ADVERTISEMENT

കായികമേഖലയിൽ വേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു ധവളപത്രം തയാറാക്കണമെന്നും വിദേശരാജ്യങ്ങളുടെ മാതൃകയിൽ ഡിഎൻഎ പരിശോധനയും ശാസ്ത്രീയ സമീപനങ്ങളും വഴി കായികപ്രതിഭകളെ കണ്ടെത്തണമെന്നും നിർദേശിച്ച് മലയാള മനോരമ കായികം വെബിനാർ. രാജ്യാന്തര ഒളിംപിക് ദിനാചരണത്തിന്റെ ഭാഗമായി കേരള ഒളിംപിക് അസോസിയേഷനുമായി ചേർന്നു സംഘടിപ്പിച്ച ‘കായിക പ്രതിഭകളെ കണ്ടെത്തലും പരിശീലനവും’ വെബിനാറിൽ അനുഭവപാഠങ്ങളുമായി മുൻതാരങ്ങളും നിർദേശങ്ങളുമായി കായിക സംഘാടകരും ചോദ്യങ്ങളുമായി നൂറുകണക്കിനു കായികപ്രേമികളും പങ്കാളികളായി. 

നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത വെബിനാറിൽ മുൻ ചീഫ് സെക്രട്ടറിയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) മുൻ ഡയറക്ടർ ജനറലുമായ ജിജി തോംസൺ മോഡറേറ്ററായി. 

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര വിഡിയോ സന്ദേശമയച്ചു. കേരള ഒളിംപിക് അസോസിയേഷൻ (കെഒഎ) പ്രസിഡന്റ് വി.സുനിൽകുമാർ, ഒളിംപ്യൻ യു.വിമൽകുമാർ, മുൻ രാജ്യാന്തര അത്‌ലീറ്റ് വിൽസൻ ചെറിയാൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് പത്മിനി തോമസ്, ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ ഡപ്യൂട്ടി ചീഫ് കോച്ച് പി.രാധാകൃഷ്ണൻ നായർ, കെഒഎ സെക്രട്ടറി ജനറൽ എസ്.രാജീവ്, കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനി‍ൽകുമാർ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ എസ്.പഴനിയാ പിള്ള, കെഒഎ ട്രഷറർ എം.ആർ.രഞ്ജിത്ത്, കേരള കാർഷിക സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. ടി.ഐ.മനോജ്, സ്പോർട്സ് സൈക്കോളജിസ്റ്റ് ഡോ. സ്റ്റാലിൻ റാഫേൽ എന്നിവർ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ സ്റ്റാർ പൈപ്പ്സ് ആയിരുന്നു പ്രായോജകർ.

വെബിനാറിലെ പ്രധാന നിർദേശങ്ങൾ:

∙ ഡിഎൻഎ പരിശോധന

ഡിഎൻഎ പരിശോധനയിലൂടെ കായികരംഗത്തെ മികവു കണ്ടെത്തുന്ന രീതികൾ വിദേശത്തു പ്രചാരത്തിലായിക്കഴിഞ്ഞു. ആ മാതൃക സ്വീകരിക്കാവുന്നതാണ്. സ്പോർട്സ് സയൻസ് പരിശീലന പദ്ധതിയുടെ ഭാഗമാക്കണം.  ഒപ്പം പരിശീലകർക്കുള്ള പരിശീലനവും അതിപ്രധാനം. മാറുന്ന കാലത്തിനനുസരിച്ച് ആധുനികരീതികൾ പരിശീലകർക്കു പരിചയപ്പെടുത്തണം. 

∙ നാലു വയസ്സിൽ തുടങ്ങാം 

അത്‌ലറ്റിക്സ്, നീന്തൽ, ജിംനാസ്റ്റിക്സ് എന്നിവ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം.  4 വയസ്സു മുതൽ കായികപരിശീലനമാവാം. സ്പോർട്സ് ഹോസ്റ്റലുകളിൽ 5–ാം ക്ലാസ് മുതലുള്ളവർക്കു പരിശീലനം നൽകണം. അടിസ്ഥാന, പരിശീലന സൗകര്യങ്ങൾ മികച്ചതായാലേ കുട്ടികളെ ചെറുപ്രായത്തിൽത്തന്നെ അവിടേക്കു വിടാൻ രക്ഷിതാക്കൾ തയാറാവൂ.

∙സിലക്‌ഷൻ ഇങ്ങനെ പോരാ

സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകളിൽ നിലവിലെ പ്രവേശനം ശരിയായ രീതിയിലല്ല. ബാഹ്യ ഇടപെടലുകൾ ഒഴിവാക്കണം. ജില്ല, സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്കു നൽകണം 80% സീറ്റ്. പൊതു ട്രയൽസിൽ മികവു തെളിയിക്കുന്നവർക്കായി 15   ദിവസത്തെ ക്യാംപ് നടത്തി  കണ്ടെത്തുന്നവർക്കായി ബാക്കി 20% സീറ്റ്.

∙ എവിടെ കായികാധ്യാപകർ?

എല്ലാ സ്കൂളുകളിലും വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി കായികാധ്യാപകരെ നിയമിക്കണം. ഇതിനായി കെഇആർ പരിഷ്കരിക്കണം. നിലവിൽ ഭൂരിപക്ഷം സ്കൂളുകളിലും കായികാധ്യാപകരില്ല. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണം.

∙ ഭരണം മാറിയാലും... 

സർക്കാരുകളും കായിക ഭരണാധികാരികളും മാറുന്നതിനനുസരിച്ചു കായികനയവും പദ്ധതികളും മാറ്റരുത്. കായിക പദ്ധതികളും പരിശീലനവും  വിദഗ്ധ സമിതിയുടെ മാർഗനിർദേശം അനുസരിച്ചു വേണം. ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ചാലേ ഫലമുള്ളൂ. ഒരേസ്വഭാവമുള്ള കായിക പദ്ധതികൾ ഏകോപിപ്പിക്കണം.

∙ നഴ്സറി കുട്ടികൾ മുതലുള്ളവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി 5 വർഷം നിരീക്ഷിക്കണം. മികവുള്ളവരെ അതിൽനിന്നു പിന്നീടു കണ്ടെത്തണം.

∙ സ്പോർട്സും വിദ്യാഭ്യാസവും ഒന്നിച്ചു കൊണ്ടുപോകാ‍ൻ കഴിയുന്ന ആധുനിക സ്പോർട്സ് സ്കൂളുകൾ എല്ലാ ജില്ലയിലും തുടങ്ങണം.

∙ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും സ്പോർട്സ് ഹോസ്റ്റലുകൾ തുടങ്ങണം.

∙ ഹോസ്റ്റലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അത്‌ലീറ്റുകൾക്കു നൽകണം.

∙ ഓരോ ജില്ലയിലും താൽപര്യമുള്ള ഇനങ്ങൾക്കായി ജില്ലാതല കോച്ചിങ് സെന്ററുകൾ തുടങ്ങണം.

∙ സ്പോർട്സ് ഫണ്ട് വിവിധ വകുപ്പുകൾക്കായി വിഭജിച്ചു പോകുന്നത് ഒഴിവാക്കാൻ സ്പോർട്സ് അതോറിറ്റി ഓഫ് കേരള സ്ഥാപിക്കണം.

∙ പ്രകടനം മോശമായ അത്‌ലീറ്റുകളെ സ്പോർട്സ് ഹോസ്റ്റലുകളിൽ നിലനിർത്തരുത്.

∙ കായികരംഗത്തെപ്പറ്റി ബോധമുള്ളവരെയേ ഭരണതലപ്പത്തു നിയമിക്കാവൂ.

