sections
MORE

പ്രവാസികൾക്കു നേരെ വാതിലടയ്ക്കരുത്

SHARE

പ്രവാസി മലയാളികളെപ്പറ്റിയുള്ള പ്രശംസാവാക്കുകളല്ല, പ്രതിസന്ധിയിൽ അവരെ സഹായിക്കാനുള്ള സന്നദ്ധതയും സന്മനസ്സുമാണ് സർക്കാരിൽനിന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്നു വിദേശരാജ്യങ്ങളിൽനിന്നു നാട്ടിലേക്കു മടങ്ങാനിരിക്കുന്ന മലയാളികൾക്ക് അതിനുള്ള സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കേണ്ടതുണ്ട്. ‘കോവിഡില്ലാ സർട്ടിഫിക്കറ്റ്’ പോലുള്ള അപ്രായോഗിക നിബന്ധനകൾ ഏർപ്പെടുത്തി അവരുടെ മടങ്ങിവരവിനു സർക്കാർതന്നെ തടസ്സം നിൽക്കരുത്.

ഏകദേശം 5 ലക്ഷം പ്രവാസികളാണു നാട്ടിലേക്കു മടങ്ങാൻ നോർക്ക വഴി റജിസ്റ്റർ ചെയ്തത്. അതിൽ ഒരു ലക്ഷത്തിൽ താഴെ പേർക്കേ ഇതുവരെ നാടണയാൻ കഴിഞ്ഞിട്ടുള്ളൂ. ഗർഭിണികൾക്കും രോഗികൾക്കുമൊക്കെ ആദ്യ യാത്രകളിൽ മുൻഗണന ലഭിച്ചുവെന്നത് നല്ല കാര്യം. ജോലിയും താമസസൗകര്യവും നഷ്ടമായി, ഭക്ഷണത്തിനു പോലും വഴിയില്ലാതെ നരകിക്കുന്ന ആയിരങ്ങൾ ഇനിയും മടങ്ങാനുള്ളവരുടെ കൂട്ടത്തിലുണ്ട്. ഗൾഫ് രാജ്യങ്ങളിൽ മാത്രം ഇതിനോടകം ഇരുനൂറ്റിയറുപതിലേറെപ്പേർ കോവിഡ് ബാധിച്ചു മരിച്ചു എന്ന ദുരന്തസാഹചര്യവും നമ്മുടെ മുന്നിലുണ്ട്.

മടങ്ങിവരുന്നതിന് ‘കോവിഡില്ലാ സർട്ടിഫിക്കറ്റ്’ നാളെ മുതൽ നിർബന്ധമാക്കാനാണു സർക്കാർ തീരുമാനം. പ്രതിപക്ഷവും പ്രവാസികളുമെല്ലാം അപ്രായോഗികത ചൂണ്ടിക്കാണിച്ചിട്ടും ഈ നിബന്ധന ഉപേക്ഷിക്കാൻ സർക്കാർ തയാറായിട്ടില്ല. ആദ്യം ചാർട്ടേഡ് വിമാനങ്ങളിൽ മാത്രമാണ് ഏർപ്പെടുത്തിയതെങ്കിൽ, ഇപ്പോൾ വന്ദേഭാരത് മിഷൻ വിമാനങ്ങളിലും ഈ സർട്ടിഫിക്കറ്റ് കർശനമാക്കിയിരിക്കുകയാണ്. യുഎഇ, ഖത്തർ എന്നിവിടങ്ങളിലൊഴികെ ‘കോവിഡില്ലാ സർട്ടിഫിക്കറ്റ്’ ലഭിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോഴില്ല. സംസ്ഥാന സർക്കാർ പിന്നീട് മുന്നോട്ടുവച്ച ട്രൂനാറ്റ് പരിശോധനാ സംവിധാനം വിദേശരാജ്യങ്ങളിൽ നടപ്പാക്കാൻ കഴിയില്ലെന്നു കേന്ദ്രസർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ചവർക്കായി പ്രത്യേക വിമാനമെന്ന കേരളത്തിന്റെ നിർദേശവും കേന്ദ്രം തള്ളി. ഫലത്തിൽ, പ്രവാസികളുടെ മടങ്ങിവരവ് തീർത്തും അനിശ്ചിതത്വത്തിലായിരിക്കുന്നു.

കേന്ദ്രസർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽപോലും വിദേശരാജ്യങ്ങളിൽ മലയാളികൾക്കായി പ്രത്യേക പരിശോധന ഏർപ്പെടുത്താനുള്ള സാധ്യത കുറവാണ്. ആന്റിബോഡി ടെസ്റ്റ് പല രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. മാതൃകയായി സംസ്ഥാന സർക്കാർ ഉയർത്തിക്കാണിച്ചത് യുഎഇയെയാണ്. എന്നാൽ, അവിടെ പരിശോധന പൂർത്തിയാക്കി വന്നവരാണ് കേരളത്തിലെത്തിയ ശേഷം രോഗം തിരിച്ചറിഞ്ഞവരിൽ 50 ശതമാനത്തിലധികവുമെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നു. നിബന്ധനകൾ ഏർപ്പെടുത്തും മുൻപ് അതിന്റെ പ്രായോഗികതയെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ അന്വേഷിക്കാൻ സർക്കാർ മുതിർന്നിട്ടില്ല എന്നു വ്യക്തം.

കോവിഡ് ഉള്ളവരും ഇല്ലാത്തവരും ഒരുമിച്ചു വിമാനയാത്ര ചെയ്യുമ്പോൾ രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന സർക്കാരിന്റെ ആശങ്ക ന്യായമാണ്. അതു പരിഹരിക്കാൻ യാത്രക്കാർക്ക് പിപിഇ കിറ്റ്, യാത്രയിൽ വ്യക്തിപരമായ അകലം കാത്തുസൂക്ഷിക്കാനുള്ള സംവിധാനം എന്നിവ ഉൾപ്പെടെയുള്ള കർശന മുൻകരുതലുകളാണു സ്വീകരിക്കേണ്ടത്. കേരളത്തിലെത്തുന്ന പ്രവാസികളുടെ ക്വാറന്റീൻ നടപടികളും കർശനമാക്കണം. വീടുകളിൽ സൗകര്യമില്ലെങ്കിൽ സർക്കാർ കേന്ദ്രങ്ങളിൽ കൂടുതൽ ക്വാറന്റീൻ സൗകര്യമൊരുക്കണം. തിരികെയെത്തുന്ന പ്രവാസികളെല്ലാം രോഗം പരത്തുന്നവരാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാനുള്ള ബോധവൽക്കരണവും വേണം.

സർക്കാർ തന്നെ വിമാനങ്ങൾ ചാർട്ടർ ചെയ്യണമെന്ന, ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളുടെ ആവശ്യം ന്യായമാണ്. ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാൻ മുൻകയ്യെടുക്കുന്ന പ്രവാസി സംഘടനകളെ സർക്കാർ പ്രോത്സാഹിപ്പിക്കണം. പുറത്തുനിന്നു വരുന്നവരെ സ്വീകരിക്കാൻ യുഎഇ പോലുള്ള രാജ്യങ്ങൾ തയാറായിട്ടുണ്ട്. കേരളത്തിൽനിന്നു മടങ്ങാനുള്ളവർക്ക് അതിനുള്ള യാത്രാസൗകര്യമൊരുക്കാനും സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA