sections
MORE

‘ഹോമിക്കേണ്ടത് 138.6 ഹെക്ടർ വനവും 195 ഹെക്ടർ തണ്ണീർത്തടവും; ലോകമാകെ മാറി’

athirappally-binoy
ബിനോയ് വിശ്വം എംപി
SHARE

അതിരപ്പിള്ളി പദ്ധതിയെപ്പറ്റി ഇപ്പോൾ എന്തിനാണു വെറുതേ ഈ വിവാദം? ആ പദ്ധതി അഭിപ്രായസമന്വയമില്ലാതെ നടപ്പാക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചതാണ്. 2018ൽ തന്നെ വൈദ്യുതി മന്ത്രി എം.എം.മണി നിയമസഭയിൽ പ്രസ്താവിച്ചതുമാണ്. ആ തീരുമാനം മാറ്റാൻ എന്തു സാഹചര്യമാണു പുതുതായി ഉരുത്തിരിഞ്ഞു വന്നത്? പരിസ്ഥിതിദിനത്തിനു തലേന്ന്, ജൂൺ 4ന്, പുതിയ എൻഒസി ഉത്തരവ് ഇറക്കിയവർ ഉത്തരം പറയാൻ ബുദ്ധിമുട്ടേണ്ടി വരും. 

രണ്ടു പ്രളയങ്ങളും ഒരു മഹാമാരിയുമാണ് ഇതിനിടെ സംഭവിച്ചത്. അവയൊന്നും, പ്രകൃതിക്കു മുറിവേൽപിച്ചു കൊണ്ട് അതിരപ്പിള്ളി പദ്ധതി വന്നേതീരൂ എന്നല്ല കേരളത്തെ പഠിപ്പിച്ചത്. വൈദ്യുതി ബോർഡിന്റെ ‘പരിസ്ഥിതിദിന സമ്മാന’മായി ഇറങ്ങിയ ആ ഉത്തരവ് യാഥാർഥ്യത്തിനു നേരെയുള്ള മുഖംതിരിക്കലാണ്. അതുകൊണ്ട് അതു പിൻവലിക്കുന്നതാണ് ഉചിതം.

1979ലാണ് ഈ പദ്ധതിയെക്കുറിച്ചു കേരളം ആദ്യമായി കേൾക്കുന്നത്. അന്ന് പരിസ്ഥിതിയും മനുഷ്യനും വികസനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സമൂഹത്തിന് ഇന്നത്തെ അറിവല്ല ഉണ്ടായിരുന്നത്. ചാലക്കുടിപ്പുഴയ്ക്കു കുറുകെ അണകെട്ടി 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണു ലക്ഷ്യമിട്ടത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽനിന്ന് 6.7 കിലോമീറ്ററും വാഴച്ചാൽ വെള്ളച്ചാട്ടത്തിൽനിന്നു 400 മീറ്ററും ഉയരത്തിൽ അണക്കെട്ടു വരുമെന്നാണു പറഞ്ഞത്.

വൻകിട അണക്കെട്ടുകളെക്കുറിച്ചും ജലവൈദ്യുത പദ്ധതികളെക്കുറിച്ചും ലോകം മാറിച്ചിന്തിക്കുകയാണ്. നദികളിലെ ജലലഭ്യത കുറയുന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. ഇത് അതിരപ്പിള്ളിക്കും ബാധകമാണ്. അതുകൊണ്ടു തന്നെ 163 മെഗാവാട്ട് എന്നതു ദിവാസ്വപ്നമായി മാറും. അതിന്റെ ചെലവാകട്ടെ, എത്രയോ മടങ്ങു വർധിച്ചു. രണ്ടു കൊല്ലം മുൻപു ധനമന്ത്രി തോമസ് ഐസക് ഫെയ്സ്ബുക്കിൽ ഉദ്ധരിച്ച കണക്കുകൾ ഇപ്പോഴും പ്രസക്തമാണ്. 1500 കോടി ആയിരുന്നു അന്ന് കണക്കാക്കിയ ചെലവ്. വായ്പ വാങ്ങുന്ന ആ തുകയുടെ തിരിച്ചടവു തന്നെ പ്രതിവർഷം 200 കോടി. അതിന്റെ പകുതിയെങ്കിലും വൈദ്യുതി ബോർഡ് ചെലവിടേണ്ടി വന്നാൽ, യൂണിറ്റ് ഒന്നിന് 12 മുതൽ 15 വരെ രൂപ വരെ ഈടാക്കിയാലേ ബോർഡിനു പിടിച്ചുനിൽക്കാനാവൂ. ആ ഭീമമായ സംഖ്യ ആരു നൽകുമെന്നാണ് പദ്ധതിയുടെ സ്തുതിപാഠകർ കരുതുന്നത്? 

