sections
MORE

കെഎസ്ഇബി വിശ്വാസ്യത കളയരുത്

kseb-logo
SHARE

എല്ലാ സർക്കാർ സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ജനായത്ത അളവുകോൽ വിശ്വാസ്യതയാണ്. കാര്യക്ഷമത, പ്രതികരണ ക്ഷമത, ഉത്തരവാദിത്ത ബോധം, ന്യായവില ഇതെല്ലാം വിശ്വാസ്യതയുടെ അടയാളങ്ങളാണ്. വിശ്വാസ്യത സുതാര്യതയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. സുതാര്യത കുറയുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങൾക്കു വിശ്വാസ്യത കുറയും. അത്തരമൊരു അവസ്ഥയിലാണ് കേരളത്തിലെ വൈദ്യുതി ബോർഡ് ഇപ്പോൾ. 

JS-Adoor
ജെ.എസ്.അടൂർ

പൊതുവേ നാട്ടിലും വീട്ടിലും ബന്ധുവീടുകളിലും കേൾക്കുന്നത് വൈദ്യുതി ചാർജ് ക്രമാതീതമായി കൂടി എന്ന പരാതിയാണ്. ഇതെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ വന്ന പല പരാതികളോടും കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർ, ആർക്കും മനസ്സിലാകാത്ത കണക്കുകൾ നിരത്തി, ന്യായീകരണങ്ങളിലൂടെ പ്രതിരോധത്തിന്റെ കവചമുയർത്തുന്ന കാഴ്ചയാണു കാണുന്നത്. 

മൂന്നു പ്രശ്നങ്ങളാണ് ഇതിലുള്ളത്. 1. ശരാശരി ഉപയോഗം നോക്കി, ഗണിച്ച്, നിരക്കു ചുമത്തുന്നു. 2.ദിവസങ്ങളുടെ എണ്ണം കൂട്ടി സ്ലാബ് മാറ്റി ചാർജ് കൂട്ടുന്നു. 3. മീറ്റർ റീഡിങ്ങിലെ അപാകത. 

ലോക്ഡൗൺ കാലത്തു ജനം വീടുകളിൽ മാത്രം ഒതുങ്ങിക്കൂടിയപ്പോൾ വൈദ്യുതി ഉപയോഗം കൂടി എന്നതാണ് കെഎസ്ഇബിയുടെ ആദ്യ വാദം. അതിൽ കാര്യം കാണും. അതിനാൽ ഇൗ വാദത്തെ തള്ളിക്കളയുന്നില്ല. പക്ഷേ, വർധനയുടെ കണക്കു നോക്കുന്ന ഉപയോക്താവിന് അത് ഉപയോഗവുമായി പൊരുത്തപ്പെടുന്നതായി തോന്നുന്നില്ല. 

എന്റെ അനുഭവം. ഞാൻ ചെയർമാനായ അടൂർ ബോധിഗ്രാമിൽ മാർച്ച്‌ മുതൽ ഒരു കാര്യപരിപാടിയും നടക്കുന്നില്ല. ഞാനിപ്പോൾ അവിടെയാണു താമസം. ഒരുദിവസം ജനാലയിലൂടെ നോക്കിയപ്പോൾ ഒരാൾ ഗേറ്റിനടുത്തുള്ള സ്ഥലത്ത് ഒരു വാതിൽപടിയിൽ എന്തോ വയ്ക്കുന്നതു കണ്ടു. പുറത്തിറങ്ങി ആരാണെന്നു ചോദിച്ചു. കെഎസ്ഇബിയിൽ നിന്നാണ് എന്നായിരുന്നു മറുപടി. മീറ്റർ നോക്കാതെ എങ്ങനെയാണു ബിൽ തരിക എന്നു ചോദിച്ചപ്പോൾ, ശരാശരി ഉപയോഗം കണക്കാക്കിയാണ് എന്നായിരുന്നു ജീവനക്കാരന്റെ മറുപടി. വീടുകളെല്ലാം അടച്ചിട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മീറ്റർ പുറത്തല്ലേ വച്ചിരിക്കുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിനു മറുപടിയില്ലായിരുന്നു. പുറത്തിരിക്കുന്ന മീറ്ററിലേക്കു നോക്കാൻ പോലും മിനക്കെട്ടില്ല. മീറ്റർ നോക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. മീറ്ററിൽ നോക്കി റീഡിങ് എടുത്ത തുകയും മീറ്റർ നോക്കാതെ നൽകിയ ബില്ലിലെ തുകയും താരതമ്യം ചെയ്തപ്പോൾ 2000 രൂപയുടെ വ്യത്യാസം കണ്ടെത്തി. 

