sections
MORE

വാരിയംകുന്നൻ: തെളിയട്ടെ, വ്യത്യസ്ത കാഴ്ചകൾ; എൻ. എസ്. മാധവൻ എഴുതുന്നു

trump-speech
ഓക്‌ലഹോമയിലെ ടൽസയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുന്ന ട്രംപ്. ഒഴിഞ്ഞുകിടക്കുന്ന കസേരകൾ കാണാം.
SHARE

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ തെക്കൻ മലബാറിൽ പലയിടങ്ങളിലായി, ഭരണാധികാരികളായ ബ്രിട്ടിഷുകാർക്കെതിരെ നടന്ന പോരാട്ടങ്ങളെ ബ്രിട്ടിഷ് രേഖകളിൽ വിളിക്കുന്നതു ‘മാപ്പിള ലഹള’ എന്നാണ്. ഈ വിഷയത്തെക്കുറിച്ചു ധാരാളം പഠനങ്ങൾ ഇംഗ്ലിഷിലും മലയാളത്തിലും വന്നിട്ടുണ്ട്. 

ടിപ്പുവിന്റെ തോൽവിക്കു ശേഷം, ഭൂമിയുടെമേൽ പൂർണാവകാശം ബ്രിട്ടിഷുകാർ അനുവദിച്ചു കൊടുത്ത ജന്മികളിൽ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. കുടിയാന്മാരായിരുന്ന മാപ്പിളമാരും ജന്മിമാരുമായുള്ള സംഘർഷങ്ങൾ 1916 മുതൽ ശക്തിപ്രാപിച്ചു വരികയായിരുന്നു.

ഇതിനിടയിലാണ്, തുർക്കിയിലെ ഖലീഫയെ നീക്കം ചെയ്തതിനെത്തുടർന്ന് ബ്രിട്ടിഷുകാർക്കെതിരായുണ്ടായ വികാരം ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനമായി രൂപാന്തരപ്പെടുന്നത്. ഗാന്ധിജി അതിനെ പിന്തുണച്ചു; ബ്രിട്ടിഷ് സർക്കാരിനെതിരായ വലിയ ബഹുജന മുന്നേറ്റമായി നിസ്സഹകരണ - ഖിലാഫത്ത് പ്രസ്ഥാനം മാറി. കോൺഗ്രസ്, ഖിലാഫത്ത് നേതാക്കളായ കെ.മാധവൻ നായർ, മൊയ്തീൻ കോയ, വി. ഗോപാലമേനോൻ എന്നിവരുടെ അറസ്റ്റ് വലിയ പ്രതിഷേധത്തിനു വഴിവച്ചു. പൂക്കോട്ടൂരിലെ പ്രാദേശിക നേതാവായ വി.മുഹമ്മദിനെ അറസ്റ്റ് ചെയ്യുന്നത് അവിടത്തെ ജനങ്ങൾ തടഞ്ഞു.

പൂക്കോട്ടൂരിൽ സർക്കാരിനു തിരിച്ചടിയേറ്റതോടെ അന്നത്തെ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ഇ.പി.തോമസ് പട്ടാളത്തിന്റെ സഹായം തേടി. 1921 ഓഗസ്റ്റ് 20നു പൊലീസും പട്ടാളവും തിരൂരങ്ങാടിയിലെത്തി, അവിടത്തെ ആരാധനാലയവും ഖിലാഫത്ത് കാര്യാലയവും പ്രമുഖ മാപ്പിളനേതാക്കളുടെ വീടുകളും വളഞ്ഞു. ആരാധനാലയത്തിൽ പൊലീസിന്റെ കടന്നുകയറ്റവും അതെത്തുടർന്നുണ്ടായ കിംവദന്തികളും ജനങ്ങളെ പ്രക്ഷുബ്ധരാക്കി. ആ പ്രക്ഷോഭം അടുത്ത 5 ദിവസത്തിനകം ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ പരക്കുകയും ചെയ്തു. ടെലിഗ്രാഫ്, റെയിൽവേ, സർക്കാർ കാര്യാലയങ്ങൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവ തകർക്കപ്പെട്ടു; കുടിയായ്മ സംബന്ധിച്ച രേഖകൾ തീയിട്ടു നശിപ്പിച്ചു.

കലാപത്തിന്റെ സ്വാഭാവിക പ്രകൃതി അതിന് ആദ്യകാലത്തു കൃത്യവും ഏകോപിതവുമായ നേതൃത്വത്തെ നൽകിയില്ല. മാത്രമല്ല, കോൺഗ്രസ് – ഖിലാഫത്ത് പ്രസ്ഥാനത്തിലെ മുതിർന്ന നേതാക്കൾ ജയിലിലും ആയിരുന്നു. തിരൂരങ്ങാടിയിൽ വിളിച്ചുകൂട്ടിയ അടിയന്തര യോഗത്തിലാണു കലാപത്തിന്റെ നേതൃത്വത്തെക്കുറിച്ച് തീരുമാനമുണ്ടാകുന്നത്: തിരൂരങ്ങാടി പ്രദേശം ആലി മുസല്യാരുടെയും ഏറനാട് താലൂക്ക് ചെമ്പ്രശ്ശേരി തങ്ങളുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും, വള്ളുവനാട് താലൂക്കിന്റെ ചില ഭാഗങ്ങൾ സീതിക്കോയ തങ്ങളുടെയും നേതൃത്വത്തിൽ വിഭജിക്കപ്പെട്ടു.

