sections
MORE

പൊളിച്ചെഴുത്തു വേണം ബ്യൂറോക്രസിയിലും

government-of-kerala
SHARE

കോവിഡ് ജീവിതവും സാമൂഹിക ബന്ധങ്ങളും പൊളിച്ചെഴുതുമ്പോൾ ഭരണനിർവഹണ രംഗത്തും പൊളിച്ചെഴുത്ത് അനിവാര്യമാകുകയാണ്. വരുമാനത്തിന്റെ നല്ല പങ്ക് ശമ്പളവും പെൻഷനുമായി നൽകുകയും വികസന പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയും ചെയ്യുന്ന സർക്കാരിന് ഈ കോവിഡ്കാലത്തെങ്കിലും പുനർവിചിന്തനം ആവശ്യമാണ്. ഭരണവികേന്ദ്രീകരണത്തിനു ശേഷവും സെക്രട്ടേറിയറ്റിലും പുറത്തും വകുപ്പുകളും തസ്തികകളും കൂടിയിട്ടേയുള്ളൂ. ഭരണച്ചെലവു കുറയ്ക്കാനും ഭരണമികവു വളർത്താനും കൂട്ടായ ശ്രമം വേണം.

ശാരീരിക അകലം പാലിക്കാൻ വിധിക്കപ്പെട്ട നാളുകളിൽ അകലെയിരുന്നുകൊണ്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ സേവനങ്ങളുമായി ജനങ്ങളോടടുക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്കു കഴിയണം. പ്രത്യേകിച്ചും, ഓൺലൈൻ പഠനം മുതൽ ടെലിമെഡിസിൻ വരെ വിജയകരമായി പരീക്ഷിക്കുന്ന കാലത്ത്. കോവിഡ് പശ്ചാത്തലത്തിൽ അടിയന്തര സാങ്കേതിക സ്വഭാവമുള്ള വകുപ്പുകളെ വകുപ്പുമേധാവി, ഉപമേധാവി എന്നിവരുമായി ഇ– ഓഫിസ് വഴി ബന്ധിപ്പിക്കണം. ഇവർക്ക് ഓൺലൈനായി ഫയൽ സമർപ്പിക്കാൻ കഴിയണം. എങ്കിലേ, ഭരണനിർവഹണം വേഗത്തിലാകൂ.

ജീവനക്കാരുടെ തസ്തികകൾ നിലനിർത്തിക്കൊണ്ടു തന്നെ ചെലവു കുറച്ചും പുനർവിന്യാസം നടത്തിയും ബ്യൂറോക്രസിയുടെ ദുർമേദസ്സു കുറയ്ക്കാൻ കഴിയുമോ? ആരെയും പിരിച്ചുവിടാതെ, നിഷ്ക്രിയ ഓഫിസുകൾ അടച്ചു പൂട്ടി പാഴ്ച്ചെലവു കുറയ്ക്കാനാവുമോ? ഇ – ഗവേണൻസും നിർമിതബുദ്ധിയും ഉപയോഗിച്ച് വേഗത്തിലും സുതാര്യതയോടെയും സേവനരംഗം ശക്തിപ്പെടുത്താനാകുമോ? ഇതൊക്കെ ആലോചിക്കേണ്ടിയിരിക്കുന്നു.

വില്ലേജ് ഓഫിസുകളുടെ കാര്യം!

കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപ്പാക്കിയ ഇ – ഡിസ്ട്രിക്ട് പദ്ധതി പ്രകാരം വില്ലേജ് ഓഫിസുകളിൽനിന്നു വിതരണം ചെയ്തിരുന്ന 24 സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴിയാക്കി അക്ഷയ കേന്ദ്രങ്ങൾക്കു നൽകിയെങ്കിലും, സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഇപ്പോൾ പണ്ടത്തെക്കാൾ താമസമാണത്രെ. ഉദാഹരണത്തിന് ഇ – ഡിസ്ട്രിക്ട് പദ്ധതിപ്രകാരം വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ നൽകണം. എന്നാൽ, തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശിവരാമൻ നായരുടെ അനുഭവം കേൾക്കുക: വരുമാന സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസിലെത്തിയ ശിവരാമൻ നായരെ ഓഫിസ് അധികൃതരും അക്ഷയ സെന്ററിലെ ജീവനക്കാരും മൂന്നാഴ്ച നടത്തിച്ചു.

