sections
MORE

പുറത്തേക്കുള്ള വഴി

subhadhinam
SHARE

കുറുക്കൻ വിശന്നുവലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു മരപ്പൊത്ത് ശ്രദ്ധിച്ചത്. അതിൽ എന്തെങ്കിലും കാണുമെന്നു കരുതി വലിഞ്ഞുകയറിയ കുറുക്കൻ അദ്ഭുതപ്പെട്ടു – ആ പൊത്തിൽ നിറയെ ആരോ കൊണ്ടുവച്ച ഭക്ഷണം! കുറുക്കൻ അതു മുഴുവൻ അകത്താക്കി. പൊത്തിൽനിന്നു തിരിച്ചിറങ്ങാൻ നോക്കിയപ്പോൾ തല മാത്രമേ പുറത്തേക്കിടാൻ പറ്റുന്നുള്ളൂ. നിലവിളിച്ചെങ്കിലും സഹായത്തിന് ആരുമെത്തിയില്ല. ദിവസങ്ങളോളം അതിനുള്ളിൽക്കിടന്ന് കുറുക്കൻ ചത്തുപോയി.  

അകത്തേക്കുള്ള വഴിപോലെ തന്നെ പ്രസക്തമാണ് പുറത്തേക്കുള്ള വഴിയും. മുൻവാതിലിന്റെ മാസ്മരികത കണ്ട് അകത്തുകയറിയ പലർക്കും പിന്നീടു പുറത്തിറങ്ങാൻ കഴിയാറില്ല – അതു ശീലങ്ങളായാലും ബന്ധങ്ങളായാലും. അകത്തു കയറാൻ പല കാരണങ്ങളുണ്ടാകും. അവയിൽ പലതും താൽക്കാലിക സംതൃപ്തിയുടെ താക്കോലുകളായിരിക്കും. ആദ്യ നിമിഷങ്ങളിലെ അപ്രതീക്ഷിത സ്വീകരണങ്ങളിൽ കണ്ണു മഞ്ഞളിക്കും. 

അകപ്പെട്ടു പോകുന്ന ഇടങ്ങളിലെ ആദ്യാനുഭവങ്ങൾക്കെല്ലാം അനിഷേധ്യമായ വശീകരണശേഷി ഉണ്ടാകും. സാവധാനം അത് അരക്ഷിതാവസ്ഥയ്ക്കും അപകടത്തിനും വഴിമാറും. പുറത്തേക്കുള്ള വഴി എവിടെയെന്നും എങ്ങനെയെന്നും അറിയാത്തതുകൊണ്ട് ആയുസ്സു മുഴുവൻ അകപ്പെടുകയും ചെയ്യും. 

തുറന്നു കിടക്കുന്ന വാതിലുകളെല്ലാം അവസരങ്ങളിലേക്കും ആത്മനിർവൃതിയിലേക്കുമാകില്ല. ചിലതെങ്കിലും കെണികളും അപായങ്ങളുമാകും. അകത്തുപോകുന്ന ആരെങ്കിലും തിരിച്ചുവരുന്നുണ്ടോ എന്നു വീക്ഷിക്കുന്നതു നല്ലതാണ്. അതൊരു മുന്നറിയിപ്പും മുൻകരുതലുമാണ്. അകത്തു കയറുമ്പോഴേ അടയുന്ന വാതിലുകൾക്ക‌ു പിന്നിൽ ആപത്തിന്റെ സാധ്യതകൾ ഒളിഞ്ഞിരിപ്പുണ്ടാകും. കരുതലോടെയുള്ള കാഴ്ചകളും കാൽവയ്പുകളുമാണ് പ്രധാനം. 

ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഒരായുസ്സു പണയം വയ്ക്കുന്നത് അവിവേകമാണ്. എത്ര ആഗ്രഹിച്ചു നേടിയതാണെങ്കിലും ആപൽക്കരം എന്നുകണ്ടാൽ അപ്പോൾത്തന്നെ വിട്ടുകളയണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA