sections
MORE

ഭരണചക്രം തെളിക്കാൻ ഡിജിറ്റൽ വഴി

manorama-webinar
SHARE

ബ്യൂറോക്രസിയിലെ  പരിഷ്കാരങ്ങൾക്ക് പ്രായോഗിക നിർദേശങ്ങളുമായി മനോരമ വെബിനാർ ...

കോവിഡ് അനന്തരകാലത്ത് ലോകക്രമം മുഴുവൻ മാറുമ്പോൾ മുന്നിൽ നിൽക്കേണ്ടത് ഭരണനിർവഹണത്തിലെ മാറ്റമാണെന്ന് മലയാള മനോരമ വെബിനാർ. സാധാരണക്കാർക്കുള്ള സർക്കാർ സേവനങ്ങൾ ഡിജിറ്റൽ മാർഗത്തിൽ അവരുടെ വീടുകളിലെത്തിക്കുകയും അതുപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും വേണം.

നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാകണം. സർവീസ് സംഘടനകൾ അവകാശങ്ങൾക്കു വേണ്ടി മാത്രമല്ല, ബ്യൂറോക്രസിയിലെ പരിഷ്കാരങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കണമെന്ന നിർദേശവും ഉയർന്നു.

വെബിനാറിലെ പ്രധാന നിർദേശങ്ങൾ

∙ വളരെ പെട്ടെന്നു ചെയ്യുന്ന കാര്യങ്ങൾ കുറ്റകരമാണെന്ന പൊതുധാരണ മാറണം. ഭരണസംവിധാനത്തിലെ മെല്ലെപ്പോക്ക് ഇതോടെ കുറയും. ചട്ടങ്ങളും രീതികളുമൊക്കെ മാറിയാലേ, ഇൗ അവസ്ഥയ്ക്കും മാറ്റം വരൂ.

∙ ഇ–ഗവേണൻസ് കേന്ദ്രീകൃതമാകരുത്. ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്നതും ഉപയോഗിക്കാൻ കഴിയുന്നതുമാകണം ഇ- ഗവേണൻസിന്റെ ഭാഗമായുള്ള  എ ല്ലാ പരിഷ്കാരങ്ങളും.

∙ ആദിവാസികളും മത്സ്യത്തൊഴിലാളികളും അടക്കമുള്ള സമൂഹങ്ങളിലേക്കുകൂടി സൗകര്യങ്ങളും സേവനങ്ങളും എത്തിക്കുന്നതാകണം  പുതിയ ഭരണപരിഷ്കാരങ്ങൾ.

∙ സോഷ്യൽ ഓഡിറ്റ് കേരളം ഏറ്റെടുക്കണം. സേവനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിൽ കേരളം പിന്നിലാണ്.

∙ അധികാരവും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും താഴെത്തട്ടിലേക്കു കൈമാറാൻ മടിക്കുന്ന അവസ്ഥ മാറണം. മന്ത്രിമാർ അവരുടെ അധികാരങ്ങൾ താഴേക്കു കൈമാറണം.

∙ 19-ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഉണ്ടാക്കിയ പല നിയമങ്ങളും മാറേണ്ടിയിരിക്കുന്നു. നിയമവും ചട്ടങ്ങളും അനുവദിക്കാത്ത കാര്യങ്ങൾ എന്തു ധാർമികതയുടെ പേരിലായാലും ഉദ്യോഗസ്ഥർക്കു നടപ്പാക്കാൻ കഴിയില്ല. അതിനാൽ, നിയമങ്ങളും ചട്ടങ്ങളുമാണ് ആദ്യം മാറേണ്ടത്.

∙ അനാവശ്യമായി  ജനങ്ങളെ ഓഫിസുകളിൽനിന്ന് ഓഫിസുകളിലേക്കു നടത്തിക്കുന്ന രീതി മാറണം. അപേക്ഷ ഓൺലൈനായി നൽകിയാൽ ഇ–കൊമേഴ്സ് സൈറ്റുകാർ അപ്ഡേറ്റ് ചെയ്യും പോലെ, ഓരോ ഘട്ടവും അപേക്ഷകനെ തത്സമയം അറിയിക്കണം.