ഒരാഴ്ച കഴിഞ്ഞു സർട്ടിഫിക്കറ്റ് കിട്ടാതെ വന്നപ്പോൾ വീണ്ടും അക്ഷയ കേന്ദ്രത്തിലെത്തി. വില്ലേജ് ഓഫിസിലേക്ക് അയച്ചുവെന്നായിരുന്നു മറുപടി. ഓഫിസിൽ എത്തിയപ്പോൾ രേഖകൾ ശരിയല്ലെന്നായി. പിറ്റേന്ന് ആവശ്യപ്പെട്ട രേഖകൾ മുഴുവൻ എത്തിച്ചു. രണ്ടു ദിവസത്തിനകം അക്ഷയ കേന്ദ്രത്തിലൂടെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അറിയിച്ചു. പറഞ്ഞ പ്രകാരം, 2 ദിവസം കഴിഞ്ഞ് അക്ഷയ കേന്ദ്രത്തിലെത്തിയപ്പോൾ ഇന്റർനെറ്റ് തകരാറാണെന്നു മറുപടി.

ഒടുവിൽ മൂന്നാഴ്ചയ്ക്കു ശേഷമാണു ശിവരാമൻ നായർക്കു വരുമാന സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയത്. വരുമാന സർട്ടിഫിക്കറ്റിനായി യാത്രക്കൂലി ഇനത്തിൽ നല്ലൊരു തുക ചെലവിട്ടിരുന്നു. ഒരു ശിവരാമൻ നായരുടെ മാത്രം കഥയല്ലിത്. 7 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ ഓൺലൈനിലൂടെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നുള്ളതു പാഴ്‌വാക്കാണ് എന്നതിന്റെ സംസാരിക്കുന്ന തെളിവ്.

മുൻപ് 5 രൂപയുടെ കോർട്ട് ഫീ സ്റ്റാംപൊട്ടിച്ച് വില്ലേജ് ഓഫിസിൽ അപേക്ഷ നൽകിയാൽ വരുമാന സർട്ടിഫിക്കറ്റ് ഉടൻ ലഭിക്കുമായിരുന്നു. ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആഴ്ചകൾ കാത്തിരിക്കേണ്ട ഗതികേട്!

സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിന്റെ പേരിൽ വില്ലേജ് ഓഫിസർമാർക്കുള്ള വൈതരണികളും ഏറെ. റീസർവേയുടെ പേരിലുള്ള ബുദ്ധിമുട്ടുകളും ജനത്തെ വലയ്ക്കുന്നു. 10 രൂപ നികുതിയടയ്ക്കാൻ മണിക്കൂറുകൾ വില്ലേജ് ഓഫിസിൽ കാത്തുനിൽക്കേണ്ട അവസ്ഥ ഇപ്പോഴുമുണ്ട്. ഒരു ദിവസം, ശരാശരി 200 സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസർമാരുടെ അംഗീകാരം കാത്തുകിടക്കുന്നത് എന്നാണ് അനൗദ്യോഗിക കണക്ക്.

ഓൺലൈൻ ബില്ലിങ് പേരിനു മാത്രം

ഇ - ഗവേണൻസിനു തുടക്കം കുറിച്ചിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഇപ്പോഴും ഓഫിസുകൾ പഴയ താളത്തിൽ തന്നെയാണു പ്രവർത്തിക്കുന്നത്. ആറു വർഷം മുൻപ് ഇ – ഫയലിങ് സമ്പ്രദായം ഏർപ്പെടുത്തിയ സെക്രട്ടേറിയറ്റിലും ഭരണം പൂർണതോതിൽ ഡിജിറ്റലായിട്ടില്ല.

