ADVERTISEMENT

ലോക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലിന്റെ ഷോക്ക് സാധാരണക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മുൻപു നൽകിയിരുന്നതിന്റെ നാലിരട്ടി വരെയാണ് ബിൽ തുക!  കെഎസ്ഇബി നൽകുന്ന വിശദീകരണങ്ങൾ ഉപയോക്താക്കളുടെ ആശങ്കയകറ്റാൻ പര്യാപ്തമോ? ...

‘രണ്ടു ബൾബും ഒരു ഫാനും മാത്രമാണു വീട്ടിലുള്ളത്. ലോക്ഡൗൺ കാലത്തു വളരെക്കുറച്ചു വൈദ്യുതി മാത്രമാണ് ഉപയോഗിച്ചത്. പക്ഷേ, ബിൽ വന്നപ്പോൾ ശരിക്കും ഷോക്കേറ്റതു പോലെയായി. നിലവിൽ അടച്ചുകൊണ്ടിരുന്ന തുകയുടെ നാലിരട്ടിയാണു ഞാൻ ഒടുക്കേണ്ടത്. ആകെ കഷ്ടപ്പെടുന്ന ഈ സമയത്ത് ഇതെങ്ങനെ അടയ്ക്കുമെന്ന് അറിയില്ല’ – ഇടുക്കി ജില്ലയിലെ കർഷകൻ രാമകൃഷ്ണന്റെ വാക്കുകളാണിത്.

കേരളത്തിലെ ഒരു ഉപയോക്താവിന്റെ മാത്രം പരാതിയായി ഇതിനെ തള്ളാനോ നിസ്സാരവൽക്കരിക്കാനോ കഴിയില്ല. സംസ്ഥാനത്തെ ഗാർഹിക ഉപയോക്താക്കളിൽ ഭൂരിപക്ഷത്തിനും ഇത്തവണ വൈദ്യുതി ബിൽ ഇരുട്ടടിയായി. പരാതികളുയരുമ്പോൾ സാങ്കേതികപദങ്ങൾ കുത്തിനിറച്ച കണക്കുകൾ നിരത്തി കെഎസ്ഇബി പലതവണ വിശദീകരിച്ചിട്ടും ഇക്കാര്യത്തിലെ അവ്യക്തത നീങ്ങിയിട്ടില്ല. നിരക്കു കൂടിയത് എങ്ങനെ എന്നതു സംബന്ധിച്ച സംശയങ്ങൾ പ്രതിഷേധക്കടലാകുന്നുണ്ട്.

ഞെട്ടിക്കുന്ന ഇരട്ടിപ്പുകൾ

തൃശൂർ നഗരത്തിനു സമീപം കട നടത്തുന്ന മാത്യു ജോർജിന് മുൻ മാസങ്ങളിൽ ശരാശരി 650 മുതൽ 800 രൂപ വരെയുള്ള ബില്ലാണ് വീട്ടിലെ വൈദ്യുതി ഉപയോഗത്തിനു ലഭിച്ചിരുന്നത്. എന്നാൽ, ലോക്ഡൗൺ സമയത്തു സ്ഥിതി മാറിമറിഞ്ഞു. ഉപയോഗത്തിൽ കാര്യമായ മാറ്റം വരാതിരുന്നിട്ടും മേയ് മാസം ലഭിച്ചത് 1823 രൂപയുടെ ബിൽ! 

ജനുവരിയിൽ 2782 രൂപയുടെ ബിൽ ലഭിച്ച തിരുവനന്തപുരത്തെ വീട്ടമ്മയ്ക്ക് മേയ് മാസത്തിലെ ബിൽ 9402 രൂപ. ജനുവരിയിൽ 6000 രൂപയുടെ ബിൽ കിട്ടിയ കോഴിക്കോട്ടെ വീട്ടുടമ മേയ് മാസം അടയ്ക്കേണ്ടത് 15,000 രൂപ. പലയിടത്തും വൈദ്യുതി ബില്ലിൽ നാലിരട്ടിവരെ വർധനയാണ്. 

