ADVERTISEMENT

കർഷകഗ്രാമമാണെങ്കിലും അവിടെ ഒരു വിളപോലുമില്ല. പട്ടിണിയാണ്. വിദഗ്ധസംഘം പഠിക്കാനെത്തി. അവർ മണ്ണും വെള്ളവും കാലാവസ്ഥയും പരിശോധിച്ചു. എല്ലാം അനുയോജ്യം. അവർ കർഷകരെ വിളിച്ചുകൂട്ടി പറഞ്ഞു: ഞങ്ങൾ അടുത്തയാഴ്ച തക്കാളിക്കൃഷി തുടങ്ങും. ഇത്രയും നല്ല മണ്ണ് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങൾ കൃഷി വിജയിപ്പിച്ചു കാണിക്കാം. 

ഒരു കർഷകൻ എന്തോ പറയാൻ എഴുന്നേറ്റെങ്കിലും അവർ സമ്മതിച്ചില്ല – ‘നിങ്ങൾ ഒഴികഴിവൊന്നും പറയണ്ട’. കൃഷിയിറക്കി. പക്ഷേ, കുറച്ചുനാൾ കഴിഞ്ഞ് വിദഗ്ധർ തിരിച്ചെത്തിയപ്പോൾ ചെടികളെല്ലാം നശിച്ചുകിടക്കുന്നു. 

അവർ കർഷകരോടു ചോദിച്ചു: എന്താണു സംഭവിച്ചത്? അവർ പറഞ്ഞു: അന്നു ഞങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും നിങ്ങൾ സമ്മതിച്ചില്ല. ഇവിടെ കൃഷിയില്ലാത്തത് മണ്ണു മോശമായതുകൊണ്ടല്ല; എന്തു ചെയ്താലും വന്യമൃഗങ്ങളെത്തി നശിപ്പിക്കുന്നതുകൊണ്ടാണ്. 

പറയാൻ അനുവദിക്കണം, കേൾക്കാൻ തയാറാകണം. പറയാൻ അറിവു മാത്രം മതി, കേൾക്കാൻ സന്നദ്ധത കൂടി വേണം. എല്ലാവരും എന്തെങ്കിലുമൊക്കെ എപ്പോഴും പറയുന്നുണ്ട്. വാക്കുകളിലും നിശ്ശബ്ദതയിലും സ്നേഹമോ ഭയമോ കാർക്കശ്യമോ കരുതലോ മുന്നറിയിപ്പോ ഉണ്ടാകും. എല്ലാ കാഴ്ചകളും സ്വന്തം കണ്ണുകൾകൊണ്ടു മാത്രം കാണാൻ കഴിയില്ല. എല്ലാ ശബ്ദങ്ങളും സ്വന്തം ചെവികൾകൊണ്ടു മാത്രം കേൾക്കാനും കഴിയില്ല. ഒപ്പമുള്ളവരുടെയും എതിർക്കുന്നവരുടെയും ശബ്ദങ്ങൾ ഒരുപോലെ ശ്രദ്ധിച്ചാൽ പതിരുകൾ വേർതിരിക്കാനാകും. 

സ്വന്തം വൈദഗ്ധ്യവും വിജ്ഞാനവും തെളിയിക്കാൻ വേണ്ടി മാത്രം നടത്തുന്ന ഗവേഷണങ്ങൾക്ക് മുൻവിധിയോടുകൂടിയ ഫലങ്ങളേ ഉണ്ടാകൂ. ഒരാളെയോ സ്ഥലത്തെയോ പഠിക്കണമെങ്കിൽ അയാളാകണം, അവിടെയുണ്ടാകണം. 

ഏതാനും മിനിറ്റുകൾ മാത്രം നടത്തിയ വിദൂരവീക്ഷണം കൊണ്ടു തയാറാക്കപ്പെടുന്ന പഠനറിപ്പോർട്ടുകൾക്കും അഭിപ്രായ രൂപീകരണത്തിനും യാഥാർഥ്യവുമായുള്ള ദൂരം കൂടുതലായിരിക്കും. അറിയാൻ ശ്രമിക്കുന്ന എന്തിനെയും എല്ലാ വശത്തുനിന്നും അറിയണം. ഓരോരുത്തരും അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുമെങ്കിൽ മാത്രമേ, ഉപദേശകരുടെ വേഷം അണിയാവൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com