ജല അതോറിറ്റിയിലും വൈദ്യുതി ബോർഡിലും ഓൺലൈനായി ബില്ലടയ്ക്കാം. ഇതിനു സ്മാർട് ഫോൺ മതി. പക്ഷേ, ഇപ്പോഴും 15% പേർ മാത്രമാണ് ഓൺലൈനായി അടയ്ക്കുന്നത്. മാത്രമല്ല, ഓൺലൈനായി ബില്ലടയ്ക്കുന്നതിന് ഇളവു നൽകി പ്രോത്സാഹിപ്പിക്കുന്നതിനു പകരം അധിക ഫീസ് ഈടാക്കുകയാണു ബോർഡ് ചെയ്യുന്നത്. ജല അതോറിറ്റിയിൽ 300 രൂപയുടെ ബിൽ ഓൺലൈനായി അടയ്ക്കാൻ 6 രൂപ അധികം നൽകണം. ബോർഡിന്റെ പ്രവർത്തനച്ചെലവു കുറയുമ്പോൾ എന്തിനാണ് അധിക ഫീസ്?

ഐടി അപ്ലിക്കേഷനുകൾ സർക്കാരിനായി തയാറാക്കേണ്ട സിഡിറ്റിനെ പ്രഫഷനൽ സ്ഥാപനമായി ഉയർത്തണം. അതിനു രാഷ്ട്രീയക്കാർക്കു പകരം പ്രഫഷനൽ മികവുള്ളവർ തലപ്പത്തു വരണം. കേരളത്തിന് ചീഫ് ഡിജിറ്റൽ ഓഫിസറും ചീഫ് ഡേറ്റ ഓഫിസറും വേണം. ഡിജിറ്റൽ ഭരണരംഗത്തു മികവു തെളിയിച്ചവരെ ഇതിനായി കേരളത്തിലെത്തിക്കണം. ഡേറ്റയാണ് ഇനിയുള്ള കാലത്തു ഭരണം നിയന്ത്രിക്കുക. ഡേറ്റ നിയമങ്ങളിൽ അവഗാഹമുള്ളയാളായിരിക്കണം ഡേറ്റ ഓഫിസർ.

എഫിഷ്യൻസി ഇൻഡക്സ്

സർക്കാർ സർവീസിൽ കയറിയാൽ പ്രമോഷൻ സമയബന്ധിതമാണ്. അത് മികവിന്റെ അടിസ്ഥാനത്തിലാക്കണമെന്ന് കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ ജോലി അളക്കാനുള്ള എഫിഷ്യൻസി ഇൻഡക്സ് സംവിധാനമില്ല. എല്ലാ ഉദ്യോഗസ്ഥരും കാര്യക്ഷമമായി ജോലി ചെയ്യത്തക്കവിധം ജോലിയുടെ അളവു നിർണയിക്കുന്ന ഡിജിറ്റൽ അളവുകോൽ ഉണ്ടാക്കാൻ കഴിയില്ലേ? ഭരണനിർവഹണത്തിൽ വിവര സാങ്കേതികവിദ്യയ്ക്കു നിർണായക സ്ഥാനമാണ്. സാധാരണക്കാരന്റെ അപേക്ഷയടങ്ങിയ ഫയൽ ആരൊക്കെ എത്ര ദിവസം കൈവശം വച്ചിരുന്നെന്നും അതിന്റെ തൽസ്ഥിതി എന്താണെന്നും ജനങ്ങൾക്കറിയാനാകും. ഓരോ വ്യക്തിയും അയാൾ ചെയ്യുന്ന ജോലിയോട് പൂർണമായി കൂറുകാട്ടേണ്ട കാലമാണ് ഇനി വരുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA