വ്യാജന്റെ വിലാസം; ബാക്ടീരിയ മുതൽ സ്കോളർഷിപ് വരെ!

vireal
SHARE

∙ ജൂൺ 15 മുതൽ വീണ്ടും സമ്പൂർണ ലോക്ഡൗൺ ആണെന്നു ചില ചാനലുകളിൽ വന്നതായി വാട്സാപ്പിൽ കണ്ടല്ലോ? 

വാർത്ത സത്യമല്ല. ഒരു ഹിന്ദി ചാനലിൽ ബ്രേക്കിങ് ന്യൂസ് വന്നതായുള്ള സ്ക്രീൻ ഷോട്ടാണ് ആദ്യം പ്രചരിച്ചത്. പിന്നെയത് പല ഭാഷകളിൽ കറങ്ങി. ചാനലിന്റെ ലോഗോയൊക്കെ വച്ച് വ്യാജമായി ഉണ്ടാക്കിയെടുത്തതാണ് ആ സ്ക്രീൻ ഷോട്ട്. ഹിന്ദി ചാനൽ തന്നെ അതു വ്യാജമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതേസമയം, ചില സംസ്ഥാനങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ പുനഃപരിശോധിക്കാനുള്ള ആലോചന നടക്കുന്നു എന്നതു സത്യമാണ്. 

∙ വൈദ്യശാസ്ത്ര നൊബേൽ നേടിയ ജാപ്പനീസ് പ്രഫസർ തസാകു ഹോൻജോ കോവിഡിനു കാരണമായ വൈറസ് മനുഷ്യനിർമിതമാണെന്നു തെളിവു സഹിതം പറഞ്ഞല്ലോ? 

പൂർണമായും വ്യാജവാർത്തയാണിത്. പ്രഫ. തസാകു പത്രസമ്മേളനത്തിൽ വിശദീകരിച്ചു എന്നൊക്കെയുള്ള രീതിയിലാണ് വാട്സാപ്പിൽ സന്ദേശങ്ങൾ പറന്നത്. ഏപ്രിൽ 10നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം കോവിഡിനെക്കുറിച്ചു സംസാരിക്കുന്നുണ്ട്. അതിൽ വൈറസ് മനുഷ്യനിർമിതമാണെന്നു പറയുന്നേയില്ലെന്നു മാത്രമല്ല, മറിച്ചാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെ പേരിൽ പ്രചരിക്കുന്നതു വ്യാജവിവരമാണെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കുകയും ചെയ്തു. 

∙ കോവിഡിനു കാരണം വൈറസല്ല, ബാക്ടീരിയ ആണ് എന്ന് ഇറ്റാലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തിയല്ലോ? 

കോവിഡിനെക്കുറിച്ചുള്ള പല ഗൂഢാലോചനാ സിദ്ധാന്തങ്ങളിലൊന്നാണിത്. ഇതെക്കുറിച്ചു ലോകാരോഗ്യ സംഘടന വളരെ വ്യക്തമായിത്തന്നെ വിശദീകരണം നൽകിയിട്ടുണ്ട്: ‘കോവിഡ് 19നു കാരണം കൊറോണ വൈറസ് ആണ്. ആന്റിബയോട്ടിക്കുകൾ വൈറസുകൾക്കെതിരെ പ്രവർത്തിക്കില്ല. കോവിഡ് ബാധിച്ച ചിലരിൽ ബാക്ടീരിയൽ ഇൻഫക്‌ഷൻ ഉണ്ടാകാം. അതിന് ആന്റിബയോട്ടിക്കുകൾ കൊടുക്കാവുന്നതാണ്.’ (കൂടുതൽ വിവരങ്ങൾക്ക്: www.who.int ) 

∙ യുവാക്കൾക്കു സൗജന്യമായി ലാപ്ടോപ് നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ ലിങ്ക് വാട്സാപ്പിൽ വന്നിരുന്നു. വിശ്വസിക്കാമോ? 

ഇല്ല. നമ്മുടെ വിവരങ്ങൾ ചോർത്തിയെടുക്കാനുള്ള സൂത്രപ്പണികളാണ് ഇത്തരം ലിങ്കുകളിലുള്ളത്. ഇത്തരത്തിൽ വ്യക്തിവിവരങ്ങൾ ചോർത്തി മറിച്ചുവിൽക്കാൻ ശ്രമിച്ച ഒരാളെ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു. ഇതേസമയം, വിദ്യാർഥികൾക്കു ലാപ്ടോപ്പുകൾ അടക്കമുള്ള പഠനസാമഗ്രികൾ സൗജന്യനിരക്കിൽ നൽകാനുള്ള പദ്ധതികൾ പല സംസ്ഥാന സർക്കാരുകളും ആലോചിക്കുന്നുണ്ട്. അവയുടെ വിവരങ്ങൾ, ആധികാരികമായ സർക്കാർ അറിയിപ്പുകളായി പത്രങ്ങൾ ഉൾപ്പെടെ വിശ്വാസ്യതയുള്ള മാധ്യമങ്ങളിൽ വരുന്നതു മാത്രം സ്വീകരിക്കുക. സംശയമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. 

∙ 1 മുതൽ 12 വരെ ക്ലാസുകാർക്ക് 10,000 രൂപ വീതം നൽകുമെന്ന് വാട്സാപ്പിൽ കണ്ടല്ലോ? 

തെറ്റാണ്. പത്താം ക്ലാസ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർക്കു 10,000 രൂപയും പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്ക് 25,000 രൂപയുടെ സ്കോളർഷിപ്പും ലഭിക്കുമെന്നായിരുന്നു പ്രചാരണം. അങ്ങനെയൊരു സ്കോളർഷിപ്പില്ല. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ വിവരം വിശ്വാസ്യതയുള്ള പത്രങ്ങളിലൂടെ അതതു സമയത്തു സർക്കാർ പുറത്തുവിടും. ഈ വെബ്സൈറ്റും നോക്കാം: www.scholarships.gov.in 

∙ മമ്മൂട്ടിയുടെ പുതിയ വീടിന്റെ വിഡിയോ എല്ലാ ഗ്രൂപ്പിലും വരുന്നുണ്ടല്ലോ? 

മമ്മൂട്ടി പുതിയ വീടു വച്ചുവെന്നതു സത്യമാണെങ്കിലും പ്രചരിക്കുന്നത് ആ വീടല്ല എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിക്കഴിഞ്ഞു

English Summary: Vireal: reality behind the messages and videos

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA