ADVERTISEMENT

ഈ വർഷത്തെ മാതൃദിനം ആഘോഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച രീതി അദ്ദേഹത്തിന്റെ വ്യക്തിത്വം പോലെ തന്നെ വിചിത്രമായിരുന്നു. 12 ട്വിറ്റർ‌ സന്ദേശങ്ങളുടെ ഒരു വെടിക്കെട്ടാണ് അമേരിക്കൻ‌ ജനതയ്ക്ക് നേതാവു സമ്മാനിച്ചത്. അതിലേറെയും യാഥാസ്ഥിതിക ചിന്തകരുടെയും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും സന്ദേശങ്ങൾ പുനഃസംപ്രേഷണം ചെയ്യുകയായിരുന്നു. സ്വന്തമായി സൃഷ്ടിച്ച കുറെ മുത്തുകളും ആ കൂമ്പാരത്തിൽ ഉണ്ടായിരുന്നു. പ്രധാനലക്ഷ്യം ബറാക് ഒബാമ. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഗൗരവമുള്ള കുറ്റം ഒബാമയും സംഘവും ചെയ്തിരിക്കുന്നു, താമസിയാതെ അതിന്റെ ഫലം അവർ അനുഭവിക്കാൻ പോകുന്നു, മിക്കവർക്കും 60 വർഷം വരെ ശിക്ഷ കിട്ടാൻ സാധ്യതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർഥിയായ ജോ ബൈഡനെതിരെ മത്സരിക്കുന്ന ഡോണൾഡ് ട്രംപ് എന്തിനു തന്റെ മുൻഗാമിയായ ബറാക് ഒബാമയുമായി അങ്കം കുറിക്കണം? അതിനുത്തരം ട്രംപിൽനിന്നു കേൾക്കാമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. 

മേയ് 13ന് അദ്ദേഹത്തെ കണ്ട ഒരുപറ്റം പത്രലേഖകർ അദ്ദേഹത്തോടു ചോദിച്ചു: ‘ഒബാമ ഗെയ്റ്റ്’ എന്നതുകൊണ്ട് അങ്ങ് എന്താണ് അർഥമാക്കുന്നത്?’ ‘അത് ഒബാമ ചെയ്ത കൊടുംകുറ്റം തന്നെ’ പ്രസിഡന്റിന്റെ മറുപടി. ‘എന്താണ് ആ കുറ്റം?’ – വാഷിങ്ടൻ പോസ്റ്റ് ലേഖകൻ, ‘എ വെരി സ്റ്റേബിൾ ജീനിയസ്’ എന്ന സുപ്രസിദ്ധപുസ്തകത്തിന്റെ കർത്താക്കളിൽ ഒരാൾ കൂടിയായ ഫിലിപ് റക്കർ ചോദിച്ചു. ‘നിങ്ങൾക്കറിയാം കുറ്റമെന്താണെന്ന്. സുതാര്യമായ ഒന്നാണ് ആ കുറ്റം. അതറിയാൻ പത്രങ്ങൾ വായിച്ചാൽമതി; നിങ്ങളുടെ പത്രം ഒഴികെയുള്ളവ’ – എന്നായിരുന്നു ട്രംപിന്റെ മറുപടി. 

ഒബാമയ്ക്കെതിരെ പകയൊടുങ്ങാതെ

തുടർന്നുള്ള ദിവസങ്ങളിൽ വൈറ്റ്ഹൗസ് ജീവനക്കാരിൽനിന്നും റിപ്പബ്ലിക്കൻ വക്താക്കളിൽനിന്നും പുറത്തുവന്ന വിശദീകരണം തികച്ചും വിചിത്രമായിരുന്നു. ട്രംപ് ഭരണകൂടം പരാജയപ്പെട്ടു തകർന്നടിയാൻ ഒബാമ തയാറാക്കിയെന്നു പറയുന്ന ഭരണസ്തംഭന പദ്ധതിക്ക് ഡോണൾഡ് ട്രംപ് ഇട്ട ഓമനപ്പേരാണ് ‘ഒബാമ ഗെയ്റ്റ്’. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ അപമാനിക്കാൻ, തിരഞ്ഞെടുപ്പു പ്രചാരണത്തിലെ റഷ്യൻ ബന്ധം കുത്തിപ്പൊക്കിയെന്ന ആരോപണങ്ങൾ ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്. ഒരു കണക്കിനു പറഞ്ഞാൽ വർഷങ്ങളായി ഒബാമയ്ക്കെതിരെ ട്രംപ് നെഞ്ചേറ്റി നടക്കുന്ന പകയുടെയും വിദ്വേഷത്തിന്റെയും ആകത്തുകയായി താൻ അവതരിപ്പിച്ച ഈ ഗൂഢാലോചനാ സിദ്ധാന്തത്തിന് വിശ്വാസയോഗ്യമായ വിശദീകരണമൊന്നും ട്രംപ് പക്ഷം നൽകുന്നുമില്ല. 

