ADVERTISEMENT

സുശാന്ത് സിങ് രാജ്പുത് എന്നെ പെട്ടെന്ന് ഓർമിപ്പിച്ചത്, അൽജീറിയയിൽ ജനിച്ച ഫ്രഞ്ച് എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ ആൽബേർ കമ്യുവിനെയാണ്. അദ്ദേഹത്തിന്റെ ‘സിസിഫെസിന്റെ ഐതിഹ്യ’ത്തിലെ പ്രസിദ്ധമായ ആദ്യ വാക്യം ഇപ്രകാരമാണ്: ‘‘സത്യം പറഞ്ഞാൽ ഒരേയൊരു ഗൗരവകരമായ ദാർശനിക പ്രശ്നമേ ഉള്ളൂ; അത് ആത്മഹത്യയാണ്. ജീവിക്കാനുള്ള വില ജീവിതത്തിനുണ്ടോ ഇല്ലയോ എന്ന തീരുമാനം, തത്വശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രശ്നത്തിന് ഉത്തരം കണ്ടെത്തൽ കൂടിയാണ്.” എന്നിട്ട് കമ്യു ജീവിതത്തിന് അർഥമില്ലെന്നും അതുകൊണ്ട് ആത്മഹത്യയും നിരർഥകമാണെന്നും പറയുന്നു.

സുശാന്ത് സിങ് രാജ്പുത് ഒരു നിമിഷം, അല്ലെങ്കിൽ ദിവസങ്ങളെടുത്ത്, ജീവിക്കുന്നതിൽ അർഥമില്ലെന്നു കണ്ടെത്തിയിരിക്കാം. അതിൽ കൂടുതലൊന്നും പറയാൻ സാധ്യമല്ല. വർത്തമാനകാലത്ത് അഭിമാനിക്കാൻ അധികമൊന്നും ഇല്ലാത്ത ബിഹാറിൽ, അന്നാട്ടുകാരനായ സുശാന്ത് വളരെയേറെ കൊണ്ടാടപ്പെട്ടിരുന്നു. തള്ളവിരൽ കൊണ്ട്, നെറ്റിയിലെ വിയർപ്പു വടിച്ചെടുത്തു കളഞ്ഞശേഷം വീണ്ടും ബാറ്റിങ്ങിന് ഒരുങ്ങുന്ന ധോണിയെ, ഭാവത്തിലും ആത്മാവിലും ഉൾക്കൊണ്ട് സുശാന്ത് അവതരിപ്പിച്ചു – ‘എം.എസ്‌.ധോണി: അൺടോൾഡ് സ്റ്റോറി’. ആ ചിത്രത്തിലൂടെയാണ് അദ്ദേഹം സ്റ്റാർ പദവി നേടിയത്. അതിനു മുൻപും പിൻപും അദ്ദേഹം ഒരുപിടി നല്ല ചിത്രങ്ങൾ തന്നിട്ടുണ്ട്; അവയിലൂടെ ആ ജീവിതം ആഘോഷിക്കപ്പെടട്ടെ.

സുശാന്തിന്റെ മരണത്തിനു ശേഷം മാനസികാരോഗ്യവും വിഷാദരോഗവും പെട്ടെന്ന് ചർച്ചകളിലെ സജീവവിഷയങ്ങളായി. തന്നെ ബാധിച്ച വിഷാദരോഗം മറച്ചുവയ്ക്കാൻ തുനിയാത്ത, അഭിനേത്രി ദീപിക പദുക്കോണായിരിക്കും ഒരുപക്ഷേ ചർച്ച തുടങ്ങിവച്ചത്. അവർ ഇൻസ്റ്റഗ്രാമിൽ എഴുതി, ‘തുറന്നു സംസാരിക്കൂ, മറ്റുള്ളവരുടെ സഹായം തേടൂ, ആശയ്ക്കു വഴിയുണ്ട്.’ ഇന്ത്യയിൽ മാനസികപ്രശ്നങ്ങളെ മോശമായി കാണുന്നതുകൊണ്ട് അവയെക്കുറിച്ചു സംസാരിക്കാനോ വൈദ്യസഹായം തേടാനോ തുനിയുന്നവർ കുറവാണെന്ന സത്യം ചർച്ചകളിൽ പലതവണ ഉയർന്നുവന്നു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, വിഷാദരോഗമാണ് ആത്മഹത്യയുടെ പ്രധാന കാരണമെന്ന രീതിയിലേക്കു ചർച്ചകൾ നീണ്ടു.