∙ മാറ്റങ്ങൾക്കനുസരിച്ചു സർക്കാർ ജീവനക്കാർക്കും പരിശീലനം നൽകണം. വെബിനാർ മുതൽ നിർമിത ബുദ്ധി വരെയുള്ള മേഖലകളിൽ ഇവർക്ക് ഉപയോഗിക്കാവുന്ന ടൂളുകൾ മാപ്പ് ചെയ്യണം.

∙ സർക്കാർ ഓൺലൈൻ സേവനങ്ങളും ഉപയോക്താക്കളുടെ താൽപര്യമനുസരിച്ച് വ്യക്തിഗതമായ അനുഭവം കൂടിയായി മാറണം.

∙ ഇ–ഗവേണൻസിന് സിഡിറ്റ്, കെൽട്രോൺ, എൻഐസി തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയാൽ ശേഷി കുറയും.

∙ സംരംഭകർക്കു സഹായമേകാൻ തുടങ്ങിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാർഗരേഖ പോലെ കൃഷി, സേവന മേഖലകളിലും മാർഗരേഖ വേണം.

∙ ടെലിമെഡിസിൻ സൗകര്യം ആരോഗ്യമേഖലയിൽ വ്യാപിപ്പിക്കണം. 

∙ സാങ്കേതിക‌‌വിദ്യ മെച്ചപ്പെടുത്താ ൻ പണം മുടക്കുമ്പോൾത്തന്നെ ആ സാങ്കേതികത്തികവ് സേവനത്തിൽ കൂടി ജനങ്ങൾക്കു നൽകാൻ ഉദ്യോഗസ്ഥർ തയാറാകണം.

∙ ഫയലുകൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഉദ്യോഗസ്ഥർക്കായി ശിൽപശാല സംഘടിപ്പിക്കണം. പ്രത്യേക പരിശീലനവും നൽകണം. സർവീസ് നിയമം, ചട്ടം എന്നിവ എല്ലാ ജീവനക്കാരെയും പഠിപ്പിക്കണം.

മെല്ലെപ്പോക്ക് ഇനി നടക്കില്ല: കെ. ജയകുമാർ

ഒന്നും ചെയ്യാതിരുന്നതിനു ശിക്ഷ വാങ്ങേണ്ടി വന്ന ഉദ്യോഗസ്ഥരെക്കുറിച്ച് നമ്മൾ അധികം കേട്ടിരിക്കാൻ ഇടയില്ല. എന്നാൽ, എന്തെങ്കിലും ജോലി ചെയ്ത് അതിലൊരു പിഴവു വന്നാൽ വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന ഉദ്യോഗസ്ഥർ ഒട്ടേറെയുണ്ട്. 

ജോലി ചെയ്യാതിരിക്കുന്നതാണു സുരക്ഷിതം എന്നൊരു പാഠം പഠിക്കുന്നവരാണു പലരും. സൂക്ഷിച്ച്, പതുക്കെ ചെയ്താൽ മതി എന്നത് സാധാരണ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പൊതു ധാരണയായി നിർഭാഗ്യവശാൽ വികസിച്ചു വന്നിട്ടുണ്ട്.

ഫയൽ തുറന്ന്, നോട്ട് എഴുതി, ക്വറി ഇട്ട് ഒരു കാര്യം തീരുമാനിക്കുന്ന രീതി ഇനിയും ഭൂഷണമാണോ എന്നു ചിന്തിക്കണം. കോവിഡ് സൃഷ്ടിച്ച മാറ്റങ്ങൾക്കൊപ്പം മാറിയില്ലെങ്കിൽ ഇനി നിലനിൽപില്ല. മാറേണ്ടതുണ്ട് എന്ന കാര്യം  ആദ്യം അംഗീകരിക്കണം. എന്നിട്ടു വേണം എങ്ങനെ മാറണമെന്നു തീരുമാനിക്കാൻ. 

ഇനി ജോലി ചെയ്യാതെ ആരെങ്കിലും ശമ്പളം വാങ്ങാമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അതു നടക്കരുത്. ജോലി ചെയ്യാതിരിക്കുന്നതിനും ശിക്ഷ ലഭിക്കുന്ന അവസ്ഥ ഉണ്ടാകണം. പ്രവർത്തിക്കുന്നവനു പീഡനം; നിഷ്ക്രിയനു സമാധാനം എന്ന അവസ്ഥ മാറാതെ മുന്നോട്ടുപോകാൻ സാധിക്കില്ല. 

