ADVERTISEMENT

കേന്ദ്രമന്ത്രിയായിരുന്ന ജയറാം രമേശ്, സുകുമാർ അഴീക്കോട്, പരിസ്ഥിതി ശാസ്ത്രജ്ഞൻ വി.എസ്.വിജയൻ  എന്നിവരുമായെല്ലാം  അതിരപ്പിള്ളി പദ്ധതിക്കായി യുദ്ധങ്ങളിലേർപ്പെട്ട  മുഖ്യ വക്താവായിരുന്നു  മന്ത്രി എ.കെ.ബാലൻ. വിഎസ് സർക്കാരിൽ  വൈദ്യുതിമന്ത്രിയെന്ന നിലയിൽ പദ്ധതിക്കുവേണ്ടിയുള്ള സിപിഎം പടനീക്കം നയിച്ചത് ബാലനാണ്.  പിണറായി സർക്കാർ പദ്ധതിക്ക്  നിരാക്ഷേപപത്രം നൽകിയത് അതിരപ്പിള്ളിയെ വീണ്ടും  ചർച്ചയാക്കിയ സാഹചര്യത്തിൽ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ.ബാലൻ  പ്രതികരിക്കുന്നു....

അതിരപ്പിള്ളി വൈദ്യുതപദ്ധതിക്കു വേണ്ടി ഉന്നയിച്ച അതേ  വാദമുഖങ്ങൾക്കൊപ്പമാണോ  ഇപ്പോഴും? 

അതിരപ്പിള്ളി ഏറ്റവും വിവാദമായത് 2006 മുതൽ 2011 വരെ ഞാൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോഴാണ്. പദ്ധതി വേണമെന്ന ശക്തമായ വാദത്തോടൊപ്പമായിരുന്നു ഞാനും പാ‍ർട്ടിയും. അതിനോടു വിയോജിച്ചവർ അതേ മന്ത്രിസഭയിലുണ്ടായിരുന്നു. സിപിഐക്ക് എതിർപ്പുണ്ടായിരുന്നപ്പോഴും പല സിപിഐ നേതാക്കളും പദ്ധതിയോടു യോജിക്കുന്നുവെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. എഐടിയുസി പ്രകടമായി അനുകൂലിച്ചു. കോൺഗ്രസിൽ വൈദ്യുതിവകുപ്പു കൈകാര്യം ചെയ്ത മന്ത്രിമാരെല്ലാം പിന്തുണച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളും പദ്ധതി പരിശോധിക്കാൻ നിയുക്തമായ ഏജൻസികളും ശരിവച്ച ഒരു പദ്ധതിയെ യുക്തിസഹമല്ലാതെ ചിലർ എതിർത്തതിനോടാണു വിയോജിപ്പ്.

 പദ്ധതി ആ മേഖലയുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും പരിസ്ഥിതിക്കു ദോഷകരമാകുമെന്നും പറഞ്ഞതു സർക്കാരിന്റെ കീഴിലുള്ള ജൈവ വൈവിധ്യബോർഡ് ചെയർമാനായിരുന്ന വി.എസ്.വിജയനല്ലേ?

മത്സ്യസമ്പത്തിനു ദോഷം വരുമെന്നും വംശനാശം വരുന്ന മത്സ്യങ്ങളുണ്ടെന്നും വിജയൻ പറഞ്ഞപ്പോൾ ലോകത്തിലെ ആധികാരിക ഏജൻസിയായ ഐയുസിഎൽ (ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ)  റിപ്പോർട്ടിലെ വംശനാശം വരുന്ന 26 മത്സ്യ ഇനങ്ങളിൽ അതിരപ്പിള്ളിയിൽ മാത്രം കാണുന്ന ഒരെണ്ണ‌മെങ്കിലും ഉണ്ടോയെന്നു ഞാൻ വിജയനോടു ചോദിച്ചു. അദ്ദേഹത്തിനു മറുപടിയില്ലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ ഗാംഭീര്യം നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി ഇതോടൊപ്പം സംയോജിപ്പിച്ചിരുന്നു. ആകെയുള്ളത് കുറച്ചു മരങ്ങൾ മുറിക്കേണ്ടിവരും എന്നതാണ്. അതു കാടിനെ ബാധിക്കുന്ന തരത്തിലുള്ളതായിരുന്നില്ല.

ജലവൈദ്യുത പദ്ധതികൾ തന്നെ ഡികമ്മിഷൻ ചെയ്യുന്ന, ചെയ്യണമെന്ന അഭിപ്രായമല്ലേ ലോകത്ത് ഉയർന്നുവരുന്നത്.

തന്റെ ശബ്ദത്തിനു പ്രസക്തി ഉണ്ടായിരുന്ന ഘട്ടമായിരുന്നുവെങ്കിൽ ഇടുക്കി പദ്ധതിയെ വരെ എതിർത്തേനെ എന്നാണു വി.എസ്.വിജയൻ പറഞ്ഞത്. ഡികമ്മിഷൻ എന്നാൽ, പൊളിച്ചുമാറ്റൽ എന്നാണല്ലോ അർഥം. പൊളിച്ചാൽ ഈ വെള്ളമെല്ലാം എത്തുന്നത് കടലിൽ. ശുദ്ധജലത്തിനും ജലസേചനത്തിനും കാട് സംരക്ഷിക്കുന്നതിനും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒരു ഡാം നിലനിൽക്കണോ അതോ തകർക്കണോ?

ആദിവാസികളുടെ ചുമതല കൂടിയുള്ള മന്ത്രിയാണ് ഇപ്പോൾ താങ്കൾ. കാടർ വംശജരുടെ ആധിയും അവകാശങ്ങളുമൊന്നും ശ്രദ്ധിക്കേണ്ട എന്നാണോ.

അതിരപ്പിള്ളി പദ്ധതി ഒരു ആദിവാസിയെപ്പോലും ബാധിക്കാൻ പോകുന്നില്ല. പുകലപ്പാറയിലും വാഴച്ചാലുമുള്ള ഈ വിഭാഗങ്ങളെ അക്കാലയളവിൽ തന്നെ സന്ദർശിച്ചിട്ടുണ്ട്. പദ്ധതിപ്രദേശത്ത് ഒരു ആദിവാസിയുമില്ല. എങ്ങനെ വെള്ളം ഉയർന്നാലും അവിടെ എത്തില്ല. എങ്കിലും കരുതലിന്റെ ഭാഗമായി ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാനും തൊഴിൽ നൽകാനും തീരുമാനിച്ചിരുന്നു. അവിടെയെത്തിയ എന്നെ തടയാനായി ആ ഊരുകളിലെ ഒറ്റ ആദിവാസിയെയും കിട്ടിയില്ല. വേറെ എവിടെനിന്നോ കൂട്ടിക്കൊണ്ടുവന്നാണ് അതു ചെയ്തത്. ആദിവാസികളെ ബാധിക്കുന്നുവെങ്കിൽ ഡാമിനു മുകളിൽ ബോംബ് ഇടാൻ മടിക്കില്ലെന്നാണു സുകുമാർ അഴീക്കോടിനോടു വികാരപരമായി ഞാൻ പറഞ്ഞത്. താങ്കളുടെ വിശദീകരണം ജനങ്ങളെ ബോധ്യപ്പെടുത്തൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

താങ്കൾക്കൊപ്പം മന്ത്രിസഭയിലുണ്ടായിരുന്ന വനംമന്ത്രി ബിനോയ് വിശ്വത്തിന്റെ വാദമുഖങ്ങൾക്കു പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്.

‘അച്ഛനായിരുന്നു പരിസ്ഥിതി മന്ത്രിയെങ്കിൽ ദേശീയപാതയുടെ നടുക്കുവരെ മരം വച്ചുപിടിപ്പിച്ചേനെ’ എന്ന് എന്റെ മകൻ ഒരിക്കൽ കളിയായി എന്നോടും പറഞ്ഞിട്ടുണ്ട്. ബിനോയിയെക്കാൾ വലിയ പരിസ്ഥിതിവാദിയാണു ഞാൻ. അദ്ദേഹത്തിന്റെ സ്വന്തം നാദാപുരം മണ്ഡലത്തിൽ വിലങ്ങാട്, ചാത്തൻകോട്ട് നട, പൂഴിത്തോട് എന്നീ മൂന്നു ജലവൈദ്യുത പദ്ധതികൾ ഞാൻ മന്ത്രിയായിരുന്നപ്പോഴാണു തുടങ്ങിയത്. ഇതിൽ പൂഴിത്തോട് കമ്മിഷൻ ചെയ്ത ചടങ്ങിൽ ഇവിടെയുള്ള മരവും അതിരപ്പിള്ളിയിലുള്ള മരവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ചാനൽ ചർച്ചയിൽ ‘സിപിഎം നേതാവ്’ എന്ന് അവതാരകൻ തെറ്റായി അഭിസംബോധന ചെയ്തപ്പോൾ ‘ആ വിശേഷണം തിരുത്താതെ ചർച്ചയ്ക്കില്ല’ എന്നെല്ലാം ബിനോയ് പറയുന്നതു കേട്ടു. അത്രയൊക്കെ വേണോ എന്നാണ്...

കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശും മാധവ് ഗാഡ്ഗിലിനെപ്പോലെ ഒരു വിഖ്യാത ശാസ്ത്രജ്ഞനും ഉന്നയിച്ച എതിർപ്പിലും സാംഗത്യമില്ലെന്നാണോ.

പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതി പിൻവലിച്ച ജയറാം രമേശിന്റെ നടപടിയെച്ചൊല്ലി അദ്ദേഹത്തിന്റെ ഓഫിസിൽ ഞങ്ങൾ തമ്മിൽ തുറന്ന ഏറ്റുമുട്ടലുണ്ടായി. സ്വന്തം വകുപ്പ് അംഗീകാരം നൽകിയ പദ്ധതി ഏകപക്ഷീയമായി റദ്ദാക്കാനുള്ള അധികാരം താങ്കൾക്കില്ലെന്നു ഞാൻ പറഞ്ഞു. തന്റെ നിലപാടിനെ സാധൂകരിക്കാൻ അന്ന് പ്രധാനമന്ത്രിയുടെ മലയാളിയായ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായരും എതിർക്കുന്നുവെന്ന് അദ്ദേഹം എഴുതിപ്പിടിപ്പിച്ചു. 

പക്ഷേ, അനുമതി പിൻവലിക്കാനുള്ള അധികാരം മന്ത്രിക്കില്ലെന്നാണു ഫയലിൽ ജോയിന്റ് സെക്രട്ടറി എഴുതിയത്. തുടർന്നു വി.എസ്.വിജയൻ അടക്കമുള്ളവരെ വച്ചു വിദഗ്ധസമിതി ഉണ്ടാക്കിയിട്ടുപോലും ആശിച്ച റിപ്പോർട്ട് രമേഷിനു കിട്ടിയില്ല. തുടർന്നാണു ഗാഡ്ഗിലിനു വിടുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള റിപ്പോർട്ട് തയാറാക്കാനായി ഗാഡ്ഗിൽ ആകെ പോയത് അതിരപ്പിള്ളിയിലാണ്. ഗാഡ്ഗിൽ എതിർത്തുവെങ്കിലും നിബന്ധനകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കാമെന്നായിരുന്നു കസ്തൂരിരംഗന്റെ അഭിപ്രായം.

 1500 കോടിയുടെ ഈ പദ്ധതി നിലവിൽ ലാഭകരവുമാകില്ല എന്നാണല്ലോ വിദഗ്ധർ പറയുന്നത്.

400 കോടിയായിരുന്നു 2001ൽ നിശ്ചയിച്ച ചെലവ്. ഇപ്പോൾ 1500 കോടിയാകുമായിരിക്കും. തുടക്കത്തിൽ നഷ്ടമാകുമെങ്കിലും 163 മെഗാവാട്ടിന്റെ പദ്ധതി 10–12 വർഷം കഴിയുമ്പോൾ ലാഭവും നഷ്ടവുമില്ലാത്ത സ്ഥിതിയിലാകും.

 നിരാക്ഷേപപത്രം പുതുക്കുന്നതിനു മുൻപ് സിപിഐയോടോ മന്ത്രിസഭയിലെ അവരുടെ അംഗങ്ങളോടോ ഒരു വാക്ക് മുൻകൂട്ടി പറയാൻ സിപിഎമ്മും സർക്കാരും തയാറാകാത്തത് എന്തുകൊണ്ടാണ്.

