ADVERTISEMENT

അയാൾ തണ്ണിമത്തൻ വിൽക്കുകയാണ്. കടയുടെ മുന്നിൽ ബോർഡ് തൂക്കിയിട്ടുണ്ട് – ഒരെണ്ണം 30 രൂപ. മൂന്നെണ്ണം 100 രൂപ. ഒരു ചെറുപ്പക്കാരൻ വന്ന് മൂന്നെണ്ണം ഒരുമിച്ചു വാങ്ങുന്നതിനു പകരം ഓരോന്നു വാങ്ങി ഓരോ തവണയും 30 രൂപ വീതം നൽകി. എന്നിട്ടു പറഞ്ഞു: ‘‘എടോ, താൻ 3 തണ്ണിമത്തൻ 100 രൂപ എന്നെഴുതി വച്ചിട്ടും ഞാൻ 90 രൂപയ്ക്കു മൂന്നെണ്ണം വാങ്ങിയതു കണ്ടോ? തനിക്കു ബിസിനസ് അറിയില്ല; മറ്റു വല്ല പണിയും നോക്ക്’’. കടക്കാരൻ ചിരിച്ചുകൊണ്ടു സ്വയം പറഞ്ഞു – ഈ ബോർഡ് ഇങ്ങനെ എഴുതി വച്ചിരിക്കുന്നതു കൊണ്ട് എല്ലാവരും ഒന്നിനു പകരം മൂന്നെണ്ണം വാങ്ങി 10 രൂപ ലാഭിച്ചതിന്റെ അഹങ്കാരത്തിലാണു മടങ്ങുന്നത്. എന്നിട്ട് അവർ പറയും, എനിക്കു ബിസിനസ് അറിയില്ലെന്ന്!

ഒരു കാര്യത്തോട് എല്ലാവർക്കും ഒരേ സമീപനമാകില്ല. ചിലർ എല്ലാം അതിന്റെ പതിവു നടപടിക്രമങ്ങളിൽ ചെയ്യും; ചിലർക്ക് എല്ലാറ്റിനും തനതു വഴികളും ശൈലികളുമുണ്ടാകും. മാമൂലുകളും സമ്പ്രദായങ്ങളും മാത്രം പിന്തുടരുന്നവർക്ക് പരിമിതമായ പ്രവർത്തനരീതികളും ഫലങ്ങളും മാത്രമേ ഉണ്ടാകൂ. സ്വന്തമായ തന്ത്രങ്ങൾ മെനയുന്നവർക്ക് ആരും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളും ലഭിക്കും. എന്ത് അവതരിപ്പിക്കുന്നു എന്നതിനെക്കാൾ, എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണു മുഖ്യം – അത് ഉൽപന്നമായാലും അഭിപ്രായമായാലും. ഓരോ ദിവസവും പുതിയ ദൃഷ്ടിയും ദർശനവും ഉള്ളവർക്കു മാത്രമേ, ദിനചര്യകളിൽ പോലും പുതുമ കണ്ടെത്താനാകൂ.

ബുദ്ധിമാന്മാരെന്നു സ്വയം വിശേഷിപ്പിക്കുന്നവരാണ് എളുപ്പത്തിൽ വിഡ്ഢികളാക്കപ്പെടുക. എല്ലാ സമവാക്യങ്ങളും പഠിച്ചിറങ്ങുന്നവർക്ക് തന്ത്രങ്ങളുടെ സൂത്രവാക്യം മനസ്സിലാകണമെന്നില്ല. ഒരാളെ വിലയിരുത്താനും തിരുത്താനും പാഠങ്ങൾ പഠിപ്പിക്കാനും മുതിരുന്നതിനു മുൻപ് സ്വന്തം ശേഷി അളന്നു തിട്ടപ്പെടുത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com