ഇവരിൽ വാരിയംകുന്നത്ത് ഹാജിയുടെ പേരിലാണ് ഇപ്പോൾ 4 സിനിമകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടിഷുകാർ കലാപം അടിച്ചമർത്തിയതിനു ശേഷം അദ്ദേഹത്തിനു നൽകിയ വധശിക്ഷ, അതിനെ അദ്ദേഹം നേരിട്ട രീതി, എന്നിവ വാരിയംകുന്നത്തിനെ വേറിട്ടുനിർത്തുന്നു.

സാമ്രാജ്യത്വവിരുദ്ധതയും ജന്മിവിരുദ്ധതയും മതവും എല്ലാംകൂടി കലർന്ന് വളരെ സങ്കീർണമായ, ഒട്ടേറെ സൂക്ഷ്മതലങ്ങളുള്ള ഒരു കാലഘട്ടത്തെയാണു മലബാർ കലാപം എന്ന സംജ്ഞ സൂചിപ്പിക്കുന്നത്. അതെക്കുറിച്ച് പലതരം സിനിമകളും പഠനങ്ങളും ഉണ്ടാകുന്നതു നല്ലതാണ്; അവ ചൂടിനോടൊപ്പം വെളിച്ചവും പകരണം. 

ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകളിലെല്ലാം പറയാതെ പോകുന്ന കാര്യം, ബ്രിട്ടിഷുകാർ മലബാറിൽ കാണിച്ച കൊടുംക്രൂരതയാണ്. അതു വാഗൺ ദുരന്തത്തിൽ മാത്രം അവസാനിക്കുന്നില്ല. കലാപത്തിന്റെ മൂർധന്യത്തിൽ, സിവിൽ ഭരണം തകർന്നതിനെത്തുടർന്ന് പട്ടാളത്തെ വിളിക്കേണ്ടി വന്നു. ബാംഗ്ലൂരിൽനിന്ന് ഡോർസെറ്റ് റജിമെന്റാണ് ആദ്യം മലബാറിലെത്തിയത്. ഇംഗ്ലണ്ടിലെ അവരുടെ മ്യൂസിയത്തിലും റജിമെന്റിന്റെ ചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവം ഇതാണ്: മാപ്പിള കലാപകാരികൾ ഒളിച്ചിരിക്കുന്നെന്ന സംശയത്തെത്തുടർന്ന് യന്ത്രപ്പീരങ്കികൾ ഉപയോഗിച്ചു വീടുകൾക്കുനേരെ വെടിവച്ചു.

250 പേർ കൊല്ലപ്പെട്ടു. ഒറ്റ ബ്രിട്ടിഷ് പട്ടാളക്കാരനുപോലും പരുക്കേറ്റില്ലെന്ന് അവർ അഭിമാനപൂർവം രേഖപ്പെടുത്തുന്നു. മറ്റൊരിടത്ത് സമാനമായ സംഭവത്തിൽ മരിച്ചവരുടെ സംഖ്യ 50 ആയിരുന്നു. അവിടെയും ബ്രിട്ടിഷുകാർക്ക് ഒരു പോറൽപോലും ഏറ്റില്ല. ഇത്തരത്തിൽ പലയിടത്തും ആവർത്തിച്ചു കാണണം. നിരായുധരും നിഷ്പക്ഷരുമായ ഒട്ടേറെ പൗരന്മാരെക്കൂടി കൊന്നൊടുക്കിയാണ് ബ്രിട്ടിഷുകാർ ഈ കലാപത്തെ അടിച്ചമർത്തിയത്. യുദ്ധക്കുറ്റത്തിനു സമാനമായ ഈ സംഭവങ്ങൾക്കെതിരെ പ്രതിഷേധം ഉയരാത്തതിനുള്ള മുഖ്യകാരണം, ഈ കലാപത്തെക്കുറിച്ച് ബ്രിട്ടിഷുകാർ നിർമിച്ച, വിഭജനം ലാക്കാക്കിയുള്ള ആഖ്യാനത്തിന്റെ ശക്തിയാണ്.

 ഇന്റർനെറ്റ് എന്ന രാഷ്ട്രീയായുധം 

കോവിഡ്കാലത്തും രാഷ്ട്രീയം അതിന്റെ മുറയ്ക്കു നടക്കും. തിരഞ്ഞെടുപ്പുകൾ വരും; ഭരണങ്ങൾ മാറും. ശാരീരിക അകലം പാലിക്കേണ്ടതിനാൽ ഇന്റർനെറ്റ് ആയിരിക്കും മുഖ്യ പ്രചാരണവേദി. എന്നാൽ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായുള്ള തന്റെ പ്രചാരണം, തികച്ചും പരമ്പരാഗത രീതിയിലാണ് വീണ്ടും തുടങ്ങാൻ ഉദ്ദേശിച്ചത്.

രാജ്യത്തെ കടുത്ത രോഗവ്യാപനവും ഉയർന്ന മരണനിരക്കും കണ്ടില്ലെന്നു നടിച്ച്, ഓക്‌ലഹോമ സംസ്ഥാനത്തെ ടൽസയിലെ 19000 പേർക്ക് ഇരിക്കാവുന്ന ഹാളാണ് അദ്ദേഹം റാലിയുടെ വേദിയായി തിരഞ്ഞെടുത്തത്. പ്രസംഗം കേൾക്കാൻ എത്തുന്നവർ സൗജന്യ ടിക്കറ്റിനായി മുൻകൂട്ടി പേരു റജിസ്റ്റർ ചെയ്യണമായിരുന്നു. അങ്ങനെ ചെയ്തവർ 10 ലക്ഷം പേരാണെന്ന് യോഗത്തിനു മുൻപ് ട്രംപിന്റെ പ്രചാരകർ പറഞ്ഞു. ഹാളിനു പുറത്തും ആളുകൾക്ക് ഇരിപ്പിടങ്ങളൊരുക്കി.

എന്നാൽ, സംഭവിച്ചതു മറ്റൊന്നാണ്. കോവിഡും കറുത്ത വർഗക്കാർക്കെതിരായ വിവേചനവും യുഎസിൽ ട്രംപ് വിരുദ്ധ വികാരത്തിന്റെ താപനില ഉയർത്തിയിരിക്കുന്നു. വരുംകാലങ്ങളിൽ ഇന്റർനെറ്റ് എങ്ങനെ ഒരു രാഷ്ട്രീയായുധമായി മാറുമെന്നതിനു സാക്ഷ്യം വഹിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. വോട്ടവകാശം പോലുമില്ലാത്ത കുമാരീകുമാരന്മാർ ട്രംപിന്റെ യോഗത്തിനു സൗജന്യ ടിക്കറ്റിനായി പേര് റജിസ്റ്റർ ചെയ്തു.

ഉദ്ദേശ്യം ഒന്നേയുണ്ടായിരുന്നുള്ളൂ – യോഗത്തിൽ പങ്കെടുക്കാതിരിക്കുക, അതുവഴി കസേരകൾ ഒഴിച്ചിടുക. മുതിർന്ന ആളുകളും വെറുതേയിരുന്നില്ല; മേരി ജോ ലൗപ്പ് എന്ന മുത്തശ്ശി വൈറലായ ഒരു ടിക്ടോക് വിഡിയോയിലൂടെ, ടിക്കറ്റെടുത്ത് യോഗത്തിൽ പങ്കെടുക്കാതിരിക്കാൻ ആഹ്വാനം ചെയ്തു. കെ-പോപ് എന്നറിയപ്പെടുന്ന ദക്ഷിണ കൊറിയയിലെ പോപ് സംഗീതത്തിന്റെ യുഎസിലെ ആരാധകരും വൻതോതിൽ ടിക്കറ്റെടുത്ത ശേഷം, പോകരുതെന്ന് ഇന്റർനെറ്റിലൂടെ ആവശ്യപ്പെട്ടു.

റാലി നടന്നപ്പോൾ ട്രംപിനു കാണാൻ കഴിഞ്ഞത് ഒഴിഞ്ഞ കസേരകളായിരുന്നു. ചെറുപ്പക്കാരുടെയും മറ്റും പ്രചാരണത്തിനു പുറമേ, കോവിഡ് ഭയവും ആളുകളെ വീട്ടിലിരുത്തി. വെറും 6000 പേരേ യോഗത്തിൽ പങ്കെടുത്തുള്ളൂ. ഇന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഐടി സെല്ലുകളെ ഉപയോഗിച്ച് ഇന്റർനെറ്റിൽ സജീവമാണ്. എന്നാൽ തികച്ചും വികേന്ദ്രീകൃതമായി, വ്യക്തമായ നേതൃത്വമില്ലാതെ, ജനരോഷം അണപൊട്ടിയൊഴുകുന്ന വേദികൂടിയായി ഇന്റർനെറ്റ് മാറാൻ അധികം നേരമെടുക്കില്ലെന്നാണ് യുഎസിലെ കുമാരീകുമാരന്മാർ തെളിയിക്കുന്നത്. രാഷ്ട്രീയപ്പാർട്ടികൾക്കും ഭരണാധികാരികൾക്കും ഇതൊരു മുന്നറിയിപ്പാണ്.

സ്കോർപ്പിയൺ കിക്ക്: ഗൾഫിലെ ചില രാജ്യങ്ങളിൽനിന്നു കേരളത്തിലേക്കു വരാൻ ‘കോവിഡില്ലാ സർട്ടിഫിക്കറ്റ്’ വേണ്ട, പിപിഇ കിറ്റ് മതി.

പാസ്പോർട്ടിലെ ഫോട്ടോയുമായി ഒത്തുനോക്കാൻ അൽപംകൂടി  ഇളവു നൽകേണ്ടി വരും! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA