sections
MORE

ജനാധിപത്യത്തെ അപമാനിക്കുമ്പോൾ

HIGHLIGHTS
  • രാജ്യസഭാ സീറ്റ് ലക്ഷ്യമിട്ടുള്ള കുതിരക്കച്ചവടം നിന്ദ്യം
SHARE

അധാർമികതയുടെ അധികാരക്കളി മുൻപൊന്നും കേൾക്കാത്തവിധം രാഷ്ട്രീയത്തെ മലീമസമാക്കുന്നതാണു സമീപകാലത്തായി രാജ്യം കണ്ടുപോരുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്നതും ചിലർ നാണമില്ലാതെ ആ ചാക്കിൽ കയറുന്നതും കൈവിട്ടുപോകാതിരിക്കാൻ എംഎൽഎമാരെ റിസോർട്ടിൽ പാർപ്പിക്കുന്നതുമൊക്കെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നുവെന്നു മാത്രമല്ല, രാഷ്ട്രീയത്തിന് ഉണ്ടാവണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുകയുമാണ്. ഗുജറാത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം കണ്ടതും രാജസ്ഥാനിൽ ആശങ്കപ്പെടുത്തുന്നവിധം വളരുന്നതുമായ ഈ സാഹചര്യം ജനാധിപത്യത്തിന്റെ മറ്റൊരു അപമാനപർവത്തിനാണ് തിരശീല ഉയർത്തിയിരിക്കുന്നത്.

ബിജെപിയുടെ ‘ചാക്കിടൽ തന്ത്രം’ മറ്റു കക്ഷികളുടെ നിലനിൽപിനുതന്നെ ഭീഷണിയാകുന്നുവെന്ന പരാതി സമീപകാലത്തു വ്യാപകമായി ഉയരുന്നുണ്ട്. 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19നു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ചാക്കിട്ടുപിടിത്തവും കുതിരക്കച്ചവടവും. ഗുജറാത്തിൽ തിരഞ്ഞെടുപ്പു നടക്കുന്ന നാലു രാജ്യസഭാ സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കു സ്വന്തം അംഗബലം കൊണ്ട് അനായാസം ജയിക്കാം. മൂന്നാം സീറ്റ് കൂടി സ്വന്തമാക്കാൻ അവർ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് രാജിവയ്പിക്കുന്നതായാണ് ആരോപണം. കോൺഗ്രസിന്റെ 68 എംഎൽഎമാരിൽ മൂന്നുപേർ രാജിവച്ച സാഹചര്യത്തിൽ കൂടുതൽ കൊഴിച്ചിൽ തടയാൻ 21 എംഎൽഎമാരെ സംസ്ഥാനത്തിനു പുറത്ത്, രാജസ്ഥാനിലെ റിസോർട്ടിലേക്കു മാറ്റുകയും ചെയ്തു.

കഴിഞ്ഞ നാലു മാസത്തിനിടെ ഗുജറാത്തിൽ രാജിവച്ച കോൺഗ്രസ് എംഎൽഎമാർ എട്ടാണ്. ഇതുവഴി മൂന്നാം സ്ഥാനാർഥിയുടെ വിജയം ബിജെപി ഉറപ്പിക്കുകയും ചെയ്തു. കോൺഗ്രസിൽനിന്ന് കൂടുതൽ എംഎൽഎമാർ രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. അവരുടെ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന രാജസ്ഥാനിലെ റിസോർട്ടിൽ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ബിജെപി നേതാവ് പൊലീസിൽ പരാതി നൽകിയിരിക്കുകയുമാണ്. മൂന്നു വർഷം മുൻപ് ഇതുപോലെ സ്വന്തം എംഎൽഎമാരെ ബെംഗളൂരുവിൽ ഒളിപ്പിക്കേണ്ട ഗതികേടും ഗുജറാത്ത് കോൺഗ്രസിനുണ്ടായി.

രാജസ്ഥാനിലും എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമം തുടങ്ങിയെന്ന സൂചന പുറത്തുവന്നതിനു പിന്നാലെ, സ്വന്തം കോട്ട സംരക്ഷിക്കാനുള്ള ദ്രുതനീക്കങ്ങളിലാണു കോൺഗ്രസ്. രാജ്യസഭയിലേക്കു തിരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റുകളിൽ നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടുപേരെ കോൺഗ്രസിനും ഒരാളെ ബിജെപിക്കും ജയിപ്പിക്കാം. എന്നാൽ, ഒരു സീറ്റ് കൂടി ലക്ഷ്യമിട്ട് ബിജെപി രണ്ടു സ്ഥാനാർഥികളെ നിർത്തിയതോടെയാണ് അട്ടിമറി സൂചനകൾ ശക്തമായത്. സർക്കാരിനെ അട്ടിമറിക്കാൻ എംഎൽഎമാർക്ക് 25 – 30 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്യുന്നതായാണു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണം. തിരഞ്ഞെടുപ്പിനു മുൻപ് 10 കോടി വീതം നൽകാമെന്നും സർക്കാരിനെ മറിച്ചിട്ടാൽ ബാക്കി തുക നൽകാമെന്നുമാണത്രെ പ്രലോഭനം. മധ്യപ്രദേശിനു പിന്നാലെയാണ് രാജസ്ഥാനിലും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നത്.

ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ അന്തസ്സത്ത തന്നെ വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങൾ മഹാരാഷ്ട്രയിലും കർണാടകയിലും ഗോവയിലുമടക്കം പല സംസ്ഥാനങ്ങളിലും ഇതിനകം നാം കണ്ടുകഴിഞ്ഞു. അധികാരത്തിലേക്കുള്ള തരംതാണ മാർഗങ്ങൾകൂടി രാഷ്ട്രീയത്തിന്റെ ഭാഗമെന്നു വരുമ്പോൾ സംഭവിക്കുന്നതു ജനാധിപത്യത്തിന്റെ വസ്ത്രാക്ഷേപംതന്നെയല്ലേ? ജനവിധിയെ മാനിക്കാതെയുള്ള കുതിരക്കച്ചവടം അതിൽ ഏർപ്പെടുന്നവരുടെയെല്ലാം വിശ്വാസ്യത കുറയ്ക്കുമെന്നതിൽ സംശയമില്ല. വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളെ തോൽപിക്കുകയല്ലേ ഇത്തരക്കാർ ചെയ്യുന്നത്?

കൂറുമാറ്റ നിരോധനനിയമം ശക്തമാക്കിയിട്ടുപോലും ഏറ്റവും ലജ്ജാകരമായ കുതിരക്കച്ചവടവും കൂറുമാറ്റവും നിയമത്തിലെ പഴുതുകൾ ദുരുപയോഗപ്പെടുത്തി നിർബാധം തുടരുന്നതിന് ഇനിയെങ്കിലും അറുതി വരുത്തിയേതീരൂ. കൂറുമാറ്റവും കാലുമാറ്റവും അപമാനമായി കാണാത്ത രാഷ്ട്രീയസംസ്കാരം ഒരു കാരണവശാലും ഇവിടെ വേരുപിടിച്ചുകൂടാ.

English Summary: Horse trading to win Rajyasabha seats - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA