sections
MORE

ഉന്നതവിദ്യാഭ്യാസം: വിദഗ്ധസമിതി നിർദേശങ്ങളിൽ വിശദ ചർച്ച ആവശ്യം

education
SHARE

ഉന്നതവിദ്യാഭ്യാസ രംഗം ഉടച്ചുവാർക്കാനുള്ള വിദഗ്ധസമിതി നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലാണ്. വിദേശ സർവകലാശാലകളുടെയും ഇന്ത്യയിൽ ഐഐഎസ്‌സി, ഐഐടി തുടങ്ങിയവയുടെയും മാതൃകയിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളും ഐഐടി, ഐസർ തുടങ്ങിയവയുടെ മാതൃകയിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് യുജി,പിജി പ്രോഗ്രാമുകളും ആരംഭിക്കണമെന്നതാണ് നിർദേശങ്ങളിൽ പ്രധാനം. ബിരുദ - ബിരുദാനന്തര തലങ്ങളിൽ ഒട്ടേറെ പുതുതലമുറ കോഴ്സുകൾക്കും ശുപാർശയുണ്ട്.

ആരോഗ്യം, അടിസ്ഥാന വിദ്യാഭ്യാസം, സാക്ഷരത തുടങ്ങിയ കാര്യങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയാണെങ്കിലും ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിൽ പിറകിലാണെന്ന് ആക്ഷേപമുണ്ട്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ ദേശീയ റാങ്കിങ് (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്) ഈ വാദത്തെ സാധൂകരിക്കുന്നു. കേന്ദ്ര മാനവശേഷി വകുപ്പിന്റെ ഈ റാങ്കിങ്ങിൽ ഇന്ത്യയിലെ മികച്ച 100 സർവകലാശാലകളിൽ കേരളത്തിൽനിന്നുള്ള അഞ്ചെണ്ണമേയുള്ളൂ. അതേസമയം, മികച്ച 100 കോളജുകളിൽ ഇരുപതെണ്ണം കേരളത്തിലേതാണെന്നതും ശ്രദ്ധേയം.

ഈ സാഹചര്യത്തിൽ വേണം വിദഗ്ധസമിതിയുടെ നിർദേശങ്ങൾ വിലയിരുത്താൻ. സമിതിയിൽ ഇൻഡസ്ട്രി, മാനേജ്മെന്റ് രംഗങ്ങളിൽനിന്നുള്ളവർ ഉണ്ടായിരുന്നില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. സമിതി മുന്നോട്ടുവച്ച പല നിർദേശങ്ങളും കാതലായ വിദ്യാഭ്യാസ മാറ്റങ്ങളുണ്ടാക്കാൻ പോന്നതാണ്. എന്നാൽ, ചിലതിനോടു വിയോജിപ്പുണ്ട്. മറ്റു ചിലതിൽ വിശദ ചർച്ചയും ആവശ്യമുണ്ട്.

നാലു വർഷ ബിരുദ പ്രോഗ്രാമുകൾ

വിദേശ സർവകലാശാലകളിൽ പൊതുവേയുള്ളതു നാലുവർഷ ബിരുദ പ്രോഗ്രാമുകളായതിനാൽ ഇന്ത്യൻ വിദ്യാർഥികൾ അവിടെ പിജി പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടുന്നുവെന്നു സമിതി ചൂണ്ടിക്കാട്ടുന്നു. പക്ഷേ, വിദേശത്തു മൂന്നു വർഷ ബിരുദ പ്രോഗ്രാമുകളുമുണ്ട്. പഠന കാലയളവിനെക്കാൾ സ്ഥാപനത്തിന്റെ നിലവാരമാണു പ്രധാനം. ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ നടത്തുന്ന ത്രിവത്സര ബിരുദ പ്രോഗ്രാമുകൾ വിദേശത്തും അംഗീകരിക്കപ്പെടുന്നു.

‘വേൾഡ് എജ്യുക്കേഷനൽ സർവീസസ്’ ആണ് വിവിധ രാജ്യങ്ങളിലെ കോഴ്സ് ക്രെഡിറ്റുകൾ തത്തുല്യ യുഎസ് ക്രെഡിറ്റുകളാക്കി മാറ്റുകയും യുഎസ് സർവകലാശാലകളിൽ പ്രവേശനം നൽകാനാവുമോ എന്നു നിശ്ചയിക്കുകയും ചെയ്യുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലാവണം ശ്രദ്ധ. ഇപ്പോഴത്തെ രീതിയിൽത്തന്നെയാണ് പുതിയ പ്രോഗ്രാമുകളും നടത്തുന്നതെങ്കിൽ ഈ പരിഷ്കാരം കൊണ്ടു ഗുണമുണ്ടാവില്ല.

4 വർഷ ട്രിപ്പിൾ മെയിൻ പ്രോഗ്രാമുകൾ ഇന്ത്യയിൽ മറ്റൊരിടത്തും നടത്തുന്നില്ല. ഇവ ത്രിവത്സര പ്രോഗ്രാമുകളായി രൂപകൽപന ചെയ്യുന്നതാണു നല്ലത്. ഇവയിലൊന്നിൽ സ്പെഷലൈസ് ചെയ്യാനാഗ്രഹിക്കുന്നവർ മാത്രം നാലാം വർഷം പഠിച്ചാൽ മതി. അവർക്ക് ആ വിഷയത്തിൽ ഓണേഴ്സ് ബിരുദം നൽകാം. മറ്റുള്ളവർക്ക് 3 വർഷംകൊണ്ടു സാധാരണ ബിരുദം നേടി പുറത്തുപോകുകയും ചെയ്യാം.

ബഹുസർവകലാശാലാ പ്രോഗ്രാമുകൾ

ഒന്നിലേറെ സർവകലാശാലകൾ ചേർന്നുനടത്തുന്ന പ്രോഗ്രാമുകളെക്കുറിച്ചാണു മറ്റൊരു നിർദേശം. ഡൽഹി, ജാമിയ മില്ലിയ സർവകലാശാലകൾ ചേർന്നു നടത്തുന്ന എംഎസ്‌സി മാത്തമാറ്റിക്കൽ എജ്യുക്കേഷൻ, ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ കൊൽക്കത്ത എന്നിവ ചേർന്നു നടത്തുന്ന പിജി ഡിപ്ലോമ ഇൻ ബിസിനസ് അനലിറ്റിക്സ് എന്നിവ ഇത്തരം സംയുക്ത പ്രോഗ്രാമുകളാണ്. ഇതിൽ രണ്ടാമത്തേതിനു വലിയ സ്വീകാര്യതയുമുണ്ട്. ബിസിനസ് അനലറ്റിക്സിന്റെ പ്രായോഗികതലങ്ങൾ ഐഐഎമ്മും സാങ്കേതിക തലം ഐഐടിയും സ്റ്റാറ്റിസ്റ്റിക്കൽ, മെഷീൻ ലേണിങ് തലങ്ങൾ ഐഎസ്ഐയും പഠിപ്പിക്കുന്നു.

ഇതുപോലെ ഓരോ മേഖലയിലും വൈദഗ്ധ്യമുള്ള സ്ഥാപനങ്ങൾ ചേർന്നാണ് സംയുക്ത പ്രോഗ്രാമുകൾ നടത്തുന്നതെങ്കിൽ പ്രയോജനപ്രദമാകും. കാർഷിക സർവകലാശാലയും കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും കൊച്ചി സർവകലാശാലയും ചേർന്നു നടത്തുന്ന പിജി ഇൻ ഫോറസ്റ്റ് മാനേജ്മെന്റ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും ഐഐഎം കോഴിക്കോടും ചേർന്നു നടത്തുന്ന എംബിഎ ബയോടെക്നോളജി മാനേജ്മെന്റ്, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസും (സിഡിഎസ്) കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) ചേർന്നു നടത്തുന്ന എംഎ ഡവലപ്മെന്റ് സ്റ്റഡീസ് തുടങ്ങിയ പ്രോഗ്രാമുകൾ ആലോചിക്കാം.

ആവശ്യമറിഞ്ഞ് വിളമ്പാം

പുതുതായി നിർദേശിക്കപ്പെട്ട ചില കോഴ്സുകൾ നിലവിൽ ചില കോളജുകളിൽ നടത്തിവരുന്നവയാണ്. ഉദാ: ജിയോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്. ഈ മേഖലകളിൽ ഏതെങ്കിലും തരത്തിലുള്ള ‘സപ്ലൈ ഡെഫിസിറ്റ്’ ഉണ്ടോ എന്നു പരിശോധിച്ചേ പുതുതായി അനുവദിക്കേണ്ടതുള്ളൂ.

