റെഡ് സല്യൂട്ട്, ചെന്നിത്തല!

keraleeyam
SHARE

ആലപ്പുഴ തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിവാദം ചൂടുപിടിച്ചതോടെ പൊഴിമുഖം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പൊലീസ് കേസെടുത്തതിൽ യുഡിഎഫും കോൺഗ്രസും ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതേ തോട്ടപ്പള്ളി വിഷയത്തിൽ കേസിൽപെട്ടവരുടെ പട്ടികയിൽ പ്രമുഖ ഭരണകക്ഷിയുടെ നേതാവുമുണ്ട്: സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്.

കടപ്പുറത്തുനിന്നു മണലെടുക്കുന്നതിനെ ചെറുക്കുന്നതിൽ അവിടെ പ്രതിപക്ഷവും സിപിഐയും ഒറ്റക്കൈയാണ്. ന്യായീകരണങ്ങളുമായി സിപിഎം മറുവശത്തും. സംസ്ഥാനതലത്തിൽ സിപിഐ ഏറ്റെടുത്തിട്ടില്ലെങ്കിലും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ  ബിനോയ് വിശ്വം തോട്ടപ്പള്ളി സന്ദർശിച്ചു. പിറ്റേന്നു തലസ്ഥാനത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ടു പ്രതിഷേധമറിയിച്ചു. അതിരപ്പിള്ളിക്കു വീണ്ടും ജീവൻവയ്ക്കുന്നുവെന്ന സൂചന ഈ കൂടിക്കാഴ്ചയുടെ ദിവസം തന്നെയാണു മാധ്യമങ്ങളിൽ നിറഞ്ഞത്. അതിരപ്പിള്ളി വിരുദ്ധരിൽ പ്രമുഖനായ ബിനോയ് അതിലെ വിയോജിപ്പുകൂടി മുഖ്യമന്ത്രിയോടു പറഞ്ഞോയെന്നു വ്യക്തമല്ല. എന്തായാലും, ആ സർക്കാർ നീക്കത്തെ രൂക്ഷമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചു. അതേ ദിവസംതന്നെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അതിരപ്പിള്ളിക്കെതിരെ രംഗത്തെത്തി.

ഡേറ്റ തൊട്ടുള്ള അന്തർധാര

പ്രതിപക്ഷവും സിപിഐയും തമ്മിൽ അന്തർധാരകളുണ്ടെന്ന് ആരോപിച്ചാൽ ഇരുപക്ഷവും എതിർക്കും. പക്ഷേ, സമീപകാലത്തു സർക്കാരിനെതിരെ ഉയർന്നുവന്ന വിവാദങ്ങളിലെല്ലാം ഇവർ ഒരേ തൂവൽപക്ഷികളെപ്പോലെയാണു പെരുമാറിയത്. സ്പ്രിൻക്ലർ ഡേറ്റ വിവാദം തൊട്ട് അമിത വൈദ്യുതി ബിൽ വരെയുള്ള പട്ടികയിൽ ഈ സാഹോദര്യം തെളിഞ്ഞുകാണാം. സർക്കാരും സിപിഎമ്മും ഒരുഭാഗത്തു നിൽക്കുമ്പോൾ പ്രതിപക്ഷവും സിപിഐയും മറുവശത്തു ‘കൈകോർക്കാതെ’ പൊരുതുകയും ആ പോരാട്ടം പലപ്പോഴും വിജയിക്കുകയും ചെയ്യുന്നത് ഇടതു നേതൃത്വത്തിനു ഗൗരവത്തോടെ കാണാതിരിക്കാൻ കഴിയില്ല. പൊതുമണ്ഡലത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഭരണമുന്നണിയിലെ രണ്ടാം കക്ഷിയുടെ ‘റെഡ് സല്യൂട്ട്’ പ്രതിപക്ഷത്തിനു ലഭിക്കുന്നുവെന്നതാണ് അതിന്റെ കാതൽ.

ലോക്ഡൗൺ കാലത്തെ വിവാദ പരമ്പരകളിൽ ഒന്നാം സ്ഥാനം സൂക്ഷിക്കുന്ന ‘സ്പ്രിൻക്ലർ’ ഉയർത്തിക്കൊണ്ടുവന്നതു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണെങ്കിൽ, ഇടതുപക്ഷത്തിനുള്ളിൽ തിരുത്തലിനായി ശബ്ദിച്ചത് കേരളത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയതലത്തിൽ ജനറൽ സെക്രട്ടറി ഡി. രാജയുമായിരുന്നു. ഇടതു നയസമീപനത്തിനു യോജിച്ച കരാറിലല്ല ഏർപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി സിപിഎമ്മിനു സിപിഐ കത്തുനൽകി. ഈ ഇടപാടിനോടു വിയോജിപ്പുണ്ടായിരുന്ന സീതാറാം യച്ചൂരിക്ക് ഡി.രാജയുടെ പരാതി മൂലം ഇവിടെ ഇടപെടൽ എളുപ്പമായി. പമ്പാ ത്രിവേണിയിൽനിന്നുള്ള മണലെടുപ്പിനു പിന്നിലെ ‘ചെളി’ പുറത്തു കൊണ്ടുവന്നതും പ്രതിപക്ഷം തന്നെ. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പറഞ്ഞതല്ല, വനംമന്ത്രി കെ.രാജു കേട്ടത്; പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടതാണ്. അതിന് അദ്ദേഹത്തിനു ധൈര്യം നൽകിയതു സ്വന്തം പാർട്ടിയായ സിപിഐയും.

അതിരപ്പിള്ളിയുടെ കാര്യത്തിൽ സർക്കാരും കെഎസ്ഇബിയും ചെയ്തതു സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന മുഖ്യമന്ത്രിയുടെയും മന്ത്രി എം.എം.മണിയുടെയും വിശദീകരണം സിപിഐ തള്ളുന്നില്ല. പക്ഷേ, അതിരപ്പിള്ളിയുടെ കാര്യത്തിൽ തങ്ങളെ ഭയന്ന് കൈകെട്ടിയിരിക്കാനൊന്നും കിട്ടില്ലെന്ന സന്ദേശം നൽകാനുള്ള അവസരമായിക്കൂടി സിപിഎം അതിനെ ഉപയോഗിച്ചെന്നു സിപിഐ കരുതുന്നു.

അമിത ബില്ലിനെതിരെ കേരളം മുഴുവൻ വൈദ്യുതവിളക്കുകൾ അണച്ചുള്ള സമരം പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കെയാണ്, അവരുടെ ആവലാതി സ്വരം കൂടുതൽ കടുപ്പിച്ചുകൊണ്ടുള്ള പ്രമേയം സിപിഐ നിർവാഹകസമിതി പാസാക്കി പരസ്യമാക്കിയത്. തൊട്ടുപിറ്റേന്നു ബില്ലിലെ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ ഒരേസമയം ചിരിച്ചതു ചെന്നിത്തലയും കാനം രാജേന്ദ്രനുമാണ്.

‘ഡേറ്റ കാര്യത്തിലും അതിരപ്പിള്ളിയിലും ഞങ്ങളുടെ നിലപാട് ഉയർത്തിപ്പിടിക്കുന്നതിലേക്കു കോൺഗ്രസ് മാറുകയാണു ചെയ്തത്. പമ്പയുടെ കാര്യത്തിൽ സ്വീകരിച്ചതു നിയമപരമായ നിലപാടാണ്. സർക്കാരിനെതിരെ എന്തും ആയുധമാക്കുന്ന പ്രതിപക്ഷ സമീപനമല്ല ഞങ്ങളുടേത്’– കാനം പറഞ്ഞു.

‘പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളുടെ മെറിറ്റാണ് അതിനെ പിന്തുണയ്ക്കാൻ ഭരണകക്ഷി തന്നെ നിർബന്ധിതമായതിൽ തെളിയുന്നത്. ജനവിരുദ്ധ മുന്നണിയിൽ തുടരുന്നതിലുള്ള സിപിഐയുടെ വീർപ്പുമുട്ടൽ ഞങ്ങൾക്കു മനസ്സിലാകും’ – പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി നൽകി.

സിപിഐയുടെ പരസ്യവിമർശനങ്ങളോട് അതേ നാണയത്തിൽ മറുപടി പറയേണ്ടതില്ലെന്ന നയമാണു സിപിഎം ഇപ്പോൾ പുലർത്തുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മും പ്രതിപക്ഷത്തിനു നൽകുന്ന മറുപടി സിപിഐക്കു കൂടി ബാധകമാകുമ്പോൾ, പ്രത്യേകിച്ച് എന്തിനു പ്രതികരണമെന്നും അവർ ചിന്തിക്കുന്നുണ്ടാകാം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA