനദിയിൽനിന്നു മണൽ വാരുന്നതും നീക്കുന്നതും വനംവകുപ്പിനു തടയാൻ കഴിയില്ലെന്നും, വനത്തിനുള്ളിലൂടെ ഒഴുകുന്ന നദി വനംവകുപ്പിന് അവകാശപ്പെട്ടതാണെന്ന തെറ്റിദ്ധാരണയാണ് അവർ തടസ്സമുന്നയിക്കാൻ കാരണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ദുരന്തനിവാരണ നിയമം ഉപയോഗിച്ചാണു നടപടിയെന്നതിനാൽ വനംവകുപ്പിന് ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥർ പമ്പയിലെത്തി നടപടികൾക്കു നേതൃത്വം നൽകിയതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.

ദേശീയ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തതാണ് സംഭവത്തിൽ വഴിത്തിരിവായി മാറിയത്. അന്വേഷണത്തിനു വിദഗ്ധസമിതിയെ നിയോഗിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തതോടെ സർക്കാർ അപകടം മണത്തു. അധികം വൈകാതെതന്നെ മണൽവാരി വനത്തിനു പുറത്തേക്കു കൊണ്ടുപോകേണ്ടെന്നു സർക്കാരിനു തീരുമാനിക്കേണ്ടിവന്നു. പമ്പയിലെ മണൽ വിൽക്കാനല്ല, സുരക്ഷിത സ്ഥാനത്തേക്കു നീക്കാനാണ് ഉദ്ദേശിച്ചതെന്നു ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ച് നിയമപ്രശ്നങ്ങളിൽനിന്നും വിവാദങ്ങളിൽനിന്നും തടിയൂരാനാണ് ഇപ്പോൾ സർക്കാർ തീരുമാനം. മണൽനീക്കവുമായി ബന്ധപ്പെട്ട നടപടികളുടെ പുനഃപരിശോധനയിൽ വനനിയമവും സുപ്രീംകോടതി നിർദേശവും മറികടക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നു വ്യക്തമായതോടെയാണ് സർക്കാർ വാശിവെടിഞ്ഞു പിന്നാക്കം പോയത്.

മണൽ വിൽക്കാൻ അനുമതിയില്ലെന്നറിഞ്ഞതോടെ പൊതുമേഖലാ സ്ഥാപനം കരാറിൽനിന്നു പിന്മാറി എന്നതും സർക്കാർനടപടിക്കു പിന്നിലെ കച്ചവടക്കണ്ണ് വ്യക്തമാക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചു മണൽവാരി കരയിൽ നിക്ഷേപിക്കുകയാണു നിലവിൽ ചെയ്യുന്നത്. നിയമപ്രകാരമുള്ള ആ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാനാണ് ഇനി സർക്കാർ ശ്രമിക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA