ADVERTISEMENT

കാട്ടുപന്നിയുടെ ചിരിപോലെ എന്നൊരു പുത്തൻചൊല്ല് മലയോര കർഷകരുടെ ചുണ്ടുകളിൽ ഇപ്പോൾ പതിവായി വാക്യത്തിൽ പ്രയോഗം നടത്തുന്നുണ്ട്.

കൃഷി നശിപ്പിക്കാനിറങ്ങുന്ന കാട്ടുപന്നിയിൽനിന്നു കിട്ടിയതായതിനാൽ അതു പഴഞ്ചൊല്ലായി പരിഗണിക്കേണ്ടതില്ലെന്നും കാട്ടുചൊല്ല് എന്നു പേരിട്ടാൽ മതിയെന്നുംകൂടി കർഷകർക്ക് അഭിപ്രായമുണ്ട്.

ഒരുകാലത്ത് കേരള സർക്കാർ രേഖയിൽ കാട്ടുപന്നി വന്യമൃഗമായിരുന്നുവെന്ന് പന്നിക്കും കർഷകർക്കുമറിയാം. അക്കാലത്ത് കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിവയ്ക്കാൻ പാടില്ലായിരുന്നു. വന്യമൃഗം എന്ന നിലയിൽ അപേക്ഷ അയച്ചുവരുത്തി ശാസിക്കുക, ഭരണഘടന വായിച്ചു കേൾപ്പിക്കുക തുടങ്ങിയ നയതന്ത്രപരമായ നടപടികൾ മാത്രമേ അന്നു സാധ്യമായിരുന്നുള്ളൂ. 

വെടിവയ്ക്കേണ്ട സാഹചര്യം വന്നാൽ പൊയ്‌വെടി, ആകാശവെടി തുടങ്ങിയ ഘട്ടങ്ങൾ കഴിഞ്ഞ് പന്നിയുടെ ഗർഭ പരിശോധന കൂടി നടത്തി മാത്രമേ അറ്റകൈ പാടുണ്ടായിരുന്നുള്ളൂ. 

ഇപ്പോൾ പക്ഷേ, വന്യജീവി എന്ന നിലയിൽനിന്ന് പന്നിക്കൊരു നേരിയ സ്ഥാനചലനമുണ്ടായിട്ടുണ്ട്. വന്യമൃഗം ഗ്രേഡ് 2.

രണ്ടാം ഗ്രേഡുകാരനെ വെടിവയ്ക്കാൻ‌ കർഷകർക്ക് അനുവാദം ലഭിച്ചിരിക്കുന്നു. പക്ഷേ, എല്ലാ വെടിയും വെടിയല്ല. തോക്കു ലൈസൻസുള്ള അംഗീകൃത വെടിക്കാരന്റെ വെടി മാത്രമാണ് സാധു. 

അംഗീകൃത വെടിക്കാരനെ കാട്ടുപന്നിക്കു വേഗം തിരിച്ചറിയാം. അംഗീകൃതൻ തോക്കെടുത്താൽ തോക്കിന്റെയും വെടിക്കാരന്റെയും മുഖത്തെ വെടിലക്ഷണം പന്നി തിരിച്ചറിയും.

അംഗീകൃത വെടിക്കാരെ കിട്ടാനില്ല എന്നതാണ് കർഷകർ നേരിടുന്ന വലിയ പ്രശ്നം. അംഗീകൃതനായാൽ മാത്രം പോരാ, അയാൾ ഫോറസ്റ്റ് അധികൃതരുടെ പാനലിൽ ഉൾപ്പെട്ടയാളാവണം. തന്നെയുമല്ല, നിശ്ചിത പന്നിപ്രദേശത്തു മാത്രമേ ഒരാൾക്കു വെടിയധികാരം ഉണ്ടാവൂ. മുലയൂട്ടുന്ന പന്നിയാണോ എന്നു തിരിച്ചറിഞ്ഞു മാത്രമേ വെടി പാടുള്ളൂ.

ഇതെല്ലാം കർഷകരെപ്പോലെ തന്നെ പന്നിക്കും അറിയാവുന്നതുകൊണ്ടാണ് പന്നിമുഖത്തു ചിരിയും അതിൽനിന്നു പുത്തൻ ചൊല്ലുമുണ്ടായത്. 

ലൈസൻസ്, പാനൽ, വെടിപ്രദേശം, മുലയൂട്ടൽ എന്നിത്യാദി വ്യവസ്ഥകൾ നോക്കി വരുമ്പോഴേക്കും പന്നി കൃഷിയിൽ തേർവാഴ്ച നടത്തി ചിരിമാത്രം ബാക്കിവച്ച് കടന്നുകളഞ്ഞിരിക്കും. ഇവിടെയാണ് പുകമറയില്ലാത്ത ഒരു വെടിവ്യവസ്ഥ ഇന്നാട്ടിലുണ്ടാകേണ്ടതിന്റെ ആവശ്യം വരുന്നത്.

പന്നിശല്യമുള്ള പ്രദേശങ്ങളിൽ സർക്കാർ വെടിബൂത്തുകൾ‌ സ്ഥാപിക്കണമെന്ന കഷ്ടകാൽ കർഷകന്റെ നിർദേശത്തോട് അപ്പുക്കുട്ടൻ യോജിക്കുകയാണ്. 

ഓരോ ബൂത്തിലും ലൈസൻസുള്ള വെടിക്കാരനെ നിയോഗിക്കണം. 

വെടിവച്ചു കൊടുക്കപ്പെടും.

ലൈസൻസ് നമ്പർ – 0471

എന്നൊരു ബോർഡ് വച്ചാൽ സ്വയംതൊഴിലിന്റെ വെടിപുകയാഘോഷമായി. 

സർക്കാർ വകയായി പന്നിയൊന്നിനു കിട്ടുന്ന ആയിരം രൂപ എന്ന വെടിച്ചെലവ് മതിയാകാതെ വരുമെങ്കിലും, ബോർഡ് വായിക്കാനിടയാകുന്ന പന്നികൾ അക്രമരാഹിത്യത്തിലേക്കു പ്രവേശിക്കും എന്ന കാര്യത്തിൽ സംശയമില്ല. 

കേരള പൊലീസിൽനിന്ന് ഇടയ്ക്കിടെ കാണാതെ പോകുകയും തിരിച്ചുകിട്ടുകയും ചെയ്യുന്ന തോക്കുകൾ ഈ വെടിബൂത്തുകൾക്കു വാടകയ്ക്കു കൊടുക്കുന്ന കാര്യവും ബഹുമാനപ്പെട്ട സർക്കാർ ആലോചിക്കേണ്ടതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com