ലോക്ഡൗണിന്റെ മറവിൽ കൊള്ളയോ? 

ലോക്ഡൗണിന്റെ മറവിൽ ഉപയോക്താക്കളെ കെഎസ്ഇബി കൊള്ളയടിക്കുന്നതായി വ്യാപക പരാതിയുയരുന്നു. ഈ സങ്കടകാലത്ത് ‘ഷോക്കേറ്റു’ പിടയുന്ന ഉപഭോക്താക്കൾ കെഎസ്ഇബിയുടെ ഒരു വിശദീകരണത്തിലും തൃപ്തരല്ല. കണ്ണിൽചോരയില്ലാതെ കെഎസ്ഇബി പെരുമാറുന്നുവെന്നും ഫോണിലൂടെയുള്ള പരാതികൾ കേൾക്കാൻ പോലും തയാറാകുന്നില്ലെന്നും ആരോപിച്ച് ഉപയോക്താക്കൾ ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടുണ്ട്. 

പകൽനേരത്തു കാര്യമായി വൈദ്യുതി ഉപയോഗിക്കാത്തവർക്കു പോലും വൻ തുകയുടെ ബില്ലാണു കിട്ടിയത്. കോവിഡ്കാലത്തു വീട്ടിലിരുന്നു ജോലി ചെയ്തവരും ജോലിയില്ലാതെ വീട്ടിലിരുന്നവരും ബില്ലടയ്ക്കാൻ കഴിയാതെ വട്ടംകറങ്ങുന്ന കാഴ്ച. പരാതികൾ കുന്നുകൂടുമ്പോഴും കെഎസ്ഇബി ഇക്കാര്യം ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നും ആശയക്കുഴപ്പം നീക്കാൻ തയാറാകുന്നില്ലെന്നുമുള്ള ആരോപണവും ശക്തമാണ്.

ടെലിസ്കോപിക് ബില്ലിങ് എന്ന ‘പിഴിച്ചിൽ’ 

250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു ടെലിസ്കോപിക് ബില്ലിങ്ങാണ്. ഉപയോഗിക്കുന്ന യൂണിറ്റിന് ആനുപാതികമായി 5 സ്ലാബുകളാണുള്ളത്. ആദ്യ 50 യൂണിറ്റിനു 3.15 രൂപ വീതം, 51–100 വരെ യൂണിറ്റിനു 3.70 രൂപ എന്ന ക്രമത്തിൽ വർധിച്ച് 201 – 250ൽ എത്തുമ്പോൾ യൂണിറ്റിന് 7.60 രൂപയാകും. 250 കടന്നാൽ ഉപയോഗിച്ച മുഴുവൻ യൂണിറ്റിനും ഒരേ നിരക്കാണ്. ഉപയോഗം 251 ആയാൽ മുഴുവൻ യൂണിറ്റിനും 5.80രൂപ വച്ചു നൽകണം. 

സാധാരണ മാസങ്ങളിൽ 250 യൂണിറ്റിനു താഴെ ഉപയോഗിച്ചിരുന്നവരെല്ലാം ഏപ്രിലിൽ അതിലേറെ വൈദ്യുതി ഉപയോഗിച്ചിരിക്കും. ഏപ്രിൽ ശരാശരിയായി കണക്കാക്കിയപ്പോൾ, കുറഞ്ഞ ഉപയോഗമുണ്ടായിരുന്ന മുൻ മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ടെലിസ്കോപിക് ബില്ലിങ് ആനുകൂല്യം നഷ്ടമായി. ഇതും ഉപയോക്താക്കൾക്കു തിരിച്ചടിയായി.

