ADVERTISEMENT

മിത്രങ്ങളായാലും ശത്രുക്കളായാലും, പൊള്ളുന്ന പ്രയോഗങ്ങളിലൂടെ ഉന്നംവയ്ക്കുന്നതായിരുന്നു ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ശൈലി. ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യ്ക്ക് അതിപ്പോഴും കൈമോശം വന്നിട്ടില്ല. തന്റെ കാർട്ടൂണുകളിൽ മാത്രമല്ല, സാമ്നയിലെ മുഖ്യ ലേഖനങ്ങളിലും ബാൽ താക്കറെ രൂക്ഷമായ ഫലിതം പ്രയോഗിച്ചിരുന്നു.

ശിവസേനയുടെ ദീർഘകാല ശത്രുവായ കോൺഗ്രസ് ഉദ്ധവ് താക്കറെയുടെ സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചപ്പോൾ, മുൻപു ബാൽ താക്കറെ സോണിയ ഗാന്ധിക്കും കോൺഗ്രസിനും എതിരെയും മറ്റു ചില വിഭാഗങ്ങളെ ലക്ഷ്യമിട്ടും നടത്തിയ പല രൂക്ഷ പരാമർശങ്ങളും (ഹിറ്റ്‌ലറെ പ്രശംസിച്ചതടക്കം) വീണ്ടും പൊന്തിവരികയുണ്ടായി.

1995 – 2000 കാലയളവിൽ ബിജെപി – ശിവസേന സഖ്യസർക്കാരിലെ ഒരു മുതിർന്ന ബിജെപി മന്ത്രിയുടെ വിവാഹേതര ബന്ധം പുറത്തായി. ഇതിലെ സദാചാര പ്രശ്നം പറഞ്ഞ് മുന്നണിവൃത്തത്തിൽ വിവാദമുയർന്നപ്പോൾ, ബാൽ താക്കറെ ‘മുഗൾ ഇ അസം’ എന്ന ഹിന്ദി സിനിമയിൽ മധുബാലയുടെ പ്രശസ്തമായ മൊഴിയാണ് ഉദ്ധരിച്ചത്; ‘പ്യാർ കിയാ തോ ഡർനാ ക്യാ’ (പ്രണയത്തിൽ എന്തിനു ഭയപ്പെടുന്നു?) ഫലിതം കുറിക്കുകൊണ്ടതോടെ, അടക്കം പറച്ചിലുകൾ ആവിയായിപ്പോയി, മന്ത്രിക്കു കുറച്ച് ആശ്വാസം കിട്ടുകയും ചെയ്തു.

മഹാ വികാസ് അഘാഡി  മന്ത്രിസഭ രൂപീകരിച്ചപ്പോൾ കോൺഗ്രസിനു കാര്യമായ സ്ഥാനം കിട്ടാത്തതിൽ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. മുതിർന്ന കോൺഗ്രസ് മന്ത്രിമാരോട് തന്നെ വന്നുകാണാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് ഒരുദിവസം മുൻപ് ഉദ്ധവിന്റെ ഭാര്യ രശ്മി പത്രാധിപരായ സാമ്‌ന കോൺഗ്രസിനെ ഉന്നമിട്ടു. സദാ ഒച്ചയുണ്ടാക്കുന്ന ഇളകിയാടുന്ന പഴഞ്ചൻ കട്ടിലിനോടാണ് സാമ്‌ന ലേഖനം കോൺഗ്രസിനെ താരതമ്യം ചെയ്തത്. മുന്നണിയിൽ കോൺഗ്രസ് പ്രകടിപ്പിച്ച പരാതികൾ സൂചിപ്പിച്ചായിരുന്നു പരിഹാസം.

മഹാരാഷ്ട്രയിൽ പ്രശ്നങ്ങളുണ്ടാക്കുന്നതു സേനയല്ല, പഴയ കട്ടിലിന്റെ കുഞ്ഞാണ് എന്നാണു സാമ്ന സൂചിപ്പിച്ചത്. എൻസിപിയെ ഉദ്ദേശിച്ചായിരുന്നു ഇത്. രണ്ടു ദശകം മുൻപ് കോൺഗ്രസ് പിളർത്തിയാണല്ലോ എൻസിപി രൂപീകരിച്ചത്. ഇതുപോലെ വേറെയും കുഞ്ഞു കട്ടിലുകൾ മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്. കോൺഗ്രസിന്റെ ഭാഗമായിരുന്ന തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ് എന്നിവയെ ഉദ്ദേശിച്ചായിരുന്നു ഇത്.

പത്രത്തിനു സ്വന്തം പ്രതികരണങ്ങൾ നടത്താൻ തന്റെ പിതാവിന്റെ കാലം മുതൽ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാക്കളെ ആശ്വസിപ്പിച്ചത്. ദീർഘകാല സഖ്യകക്ഷിയായ ബിജെപിയെ വരെ, ശക്തമായി സാമ്‌ന വിമർശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. സേനയുടെ പരിഹാസങ്ങൾ വിഴുങ്ങുകയല്ലാതെ കോൺഗ്രസിനു നിവൃത്തിയുണ്ടായിരുന്നില്ല. കാരണം, മഹാരാഷ്ട്രയിൽ പാർട്ടിക്കു കരുത്തനായൊരു നേതാവില്ല. സംസ്ഥാന ഘടകം വിവിധ നേതാക്കളുടെ കീഴിൽ ഗ്രൂപ്പുകളായി പിരിഞ്ഞുനിൽക്കുന്നു. 

രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം ബിജെപിയുടെ നിയന്ത്രണത്തിലാകാതെ എങ്ങനെയും നിലനിർത്തണമെന്ന ചിന്തയാണു കോൺഗ്രസ് ഹൈക്കമാൻഡിനുള്ളത്. പക്ഷേ, സഖ്യസർക്കാർ വന്നതിൽ പിന്നെ  മഹാരാഷ്ട്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി മല്ലികാർജുൻ ഖർഗെയ്ക്ക് അവിടെ കാര്യമായ റോളില്ല. ഏകോപനമെല്ലാം നടത്തുന്നതു സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ എൻസിപിയുടെ മേധാവി ശരദ് പവാറാണ്. പ്രധാന വകുപ്പുകളെല്ലാം ശിവസേനയും എൻസിപിയും പങ്കിട്ടെടുത്തു. സർക്കാരിൽ കാര്യമായ പങ്കാളിത്തമില്ലാത്ത അവസ്ഥ മാറണമെന്നു കോൺഗ്രസ് ആവശ്യപ്പെടുന്നു. അതായത്, പഴയ കട്ടിൽ ഒച്ചയുണ്ടാക്കുന്നതു തുടരും. പക്ഷേ, കൂട്ടുകക്ഷി വൈരുധ്യങ്ങളുടെ ഭാരത്താൽ അതു തകർന്നുവീഴില്ലെന്ന ആത്മവിശ്വാസത്തിലാണു നേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com