ADVERTISEMENT

ഇന്ത്യ – ചൈന അതിർത്തിയിലെ കിഴക്കൻ ലഡാക്കിൽ, യഥാർഥ നിയന്ത്രണ രേഖയോടു (എൽഎസി) ചേർന്നുള്ള ഗൽവാനിൽ കേണൽ അടക്കമുള്ള  ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത് ആശങ്കയുടെ പുതിയ കാർമേഘങ്ങൾക്കു കാരണമായിരിക്കുകയാണ്. അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കാൻ നയതന്ത്ര, സേനാ തലങ്ങളിലുള്ള ചർച്ചകൾ ഇരുരാജ്യങ്ങളും തുടരുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള ഈ കടുത്ത പ്രകോപനം. നാലര പതിറ്റാണ്ടിനുശേഷമാണ് ചൈനയുടെ ആക്രമണത്തിൽ നമ്മുടെ സൈനികർക്കു ജീവൻ നഷ്ടമായതെന്നത് സംഘർഷത്തിന്റെ ഗൗരവം കൂട്ടുകയും ചെയ്യുന്നു.

എൽഎസിയോടു ചേർന്നുള്ള പാംഗോങ് തടാകത്തിന്റെ വടക്കൻ തീരം, ഗൽവാൻ താഴ്‌വര, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി നിലനിൽക്കുന്ന സംഘർഷത്തിന് അൽപം അയവുവന്നെന്നു കരുതിയിരിക്കെയാണ് ഇപ്പോഴത്തെ സംഭവം. ഈ മാസമാദ്യം, ഇന്ത്യയും ചൈനയും സേനാതലത്തിൽ നടത്തിയ ചർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം രമ്യമായി പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടായാണു വിലയിരുത്തപ്പെട്ടത്. അതിർത്തിത്തർക്കം വഷളാക്കുന്ന കൂടുതൽ നടപടികൾ പാടില്ലെന്ന് ഇന്ത്യയുടെയും ചൈനയുടെയും കരസേനാ കമാൻഡർമാർ നടത്തിയ ചർച്ചയിൽ ധാരണയായെന്നു കരുതിയെങ്കിലും അതല്ല ഇപ്പോഴുണ്ടായിരിക്കുന്നത്. ചൈനീസ് പക്ഷത്തും സൈനികർക്കു ജീവഹാനിയുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

ഇന്ത്യ വച്ച ആവശ്യങ്ങളോടു നിഷേധ നിലപാടു പുലർത്തുക മാത്രമല്ല, പ്രകോപനപരമായി മുന്നോട്ടുപോകാൻ തന്നെയാണു ചൈനയുടെ താൽപര്യമെന്നു വ്യക്തമാക്കുകയാണ് ഇപ്പോഴുണ്ടായ സംഘർഷം. അതിർത്തി മേഖലകളിലെ കടന്നുകയറ്റ നീക്കത്തിൽനിന്നു പിന്മാറുക, അതിർത്തിയോടു ചേർന്നുള്ള സേനാവിന്യാസം ഒഴിവാക്കുക, അതിർത്തിയിൽ ഇന്ത്യൻ സേനാംഗങ്ങളുടെ പട്രോളിങ്ങിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയവയാണ് ചൈനയ്ക്കു മുന്നിൽ ഇന്ത്യ വച്ച പ്രധാന ആവശ്യങ്ങൾ.

അതിർത്തിയോടു ചേർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യ എത്രയും വേഗം നിർത്തിവയ്ക്കണമെന്ന നിലപാടിൽ ചൈന ഉറച്ചുനിൽക്കുമ്പോൾ, തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങളിൽ ചൈന ഇടപെടേണ്ടെന്നാണ് ഇന്ത്യൻ നിലപാട്. സിക്കിമിലെ ദോക് ലാ അതിർത്തിയിൽ 2017ൽ 71 നാൾ നീണ്ട സംഘർഷത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാകുന്ന ഏറ്റവും ദൈർഘ്യമേറിയ അതിർത്തിത്തർക്കമാണ് ഇപ്പോൾ രക്തച്ചൊരിച്ചിലിൽ എത്തിനിൽക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ, അതിർത്തിയിൽ ഷ്യോക് നദിക്കു കുറുകെ പാലം നിർമാണം ഇന്ത്യ പൂർത്തിയാക്കിയത് നാഴികക്കല്ലായാണു കണക്കാക്കപ്പെടുന്നത്. ഇതോടെ, ചൈനയുമായുള്ള യഥാർഥ നിയന്ത്രണരേഖ വരെ വൻ പീരങ്കികളും മറ്റും എത്തിക്കാനാകുമെന്ന നമ്മുടെ ആത്മവിശ്വാസം ചൈനയെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കണം. കോവിഡിനെത്തുടർന്നു മങ്ങിയ പ്രതിഛായയും ജനപ്രീതിയിലെ ഇടിവും പരിഹരിക്കാൻ ഇന്ത്യൻ അതിർത്തിയിലെ കടന്നുകയറ്റങ്ങൾ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് ആവശ്യമാണെന്നു കരുതുന്നവരുമുണ്ട്.

അതിർത്തിയിൽ ഏതു സാഹചര്യവും നേരിടാൻ നമ്മുടെ പ്രതിരോധസേന പൂർണസജ്ജമാണ്. 1962ൽ ചൈനയോടു പരാജയപ്പെട്ട സേനയല്ല ഇന്നത്തേതെന്നും ഏതു വെല്ലുവിളിയും നേരിടാൻ സജ്ജമാണെന്നും നമ്മുടെ സേനാ വൃത്തങ്ങൾ ആത്മവിശ്വാസത്തോടെ പറയുന്നു. ചൈനീസ് അതിർത്തിയുടെ സുരക്ഷയ്ക്ക് ഇന്ത്യയ്ക്കുള്ളത് മൂന്നു ലക്ഷത്തിലധികം പട്ടാളക്കാരാണ്. 3488 കിലോമീറ്റർ വരുന്ന യഥാർഥ നിയന്ത്രണ രേഖയുടെ ചുമതല വഹിക്കുന്ന വിവിധ കോറുകളിലെ അംഗങ്ങളുടെ എണ്ണമാണിത്. ഇനിയുള്ള ഓരോ നീക്കവും അതീവ കരുതലോടെയാവണം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

English Summary: China trespassing in Indian territory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com