sections
MORE

പ്രതിരോധിക്കാൻ പല വഴികൾ

kseb
SHARE

ചൈന, ചൈനയുടേതെന്നും ഇന്ത്യ, ഇന്ത്യയുടേതെന്നും പറയുന്ന ഭൂപ്രദേശമെന്നു താത്വികാചാര്യൻ പറഞ്ഞിട്ട് അര നൂറ്റാണ്ടാകാറായിട്ടും അതിന്റെ ചീത്തപ്പേര് കമ്യൂണിസ്റ്റുകാരിൽ നിന്ന് ഇനിയും വിട്ടുപോയിട്ടില്ല. അര നൂറ്റാണ്ടല്ല, അര സഹസ്രാബ്്ദം പിന്നിട്ടാലും വിട്ടുപോകുന്ന ലക്ഷണവുമില്ല. അതിന്റെ തെളിവാണു ലഡാക്കിൽ ചൈന നടത്തിയ കടന്നുകയറ്റത്തിന്റെയും ആക്രമണത്തിന്റെയും പശ്ചാത്തലത്തിലും കമ്യൂണിസ്റ്റുകാർക്കു നേരിടേണ്ടി വന്ന വിമർശനം. 

എന്തിനും ഏതിനും താത്വിക പരിവേഷമുള്ള വിശദീകരണം നൽകുക കമ്യൂണിസ്റ്റുകാർക്ക്– പ്രത്യേകിച്ചും സിപിഎമ്മുകാർക്ക്– പണ്ടേയുള്ള ശീലമാണ്. ചാണോക്കുഴിയിലെയോ തവളപ്പാറയിലെയോ ബ്രാഞ്ച്് കമ്മിറ്റി ഓഫിസിനു മുന്നിൽ ആരെങ്കിലും പടക്കമെറിഞ്ഞാൽ അതിനു സൈദ്ധാന്തിക മാനങ്ങൾ നൽകാൻ കെൽപുള്ള ഒട്ടേറെ സഖാക്കൾ ബ്രാഞ്ച്തലം മുതൽ പൊളിറ്റ്ബ്യൂറോ തലം വരെ പാർട്ടിയിൽ ഉണ്ടു താനും.  ഇത്തരം സൈദ്ധാന്തിക പടുക്കൾ എന്നും പാർട്ടിയെ കുഴപ്പത്തിൽ ചാടിച്ചിട്ടേയുള്ളൂ. 

മധുരമനോഹര മനോജ്ഞ ചൈന തങ്ങളുടെ മാതൃഭൂമിയാണെന്നു കരുതുന്ന പലരും ഇപ്പോഴും പാർട്ടിയിൽ ഉണ്ട്. ‘സോവിയറ്റെന്നൊരു നാടുണ്ടത്രെ/ പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’ എന്നൊക്കെ പാടിയ കാലം പോയി. ഇതും പാടി അങ്ങോട്ടു ചെന്നാൽ പോയതിന്റെ ഇരട്ടി വേഗത്തിൽ തിരിച്ചു പോരേണ്ടി വരും. അത്രയ്ക്കാണ് അവിടത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി! സോവിയറ്റ് യൂണിയൻ എന്ന പിതൃഭൂമി ഇങ്ങിനി വരാത്തവണ്ണം നഷ്ടമായെങ്കിലും ചൈനയെന്ന മാതൃഭൂമി അവശേഷിക്കുന്നുണ്ടല്ലോ എന്നായിരുന്നു ഇന്ത്യയിലെ ചില കമ്യൂണിസ്റ്റുകാരുടെ ആശ്വാസം. ചൈന ചങ്കാണെന്നും ബ്രോയാണെന്നും ആത്മാർഥമായി വിശ്വസിക്കുന്ന ന്യൂജെൻ കക്ഷികൾക്കും പഞ്ഞമില്ല. 

പേരിനാണെങ്കിലും ചൈനയിൽ കമ്യൂണിസ്റ്റ് ഭരണമാണു നടക്കുന്നത് എന്നതിനാൽ അടുത്ത അഭയം അവർ തന്നെയാണ്. 1962ലെ ചൈനീസ് ആക്രമണകാലത്തു ചൈനയെ തള്ളിപ്പറയാൻ ഇന്ത്യൻ കമ്യൂണിസ്റ്റുകാർ തയാറാകാതിരുന്നതു കമ്യൂണിസ്റ്റ് സാർവദേശീയതയിലുള്ള അടിയുറച്ച വിശ്വാസം മൂലമാണ്. ക്യൂബയും ഉത്തര കൊറിയയുമെല്ലാം കമ്യൂണിസ്റ്റ് രാജ്യങ്ങളാണെങ്കിലും അവർക്കെല്ലാം അങ്ങോട്ടു പിടിയരി സമാഹരിച്ചു നൽകേണ്ട സ്ഥിതിയാണ്. 

ചൈനയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ അതു തീർക്കേണ്ടതു പഞ്ചശീല തത്വങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് ആർക്കാണ് അറിയാത്തത്? അക്കാര്യം സിപിഎം ഒന്ന് ഓർമിപ്പിച്ചാൽ അതിൽ എന്താണു തെറ്റ്? പഞ്ചശീലത്തിന്റെ ആണിക്കല്ലു തന്നെ സമാധാനപരമായ സഹവർത്തിത്വമാണ്. സമാധാനത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ സിപിഎമ്മിനെ പഴിക്കുന്നതു തെല്ലും ശരിയല്ല. 

എന്തായാലും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റം തടയാൻ ഇനിയുള്ള പ്രതീക്ഷ ചൈനയാണ്. സിഐഎ എന്ന ചെകുത്താനും അവന്റെ ചാട്ടുളിയും വിചാരിച്ചാൽ ചൈനയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന് അറിയാത്തവരാണു ചൈനാവിരോധം പ്രചരിപ്പിക്കുന്നത്. ചൈനയുടെ കരങ്ങൾക്കു ശക്തി കൂട്ടുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് ഏതെങ്കിലും കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ സമർഥിച്ചാൽ അതു കുറ്റമാവില്ല. സമാധാനത്തിന്റെ പാത സിൽക് റൂട്ട് ആണെന്ന സത്യം ആർക്കും അങ്ങനെ തള്ളാനാവില്ല.

കറന്റടിക്കു പിന്നാലെ കണക്കു ക്ലാസ്

പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു ഗൃഹപാഠം ചെയ്യാൻ മാഷ്മ്മാർ തരുന്ന വഴിക്കണക്കിനെയാണ് വൈദ്യുതി ബില്ലിന്റെ കാര്യത്തിൽ വൈദ്യുതി ബോർഡ് നൽകിയ വിശദീകരണം ഓർമിപ്പിച്ചത്. 

രാമനും കൃഷ്ണനും ചേർന്ന് 24 രൂപ മുടക്കി 12 ഓറഞ്ച് വാങ്ങി. ഇതിൽ 18 രൂപ രാമനും 6 രൂപ കൃഷ്ണനുമാണു മുടക്കിയത്. 2 ഓറഞ്ച് രാമനും 1 ഓറഞ്ച് കൃഷ്ണനും തിന്നു. ബാക്കിയുള്ള ഓറഞ്ച് 36 രൂപയ്ക്കു വിറ്റു. ഇതിൽ 24 രൂപ രാമനും 12 രൂപ കൃഷ്ണനുമെടുത്തു. ചന്ത പിരിയാൻ നേരത്തു കൃഷ്ണൻ 4 രൂപ രാമന്റെ കയ്യിൽ നിന്നു കടംവാങ്ങി. എങ്കിൽ രാമനു ലാഭമോ നഷ്ടമോ എത്ര എന്നതായിരിക്കും വഴിക്കണക്കുകളുടെ ശരാശരി മാതൃക. 

പാവം കുട്ടികൾ വീട്ടിൽ പോയി കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും ഏറെ പ്രയാസപ്പെട്ട് ഉത്തരം കണ്ടെത്തും. ഉത്തരം കണ്ടെത്തിയാൽ മാത്രം മാഷിനു തൃപ്തിയാവില്ല. ഉത്തരം കണ്ടെത്തിയ വഴി വിശദമായി രേഖപ്പെടുത്തണം. ഇതിലുമെളുപ്പം മാളത്തിലേക്കുള്ള വഴി മറന്നുപോയ ചിന്നു മുയലിന് അതു കാട്ടിക്കൊടുക്കുകയാണ്. എന്തായാലും വഴികളെല്ലാം വിശദമായി രേഖപ്പെടുത്തി സ്ലേറ്റ് മാഷെ കാണിക്കുമ്പോൾ അവസാന ഉത്തരം ഇതായിരിക്കും: രാമനും കൃഷ്ണനും ലാഭമോ നഷ്ടമോ ഇല്ല. രാമനു നഷ്ടമുണ്ടെങ്കിൽ തന്നെ കൃഷ്ണൻ കടംവാങ്ങിയ 4 രൂപയുടെ പലിശയായി അത് ഈടാക്കാവുന്നതാണ്.

ഇത്തരം വഴിക്കണക്കുകൾ പ്രചാരത്തിലായതു മുതലാണ് ഉള്ളി തൊലിച്ചതു പോലെ എന്ന പ്രയോഗം മലയാളത്തിൽ നിന്ന് അപ്രത്യക്ഷമായതും പകരം ഓറഞ്ച് തൊലിച്ച പോലെ എന്ന പ്രയോഗം പ്രാബല്യത്തിൽ വന്നതും.