george-thottam
ഡോ. ജോർജ് തോട്ടം

2008ൽ ഒബാമ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ, യാഥാസ്ഥിതികരായ രാഷ്ട്രീയക്കാരും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു നല്ലഭാഗവും ഒബാമയുടെ അമേരിക്കൻ പൗരത്വത്തെ ചോദ്യം ചെയ്യുന്ന ‘ബർത്തറിസം’ പ്രസ്ഥാനത്തിനു രൂപം കൊടുത്തു. ഒബാമ ജനിച്ചത് അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഹവായ്‌യിലല്ല, ആഫ്രിക്കയിലെ ഒരു കുടിലിൽ ആയിരുന്നെന്ന വാദത്തിനു തിരഞ്ഞെടുപ്പുകാലത്തു വമ്പിച്ച സ്വീകരണം തന്നെ ലഭിച്ചു. അമേരിക്കൻ പൗരനായി ജനിക്കുന്നവർക്കേ അമേരിക്കൻ ഭരണഘടന പ്രകാരം പ്രസിഡന്റാകാൻ അർഹതയുള്ളൂ.

അമേരിക്കൻ പൗരത്വമുള്ള അമ്മയുടെ മകനായി ജനിച്ച ഒബാമയെ, പിതാവ് ഒരു കെനിയൻ പൗരനാണെന്നത് പ്രസിഡന്റ് സ്ഥാനത്തുനിന്നു വിലക്കാൻ മതിയായ കാരണമായിരുന്നില്ല. ഒബാമയുടെ പൗരാവകാശത്തെ ചോദ്യം ചെയ്തവരുടെ മുൻപന്തിയിൽ ഡോണൾഡ് ട്രംപ് ഉണ്ടായിരുന്നു. ഏതുവിധേനയും ഒബാമയെ പ്രസിഡന്റ് പദവിയിൽനിന്നു വിലക്കുകയെന്നത് ട്രംപിന്റെ ജീവിതലക്ഷ്യങ്ങളിലൊന്നായി. ഒബാമയുടെ യഥാർഥ ജനന സർട്ടിഫിക്കറ്റ് കണ്ടെത്താൻ ഒരു അന്വേഷണ സംഘത്തെ താൻ ഹവായ്‌ലേക്ക് അയച്ചിട്ടുണ്ടെന്നും ട്രംപ് വീമ്പിളക്കിയിരുന്നു. 

2011 ഏപ്രിൽ 27ന് തന്റെ ജനന സർട്ടിഫിക്കറ്റ് ഒബാമ തന്നെ പുറത്തുവിട്ടതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. അപ്പോഴേക്കും ട്രംപും ഒബാമയും ആജൻ‌മ ശത്രുക്കളായി മാറിയിരുന്നു. 2016ലെ വൈറ്റ്ഹൗസ് കറസ്പോണ്ടൻസ് ഡിന്നറിൽ ഒബാമ ട്രംപിനെ ആക്ഷേപഹാസ്യം കൊണ്ട് അഭിഷേകം ചെയ്തു. തന്റെ ജൻമപശ്ചാത്തലത്തെയും പൗരത്വത്തെയും ചോദ്യം ചെയ്ത ട്രംപിനുള്ള നിശിതമായ മറുപടിയായിരുന്നു ഒബാമയുടെ പ്രസംഗവും ‘ലയൺ കിങ്’ സിനിമയിലെ ഒരുഭാഗം പ്രദർശിപ്പിച്ചു കൊണ്ടുള്ള പരിഹാസവും. 

പൊളിച്ചെഴുതി ഭരണപരിഷ്കാരങ്ങൾ

തന്റെ ഭരണത്തിന്റെ തുടക്കം മുതൽ ഒബാമയുടെ ഭരണപരിഷ്കാരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുകയായിരുന്നു ഡോണൾ‍ഡ് ട്രംപ്. രാജ്യാന്തര ആണവ കരാറുകൾ മുതൽ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ രീതികൾവരെ മാറ്റിയെഴുതിക്കഴിഞ്ഞിരുന്നു ട്രംപ് ഭരണകൂടം. 

അവസാനമായി ഒബാമ കെയർ എന്ന പേരിൽ അറിയപ്പെടുന്ന ‘ദി അഫോർഡബിൾ ആക്ട്’ എന്ന ആരോഗ്യപദ്ധതിയുടെ ആണിക്കല്ല് തന്നെ ഇളക്കി. തന്റെ തിരഞ്ഞെടുപ്പു ജയം റഷ്യയുടെ സഹായത്തോടെയാണെന്നു തെളിയിക്കാൻ ഒബാമ അനുയായികൾ നടത്തിയ മ്യുള്ളർ കമ്മിഷൻ അന്വേഷണത്തിനു മേൽനോട്ടം വഹിച്ച മുൻ എഫ്ബിഐ ഡയറക്ടർ ജീം കോമി, ആക്ടിങ് ‍ഡയറക്ടർ എന്നിവരെ ഏതു മാർഗം ഉപയോഗിച്ചും കാരാഗൃഹ വാസത്തിന് അയയ്ക്കുകയാണു മറ്റൊരു ലക്ഷ്യം. 