സിപിഎം തത്വത്തിലും പ്രയോഗത്തിലും പദ്ധതിയെ അനുകൂലിച്ചുവെങ്കിൽ സിപിഐ തത്വത്തിലും പ്രയോഗത്തിലും എതിരാണ്. ഏകപക്ഷീയമായി നടപ്പിലാക്കില്ലെന്നു സർക്കാ‍ർ വ്യക്തമാക്കിയിട്ടുണ്ട്. എപ്പോഴെങ്കിലും അനുകൂല സാഹചര്യം വന്നാൽ, നേരത്തേ കിട്ടിയ അനുമതികളെല്ലാം അസാധുവാകുന്ന സാഹചര്യം ഒഴിവാക്കാൻ നിരാക്ഷേപപത്രം നൽകുന്നതു വകുപ്പുതലത്തിലെ സാധാരണ നടപടിക്രമം മാത്രമാണ്. നയപരമായ കാര്യമല്ലാത്തതിനാൽ മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ആവശ്യമില്ല.

 രണ്ടു പ്രളയം കഴിഞ്ഞിട്ടും പദ്ധതിക്കുവേണ്ടി തന്നെയാണ് അപ്പോൾ സിപിഎം നിലകൊള്ളുന്നത്? മന്ത്രിസഭാംഗമായ താങ്കളും.

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന പഴയ നിലപാട് എനിക്കില്ല. 25 വർഷത്തേക്കു 850 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്നു വാങ്ങുന്ന ഒരു കരാർ നിലവിലുണ്ട്. കൂടംകുളത്തുനിന്ന് 400 മെഗാവാട്ട് ഏതു സാഹചര്യത്തിലും ലഭിക്കും. കേരളത്തിനു മുന്നിൽ പഴയ വൈദ്യുതി പ്രതിസന്ധിയില്ല. എന്തുവന്നാലും പദ്ധതി നടപ്പാക്കുമെന്നു തീരുമാനിച്ച സിപിഎം, പിന്നീട് മുന്നണിയിലെ സമവായത്തിന്റെ അടിസ്ഥാനത്തിലെന്നു നിലപാട് മാറ്റി.

പ്രളയം മുതൽ കോവിഡ് വരെ ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ ജനവികാരവും പരിസ്ഥിതി സന്തുലിതാവസ്ഥയും മാനിക്കാതെ ഒരു തീരുമാനവും പാർട്ടി എടുക്കില്ല. മാരകമായ വൈറസ് ചുറ്റും ഉണ്ടായിട്ടും അതിനൊപ്പം ജീവിക്കാനുള്ള റിസ്ക് മനുഷ്യൻ എടുക്കുന്നില്ലേ? ലോഡ് ഷെഡിങ് തുടർക്കഥയായായിരുന്നുവെങ്കിൽ അതിരപ്പിള്ളിയെക്കുറിച്ചും ചിന്തിക്കേണ്ടിവരുമായിരുന്നു.

ഇനി പദ്ധതി യാഥാർഥ്യമാകുമെന്ന് ആത്മാർഥമായി കരുതുന്നുണ്ടോ.

അങ്ങനെയൊരു പ്രതീക്ഷ എനിക്കില്ല. പക്ഷേ, നാടിന്റെ വികസനത്തിനുവേണ്ടി ഒരു നിലപാട് എടുക്കുമ്പോൾ വസ്തുതകൾ മനസ്സിലാക്കാതെ, അതിനു മുതിരുന്നവരെല്ലാം കോർപറേറ്റുകൾക്കായി നിലകൊള്ളുന്നവരാണെന്നും അഴിമതിക്കാരാണെന്നും ആക്ഷേപിക്കുന്നതിനോടു യോജിക്കാനാകില്ല. ഒരു പദ്ധതിക്കുവേണ്ട വിവിധ അനുമതികൾ പരിശോധിക്കുന്ന വകുപ്പുകളുടെയും ഏജൻസികളുടെയും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും അഭിപ്രായത്തെക്കാൾ പ്രാധാന്യം രാഷ്ട്രീയപ്പാർട്ടികളുടെ നിലപാടിനാണെങ്കിൽ‍ പിന്നെ ആ വകുപ്പുകളും ഏജൻസികളും പിരിച്ചുവിട്ടാൽ പോരേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com