ADVERTISEMENT

∙ സുനിൽ പി.ഇളയിടം: കൗതുകകരമായൊരു കാര്യം, ഈയിടെ വായിച്ചത്, ലോകത്താകമാനമുള്ള 30 ലക്ഷം രോഗികളിലെ (അന്നത്തെ കണക്കാണ്) വൈറസിന്റെ മൊത്തം ഭാരമെടുത്താൽ ഒന്നര ഗ്രാമേയുള്ളൂ എന്നതാണ്. മുതലാളിത്തത്തിന്റെ ഭീമാകാരമായ സൈനിക - സാമ്പത്തിക ശക്തികൾ, ഭരണകൂട യുക്തികൾ എല്ലാറ്റിനെയും നിശ്ചലമാക്കിക്കളഞ്ഞത്  ഇത്ര ചെറിയ ഭാരമാണ്.

∙ എ.ഹേമചന്ദ്രൻ:  ഉദ്യോഗസ്ഥതലത്തിൽ നടത്തുന്ന യോഗങ്ങളിൽ സ്വതന്ത്രമായി, നേതൃത്വത്തിലിരിക്കുന്ന ആൾക്ക് അല്ലെങ്കിൽ കേൾക്കുന്നവർക്ക് ഇഷ്ടപ്പെടുമോ എന്നു ചിന്തിച്ച് ഭയപ്പെടാതെ, അപ്രിയ സത്യങ്ങളും പറയാനുള്ള ആർജവം ഉണ്ടാകണം. ഉള്ളിൽനിന്ന് ഒരുമിച്ചൊരു തീരുമാനമെടുത്ത ശേഷം, പുറത്തുവന്ന് എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു എന്നു പറയുന്ന രീതി സ്വീകരിച്ചാൽ ഏതു  സംവിധാനമായാലും മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല.

∙ സി.രാധാകൃഷ്ണൻ: ഒറ്റപ്പെട്ട് ഓടിയോടി ജീവിതം ഓഫിസിലും ഉറക്കം വീട്ടിലുമായി വീട്ടുകാരോടു ചോലും ബന്ധമില്ലാതെ കഴിഞ്ഞിരുന്നവരുണ്ട്. അവർക്കു കുറച്ചു നേരം തനിച്ചിരിക്കാനും ലോകത്തെയും ഭൂമിയെയും ബന്ധങ്ങളെയും കുറിച്ച് വീണ്ടുവിചാരം നടത്തി, ഇതുവരെ കണ്ടെത്താൻ കഴിയാത്ത അർഥങ്ങൾ കണ്ടെത്താനുമുള്ള അവസരവുമൊക്കെ ഈ കൊറോണക്കാലം തരുന്നുണ്ട്.

∙ അരുന്ധതി റോയ്: ആകെ രണ്ടു കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തത്. അവർ ദേശീയ സ്വത്തുക്കൾ സ്വകാര്യവൽക്കരിച്ചു. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരുപറഞ്ഞ് വിദ്യാഭ്യാസ രംഗവും സ്വകാര്യവൽക്കരിച്ചു. ദലിതരും പാവപ്പെട്ടവരും ഇതിനെല്ലാം പുറത്താവും ഇനി. പുതിയ ആഖ്യാനങ്ങൾ കൊണ്ടുവന്ന് സാമ്പത്തികരംഗത്തെ പാളിച്ചകൾ സർക്കാർ മറയ്ക്കും. 

∙ സക്കറിയ:  മോദി രണ്ടാം തവണ അധികാരത്തിലേറുന്നതു തടയാൻ പ്രതിപക്ഷ പാർട്ടികൾക്കു കഴിയാത്തത് അവരുടെ പരാജയമാണ്. അവരവർക്കുവേണ്ടി മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ സംസാരിക്കുന്നത്.

∙ ദുൽഖർ സൽമാൻ: എന്റെ മനസ്സിൽ ഞാനിന്നും സിനിമയിലെ ഒരു ന്യൂ കമറാണ്. വാപ്പച്ചി ചെയ്യുന്ന മാസ് വേഷങ്ങൾ കണ്ടു കയ്യടിക്കാനും ആർപ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്. പക്ഷേ, എന്റെ മുഖം അത്തരം രംഗങ്ങളിൽ പ്രതിഷ്ഠിക്കാൻ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല.

∙ കെ.വേണു: വ്യവസായ സംരംഭങ്ങൾക്കു പണം മുടക്കാൻ വരുന്നവർ പ്രചാരണത്തിന്റെ പിന്നാലെ പോവുന്നവരല്ല. ഉൽപാദന സംരംഭങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളും നിലവിലുണ്ടോ എന്ന് ഉറപ്പുവരുത്തി മാത്രമേ അവർ ഇറങ്ങുകയുള്ളൂ. സർക്കാരിന്റെ വാഗ്ദാനമൊന്നും അവർ മുഖവിലയ്ക്കെടുക്കുകയുമില്ല. കേരളത്തിലെ സാഹചര്യങ്ങൾ ഇനിയും മാറിയേതീരൂ.

English Summary: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com