കണ്ണു ഫ്യൂസാക്കിയ ബിൽ 

ലോക്ഡൗൺ കാലത്ത് വീടുകളിൽ 10 മുതൽ 25 ശതമാനം വരെ വൈദ്യുതി ഉപയോഗം കൂടിയെന്നാണു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, മീറ്റർ റീഡിങ്ങിനു ശേഷം പലർക്കും ഇതിലേറെ തുകയുടെ ബില്ലാണു ലഭിച്ചത്. ഇതു സംശയത്തിനിടയാക്കുന്നുവെന്ന് ഉപയോക്താക്കൾ. ഉപയോഗിക്കാത്ത വൈദ്യുതിക്കു പണമടയ്ക്കുന്നതിന്റെ സാംഗത്യം എന്താണെന്ന് അവർ ഒരേ സ്വരത്തിൽ ചോദിക്കുന്നു.

ഡോർ ലോക്ക് അഡ്ജസ്റ്റ്മെന്റ് എന്ന പൂട്ട്

ലോക്ഡൗണായതിനാൽ മാർച്ച് 24നു ശേഷം ഒരിടത്തും കെഎസ്ഇബി റീഡിങ് എടുത്തിട്ടില്ല. മേയ് ആദ്യ വാരത്തിലാണു പലയിടത്തും റീഡിങ് പുനരാരംഭിച്ചത്. റീഡിങ് എടുക്കാതിരുന്നതിന്റെ പിഴയും ഉപയോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുന്നുവെന്നും പരാതിയുണ്ട്. 

ഉപയോക്താവിന്റെ വീടു പൂട്ടിക്കിടക്കുന്നതു മൂലം (ഡോർ ലോക്ക്) മീറ്റർ റീഡിങ് എടുക്കാൻ പറ്റാത്ത സന്ദർഭങ്ങളിൽ മുൻ ഉപയോഗ ശരാശരി പ്രകാരം ബിൽ നൽകുകയാണു പതിവ്. പിന്നീട്, റീഡിങ് പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസമനുസരിച്ചു കൂടുതൽ തുക ഈടാക്കും. ഇതാണു പലരുടെയും ബില്ലിൽ ഡോർ ലോക്ക് (ഡിഎൽ) അഡ്ജസ്റ്റ്മെന്റ് എന്നു രേഖപ്പെടുത്തുന്നത്. ഫ്ലാറ്റുകളിലെ താമസക്കാർക്കു പോലും ഡിഎൽ അഡ്ജസ്റ്റ്മെന്റ് കുടിശിക എന്ന പേരിൽ വൻ തുകയാണു ചുമത്തിയതെന്നു പരാതി.

റീഡിങ് എടുത്തതിലെ പിശകും മീറ്ററിലെ റീഡിങ് കൃത്യമായി ബില്ലിൽ രേഖപ്പെടുത്താത്തതും പരാതികളായി വൈദ്യുതി വകുപ്പിനു ലഭിച്ചിട്ടുണ്ട്. 700 യൂണിറ്റ് വരെ കൂട്ടി ബില്ലിൽ രേഖപ്പെടുത്തിയ സംഭവങ്ങളും തിരുവനന്തപുരത്തെ കരമന സെക്‌ഷൻ ഓഫിസ് പരിധിയിൽ റിപ്പോർട്ട് ചെയ്തു. ലോക്ഡൗണിൽ തുറക്കാതിരുന്ന വ്യാപാരസ്ഥാപനങ്ങൾക്കും ഞെട്ടിക്കുന്ന ബില്ലുകളാണു ലഭിച്ചത്.

സ്ലാബ് മാറുമ്പോൾ നിരക്കു വർധിക്കുമെന്ന് കെഎസ്ഇബി

വൈദ്യുതിനിരക്ക് ഇരട്ടിയായതിന്റെ ഉത്തരവാദിത്തം ഉപയോക്താക്കൾക്കു മാത്രമാണെന്നാണു കെഎസ്ഇബി നിലപാട്. ലോക്ഡൗൺ കാലത്ത് ആളുകൾ വീട്ടിലിരുന്നപ്പോൾ എസി, ഫാൻ, ടിവി, ഫ്രിജ്, കംപ്യൂട്ടർ, മൈക്രോവേവ് അവൻ എന്നിവയുടെ ഉപയോഗം വൻതോതിൽ വർധിച്ചുവെന്നു ബോർഡ് ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതോടെ പലരുടെയും സ്ലാബുകൾ മാറി ഉയർന്ന സ്ലാബിൽ എത്തിയതായും, ഇതിനൊപ്പം നേരത്തേ ലഭിച്ചിരുന്ന സബ്സിഡി നഷ്ടമാവുകയും ചെയ്തുവെന്നാണു വിശദീകരണം. 