സുതാര്യത നഷ്ടമാകുന്നിടത്താണ് അഴിമതി കടന്നുവരുന്നത്. ഓരോ ഉദ്യോഗസ്ഥനും അയാൾ ചെയ്തു തീർക്കേണ്ട പണി ചെയ്യുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിലും അതു ജനങ്ങൾക്കു കാട്ടിക്കൊടുക്കുന്നതിലും മുഖ്യപങ്ക് സാങ്കേതികവിദ്യയ്ക്കു തന്നെയാണ്.

പരിഷ്കാരങ്ങൾ താഴെത്തട്ടിൽ എത്തണം: എസ്.എം.വിജയാനന്ദ്

ആദിവാസി മേഖലയായ ഇടമലക്കുടിയിൽ പഞ്ചായത്ത് രൂപം കൊണ്ടത് 2010ൽ ആണ്. എന്നാൽ, പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുന്നതും പഞ്ചായത്ത് കമ്മിറ്റി യോഗം ചേരുന്നതും  മൂന്നാറിൽ. പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പ്രസിഡന്റും അംഗങ്ങളും മൂന്നാറിലേക്കു പോകണം. കാരണം, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ഇടമലക്കുടിയിൽ വരില്ല. 2016 നവംബറിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ഒരു തീരുമാനമെടുത്തു: ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് ഇടമലക്കുടിയിൽ തന്നെ പ്രവർത്തിക്കണം. മൂന്നര വർഷം മുൻപ് എടുത്ത ആ തീരുമാനം, 3 മാസം മുൻപ് അന്വേഷിച്ചപ്പോഴും നടപ്പായിട്ടില്ല. ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തു പുരോഗമനപരമായ മാറ്റം കൊണ്ടുവന്നിട്ടും കാര്യമില്ല.

സർക്കാർ ഓഫിസിൽ സേവനം തേടിയെത്തുന്നയാളെ സന്തോഷത്തോടെ മടക്കി അയയ്ക്കാൻ കഴിയുന്നിടത്താണ് ഏതുതരം ഭരണരീതിയുടെയും വിജയം. എല്ലാവരിലേക്കും സൗകര്യങ്ങളും സേവനങ്ങളും എത്തിക്കുന്നതാകണം പുതിയ ഭരണപരിഷ്കാരങ്ങൾ.

നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ കേരളം പൊതുവേ ദുർബലമാണ്. എതിർശബ്ദമുയർത്തിയാൽ പെട്ടെന്നു പേടിച്ചു പോകും. എന്നാൽ, ഇപ്പോൾ കോവിഡിനെ നേരിടാനായി  നടപ്പാക്കിയ എല്ലാ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും ജനം ഏറ്റെടുത്തു. ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതിന്റെ ഗുണമാണത്. ഭരണകർത്താക്കൾ ജനങ്ങളോടു തുറന്നു സംസാരിച്ചാൽ അവർ എല്ലാ നിർദേശങ്ങളും ഉൾക്കൊള്ളും.

ഡിജിറ്റൽ വഴി ജനങ്ങളിലേക്ക്: വി.പി.ജോയി

സർക്കാർ കൂടുതൽ സാങ്കേതിക സൗകര്യങ്ങളൊരുക്കി ജനസൗഹൃദമായി മാറണം. കോവിഡിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാനും സർക്കാർ അടിയന്തരമായി ഓൺലൈൻ സേവനങ്ങളിലേക്കു മാറേണ്ടതുണ്ട്.

സർക്കാർ മേഖലയിലെ യോഗങ്ങളെല്ലാം ഓൺലൈനായി മാറിയതോടെ തീരുമാനങ്ങൾ വേഗത്തിലായി. ചെലവു കുറഞ്ഞു. ഫയൽനീക്കത്തിന്റെ വേഗവും കൂടി. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇനി വേണ്ടത്. സർക്കാർ സേവനങ്ങളെല്ലാം മൊബൈൽ വഴിയാക്കണം. അതു സാധാരണക്കാരിലെത്തിക്കാനുള്ള ശ്രമങ്ങളും വേണം. ഞാൻ 2 വർഷം മുൻപ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സിഇഒ ആയ സമയത്ത് സേവനങ്ങൾ മൊബൈൽ വഴിയാക്കിയിരുന്നു. അതിപ്പോൾ ലക്ഷക്കണക്കിനു പേർക്കു പ്രയോജനപ്പെട്ടു. 