അഭിപ്രായങ്ങൾ
ഒളിംപിക് അസോസിയേഷൻ മുൻകയ്യെടുത്തു കേരളത്തിൽ ഒരു ദേശീയ സ്പോർട്സ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കണം. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തുന്നതിലും അവരെ വളർത്തുന്നതിലും കൂടുതൽ സൂക്ഷ്മത കാട്ടണം. കായികമേഖലയിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെപ്പറ്റി ഒരു ധവളപത്രം തയാറാക്കണം.
∙ പി.ശ്രീരാമകൃഷ്ണൻ

കോവിഡ് ഉയർത്തുന്ന പ്രതിസന്ധികൾക്കിടയിലും സൗഹാർദവും ഐക്യവും മികവും ഉയർത്തിപ്പിടിക്കാൻ കായികതാരങ്ങൾക്കും സംഘാടകർക്കും കഴിയണം. ജീവിതത്തെയും ചിന്താരീതികളെയും മാറ്റിക്കുറിക്കാൻ സ്പോർട്സിനുള്ള കഴിവ് പ്രയോജനപ്പെടുത്തണം.
∙ നരീന്ദർ ബത്ര

കായിക പദ്ധതികൾ നേരിടുന്ന കാലതാമസം ഒഴിവാക്കാൻ കേന്ദ്ര കായിക മന്ത്രാലയം അടച്ചുപൂട്ടണം. സായ് വിഭാവനം ചെയ്യുന്ന പദ്ധതികളും തീരുമാനങ്ങളും മന്ത്രാലയത്തിലെ ചുവപ്പുനാടയിൽ കുരുങ്ങുന്ന സ്ഥിതിയാണ്. യുഎസിൽ കായിക മന്ത്രാലയമില്ല.
∙ ജിജി തോംസൺ

പ്രതിഭകളെ കണ്ടെത്തുന്നതിൽ നമുക്കു മിടുക്കുണ്ട്. പക്ഷേ, അവരെ വളർത്തിക്കൊണ്ടുവരുന്നതിൽ പിഴവുണ്ട്. സബ് ജൂനിയർ, ജൂനിയർ തലത്തിലെ ചാംപ്യൻമാർ സീനിയർ തലത്തിൽ ഒന്നുമല്ലാതാവുന്നു. പരിശീലകർക്കു തുടർപരിശീലനം നൽകിയാലേ രക്ഷയുള്ളൂ.
∙ പി.രാധാകൃഷ്ണൻ നായർ

കായികസംഘടനകളിലെ നേതൃത്വ വടംവലി ഒഴിവാക്കണം. സാമ്പത്തിക സഹായത്തിലെ അപാകത പരിഹരിക്കണം. കായികാധ്യാപകർക്കു റിഫ്രഷർ കോഴ്സ് നിർബന്ധമാക്കണം.
∙ വി.സുനിൽ കുമാർ

4 വയസ്സിനും 6 വയസ്സിനുമിടയിലുള്ള കുട്ടികൾക്ക് അത്‍ലറ്റിക്സ്, ജിംനാസ്റ്റിക്സ്, നീന്തൽ എന്നിവയിൽ അവസരം കൊടുക്കണം. അടുത്ത 2 വർഷം അവരുടെ കുറവുകൾ പരിഹരിക്കണം. 8–9 വയസ്സിലേ അഭിരുചി കണ്ടെത്തി ഒരു പ്രത്യേക ഇനത്തിലേക്കു മാറ്റാവൂ.
∙ യു.വിമൽകുമാർ

കായികതാരങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം. പരിശീലകർ കൂടുതൽ ആത്മാർഥത കാട്ടണം. എങ്കിൽ മാത്രമേ കേരളത്തിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കഴിയൂ.
∙ വിൽസൻ ചെറിയാൻ

കായികതാരങ്ങൾക്കു പ്രോൽസാഹനമായി ജോലിയും പാരിതോഷികവുമൊക്കെ കൃത്യസമയത്തു കൊടുക്കുക. പുതിയ ഹോസ്റ്റലുകൾ തുടങ്ങി കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചിട്ടു കാര്യമില്ല. 100 പേരെ എടുക്കേണ്ടിടത്തു 10 പേരെ എടുത്ത് നല്ല സൗകര്യം കൊടുക്കണം.
∙ പത്മിനി തോമസ്

എലീറ്റ് ട്രെയിനിങ് സ്കീമും ഓപ്പറേഷൻ ഒളിംപിയയും ഒന്നിച്ചാക്കണം. സ്പോർട്സ് ഹോസ്റ്റൽ പ്രവേശനത്തിനു പ്രകടന മികവു മാത്രമായിരിക്കണം മാനദണ്ഡം. പ്രാദേശിക സ്പോർട്സ് കൗൺസിലുകളുടെ മേൽനോട്ടത്തിൽ ഗ്രാസ്റൂട്ട് പരിശീലനം സജീവമാക്കണം. വിദേശ, ഇതരസംസ്ഥാന പരിശീലകരുടെ സേവനം സ്പോർട്സ് കൗൺസിൽ പ്രയോജനപ്പെടുത്തണം.
∙ എസ്.രാജീവ്

കൂടുതൽ കുട്ടികളെ സ്പോർട്സിലേക്ക് ആകർഷിക്കാൻ കഴിയുന്ന വിധത്തിൽ ഗ്രാസ്‌റൂട്ട് തലത്തിൽ രസകരമായ പരിപാടികൾ ആവിഷ്കരിക്കണം. ഗ്രൗണ്ടുകൾ ഉൾപ്പെടെയുള്ള കായിക സൗകര്യങ്ങൾ മുഴുവനും കായിക വകുപ്പിന്റെ നിയന്ത്രണത്തിലേക്കു മാറ്റണം.
∙ പി.അനിൽകുമാ‍ർ

കായികവികസനത്തിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കണം. സ്കൂൾ ഗ്രൗണ്ടുകൾ ഇല്ലാതാക്കി കെട്ടിടങ്ങൾ നിർമിക്കുന്നത് അനുവദിച്ചുകൂടാ. പുതിയ പരിശീലനോപകരണങ്ങൾ കൊണ്ടുവരണം.
∙ എസ്.പഴനിയാ പിള്ള

കേരളത്തിലെ കുട്ടികളിൽ 5% മാത്രമേ കായികരംഗത്തേക്കു വരുന്നുള്ളൂ. അതിൽ മാറ്റമുണ്ടാകണം. കൂടുതൽ പണം ചെലവാക്കിയാലേ കൂടുതൽ മെഡലുകൾ ലഭിക്കൂ.
∙ ഡോ. ടി.ഐ.മനോജ്

മത്സരങ്ങൾ നേരിടുമ്പോ‍ൾ വന്നേക്കാവുന്ന സമ്മർദം കുറയ്ക്കാനുള്ള മാനസിക പരിശീലനംകൂടി കായികതാരങ്ങൾക്കു നൽകണം. സ്പോർട്സ് സയൻസ് മേഖലയിൽ കൂടുതൽ പദ്ധതികൾ അത്യാവശ്യം.
∙ ഡോ. സ്റ്റാലിൻ റാഫേൽ

എല്ലാവർക്കും സമ്പൂർണ ആരോഗ്യം എന്ന ലക്ഷ്യവുമായി ഒരു ജനകീയ കായിക സംസ്കാരത്തിലേക്കു കേരളം എത്തണം. വ്യക്തിഗത ഇനങ്ങളിലും ടീമിനങ്ങളിലും സിലക്‌ഷൻ ട്രയൽസിനു വ്യത്യസ്ത മാനദണ്ഡങ്ങൾ കൊണ്ടുവരണം.
∙ എം.ആർ.രഞ്ജിത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com