കോവിഡ് പശ്ചാത്തലത്തിൽ റീഡിങ് എടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് മുൻ മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കി ബില്ലുകൾ നൽകാൻ നിർബന്ധിതമായത്. വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നത് കെഎസ്ഇബി അല്ല, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനാണ്. 2019 ജൂലൈയിലാണ് അവസാനമായി വൈദ്യുതിനിരക്കിലെ താരിഫിൽ വ്യത്യാസം വന്നിരിക്കുന്നത്. അതാണ് ഇപ്പോഴും തുടരുന്നത്.

പരാതി പ്രളയം

വൈദ്യുതി ചാർജ് ഇരട്ടിയായതു സംബന്ധിച്ച് വൈദ്യുതി ബോർഡിന്റെ ടോൾ ഫ്രീ നമ്പരിലും സെക്‌ഷൻ ഓഫിസുകളിലും പരാതിപ്പെരുമഴ. സംസ്ഥാനത്ത് കെഎസ്ഇബിയുടെ കീഴിൽ 774 സെക്‌ഷൻ ഓഫിസുകളാണുള്ളത്. ഇവിടെ ദിവസവും ശരാശരി 10 മുതൽ 20 വരെ പരാതികളാണു ഫോണിലൂടെ ലഭിക്കുന്നത്. ഇമെയിലായും കെഎസ്ഇബിക്കു പരാതി ലഭിക്കുന്നുണ്ട്.

കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം വിലയിരുത്തി താരിഫ് സമ്പ്രദായം മാറ്റിയാൽ പ്രശ്നം പരിഹരിക്കാമെന്ന് ഉപയോക്താക്കൾ പറയുന്നു. മാർച്ചിൽ റീഡിങ് എടുക്കാത്തതിനെത്തുടർന്ന് ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയർന്നുനിന്ന ഏപ്രിൽ അടിസ്ഥാനമായി പരിഗണിക്കപ്പെട്ടതും ഉപയോക്താക്കൾക്കു തിരിച്ചടിയായി. ഒരു മാസത്തെ അധിക ഉപയോഗത്തിന്റെ പേരിൽ‍ മറ്റു 3 മാസങ്ങളിലും അതേ സ്ലാബ് പ്രകാരം കൂടിയ ബിൽ അടയ്ക്കേണ്ട സ്ഥിതി.

ശരാശരി ബില്ലും ചില കണക്കുകളും 

ഏപ്രിലിലെ ഉപയോഗം അടിസ്ഥാനമാക്കിയല്ല ശരാശരി ബിൽ കണക്കാക്കിയതെന്നു കെഎസ്ഇബി പറയുന്നു. തൊട്ടുമുൻപുള്ള, പൂർണമായും പ്രവർത്തനക്ഷമമായ 3 ബില്ലിങ് കാലയളവിലെ ഉപയോഗത്തിന്റെ ശരാശരിയാണു പരിഗണിച്ചത്.

പിഴവ് തിരുത്തും,  ഇളവ്  അനുവദിക്കും... എപ്പോൾ?

മീറ്റർ റീഡിങ് എടുക്കുന്നതിലെ കാലതാമസം മൂലം ബിൽ തുക ഉയർന്ന സ്ലാബിലേക്കു മാറിയ എല്ലാ ഉപയോക്താക്കൾക്കും കെഎസ്ഇബി പിഴവുതിരുത്തി നൽകുമെന്ന് അധികൃതർ ആവർത്തിക്കുന്നു. പക്ഷേ, കോവിഡ് പശ്ചാത്തലത്തിൽ പലരും കെഎസ്ഇബി ഓഫിസുകളിൽ എത്താൻ മടിക്കുന്ന സാഹചര്യമാണ്. കെഎസ്ഇബി അധികൃതർക്ക് ഇതു നന്നായി അറിയുകയും ചെയ്യാം.