ആരെങ്കിലും വൈദ്യുതി ചാർജിനെക്കുറിച്ചു സമൂഹമാധ്യമത്തിൽ എന്തെങ്കിലും കുറിച്ചാൽ അതിനെതിരെ സംഘടിത പ്രതികരണം ഉണ്ടാകുന്ന സ്ഥിതിയാണ്. പ്രശ്നം പബ്ലിക് അക്കൗണ്ടബിലിറ്റിയാണ്. മീറ്റർ നോക്കാതെ, ശരാശരി മാത്രം കണക്കാക്കി ബില്ലിൽ എഴുതുന്ന പരിപാടി തന്നെ. ഉപയോക്താവിന്റെ ശബ്ദത്തിനും പ്രതിഷേധത്തിനും സ്ഥാനമില്ല. 

ഞങ്ങൾക്കു സൗകര്യമുള്ളതു പോലെ ചെയ്യും. നിങ്ങൾക്കു പ്രശ്നമുണ്ടെങ്കിൽ പരാതി കൊടുക്കൂ, അല്ലെങ്കിൽ കോടതിയിൽ പോകൂ. ഇത്തരം ധാർഷ്ട്യം, ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നടത്തുന്ന പൊതുമേഖലാ സ്ഥാപനത്തിനു ചേർന്നതല്ല. സർക്കാരും സർക്കാർ സംരംഭങ്ങളും ജനങ്ങളുടേതാണ്; ഉദ്യോഗസ്ഥരുടേതോ മന്ത്രിമാരുടേതോ ഭരണകക്ഷിയിൽ പെട്ടവരുടേതോ അല്ല. 

ലോക്ഡൗണിനെത്തുടർന്ന് നട്ടംതിരിയുന്നതിനിടെ, കൂനിൻമേൽകുരു എന്ന പോലെ വൈദ്യുതി ബില്ലിലെ മൂന്നും നാലും ഇരട്ടി വർധന ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നു. ബില്ലിലെ പ്രശ്നം എന്താണെന്നു പഠിച്ച് ഉത്തരവാദിത്ത ബോധത്തോടെ പരിഹരിക്കാൻ ശ്രമിക്കുകയാണു വേണ്ടത്. ഇപ്പോഴത്തെ ബില്ലിങ് സമ്പ്രദായത്തിൽ സുതാര്യതയില്ല. 

യഥാർഥത്തിൽ സർക്കാർ സേവനങ്ങളുടെ സോഷ്യൽ ഓഡിറ്റ് അനിവാര്യമാണ്. കെഎസ്ഇബി ഉൾപ്പെടെയുള്ള വകുപ്പുകളുടെ പുരോഗതി അവലോകനവും എല്ലാ വർഷവും നടത്തണം. സ്ലാബ് സമ്പ്രദായത്തിൽ അശാസ്ത്രീയതയുണ്ടെങ്കിൽ തിരുത്തണം. അതല്ലാതെ, ക്രോസ് സബ്സിഡിയുടെ പേരും പറഞ്ഞ് ഉപയോക്താക്കളെ ചൂഷണം ചെയ്യരുത്. 

വെള്ളം, വൈദ്യുതി, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം എന്നതൊക്കെ സർക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ മഹാമനസ്കതയാൽ ചെയ്യുന്ന കാരുണ്യപ്രവൃത്തിയല്ലെന്ന് ഓർക്കണം. അതു പൗരന്റെ അവകാശമാണ്. 

(ഏഷ്യൻ ഡെമോക്രസി നെറ്റ്‌വർക് ചെയർപഴ്സനും യുഎൻഡിപി ഗ്ലോബൽ ഗവേണൻസ് പ്രോഗ്രാം മുൻ മേധാവിയുമാണ് ലേഖകൻ)

English Summary: KSEB bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA