ADVERTISEMENT

ഭൂമിക്കാണ് ഏറ്റവും കൂടുതൽ ക്ഷമയെന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ, സത്യാവസ്ഥ വേറെയാണ്. കേരളത്തിലെ സിപിഐക്കാരുടെ ക്ഷമ പരിഗണിച്ചാൽ ഭൂമിയുടെ ക്ഷമ തീർത്തും കുറവാണ്. അവരുടെ ക്ഷമയ്ക്കു നെല്ലിപ്പലക ഒന്നല്ല, ഒൻപതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാൻ വേണ്ടി അവരെപ്പോലെ സഹിച്ചവർ ആരുമില്ല. മറക്കാനും പൊറുക്കാനും അവർ എക്കാലത്തും തയാറായിരുന്നു – പ്രത്യേകിച്ചും ഇടതുപക്ഷ ഐക്യമെന്ന അതീതകാല സ്വപ്നത്തിനു വേണ്ടി.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ വേണ്ടി സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനം വരെ പുല്ലുപോലെ വലിച്ചെറിഞ്ഞു പുല്ലുവഴിക്കു പോയ പി.കെ.വാസുദേവൻ നായരുടെ പാർട്ടിയാണു സിപിഐ. അതിന്റെ പേരിൽ അവർക്കു നഷ്ടമല്ലാതെ നേട്ടമൊന്നും ഉണ്ടായതായി ആരും കുറ്റപ്പെടുത്തിയതായി കേട്ടിട്ടില്ല. 

മുന്നണി നിലവിൽവന്ന കാലം മുതൽ അമർഷവും അതൃപ്തിയും പ്രകടിപ്പിക്കലാണു സിപിഐയുടെ ജോലി. അതു തങ്ങളുടെ ജന്മാവകാശമാണെന്ന് അവർ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. പ്ലാച്ചിമടയിലെ ജലചൂഷണമായാലും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയായാലും ആലപ്പാട്ടെ കരിമണൽ ഖനനമായാലും സിപിഐ അതൃപ്തിയും അമർഷവും പ്രകടിപ്പിച്ചിരിക്കും.  

എന്നുവച്ച് ഈ അമർഷവും അതൃപ്തിയും മൂലം മുന്നണിക്കോ നാട്ടുകാർക്കോ ഒന്നും സംഭവിക്കാറില്ല. പാർട്ടി സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എംഎൻ സ്മാരകത്തിനു പിന്നിലെ രണ്ടു പടുകൂറ്റൻ ടാങ്കുകളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് അതൃപ്തിയും അമർഷവുമെല്ലാം. എന്തെങ്കിലും കാരണവശാൽ ഈ വസ്തുക്കൾ ടാങ്കിൽ നിന്നു ചോർന്നാൽ എന്താണു സംഭവിക്കുകയെന്നു പറയാനാവില്ല. തീയുടെയും ഗന്ധകത്തിന്റെയും ലാവാപ്രവാഹത്തിൽ തിരുവനന്തപുരം നഗരം എരിഞ്ഞുപോകാനും സാധ്യതയുണ്ട്.

ഇപ്പോൾ ഇതെല്ലാം ഓർക്കാൻ കാരണം, പമ്പയിലെ മണലെടുപ്പിനും അതിരപ്പിള്ളി പദ്ധതിക്കുമെതിരെ പ്രതിഷേധവുമായി രംഗത്തുവന്നതാണ്. ഈ അമർഷവും അതൃപ്തിയുമെല്ലാം ഒരിക്കലും പൊട്ടാത്ത ചില അഗ്നിപർവതങ്ങൾ പോലെയാണ്. തീയും പുകയും വമിക്കും. എന്നാൽ, ലാവ പുറത്തേക്കൊഴുകില്ല. കമ്യൂണിസ്റ്റ് ലയനം, പുനരേകീകരണം തുടങ്ങിയ മനോഹരമായ ചില സ്വപ്നങ്ങൾക്കു വേണ്ടി ഇത്തരം ചില ത്യാഗങ്ങൾ ചെയ്യേണ്ടി വരും. അതു കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിലപ്പുറം പ്രാധാന്യമൊന്നും മുന്നണിയിലെ കാരണവർ അവയ്ക്കു നൽകേണ്ടതില്ല. അനന്തരവൻമാർക്ക് അമർഷവും അതൃപ്തിയും വേണ്ടുവോളം പ്രകടിപ്പിക്കാം. എന്നാൽ, നാഴിയരിയുടെ ആവശ്യം വരുമ്പോൾ കാരണവരുടെ മുന്നിൽചെന്നു രണ്ടാം മുണ്ടു കക്ഷത്തിലിടുക്കി ഓച്ഛാനിച്ചു നിൽക്കുക തന്നെ. 

പിസി കുട്ടൻപിള്ളയുടെ രണ്ടാം വരവ് 

പിസി കുട്ടൻപിള്ള പണ്ടു കേരളത്തെ വിറപ്പിച്ച കാക്കിക്കുപ്പായക്കാരനാണ്. ഇടിയൻ നാറാപിള്ള, കടുവാ മാത്തനേഡ്, ഇഞ്ചാർജ് ഇടിക്കുള തുടങ്ങിയവരുടെ വംശപരമ്പരയിൽപെടുന്ന മാന്യദേഹം. വെട്ടൊന്ന്, മുറി രണ്ട് എന്ന മട്ടുകാരൻ. 

കായംകുളം കൊച്ചുണ്ണിയെ പിടിച്ചു തള്ളവിരൽ പൊക്കിൾക്കുഴിയിലിട്ട് ഒന്നു കറക്കിയതാണ്. ‘‘എന്റെ കുട്ടൻപിള്ളച്ചേട്ടാ’’ എന്ന് അലമുറയിട്ട കൊച്ചുണ്ണി ലോകത്ത് അതുവരെ നടന്നതും ഇനി നടക്കാൻ പോകുന്നതുമായ എല്ലാ കുറ്റങ്ങളും ഏറ്റുപറഞ്ഞതായി ഒരു ധ്വര എഴുതിയ ചരിത്രപുസ്തകത്തിൽ പറയുന്നുണ്ട്. കുറ്റസമ്മതത്തിന്റെ കൂട്ടത്തിൽ കൊച്ചുണ്ണി മുലപ്പാൽ ഛർദിച്ചതായാണ് മറ്റൊരു സായ്പിന്റെ സാക്ഷ്യം. ചരിത്രമല്ലേ, ചിലപ്പോൾ അതിൽ നെല്ലും പതിരുമൊക്കെ ഉണ്ടായെന്നു വരാം.

പി.സി.കുട്ടൻപിള്ളയെ ക്ലോൺ ചെയ്തു വീണ്ടും അവതരിപ്പിച്ചതു കേരള പൊലീസിന്റെ സൈബർ സെല്ലാണ്. സൈബർലോകത്തെ കായംകുളം കൊച്ചുണ്ണിമാരെ അമർച്ച ചെയ്യാനാണ് കുട്ടൻപിള്ളയെ സൈബർ സെല്ലിലെ ജനിതക ശാസ്ത്രജ്ഞർ അവതരിപ്പിച്ചത്; അതും കുട്ടൻപിള്ളയുടെ വിത്തുകോശം കണ്ടെത്തി. പഴയ കുട്ടൻപിള്ളയ്ക്കു പ്രവൃത്തിയേ ഉണ്ടായിരുന്നുള്ളൂ, പറച്ചിൽ തെല്ലും തന്നെ ശീലമില്ല. 

എന്നാൽ, പുതിയ കുട്ടൻപിള്ളയ്ക്കു പറച്ചിലിലാണു കമ്പം – പിസി കുട്ടൻപിള്ള സ്പീക്കിങ്. ആദ്യ ദിവസംതന്നെ സൈബർ കൊച്ചുണ്ണിമാർ വിരണ്ടു മാളത്തിലൊളിച്ചു. കുട്ടൻപിള്ള മാഹാത്മ്യം പൊലീസ് പത്രക്കുറിപ്പായി മാധ്യമങ്ങൾക്കു നൽകി. അതു വായിച്ചു ഭയന്ന സൈബർ ഗുണ്ടകൾ ശ്രമിക് എക്സ്പ്രസിൽ ടിക്കറ്റ് തരപ്പെടുത്തി ജാർഖണ്ഡിലേക്കും ബിഹാറിലേക്കുമെല്ലാം കടന്നു.

   എന്നാൽ, കുട്ടൻപിള്ളയെ സൈബർ ഗുണ്ടകൾ കൈകാര്യം ചെയ്യുന്നതാണു പിന്നീടു കണ്ടത്. ‘പിടിച്ചു ഞാൻ അവനെന്നെക്കെട്ടി/കൊടുത്തു ഞാനവനെനിക്കു രണ്ട്’ എന്നതിന്റെ പ്രായോഗിക പരീക്ഷണമാണു പിന്നെ നടന്നത്. വൻ വിജയവും സൈബർലോകത്തു വൈറലുമായ കുട്ടൻപിള്ള ഏതു ദുനിയാവിലാണ് ഒളിച്ചതെന്ന് ആർ‍ക്കുമറിയില്ല. കുട്ടൻപിള്ളയുടെ സഹായം തേടിയാൽ കിട്ടുന്ന മറുപടി, വൈറലായി വൈറസ് രോഗം ബാധിച്ച പിള്ളയ്ക്കു വോയ്സ് റെസ്റ്റ് വിധിച്ചിരിക്കുകയാണ് എന്നായിരിക്കും. കോവിഡ്ബാധ പുറത്തുവിടാതെ ‘സാങ്കേതിക കാരണങ്ങളാൽ’ എന്ന സർവരോഗ സംഹാരിയായ വാക്സിനാണു പൊലീസ് മേധാവികൾ പ്രയോഗിച്ചത്. അതോടെ കുട്ടൻപിള്ളയെ കൂട്ടിക്കെട്ടി ക്വാറന്റീനിലാക്കി.

കേരള പൊലീസിന്റെ സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ ആപ്പിനു പൊൽ–ആപ് എന്നു പേരിട്ടത് എന്തുകൊണ്ടും ഉചിതമായി എന്നാണു കുട്ടൻപിള്ള സംഭവം തെളിയിക്കുന്നത്. എന്നാണു സംഗതി പൊല്ലാപ്പാകുന്നതെന്നു കാത്തിരുന്നു കാണാം. 

സ്റ്റോപ് പ്രസ്: യുഡിഎഫിലേക്കു തിരിച്ചുപോകുന്നില്ലെന്ന്  ആർ.ബാലകൃഷ്ണപിള്ളയും മകൻ ഗണേഷ് കുമാറും.

അങ്ങനെ കേരള കോൺഗ്രസി(ബി)ൽ ഐക്യം പുനഃസ്ഥാപിച്ചു! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com