സർക്കാർ സേവനങ്ങൾ വീട്ടിലെത്തണം: ബി.അശോക്

ഭൗതിക സേവനം വേണ്ടാത്ത കേസുകൾക്ക് പൗരന്മാരെ ഓഫിസിലേക്കു നടത്തിക്കരുത്. അനുമതികളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന ഓഫിസുകളിൽ നേരിൽ കേൾക്കേണ്ട കാര്യങ്ങൾക്കു മാത്രമായി സന്ദർശനം പരിമിതപ്പെടുത്തുക. 

ജനാധിപത്യപരമായ ഭരണനിർവഹണ സംവിധാനം ഒരുക്കാനുള്ള അവസരം കൂടിയാണ് കോവിഡ്കാലം നൽകുന്നത്. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കാനുണ്ടായിരുന്ന വിമുഖതയിൽനിന്ന് ജനം പതിയെ പുറത്തെത്തുന്നു എന്നതു നേട്ടമാണ്. വൈദ്യുതിബിൽ ഓൺലൈനായി അടയ്ക്കുന്നതിനു പകരം നേരിട്ട് അടയ്ക്കുന്നത് പത്തിരട്ടി ചെലവേറിയ പ്രക്രിയയാണെന്ന് സൂക്ഷ്മമായി പഠിച്ചാൽ വ്യക്തമാകും. സാങ്കേതികവിദ്യ വന്നതുകൊണ്ട് തൊഴിൽ പോകുമെന്ന ധാരണ വേണ്ട. പകരം ഘടനാപരമായ മാറ്റങ്ങൾ വരുമെന്നതിനാൽ ഇതുവരെ ചിന്തിക്കാത്ത മേഖലകളിൽ പോലും കൂടുതൽ ആളുകളെ ആവശ്യമായി വരും. 

സാങ്കേതികവിദ്യയുടെ പുതുവഴി: എം.ശിവശങ്കർ

ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇല്ലാത്തതല്ല, അവ ഉപയോഗിക്കാൻ സമൂഹത്തിനുള്ള മടിയാണ് ഇതുവരെ ഇ–ഗവേണൻസിനു വിലങ്ങുതടിയായിരുന്നത്. എന്നാൽ, കോവിഡ് വന്നതോടെ ആ മടി മാറിത്തുടങ്ങി. കെഎസ്ഇബിയിൽ തുടക്കത്തിൽ 6% ഉപയോക്താക്കൾ മാത്രമാണ് ഓൺലൈൻ പേയ്മെന്റ് സൗകര്യങ്ങൾ ഉപയോഗിച്ചതെങ്കിൽ ഇന്നത് 30 ശതമാനമായി. കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ 3 കോടി ജനങ്ങൾ അക്ഷയ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജനറേറ്റ് ചെയ്തത് 6 കോടി സർട്ടിഫിക്കറ്റുകളാണ്. സമൂഹം മൊത്തമായി ഇത്തരം കാര്യങ്ങൾ ഉപയോഗിക്കാൻ സന്നദ്ധമാകുമ്പോൾ കാര്യക്ഷമതയും വർധിക്കും. 

സർക്കാരിന്റെ ആനുകൂല്യങ്ങൾ മാനുഷിക മൂല്യത്തോടെ എത്തിക്കണമെങ്കിൽ ഇവ നിരീക്ഷിക്കാൻ മികച്ച സംവിധാനം വേണം. 

മാറ്റണം, നിയമങ്ങളും ചട്ടങ്ങളും: ബി.ജി. ഹരീന്ദ്രനാഥ്

സർക്കാരിന്റെ ഒാരോ വകുപ്പും ഒറ്റപ്പെട്ട തുരുത്തുകളാണ്. അതിനാൽ പലപ്പോഴും ഓരോ വകുപ്പിന്റെയും അഭിപ്രായം ക്രോഡീകരിച്ചു വരുമ്പോൾ കാര്യമായ കാലതാമസമുണ്ടാകും. പല അധികാരങ്ങളും വികേന്ദ്രീകരിച്ചാൽത്തന്നെ പെട്ടെന്നു തീരുമാനങ്ങളെടുക്കാൻ കഴിയും. സർക്കാരിന്റെ പ്രവർത്തന ചട്ടങ്ങളിൽ കാലത്തിനനുസരിച്ചുള്ള മാറ്റവും വരണം. ഇന്ത്യൻ കോൺട്രാക്ട് ആക്ട്, ഇന്ത്യൻ ടെലഗ്രാഫ് ആക്ട്, എവിഡൻസ് ആക്ട്, ഇന്ത്യൻ പീനൽ കോഡ് തുടങ്ങിയവയൊക്കെ ഇനി എത്രയോ മാറേണ്ടിയിരിക്കുന്നു.