യൂറോപ്പിലെയും യുകെയിലെയും ആത്മഹത്യകളുടെ പ്രധാന കാരണം വിഷാദരോഗമാണ്. അവിടെ ഒരു വർഷം നടക്കുന്ന ആത്മഹത്യകളിൽ 80% ഇക്കാരണത്താലാണെന്നു പറയുന്നു. എന്നാൽ, ഇന്ത്യയിലെ സ്ഥിതി വളരെ വ്യത്യസ്തമാണ്. സർക്കാർ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഒരു വർഷം 1.3 ലക്ഷം പേർ ആത്മഹത്യ ചെയ്യുന്നു. പ്രധാനപ്പെട്ട കാരണം ഗാർഹിക പീഡനമാണ്. കടബാധ്യത മറ്റൊരു കാരണമാണ് (കർഷക ആത്മഹത്യകൾ ഓർക്കുക). മാനഹാനി, വിവാഹത്തിലെ പ്രശ്നങ്ങൾ, പരീക്ഷയിലെ തോൽവി തുടങ്ങി പല കാരണങ്ങളുടെ കൂട്ടത്തിൽ വിഷാദരോഗവും പെടുന്നു. 

അതുകൊണ്ട് ആത്മഹത്യകളെ വിഷാദരോഗത്തിലേക്കു ചുരുക്കുന്നത് അതിനെതിരായ ശരിയായ തന്ത്രമല്ല. വാസ്തവത്തിൽ ഇന്ത്യയിൽ ഈ സങ്കീർണവും ബഹുമുഖവുമായ പ്രശ്നത്തിൽ സർക്കാരിന്റെ ശ്രദ്ധ വേണ്ടത്ര പതിഞ്ഞിട്ടില്ലെന്നു മാത്രമല്ല, സുചിന്തിതമായ ഒരു പ്രവർത്തനപദ്ധതിയും ഇല്ല. പടിഞ്ഞാറൻ രാജ്യങ്ങളിലും യുഎസിലും മറ്റും വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന സൂയിസൈഡ് പ്രിവൻഷൻ ഹെൽപ് ലൈനുകൾ ഇന്ത്യയിൽ വരാനിരിക്കുന്നതേയുള്ളൂ.

പരിശോധന ഇതു പോരാ

കോവിഡിന്റെ തുടക്കത്തിൽ കേരളം കൈക്കൊണ്ട നടപടികൾ വിജയകരമായിരുന്നു. നിപ്പ വൈറസിനെ പ്രതിരോധിച്ചതിലൂടെ കൈവരിച്ച മുന്നനുഭവം, നമുക്കു സമ്പർക്കം കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത വൈദഗ്ധ്യം നേടിത്തന്നിരുന്നു. എന്നാൽ, സമ്പർക്കവിലക്ക് എന്ന ഒറ്റ മന്ത്രത്തിൽത്തന്നെയാണ് ഇപ്പോഴും കേരളം ഉറച്ചുനിൽക്കുന്നതെന്നു തോന്നുന്നു. രോഗനിയന്ത്രണത്തോടൊപ്പം തന്നെ രോഗികളിലേക്കു ശ്രദ്ധ തിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണു വർധിച്ച സംഖ്യകൾ സൂചിപ്പിക്കുന്നത്.

സമ്പർക്കം കണ്ടെത്താനാകാത്ത 60 പേർക്കു കേരളത്തിൽ കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണു കണക്ക്. ഇതിനു പുറമേ, കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോയ ചിലർക്ക് ദിവസങ്ങൾക്കകം രോഗം ബാധിക്കുകയുമുണ്ടായി. ഇതെല്ലാം സമൂഹവ്യാപനത്തെയാണോ കാണിക്കുന്നതെന്ന ചർച്ച ഒരിടത്തും എത്തുകയില്ല. കാരണം, ആ ചർച്ചയിൽ പങ്കെടുക്കുന്ന ഒരു പ്രധാനഭാഗം ആളുകൾ ആരോഗ്യവിദഗ്ധരല്ല; അവർ ഭരണാധികാരികളാണ്. 

സമൂഹവ്യാപനം നടന്നിട്ടില്ല എന്നതിന് ഉപോദ്ബലകമായി നിരത്തുന്ന ഒരു കണക്ക്, സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ചെയ്ത ഏതാണ്ട് 8000 പിസിആർ ടെസ്റ്റുകളിൽ, വെറും 8 പേരേ പോസിറ്റീവ് ആയുള്ളൂ എന്നതാണ്. ഇതിൽ ആശ്വാസകരമായി ഒന്നുമില്ല, മറിച്ചു ഭയക്കാൻ വേണ്ടുവോളം ഉണ്ടുതാനും. കേരളത്തിലെ പ്രായപൂർത്തിയായവരുടെ ജനസംഖ്യയിൽ ഇതേ തോതിൽ രോഗം കണ്ടെത്തിയാൽ ഏതാണ്ട് 20000 പേർ, പരിശോധനയ്ക്കു വിധേയരാകാത്ത രോഗബാധിതരായിരിക്കും. ഇതുപോലെ മേയ് മാസത്തിൽ 5630 പേരിൽ നടത്തിയ റാൻഡം പരിശോധനയിൽ രോഗം കണ്ടെത്തിയ 4 പേരെ നിസ്സാരമായി തള്ളാവുന്നതല്ല.