നിശ്ചയിക്കപ്പെട്ട നിരക്കിനപ്പുറം ഒരു തുകയും അടയ്ക്കേണ്ട: മന്ത്രി എം.എം.മണി

ഒരു ഉപയോക്താവും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറം അടയ്ക്കേണ്ടതില്ല. ബില്ലിൽ പിശകു വന്നിട്ടുണ്ടെങ്കിൽ അതു ബില്ലടയ്ക്കുന്ന സമയത്തു തിരുത്തി സ്വീകരിക്കുന്നതിനു നിർദേശിച്ചു. ആരെങ്കിലും തിരുത്തൽ വരുത്താതെ പണം അടച്ചിട്ടുണ്ടെങ്കിൽ അധികത്തുക കണക്കാക്കി അഡ്വാൻസായി വരവുവയ്ക്കുന്നതിനും അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുന്നതിനും നടപടി സ്വീകരിക്കും. മീറ്റർ റീഡിങ് എടുക്കുന്നതിലെ കാലതാമസം മൂലം ഉപയോക്താക്കൾക്ക് ഒരു നഷ്ടവും വരുന്നതല്ല.

ഗാർഹികേതര ഉപയോക്താക്കൾക്ക് മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ഫിക്സ്ഡ് ചാർജ് 6 മാസത്തേക്കു മാറ്റിവയ്ക്കുന്നതിനും തീരുമാനിച്ചു. ജനങ്ങളുടെ പ്രയാസം കണ്ടിട്ടാണ് ഇത്തരത്തിൽ ഉദാര സമീപനം സ്വീകരിച്ചത്.

2 മാസത്തെ റീഡിങ്ങിനു പകരം ചിലർക്കെങ്കിലും 65, 70 ദിവസത്തെ റീഡിങ്ങാണ് എടുത്തിട്ടുള്ളത്. ഇതുവച്ച് ബിൽ തയാറാക്കുമ്പോൾ ചിലരെങ്കിലും സ്ലാബ് മാറി ഉയർന്ന നിരക്കു നൽകേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. ഇക്കാര്യം പരിശോധിച്ച് ബില്ലിങ് സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റം വരുത്താൻ ബോർഡിനോട് നിർദേശിച്ചു. 

ഒരു രൂപ അധികമായി ഇൗടാക്കിയാലും തിരികെ നൽകുംഎൻ.എസ്. പിള്ള, കെഎസ്ഇബി ചെയർമാൻ

കെഎസ്ഇബിക്ക് അമിത ബിൽ ഇൗടാക്കാനോ ജനത്തെ പിഴിയാനോ നിയമപരമായി കഴിയില്ല. അമിത ചാർജ് എന്നാരോപിച്ച് ആയിരക്കണക്കിനു പരാതികളാണു ലഭിച്ചത്. ഇവയെല്ലാം പരിശോധിച്ചു, നിജസ്ഥിതി ഉപയോക്താക്കളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഉപയോഗിച്ച വൈദ്യുതിക്കു മാത്രമേ, കെഎസ്ഇബി ബിൽ നൽകി പണം ഇൗടാക്കിയിട്ടുള്ളൂ. 

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്കുകൾ മാത്രമാണ് ഇൗടാക്കിയിട്ടുള്ളത്. അമിത ബിൽ ആർക്കും നൽകിയിട്ടില്ല. അങ്ങനെ ആർക്കെങ്കിലും അമിത ബിൽ നൽകിയിട്ടുണ്ടെങ്കിൽ ആ തുക തിരികെ നൽകും. കെഎസ്ഇബിയെ കരിവാരിത്തേയ്ക്കാൻ ബോധപൂർവമായ ചില ശ്രമങ്ങൾ നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com