ഭൂമി പോക്കുവരവു നടത്താൻ ഫലപ്രദമായ നിയമം നമ്മുടെ രാജ്യത്തില്ല. ലാൻഡ് ടാക്സ് ആക്ടുണ്ട്. അതു നികുതി നൽകാൻ മാത്രമുള്ളതാണ്. ട്രാൻസ്ഫർ ഓഫ് റജിസ്ട്രി എന്ന ചട്ടത്തിലാണു പോക്കുവരവ് നടത്തുന്നത്. അതിനാകട്ടെ, നിയമസാധുതയില്ല. വെറും മാർഗരേഖ മാത്രം. 

കേരളം പാഠപുസ്തകം: ശ്രീ ശ്രീനിവാസൻ

ഭരണനിർവഹണം തികഞ്ഞ പരാജയമായി മാറിയ യുഎസിൽനിന്ന് കേരളത്തിലേക്ക് അടുത്ത തവണ ഞാൻ വരുന്നത് അവിടന്ന് പഠിക്കാനായിരിക്കും, പഠിപ്പിക്കാനല്ല. അത്രത്തോളമുണ്ട് കോവിഡ്കാലത്ത് യുഎസ് പോലെയുള്ള രാജ്യങ്ങൾക്കു കേരളം നൽകുന്ന പാഠം. 

ഭരണനിർവഹണ സംവിധാനം എങ്ങനെയാകരുതെന്ന പാഠമാണ് യുഎസ് നൽകുന്നത്. ഇവിടത്തെ ഗവർണർമാർ സാമൂഹിക അകലത്തിന്റെയോ മാസ്ക്കിന്റെയോ പ്രാധാന്യത്തെക്കുറിച്ചു പറയുന്നില്ല. ഭരണകൂടത്തിന്റെ ഈ അനാസ്ഥ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് ഭീഷണിയിലാക്കിയിരിക്കുന്നത്. യുഎസിലെ സർക്കാർ സംവിധാനം ശരിയല്ലെന്ന തിരിച്ചറിവാണു ജനങ്ങൾക്കുണ്ടാകുന്നത്. 

കേരളം ഇതിൽ നിന്നെല്ലാം വിഭിന്നമായി ഉത്തമമായ മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്. ഈ കേരള മോഡൽ ചരിത്രത്തിന്റെ ഭാഗമാകുമെന്നുറപ്പ്.

കോവിഡ് അവസരമാകണം: റോഷൻ ജേക്കബ്

മൈനിങ് എന്ന വാക്കു കേട്ടാൽ എല്ലാം നിയമവിരുദ്ധം എന്നാണു പൊതുവേ ധാരണ. എന്നാൽ, എല്ലാം നിയമവിധേയമായി നടക്കണം എന്നായിരുന്നു എന്റെ തീരുമാനം. ഇതു മനസ്സിൽ സൂക്ഷിച്ചാണ് യുപിയിൽ മൈനിങ് ആൻഡ് ജിയോളജി വിഭാഗത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയത്. തടസ്സവാദങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും പദ്ധതികളെല്ലാം നടപ്പാക്കി. 

ജനങ്ങളുടെ പരാതികൾ വിശദമായി പരിശോധിച്ച്, യാഥാർഥ്യം കണ്ടെത്തണം. അവരുടെ ബുദ്ധിമുട്ട് മാറ്റിക്കൊടുക്കണം. എല്ലാ സേവനങ്ങളും ഓൺലൈനാക്കണം. 

മൈൻ മിത്ര എന്ന പ്രോജക്ടും യുപിയിൽ നടപ്പാക്കി. സാധാരണക്കാർക്കായി ഓൺലൈൻ മിനറൽ മാർട്ട് നടപ്പാക്കാനൊരുങ്ങുകയാണ്. കോവിഡിനെ അവസരമായിക്കണ്ട് ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കിയപ്പോൾ ജനം അതു നെഞ്ചിലേറ്റി.

സാധാരണക്കാർക്ക് പ്രയോജനം കിട്ടണം: ചവറ ജയകുമാർ

ബ്യൂറോക്രസിയെ ഭീകരന്മാരായി ചിലരെങ്കിലും കാണുന്ന സമീപനത്തിൽ മാറ്റം വരണം. ഓഫിസുകളിലെ ബുദ്ധിമുട്ടുകളറിഞ്ഞ് ഉദ്യോഗസ്ഥ തസ്തികകൾ സൃഷ്ടിക്കണം. പഞ്ചായത്ത്, റവന്യു, ആരോഗ്യം, പൊലീസ് വകുപ്പുകളിലാണ് ജനങ്ങൾ കൂടുതലായും സേവനം തേടി എത്തുന്നത്. ജനോപകാരപ്രദമായാൽ മാത്രമേ സിവിൽ സർവീസ് ജനകീയമാകൂ. പാർശ്വവൽക്കരിക്കപ്പെട്ടവർക്കു സേവനം എത്തിക്കണം.

ഡിജിറ്റൽ സാക്ഷരതയിൽ മുന്നിലെത്തിയിട്ടും, സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നുണ്ടോ എന്നതിനെക്കുറിച്ച് ഗൗരവത്തോടെ ചിന്തിക്കണം. സാധാരണക്കാർക്ക് മികച്ച രീതിയിൽ സേവനം ലഭിക്കണമെങ്കിൽ ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കണം. ഇപ്പോഴും പരമ്പരാഗത രീതിയിലാണു ഫയലുകൾ നീങ്ങുന്നത്. ഇതിനു മാറ്റം വരുത്തേണ്ട സമയമായി. 

ജീവനക്കാർക്ക് പരിശീലനം വേണം: ഇ. പ്രേംകുമാർ

ഓഫിസിൽ എത്തുന്നവർക്ക് മെച്ചപ്പെട്ട സേവനം നൽകുക എന്നതാണു സിവിൽ സർവീസിന്റെ അജൻഡ എങ്കിലും, ഒരു ചെറു ന്യൂനപക്ഷം കേരളത്തിലെ സിവിൽ സർവീസിനു പേരുദോഷം വരുത്തുന്നു. ഇവരെ തിരുത്തണം.

ഏൽപിച്ച ജോലി ഉദ്യോഗസ്ഥർ കൃത്യമായി ചെയ്യണം. ഓഫിസ് മേധാവികൾ ഉൾപ്പെടെയുള്ളവർ ഇടയ്ക്കിടെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും അവലോകന യോഗങ്ങൾ വിളിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥർക്കു പ്രത്യേക പരിശീലനം നൽകണം.

സർക്കാർ ഓഫിസുകളിൽ സേവനം തേടി എത്തുന്നവർക്ക് ഇരിപ്പിടവും വെള്ളവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തണം. ഇ–ഗവേണൻസ് വിപുലീകരിക്കണം.  സർക്കാർ ഓ ഫിസിൽ സേവനം തേടി എത്തുന്ന സാധാരണക്കാർ ചിരിച്ചു കൊണ്ട് ഓഫിസിന്റെ പടിയിറങ്ങുന്ന സ്ഥിതി ഉണ്ടാകണം. 

∙ വെബിനാറിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ മോഡറേറ്ററായി. സംസ്ഥാന ധനകാര്യ കമ്മിഷൻ അധ്യക്ഷനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്.എം. വിജയാനന്ദ്,  കാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി വി.പി.ജോയി, സിവിൽ സപ്ലൈസ് സിഎംഡി ബി.അശോക്, ഐടി സെക്രട്ടറി എം.ശിവശങ്കർ, മുൻ നിയമ സെക്രട്ടറിയും സെഷൻസ് ജഡ്ജുമായ ബി.ജി.ഹരീന്ദ്രനാഥ്, ന്യൂയോർക്ക് സിറ്റി മുൻ ചീഫ് ഡിജിറ്റൽ ഓഫിസർ ശ്രീ ശ്രീനിവാസൻ, യുപി സർക്കാരിന്റെ മൈനിങ് ആൻഡ് ജിയോളജി വിഭാഗം സെക്രട്ടറിയും ഡയറക്ടറുമായ റോഷൻ ജേക്കബ്, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാർ, എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ എന്നിവർ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സ്റ്റാർ പൈപ്പ്സ് ആയിരുന്നു പ്രായോജകർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA