ADVERTISEMENT

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി സർക്കാരോ കെഎസ്ഇബിയോ രംഗത്തിറങ്ങുമ്പോൾ അതിനെതിരെ തിരിയാൻ അമാന്തം കാണിക്കാത്ത പാർട്ടിയാണു സിപിഐ. തത്വത്തിലും പ്രയോഗത്തിലും അവർ അതിനെ അനുകൂലിക്കുന്നില്ല. അതിരപ്പിള്ളി പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു? സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കുന്നു...

എൽഡിഎഫിൽ അഭിപ്രായ ഐക്യം ഉണ്ടാക്കിയിട്ടു മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂവെന്ന് സിപിഎം പറയുന്നതിന്റെ അർഥം, സിപിഐ കൂടി സമ്മതിക്കണം എന്നല്ലേ? സിപിഐയുടെ എതിർപ്പു മാത്രമാണോ പദ്ധതിക്കു തടസ്സം? 

പരിസ്ഥിതി അനുമതി ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു വലിയ തർക്കങ്ങളുണ്ട്. അതുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതു പുനഃപരിശോധിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. മുന്നണിയിൽ അഭിപ്രായവ്യത്യാസമുള്ളതു കൊണ്ടാണ് പ്രകടനപത്രികയിൽ ബോധപൂർവം ഒഴിവാക്കിയത്. അതിരപ്പിള്ളി പദ്ധതി ഇപ്പോൾ കേരളത്തിന് അത്യാവശ്യമല്ലെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ആരു ഭരിച്ചാലും ഇടയ്ക്കിടെ കെഎസ്ഇബി ഇതുമായി പ്രത്യക്ഷപ്പെടാറുണ്ട്.

പരിസ്ഥിതിക്കു ദോഷം വരുമെന്നതുകൊണ്ടു മാത്രമാണോ, പദ്ധതിയെ എതിർക്കുന്നത്.

അതു മാത്രമല്ല. പദ്ധതിക്കു കാര്യമായി ജീവൻവച്ച 1998ലെ സ്ഥിതിയല്ല ഇപ്പോൾ. ഇടുക്കി പദ്ധതിയുടെ കാലത്ത് ജലവൈദ്യുത പദ്ധതികൾ ഏറ്റവും ചെലവു കുറഞ്ഞവയായിരുന്നെങ്കിൽ, ഇന്ന് ഏറ്റവും ചെലവേറിയതാണ്.12 വർഷം കഴിഞ്ഞാൽ യൂണിറ്റിനു 15 രൂപയ്ക്ക് അതിരപ്പിള്ളിയിൽനിന്നു വൈദ്യുതി കിട്ടിയേക്കും. എന്നാൽ, 25 വർഷത്തേക്കു യൂണിറ്റിനു 4 രൂപയ്ക്കു വൈദ്യുതി കിട്ടുന്ന കരാറുള്ളപ്പോൾ എന്തിനാണ് അതിരപ്പിള്ളി? രാജസ്ഥാൻ സർക്കാരിന്റെ പുതിയ സോളർ പദ്ധതിക്ക് ഒരു യൂണിറ്റിനു ചെലവ് 2.48 രൂപ മാത്രമാണ്. ആ മേഖലയിൽ പിറകിലാണു കേരളം.

പക്ഷേ പരിസ്ഥിതി വകുപ്പടക്കം, ബന്ധപ്പെട്ട എല്ലാ ഏജൻസികളും അനുമതി നൽകിയെന്നാണു സർക്കാരും സിപിഎമ്മും ചൂണ്ടിക്കാട്ടുന്നത്.

അതൊക്കെ ഒരുകാലത്തു കിട്ടിയിട്ടുണ്ടാകും. ഇന്നു നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തൊണ്ണൂറുകളുടേതോ രണ്ടായിരത്തിന്റെ തുടക്കത്തിലേതോ അല്ല. രണ്ടു പ്രളയം കഴിഞ്ഞപ്പോൾത്തന്നെ പരിസ്ഥിതിനാശത്തിന്റെ പ്രശ്നങ്ങൾ എല്ലാവർക്കും ബോധ്യപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തെ കണ്ണുതുറന്നു കാണണം. പ്രകൃതിയെ അടുത്ത തലമുറയ്ക്കായി കാത്തുവയ്ക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. രണ്ടു മരം വെട്ടിയാൽ എന്താണു കുഴപ്പമെന്നു ചോദിച്ചാൽ, വെട്ടണമെന്ന് എന്താണിത്ര നിർബന്ധമെന്നു തിരിച്ചു ചോദിച്ചേ പറ്റൂ.

പൊതുവിൽ പദ്ധതിയോട് എതിർപ്പു ശക്തമാണെങ്കിലും ഇടയ്ക്കിടെ അതിനു ജീവൻ വയ്ക്കുന്നതു സിപിഎമ്മിന്റെ താൽപര്യം കൊണ്ടാണോ.

ഇതെല്ലാം ആവശ്യമില്ലാത്ത കാര്യമാണ്. 1998 മുതൽ കെഎസ്ഇബിയിൽ അതിരപ്പിള്ളിക്കായി മാത്രം 22 പേരോളമുള്ള ഒരു ഡിവിഷൻ പ്രവർത്തിക്കുന്നുണ്ട്. മാസം തോറും 14 ലക്ഷത്തോളം രൂപ ഇവർക്കായി ചെലവഴിക്കുന്നു. ഇവർ ഇടയ്ക്കിടെ ഓരോ പഠനം നടത്തിക്കൊണ്ടിരിക്കും; ശമ്പളം വാങ്ങുന്നതു ന്യായീകരിക്കപ്പെടണമല്ലോ. ഈ പദ്ധതി നടപ്പാക്കാൻ പോകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നത് അവസാനിപ്പിച്ചേ തീരൂ. ആ വിഭാഗത്തെത്തന്നെ പിരിച്ചുവിടേണ്ടതാണ്. നിർമാണ ലോബിയും ഇതിനു പിന്നിൽ സജീവമാണ്. നിലവിലുള്ള പദ്ധതികൾ നീട്ടിക്കൊണ്ടുപോകാനും പുതിയതു തുടങ്ങാനുമെല്ലാം ഇവർക്കുള്ള താൽപര്യം അറിയാമല്ലോ.

പക്ഷേ, രാഷ്ട്രീയ താൽപര്യം കൂടിയില്ലേ; പദ്ധതിയെ അനുകൂലിക്കുന്നുവെന്നാണല്ലോ മന്ത്രി എം.എം.മണി ആവർത്തിക്കുന്നത്.

അതു വൈദ്യുതി സംബന്ധിച്ചുള്ള പഴയ ധാരണ നിലനിൽ‍ക്കുന്നതുകൊണ്ടാണ്. കമ്പോളത്തിൽ ഇതിലും കുറഞ്ഞ തുകയ്ക്കു വൈദ്യുതി കിട്ടുമ്പോൾ, സ്വന്തമായി ഉൽപാദിപ്പിച്ചേ അടങ്ങൂ എന്ന് എന്താണിത്ര വാശി?

നിരാക്ഷേപപത്രം പുതുക്കിയതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന മുഖ്യമന്ത്രിയുടെയും വകുപ്പു മന്ത്രിയുടെയും വിശദീകരണത്തോടു യോജിക്കുന്നുണ്ടോ.

ഇല്ല. നിരാക്ഷേപപത്രം പുതുക്കുന്നതു നിലവിലുള്ള ഒരു പദ്ധതിയുടെ നടപടിക്രമങ്ങളുടെ ഭാഗമായിരിക്കാം. പക്ഷേ, നടപ്പാക്കാൻ സാധ്യമല്ലാത്ത, നടക്കില്ലെന്നു ബോധ്യമുള്ള ഒരു പദ്ധതിക്കായി വീണ്ടും വീണ്ടും എന്തിനാണു പുതുക്കുന്നത്? വൈദ്യുതി ആവശ്യത്തിനുണ്ട്, അതിരപ്പിള്ളിയിലെ വനം അവിടെ നിന്നോട്ടെ എന്നു കരുതുകയല്ലേ ബുദ്ധി? സിപിഐ പദ്ധതിക്ക് എതിരാണെന്ന് അവർക്കറിയാം. അഭിപ്രായ ഐക്യം ഉണ്ടാകാൻ പോകുന്നില്ലെന്നും അറിയാം. എന്നിട്ടും, പറ്റുമെങ്കിൽ ഒന്നു ശ്രമിച്ചുനോക്കാമെന്നാണു ചിന്ത. മന്ത്രി എ.കെ.ബാലൻ ആരോപിക്കുന്നതുപോലെ യുക്തിയില്ലാത്ത എതിർപ്പല്ല ഞങ്ങളുടേത്.

പരിസ്ഥിതിയെ ബാധിക്കില്ല എന്നാണ് മന്ത്രി ബാലൻ പറയുന്നത്.

അതു ശരിയല്ല. എന്തുകൊണ്ടാണ് ചാലക്കുടിപ്പുഴയുടെ തീരത്തുള്ള 11 പഞ്ചായത്തുകളും പദ്ധതിയെ എതിർക്കുന്നത്? ഇവിടെ ഇങ്ങനൊരു ഡാം കെട്ടി ശുദ്ധജല സ്രോതസ്സ് ഇല്ലാതാക്കരുതെന്നാണ് അവർ ആവശ്യപ്പെടുന്നത്. പരിസ്ഥിതിയെക്കുറിച്ച് പരിസ്ഥിതിദിനമായ ജൂൺ 5നു മാത്രമല്ല പറയേണ്ടത്. ആ ദിവസം മരം വച്ചുപിടിപ്പിച്ചാൽ മാത്രം പോരാ.

ചില സിപിഐ നേതാക്കളും എഐടിയുസിയും അനുകൂലിച്ചെന്നാണ് എ.കെ.ബാലൻ പറഞ്ഞത്.

എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ആളാണു ഞാൻ. സംഘടന അനുകൂലിച്ചിട്ടില്ല. കെഎസ്ഇബിയിലെ യൂണിയൻ, പരിസ്ഥിതിനാശം ഒഴിവാക്കി സമവായത്തിലൂടെ മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എഐടിയുസിയുടെ അഭിപ്രായമല്ല. ഏതു സിപിഐ നേതാവാണ് പദ്ധതിയെ അനുകൂലിച്ചതെന്നു ബാലൻ തുറന്നുപറയട്ടെ. ഞങ്ങളുടെ സംസ്ഥാന സമ്മേളനവും തൃശൂർ ജില്ലാ സമ്മേളനവും സുവ്യക്ത നിലപാടു സ്വീകരിച്ചിട്ടുണ്ട്.

സിപിഎമ്മിന്റെ പരിസ്ഥിതിനയത്തിൽ എന്തെങ്കിലും മാറ്റം വേണമെന്ന് സിപിഐ കരുതുന്നുണ്ടോ.

സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ രേഖകളിലും പ്രമേയത്തിലുമെല്ലാം സിപിഐ എടുക്കുന്ന നിലപാടു തന്നെയാണുള്ളത്. കമ്യൂണിസ്റ്റുകാരെടുക്കുന്ന സമീപനമാണ് അതെല്ലാം. പ്രമേയത്തിൽ ഒന്നു പറയുകയും ഭരണനിർവഹണത്തിൽ മറ്റൊന്നാകുകയും ചെയ്യുന്ന പ്രശ്നം ചർച്ചചെയ്തു പരിഹരിക്കാനുള്ള ശ്രമമാണു ഞങ്ങളുടേത്.

പദ്ധതി ഉപേക്ഷിക്കണമെന്ന് എൽഡിഎഫിൽ ആവശ്യപ്പെട്ട് ഈ വിവാദം എന്നേക്കുമായി അവസാനിപ്പിക്കാൻ സിപിഐ മുൻകൈ എടുക്കുമോ. 

എൽഡിഎഫിന്റെ അജൻഡയിലില്ലാത്ത പദ്ധതിയാണ് അതിരപ്പിള്ളി. പിന്നെന്തു ചർച്ച? പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്തതും സംസ്ഥാനത്തിനു ഗുണകരമല്ലാത്തതുമായ പദ്ധതിക്കായി ഒരു ഭരണാധികാരിയും വാശി കാണിക്കുമെന്നു കരുതുന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com