ഒരിക്കലും സാമ്പത്തികമായി പിടിച്ചുനിൽക്കാനാവാത്ത പദ്ധതി, വൈദ്യുതി ബോർഡിന്റെയും സർക്കാരിന്റെയും മേൽ എടുത്താൽപൊങ്ങാത്ത കടഭാരമാകും കെട്ടിയേൽപിക്കുക. അതിന്റെ പകുതി വിലയ്ക്കു വൈദ്യുതി ലഭിക്കുമെന്നിരിക്കെ, ഈ പൊള്ളുന്ന പദ്ധതി ആരെ തുണയ്ക്കാനാണ്?

138.6 ഹെക്ടർ വനഭൂമിയാണ് പദ്ധതിക്കായി ഹോമിക്കേണ്ടി വരുന്നത്; 195 ഹെക്ടർ തണ്ണീർത്തടങ്ങളും. വനങ്ങളുടെ പ്രാധാന്യം ഓരോ നിമിഷവും ലോകം തിരിച്ചറിയുമ്പോൾ, അടിക്കടി രണ്ടു പ്രളയങ്ങൾ കണ്ട കേരളത്തിൽ ആർക്കാണതു മനസ്സിലാകാത്തത്? പ്രാണവായുവിന്റെയും ശുദ്ധജലത്തിന്റെയും വില കേൾക്കുമ്പോൾ കാതു പൊത്തുന്നവരാണ് കാടുകൾ നശിപ്പിച്ചും വെള്ളച്ചാട്ടത്തെ കൊന്നും സാമ്പത്തികനഷ്ടം സഹിച്ചും അണക്കെട്ടു പണിതേ തീരൂ എന്നു ശാഠ്യം പിടിക്കുന്നവർ.

പുകലപ്പാറയിലും വാഴച്ചാലിലുമുള്ള ആദിവാസിക്കോളനികളിലെ കാടർ വിഭാഗത്തിൽപെട്ടവർക്ക് നിയമം അനുവദിച്ച സാമൂഹിക വനാവകാശങ്ങളുണ്ട്. അവരെ കാണാതെയും കേൾക്കാതെയും കൊണ്ടുവരുന്ന ഏതു വികസനവും നിയമവിരുദ്ധമാണ്. യുഎസിലെ ജോർജ് ഫ്ലോയ്ഡിന്റെ നിലവിളി കേട്ട കേരളീയർക്ക് അതിരപ്പിള്ളിയിലെ ആദിവാസികളുടെ കരച്ചിൽ കേൾക്കാതിരിക്കാനാവില്ല. 

പ്രളയാനന്തരം പുതുക്കിപ്പണിയുന്ന നവകേരളം ഒരിക്കലും പഴയതുപോലെ ആവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഒരു ജനതയ്ക്കു നൽകിയ ആത്മവിശ്വാസം വലുതാണ്. അതിനുനേരെ കണ്ണും കാതും കൊട്ടിയടച്ചവരാകും അതിരപ്പിള്ളി എൻഒസിയുമായി ചാടിവീണവർ. ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാടിൽ പരിസ്ഥിതിക്കുള്ള പ്രാധാന്യം അവർക്കറിയില്ല. എൽഡിഎഫിന്റെ തീരുമാനങ്ങളുണ്ടാകുന്നത് ചർച്ചകളിലൂടെയാണ്; പൊടുന്നനെ പൊട്ടിവീഴുന്ന എൻഒസി ഉത്തരവുകളിലൂടെയല്ല. ഒരു ചർച്ചയും എവിടെയും നടത്താതെ ഉണ്ടായിവന്ന ഈ ഉത്തരവിന് അനാവശ്യ പ്രാധാന്യം ആരും കൽപിക്കേണ്ടതില്ല. അതു വന്നതുപോലെ പോകാനുള്ളതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA