ADVERTISEMENT

പെരുമ്പാവൂർ ബാങ്കിലെ ചില്ലുവാതിൽ തകർന്ന് കൂർത്ത ചീളുകൾ ശരീരത്തിൽ തുളച്ചുകയറി വീട്ടമ്മ മരിച്ച സംഭവം അതീവ നിർഭാഗ്യകരമെന്നു മാത്രമല്ല, ഇനിയൊരിക്കലും സമാന അപകടങ്ങൾ നടക്കാൻ പാടില്ലെന്ന മുന്നറിയിപ്പുകൂടിയാണ്. കെട്ടിടനിർമാണച്ചട്ടങ്ങളിൽ സുരക്ഷയ്ക്കു പ്രാമുഖ്യം നൽകണമെന്ന കാര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഈ അപകടവും ഓർമിപ്പിക്കുന്നു.

ബാങ്ക് ഓഫ് ബറോഡ ശാഖയിൽനിന്നു തിടുക്കത്തിൽ പുറത്തേക്കോടുന്നതിനിടെ അബദ്ധത്തിൽ ചില്ലുവാതിലിൽ ഇടിച്ചുവീണാണ് ബീന എന്ന വീട്ടമ്മയുടെ ദാരുണ മരണം. വാതിലിനു കനം കുറഞ്ഞ ചില്ലുപയോഗിച്ചതാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ബാങ്കിന്റെ വാതിലിൽ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്കവിധം സ്റ്റിക്കറോ മറ്റ് അടയാളങ്ങളോ പതിപ്പിച്ചിരുന്നില്ല. ഏഴടിയോളം ഉയരത്തിൽ ഒരു കഷണം ഗ്ലാസാണു വാതിലായി ഉപയോഗിച്ചിരുന്നത്. ഡബിൾ ലെയർ ഗ്ലാസോ വാഹനങ്ങളിലുള്ളതുപോലെയുള്ള ടെംപേഡ് ഗ്ലാസോ ഉപയോഗിക്കേണ്ട സ്ഥാനത്തു കനം കുറഞ്ഞ പ്ലെയിൻ ഗ്ലാസ് ഉപയോഗിച്ചാൽ ഇത്തരം അപകടങ്ങൾക്കു സാധ്യത കൂടും.

വാതിലുകൾ, ജനലുകൾ, ഗ്ലാസ് ഭിത്തികൾ, പ്ലാറ്റ്ഫോം തുടങ്ങിയവ നിർമിക്കാൻ ടഫൻഡ്, സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസുകൾ തന്നെ വേണം. വാതിലുകൾക്കു കുറഞ്ഞത് 12 മില്ലിമീറ്റർ കനമുള്ള ടഫൻഡ് ഗ്ലാസോ 10 മില്ലിമീറ്റർ കനമുള്ള സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസോ ഉപയോഗിച്ചാൽ അപകടം ഒഴിവാക്കാമെന്നു വിദഗ്ധർ പറയുന്നുണ്ട്. ശക്തിയായി ഇടിച്ചാലും ഇത്തരം ഗ്ലാസ് എളുപ്പം പൊട്ടില്ല. ഇനി അഥവാ പൊട്ടിയാൽത്തന്നെ ചെറിയ തരികളായി പൊടിഞ്ഞുവീഴുകയേയുള്ളൂ.

പെരുമ്പാവൂരിലെ ബാങ്കിൽ അപകടത്തിനിടയാക്കിയത് നാലു മില്ലിമീറ്റർ കനമുള്ള അനീൽഡ് ഗ്ലാസാണെന്നാണു പൊലീസ് നിഗമനം. ഇത്തരം ഗ്ലാസുകൾ വാതിലുകൾക്ക് ഒരു കാരണവശാലും ഉപയോഗിക്കാൻ പാടില്ല. ചെറിയ ആഘാതത്താൽത്തന്നെ ഇവ പൊട്ടി ചീളുകൾ കുത്തിക്കയറി അപകടമുണ്ടാകും.

