ADVERTISEMENT

രോഗകാല സാമ്പത്തികക്ലേശങ്ങളിൽപെട്ടു വലയുകയാണു രാജ്യത്തെ സാധാരണക്കാർ. ഇതിനിടെ, പെട്രോളിനും ഡീസലിനും തുടർച്ചയായി വിലകൂട്ടി എണ്ണക്കമ്പനികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണയുടെ വില കൂപ്പുകുത്തുമ്പോൾ ആനുപാതിക വിലക്കുറവ് ഇവിടെ ജനങ്ങൾക്കു ലഭിക്കുന്നില്ലെന്നു മാത്രമല്ല, വില എത്ര കുറയുന്നുവോ അതിനനുസരിച്ച് നികുതി കൂട്ടി കേന്ദ്രസർക്കാർ ആ ലാഭം തട്ടിയെടുക്കുന്നതാണു നാം കണ്ടുവരുന്നത്. അസംസ്കൃത എണ്ണവില കൂടുന്നെന്നു പറഞ്ഞ് കമ്പനികൾ ഇപ്പോൾ വില കൂട്ടുമ്പോൾ സർക്കാർ ആ ഇന്ധനക്കൊള്ളയ്ക്കു കൂട്ടുനിൽക്കുകയും ചെയ്യുന്നു.

കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നുവെങ്കിലും അതിന്റെ ചെറിയ നേട്ടം പോലും ജനങ്ങളിലെത്തിയില്ല. അതേസമയം, കുത്തനെയുള്ള ഇടിവിനു ശേഷം എണ്ണവില അൽപം ഉയർന്നുതുടങ്ങിയതോടെ പെട്രോൾ – ഡീസൽ വിലകൾ തുടർച്ചയായി ഉയർത്തുകയും ചെയ്യുന്നു. അസംസ്കൃത എണ്ണയുടെ വിലവർധനയുടെ ഭാരം സർക്കാരും കമ്പനികളും ഏറ്റെടുക്കില്ലെങ്കിലും വില ഇടിയുമ്പോൾ അതിന്റെ നേട്ടം സ്വന്തമാക്കാൻ ഇവർ മത്സരിക്കുന്ന വൈരുധ്യമാണ് ഇപ്പോൾ നാം കണ്ടുപോരുന്നത്.

പെട്രോൾ, ഡീസൽ വില ലോക്ഡൗണിനോട് അനുബന്ധിച്ച് 83 ദിവസം തുടർച്ചയായി മരവിപ്പിച്ചു നിർത്തിയിരിക്കുകയായിരുന്നു. ദൈനംദിന വിലനിർണയ രീതി പുനരാരംഭിച്ചതോടെ നാലു ദിവസം കൊണ്ട് കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടിയത് ലീറ്ററിന് 2.11 രൂപ വീതമാണ്. മാർച്ച് 14ന് അസംസ്കൃത എണ്ണവില ബാരലിനു 35 ഡോളറായിരുന്നു. ഈ ഘട്ടത്തിലൊന്നും വിലയിടിവിന്റെ ആനുകൂല്യം ജനങ്ങളിലെത്തിച്ചില്ല. പകരം, കേന്ദ്രസർക്കാർ മാർച്ച് 14ന് എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ കൂട്ടി. പിന്നീടു മേയ് ആറിനു പെട്രോളിന് 10 രൂപയും ഡീസലിനു 13 രൂപയും വീതം ഡ്യൂട്ടി വർധിപ്പിച്ചു.

എണ്ണ ഉൽപാദനം കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾ തീരുമാനിച്ചതോടെയാണ് ക്രൂഡ് ഓയിൽ വില ബാരലിനു 40 ഡോളറിനു മുകളിലെത്തിയത്. ജനുവരിയിൽ ബാരലിന് 64 ഡോളറായിരുന്നു വിലയെന്നിരിക്കെ, ഇപ്പോഴത്തെ 40 ഡോളർ കൂടിയ വിലയാണെന്നു പറയുന്നതിൽപോലുമുണ്ട് ഇരട്ടത്താപ്പ്. എന്നിട്ടും, ഇപ്പോൾ തുടർച്ചയായി വില ഉയർത്തുകയാണ്.

ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുകയും ഈ രോഗകാലം ജീവിതത്തെ വല്ലാതെ ഞെരുക്കുകയും ചെയ്യുമ്പോൾ സർക്കാർ ഇന്ധനവില കുറയ്ക്കണമായിരുന്നുവെന്ന അഭിപ്രായം വ്യാപകമായി ഉയരുമ്പോഴാണ് തുടരേ വില കൂട്ടിയുള്ള ഈ ജനവഞ്ചന. ഇപ്പോഴത്തെ തോത് അനുസരിച്ചാണെങ്കിൽ പെട്രോൾ വില മൂന്നു മാസത്തിനുള്ളിൽ വീണ്ടും ലീറ്ററിന് 80 – 85 രൂപ നിലവാരത്തിലേക്കെത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഈ ഇന്ധനാഘാതങ്ങളെ ജനങ്ങൾ നിസ്സഹായതയോടെ ഏറ്റുവാങ്ങണമെന്നാണോ അധികൃതർ കരുതുന്നത്?

ഇന്ധനവില ദിനംപ്രതി നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകിയ 2017 ജൂൺ മുതൽ വില പൊതുവേ വർധിക്കുകയായിരുന്നു. ദൈനംദിന വിലനിർണയരീതി കേന്ദ്രസർക്കാർ രാജ്യത്തു നടപ്പാക്കിയതു തന്നെ, വിലയിടിവിന്റെ ആനുകൂല്യം അപ്പപ്പോൾ ജനങ്ങൾക്കു കൈമാറാനാകുമെന്ന വാഗ്ദാനത്തോടെയായിരുന്നുവെന്നും ഓർക്കണം. ആഭ്യന്തര സംസ്കരണച്ചെലവുമായോ രാജ്യാന്തര വിലയുമായോ ബന്ധമില്ലാത്തവിധം വില തീരുമാനിക്കുന്ന ഈ രീതിയിൽ ഒരു പുനർവിചിന്തനം ആവശ്യമാണെന്നുകൂടി ഈ സാഹചര്യം ഓർമിപ്പിക്കുന്നു.

എണ്ണക്കമ്പനികളുടെ താൽപര്യങ്ങളെ നേരിട്ട്, വില നിയന്ത്രിക്കാനും ജനക്ഷേമം കണക്കിലെടുത്ത് നികുതിയിൽ ഇളവു നൽകാനുമുള്ള ചുമതല സർക്കാർ മറന്നുകൂടാ. ഒരു രൂപയുടെ അധികഭാരംപോലും താങ്ങാനാവാത്ത അതിസാധാരണക്കാരുടെ കൂടി രാജ്യമാണിതെന്ന് ഓരോ നിമിഷവും സർക്കാർ ഓർമിച്ചേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com