കോവിഡ് കാലത്തെ വൈദ്യുതി ബിൽ കൂടിപ്പോയെന്നു പരക്കെ പരാതി ഉയർന്നപ്പോൾ വൈദ്യുതി ബോർഡിന്റെ സ്വയം പ്രഖ്യാപിത സൈബർ പോരാളികൾക്കു കുരു പൊട്ടി. ബിൽ കണക്കാക്കേണ്ടത് എങ്ങനെയാണെന്ന് ഉപയോക്താക്കളെയും മാധ്യമ പ്രവർത്തകരെയും പഠിപ്പിക്കുകയെന്ന സദുദ്ദേശ്യം മാത്രമായിരുന്നു അവരുടെ വാട്‌സാപ് ഫോർവേഡുകൾക്കു പിന്നിൽ. അതിലൊരു കടുത്ത പോരാളിയുടെ വാട്സാപ് ഫോർവേഡ് പരിശോധിക്കാം:

ഒരാളുടെ രണ്ടു മാസത്തെ ഉപയോഗം 234 യൂണിറ്റ് എന്നു വിചാരിക്കുക. അതിന്റെ പകുതി 117 യൂണിറ്റ് ആണല്ലോ?(സംഗതി ന്യായം). നിലവിലെ താരിഫ് നിരക്ക് ഇനിപ്പറയും പ്രകാരമാണ്. താരിഫിനു 2 ഭാഗങ്ങൾ ഉണ്ടെന്നറിയാമല്ലോ? (സംഗതി അതിലും ന്യായം). ഫിക്സഡ് ചാർജും എനർജി ചാർജും. ഫിക്സഡ് ചാർജ് കണക്കാക്കുന്നത് എങ്ങനെയെന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന പട്ടിക കാണുക.

എനർജി ചാർജ് കണക്കാക്കുന്നത് ഇങ്ങനെ. 50 യൂണിറ്റ് വരെ 3.15 രൂപ. 51 മുതൽ 100 യൂണിറ്റ്‌ വരെ 3.70 രൂപ. 101 മുതൽ 150 വരെ 4.80 രൂപ. ഇങ്ങനെ പോകുന്നു വിശദമായ കണക്കുകൾ.

പോരാത്തതിന് 10% നികുതി. മീറ്റർ വാടക 6 രൂപ. മീറ്റർ വാടകയുടെ നികുതി 18%. മീറ്റർ വാടകയുടെ സെസ് 1%....... അങ്ങനെയങ്ങനെ നീണ്ടുപോകുകയാണു വഴിക്കണക്ക്. പോരാത്തതിന് ഇലക്ട്രിസിറ്റി സപ്ലൈ ആക്ട്, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ എന്നൊക്കെയുള്ള വിരട്ടുകളും മേമ്പൊടിയായുണ്ട്. പോരാളിയുടെ വഴിക്കണക്കു പ്രകാരം ബിൽ കൃത്യമായി കണക്കുകൂട്ടിയെടുക്കണമെങ്കിൽ ഒരാഴ്ച ജോലിക്കു പോകാൻ പറ്റില്ല. ആ കൂലിനഷ്ടം കണക്കാക്കിയാൽ അധികബിൽ അടയ്ക്കുന്നതായിരിക്കും ലാഭമെന്നേ ഉപയോക്താവ് കരുതൂ. 

ഇതുവച്ചു നോക്കുമ്പോൾ പഴയ മാഷ്മ്മാരുടെ വഴിക്കണക്കുകൾ എത്ര ലളിതം? ഏതായാലും സൈബർ പോരാളികളുടെ വഴിക്കണക്കുകൾ സർക്കാരിന് അത്രയ്ക്കങ്ങു ബോധിച്ചതായി തോന്നുന്നില്ല. അതുകൊണ്ടാണല്ലോ സബ്സിഡി നൽകാൻ തീരുമാനിച്ചത്. പഴയ ഓറഞ്ച് തൊലിക്കുന്ന വഴിക്കണക്കിന്റെ ലളിതഗണിതത്തെ തോൽപിക്കുന്നതിൽ  വിജയം കണ്ടെത്തിയതായി സൈബർ പോരാളികൾക്ക് ആശ്വസിക്കാം. 

സ്റ്റോപ് പ്രസ്: ട്രെയിൻ യാത്രയ്ക്കുള്ള ബെഡ് റോളും ഷീറ്റും ഇനി പുറത്തെ കടയിൽനിന്നു വാങ്ങണം.

ഉറങ്ങാനുള്ള ദേശീയ താളം റെയിൽവേ ഫ്രീയായി തരും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA