ADVERTISEMENT

കേരളത്തിനുമേൽ കെഎസ്ഇബി കയറ്റിവച്ച താങ്ങാഭാരത്തിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിൽ വീടുകളിലെ ലോക്ഡൗൺകാല വൈദ്യുതിക്കാര്യത്തിൽ ഏറെ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചത് ആശ്വാസമായി; ഇതിന്റെ ഗുണം 90 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്കാണു ലഭിക്കുക എന്നതുകൊണ്ടു വിശേഷിച്ചും. അതേസമയം, ബിൽതുക കണക്കാക്കിയതിൽ തെറ്റു പറ്റിയെന്നും മറ്റുമുള്ള അടിസ്ഥാന പരാതികൾ ബാക്കിനിൽക്കുകയും ചെയ്യുന്നു.

ലോക്ഡൗൺകാലം പാടേ തളർത്തിയ സാധാരണക്കാരുടെ സാമ്പത്തികഭാരവും മാനസിക സമ്മർദവും കുറയ്ക്കാൻ കുറച്ചു വൈകിയെങ്കിലും സർക്കാർ സ്വീകരിച്ച ആശ്വാസനടപടികൾക്കു മൂല്യമേറെയാണ്. സൗജന്യ വൈദ്യുതി ലഭിക്കുന്ന അടിസ്ഥാന ഉപയോക്താക്കളുടെ അധിക ഉപയോഗ സൗജന്യം, 150 യൂണിറ്റിനു മുകളിൽ പ്രതിമാസ വൈദ്യുതി ഉപയോഗിച്ചവർക്കെല്ലാം അധിക ബില്ലിന്റെ 20% സബ്സിഡി തുടങ്ങിയ ഇളവുകളടക്കം 200 കോടിയോളം രൂപയുടെ ആശ്വാസനടപടികളാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ബിൽ അടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കില്ലെന്നും തുക അഞ്ചു ഗഡുക്കളായി അടയ്ക്കാമെന്നും പറഞ്ഞതും ആശ്വാസകരമാണ്.

ലോക്ഡൗൺ സാഹചര്യത്തിൽ, മീറ്റർ റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതി കണക്കാക്കി ചുമത്തുന്ന ഡോർ ലോക് (ഡിഎൽ) അഡ്ജസ്റ്റ്മെന്റിന്റെ പേരിലുള്ള പരാതികളാണ് ഇതിനിടെ ഉയർന്നതിൽ കൂടുതലും. വൈദ്യുതി മന്ത്രി എം.എം.മണിയുടെ നാട്ടുകാരിയായ, ഇടുക്കി രാജാക്കാട് മറ്റത്തിൽ രാജമ്മയുടെ വീട്ടിൽ കിട്ടിയ ബില്ലിന്റെ കഥ കെഎസ്ഇബിയുടെ  ഇരുട്ടടിയെ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. ഒരു ദിവസം ഏലത്തോട്ടത്തിൽ കൂലിപ്പണിക്കു പോയില്ലെങ്കിൽ അടുപ്പു പുകയാത്ത വീട്ടിലേക്ക് എത്തിയത് 11,359 രൂപയുടെ വൈദ്യുതി ബിൽ. രണ്ടു ബൾബും ഒരു ടിവിയും മാത്രമുള്ള ആ വീട്ടിൽ കഴിഞ്ഞ തവണത്തെ 292 രൂപയുടെ സ്ഥാനത്താണ് 40 മടങ്ങ് വർധന. 5601 രൂപയും ഡിഎൽ അഡ്ജസ്റ്റ്മെന്റ് എന്ന ഇനത്തിൽപെടുത്തിയിരിക്കുകയാണ്.  വയറിങ് പ്രശ്നം മൂലമുള്ള വൈദ്യുതിച്ചോർച്ചയാണു ബിൽ കൂടാൻ കാരണമെന്ന കെഎസ്ഇബി ന്യായം കൂടിയായപ്പോൾ ‘വൈദ്യുതാഘാതം’ പൂർണമായി. 

കേരളത്തിലെ ഒരു ഉപയോക്താവിന്റെ മാത്രം പരാതിയായി ഇതിനെ നിസ്സാരവൽക്കരിക്കാൻ കഴിയില്ല. ഒരു ലക്ഷം പരാതികൾ ലഭിച്ചതായി കഴിഞ്ഞ ദിവസം ബോർഡ് തന്നെ സമ്മതിച്ചു. അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിപക്ഷത്തിനു പുറമേ, ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും പ്രതിഷേധമുയർത്തിയിരുന്നു. ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമുള്ള പരിഹാരമായി വേണം ഇപ്പോഴത്തെ ഗാർഹിക ഇളവുകളെ കാണാൻ. കാർഷിക - വാണിജ്യ - വ്യവസായ മേഖലയിലെ വൈദ്യുതി ബില്ലിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. 

ഇന്നലെ പ്രഖ്യാപിച്ച ഇളവുകൾ സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണെങ്കിലും ബിൽ കണക്കാക്കിയതിലെ പാളിച്ചകൾ ഉൾപ്പെടെയുള്ള ന്യായമായ പരാതികൾ ബാക്കിനിൽക്കുന്നുണ്ട്. ഉത്തരവാദിത്ത ബോധത്തോടെ അവയെല്ലാം എത്രയുംവേഗം അധികൃതർ പരിഹരിച്ചേതീരൂ. കെഎസ്ഇബി ബില്ലിങ് സമ്പ്രദായത്തിൽ സുതാര്യതയില്ലെന്ന പരാതിക്കും പരിഹാരമുണ്ടാകണം. 

പ്രതിമാസ ബില്ലിങ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ, വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് ദ്വൈമാസ ബില്ലിങ് രീതിയാണു കൂടുതൽ നല്ലതെന്നു കെഎസ്ഇബി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുണ്ടായി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ചൂടു വർധിച്ചതും ലോക്ഡൗൺ മൂലം ജനം വീട്ടിലിരുന്നതും വൈദ്യുതി ഉപയോഗം വർധിക്കാൻ കാരണമായി ബോർഡ് പറഞ്ഞതിലെ ന്യായം ഇപ്പോഴും തർക്കവിഷയംതന്നെയാണ്. 

കഠിനകാലത്ത് കുറെ ഉപയോക്താക്കളെയെങ്കിലും ഇത്രയധികം വലച്ച ബില്ലിങ് അപാകതകൾ എത്രയുംവേഗം തിരുത്താനും മേലിൽ ഇത്തരം പാളിച്ചകൾ ആവർത്തിക്കാതിരിക്കാനുമുള്ള  ഉത്തരവാദിത്തം കെഎസ്ഇബി മറന്നുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com