ഒബാമയുടെ ജനസമ്മതി, അദ്ദേഹത്തിനു ലഭിച്ച നൊബേൽ സമ്മാനം, ബറാക് ഒബാമയും മിഷേൽ ഒബാമയും തങ്ങളുടെ പുസ്തകങ്ങളിൽ നിന്നും പ്രസംഗങ്ങളിൽനിന്നും കൊയ്യുന്ന കോടികൾ എന്നിവയെല്ലാം ട്രംപിനെ അലോസരപ്പെടുത്തുന്നു എന്ന വാസ്തവം അദ്ദേഹം തന്നെ മറച്ചുവയ്ക്കുന്നില്ല. ഏതു വിധേനയും ഭരണത്തുടർച്ച നേടുക, ഒരു നൊബേൽ കരസ്ഥമാക്കുക എന്നിവയാണ് ട്രംപിന്റെ അവശേഷിക്കുന്ന സ്വപ്നങ്ങളുടെ മുൻപന്തിയിൽ.

വെല്ലുവിളികൾക്ക് ‌നടുവിൽ ട്രംപ്

ഏതു കമ്മിഷൻ അന്വേഷിച്ചാലും ഒബാമയെ തൊടാനാവില്ല എന്ന സത്യവും ട്രംപിനു നന്നായറിയാം. എട്ടു വർഷത്തെ ഭരണത്തിനിടയിൽ ഒബാമയുടെ ക്യാബിനറ്റ് അംഗങ്ങളോ അദ്ദേഹം നിയമിച്ച ഉദ്യോഗസ്ഥരോ കാര്യമായ ആരോപണങ്ങൾക്കു വിധേയരായിട്ടില്ല. സാമ്പത്തിക തകർച്ചയിൽ നിന്ന് അമേരിക്കയെ, വിശേഷിച്ച് മോട്ടർ വാഹന വ്യവസായം, ബാങ്കിങ് എന്നീ സുപ്രധാന സംരംഭങ്ങളെ പാപ്പരത്വത്തിൽനിന്നു രക്ഷപ്പെടുത്തിയത് ഒബാമ ആയിരുന്നു. തൊഴിലില്ലായ്മ 10 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിൽ എത്തിച്ച ഒബാമയാണോ നാലിൽ നിന്ന് ഈ ഏപ്രിലിൽ 14.7ൽ എത്തിച്ച ട്രംപ് ആണോ മികച്ച ഭരണാധികാരി?

അനധികൃത കുടിയേറ്റം ഏറ്റവും വലിയ തിരഞ്ഞെടുപ്പ് ആയുധമാക്കി ഭരണത്തിലേറിയ ട്രംപിന്റെ ഭരണകാലത്തെ അനധികൃത കുടിയേറ്റ നിരക്കിനെക്കാൾ ഏറെ താഴെയാണ് ഒബാമ ഭരണകാലത്തെ കണക്കുകൾ. 

നിലവിൽ ട്രംപിന്റെ രണ്ടാം തിരഞ്ഞെടുപ്പു വിജയത്തിന്റെ ഏറ്റവും വലിയ ഭീഷണി ഒബാമയോ ബൈഡനോ അല്ല. കൊറോണ വൈറസ് എന്ന അദൃശ്യ സാന്നിധ്യമാണത്. കോവിഡിനെ ഫലപ്രദമായി നേരിടുന്നതിൽ ഏറ്റുവാങ്ങിയ പരാജയം ട്രംപിന്റെ നേട്ടങ്ങളുടെ ശോഭ കുറച്ചുകഴിഞ്ഞു. 

കോവിഡ് ഇരകളുടെ എണ്ണം ഒരു ലക്ഷം തികഞ്ഞ ദിവസം അവരെപ്പറ്റി ഒരു വാക്കുച്ചരിക്കാതെ ഫ്ലോറിഡയിലെ ബഹിരാകാശ വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ പറന്ന പ്രസിഡന്റ് ആ ചുമതല ഏൽപിച്ചത് തന്റെ ഓഫിസിലെ ഒരു കീഴുദ്യോഗസ്ഥനെയായിരുന്നു. അയാൾ പ്രസിഡന്റിന്റെ അനുശോചനം ഒരു ലക്ഷം കുടുംബങ്ങൾക്കായി ഒരു തുണ്ട് പ്രസ്താവനയിലൊതുക്കി. പ്രസിഡന്റ് ട്രംപിന്, ഏതായാലും വെല്ലുവിളികളുടെ ദിനങ്ങളാണു മുന്നിൽ. 

(യുഎസിൽ മുൻ മീഡിയ പ്രഫസറും ഗ്രന്ഥകാരനുമാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com