ഇപ്പോൾ അധികൃതരുടെ ഏതാണ്ടു മുഴുവൻ ശ്രദ്ധയും ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും‌ എത്തുന്ന രോഗികളിലാണ്. അതോടൊപ്പം തന്നെ വിമാനത്താവളങ്ങൾക്കും ചെക്പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും അപ്പുറമുള്ള വിശാലകേരളത്തിൽ ജീവിക്കുന്നവരുടെ സ്ഥിതിയും അന്വേഷിക്കേണ്ടിയിരിക്കുന്നു. അതിനു പരിശോധനകൾ കൂട്ടിയേ തീരൂ. പരിശോധനയ്ക്കു സ്രവം എടുക്കുന്നതിനുള്ള കേന്ദ്രങ്ങൾ വർധിപ്പിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ഈ വക കാര്യങ്ങളിൽ അമാന്തമെന്നത് സുതാര്യമായി അറിയിക്കാനുള്ള ബാധ്യത അധികൃതർക്കുണ്ട്. ഇതൊരു ദീർഘകാല പോരാട്ടമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങളെ കൂടെ നിർത്തേണ്ടതുണ്ട്.

പരിശോധനയുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തിന്റെ ഗ്രാഫ് താഴോട്ടു പോകാൻ തുടങ്ങിയിട്ട് രണ്ടു മാസമാകുന്നു. മാർച്ചിൽ പരിശോധനയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമായിരുന്നു. ഏപ്രിൽ അവസാനമായപ്പോഴേക്കും കേരളത്തിന്റെ സ്ഥിതി മോശമല്ലായിരുന്നു. പക്ഷേ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ പല സംസ്ഥാനങ്ങളും മുന്നിലായി. പിന്നീട്, കേരളത്തിന്റെ പരിശോധന പിന്നോട്ടു പോകാൻ തുടങ്ങി. ജൂൺ 15ന് കേരളത്തിൽ, ഒരു ദശലക്ഷം ജനസംഖ്യയിൽ നടത്തിയ പരിശോധന 4278 ആയിരുന്നു. രാജ്യത്തു പരിശോധനയുടെ കാര്യത്തിൽ നമ്മുടെ സ്ഥാനം 20 ആയി. ലോകത്തിൽത്തന്നെ കുറവു ടെസ്റ്റുകൾ നടക്കുന്ന ഇന്ത്യയുടെ ശരാശരിയിലും (4871) താഴെയാണു കേരളം.

ഇതുവരെയുള്ള ഇന്ത്യയുടെ കോവിഡ് കഥ നോക്കുകയാണെങ്കിൽ, പരിശോധന കുറഞ്ഞ സംസ്ഥാനങ്ങളിലാണു രോഗം അതിവേഗം പടർന്നതെന്നു കാണാം. അതിനു ശേഷമാണു പരിശോധനയുടെ എണ്ണം മിക്ക സംസ്ഥാനങ്ങളും കൂട്ടിയത്. മാർക്കേസിന്റെ ഒരു നോവലിന്റെ ശീർഷകം ഓർത്തുകൊണ്ടു പറയട്ടെ, പല മരണങ്ങളും മുൻകൂട്ടിക്കാണുന്ന കഥകളുടെ താളുകളാണു നമ്മുടെ മുൻപിൽ തുറന്നിരിക്കുന്നത്. അതു മനസ്സിലാക്കി കേരളത്തിൽ പരിശോധനകൾ പല മടങ്ങ് കൂട്ടേണ്ടിയിരിക്കുന്നു.‌ ലോകത്തിൽ കോവിഡിനെ ഫലപ്രദമായി നേരിട്ട എല്ലാ രാജ്യങ്ങളുടെയും വിജയരഹസ്യം ടെസ്റ്റിങ് തന്നെയായിരുന്നു എന്ന് ഓർക്കേണ്ടതുണ്ട്.

സ്കോർപ്പിയൺ കിക്ക്: ഗൾഫിലേക്കു പരിശോധനാ കിറ്റുകൾ കേരളം നൽകും.

ഒരു കണ്ണ് നാട്ടിലേക്കും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com