ബാങ്കുകളിൽ മാത്രമല്ല, എടിഎമ്മുകൾ, സൂപ്പർ മാർക്കറ്റുകൾ, ഓഫിസുകൾ, തിയറ്ററുകൾ തുടങ്ങി ഗ്ലാസ് കൂടുതലായി ഉപയോഗിക്കുന്ന നിർമിതികളിൽ വാതിൽ, ഭിത്തി, റൂഫ്, പ്ലാറ്റ്ഫോം,  സ്ലൈഡിങ് ജനൽ തുടങ്ങിയവയ്ക്കെല്ലാം വിവിധ നിലവാരത്തിലുള്ള ടഫൻഡ് അല്ലെങ്കിൽ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസ് തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ, പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ളവയില്ലെന്നതാണു യാഥാർഥ്യം.  

‘അൽപലാഭം പെരുംചേതം’ എന്ന തത്വമാണു സംസ്ഥാനത്തെ നിർമിതികളിൽ പലപ്പോഴും കണ്ടുവരുന്നത്. പെരുമ്പാവൂർ അപകടത്തിന്റെയും കഥ മറ്റൊന്നല്ല. നാലു മില്ലിമീറ്റർ കനമുള്ള അനീൽഡ് ഗ്ലാസ് ചതുരശ്ര അടിക്കു 30–35 രൂപ മാത്രമുള്ളപ്പോൾ 12 മില്ലിമീറ്റർ കനമുള്ള ടഫൻഡ് ഗ്ലാസിനു 120 രൂപയോളമാകും വില. 

ദേശീയ കെട്ടിടനിർമാണച്ചട്ടത്തിൽ, നിർമാണങ്ങളിൽ ഗ്ലാസ് ഉപയോഗിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഇതു പാലിക്കപ്പെടുന്നില്ല. വികസനത്തിന്റെ ഗ്രാഫിൽ ഇന്ത്യയെക്കാൾ വളരെയധികം താഴെയുള്ള രാജ്യങ്ങളിൽപോലും നിർമാണങ്ങൾക്കു ടഫൻഡ് അല്ലെങ്കിൽ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസ് വേണമെന്നതു നിർബന്ധമാണ്. കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ബാൽക്കണികളിൽനിന്നു കുട്ടികൾ വീണു മരിക്കുന്നത് ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാനും ഇവിടെയും നടപടികൾ ശക്തമാക്കിയേ തീരൂ. വാതിലിൽ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്കവിധമുളള സ്റ്റിക്കറുകൾ നിർബന്ധമാക്കണം. 

ഗ്ലാസ് വാതിൽ തകർന്ന് ചില്ലു തുളഞ്ഞുകയറിയുള്ള അപകടങ്ങൾ വർധിച്ചിട്ടും ഗ്ലാസ് ഉപയോഗിച്ചുള്ള നിർമാണങ്ങളിൽ സംസ്ഥാനത്തു പരിശോധനകൾ നടത്തുന്നില്ല. പെരുമ്പാവൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ഗ്ലാസ് ഉപയോഗിച്ചുള്ള നിർമാണങ്ങളെല്ലാം അടിയന്തരമായി പരിശോധിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയ്ക്കെതിരെ നടപടി ശക്തമാക്കണം. പെരുമ്പാവൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ചില്ലുവാതിലുകൾക്ക് ഇനി മുതൽ അനീൽഡ് ഗ്ലാസ് ഉപയോഗിക്കരുതെന്നും നിലവിൽ ഉപയോഗിച്ചിട്ടുള്ളവർ 45 ദിവസത്തിനുള്ളിൽ ഇവ മാറ്റി ടഫൻഡ് ഗ്ലാസ് സ്ഥാപിക്കണമെന്നും കലക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലും കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഇത്തരം നടപടികൾ സംസ്ഥാനത്തിനു പൊതുവേ മാതൃകയാക്കാവുന്നതാണ്. സേഫ്റ്റി ഓഡിറ്റ് വഴിപാടു പോലെയാക്കാതെ, സമഗ്രവും സത്യസന്ധവുമായാൽത്തന്നെ നമ്മുടെ കെട്ടിടങ്ങൾ ആവശ്യമായ സുരക്ഷിതത്വം കൈവരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com