ഫൊറൻസിക് സയൻസിലും ഇന്റർനാഷനൽ റിലേഷൻസിലും റോബട്ടിക്സിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമെല്ലാം പഠനാവസരം വേണം. പക്ഷേ, തൊഴിൽ സാധ്യതയും ഉപരിപഠന സാധ്യതയും കൂടി വിലയിരുത്തണം. ഓരോന്നും എത്ര സ്ഥലങ്ങളിൽ ആരംഭിക്കണം എന്നതിലും വ്യക്തത വേണം. പുതിയ പ്രോഗ്രാമുകൾ തുടങ്ങുന്ന മുറയ്ക്ക് ഡിമാൻഡില്ലാതെ ഇപ്പോൾ തുടരുന്നവ പിൻവലിക്കണം. അല്ലെങ്കിൽ, അവ എങ്ങനെ മെച്ചപ്പെടുത്താമെന്നു പരിശോധിക്കണം.

ഇക്കണോമെട്രിക്സ്, ആർക്കിയോളജി, ഗ്ലോബൽ ഹിസ്റ്ററി തുടങ്ങിയ പുതിയ വിഷയങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം നിലവിൽ ഇക്കണോമിക്സും ഹിസ്റ്ററിയും പഠിപ്പിക്കുന്ന ഡിപ്പാർട്മെന്റുകൾ വഴി നൽകാൻ കഴിയുന്നിടത്തേ ആരംഭിക്കേണ്ടതുള്ളൂ. അത്തരം സ്ഥാപനങ്ങളിൽ നിലവിൽ നടത്തിവരുന്ന ഹിസ്റ്ററി, ഇക്കണോമിക്സ് കോഴ്സുകൾ പിൻവലിച്ചോ അതോ സ്പെഷലൈസേഷൻ വിഷയങ്ങളായോ ഇവ നൽകുകയാണ് അഭികാമ്യം.

മെന്ററിങ് സ്ഥാപനങ്ങളുടെ പ്രസക്തി

പുതുതായി ആരംഭിക്കുന്ന ഓരോ കോഴ്സിനും ഒരു മെന്ററിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടാകണം. ഉദാഹരണത്തിന്, കംപ്യൂട്ടിങ്ങിൽ വൈദഗ്ധ്യമുള്ള ഒരു സ്ഥാപനം ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇൻ കംപ്യൂട്ടിങ് & ഡേറ്റ മൈനിങ് ആരംഭിക്കുന്നുവെന്നു കരുതുക. ഡേറ്റ മൈനിങ്ങിൽ വൈദഗ്ധ്യമുള്ള സ്ഥാപനം മെന്ററിങ്ങിന് ഒപ്പമുണ്ടാകണം.

ഇലക്ടീവുകളും സ്പെഷലൈസേഷനും

∙ നാലു വർഷ പ്രോഗ്രാമുകളിൽ അഞ്ചു സെമസ്റ്ററുകൾ അടിസ്ഥാന വിഷയങ്ങൾക്കും മൈനറുകൾക്കും തുടർന്നുള്ള മൂന്ന് സെമസ്റ്ററുകൾ സ്പെഷലൈസേഷനും പ്രോജക്ട് /തീസിസ് എന്നിവയ്ക്കും മാറ്റിവയ്ക്കണം.

∙ പിജി തലത്തിൽ 3 സെമസ്റ്ററുകൾ കോർ വിഷയങ്ങൾക്കും അവസാന സെമസ്റ്റർ സ്പെഷലൈസേഷൻ/ഇലക്ടീവ് വിഷയത്തിനുമായി മാറ്റിവയ്ക്കണം.

∙ ഓരോ കോഴ്സിലും ഏറ്റവും നവീനവും തൊഴിൽ സാധ്യതയുള്ളതുമായ വിഷയങ്ങൾ ഇലക്ടീവുകളായി കൂട്ടിച്ചേർക്കണം.

∙ കോർ വിഷയങ്ങൾ പൂർത്തിയാക്കിയ ശേഷം സ്പെഷലൈസേഷൻ വിഷയങ്ങൾ വാഗ്ദാനം ചെയ്യുന്ന കോളജുകളിലേക്കു വിദ്യാർഥികൾക്ക് ട്രാൻസ്ഫർ അനുവദിക്കണം.

വേണം വ്യവസായ പങ്കാളിത്തം

നിലവിലുള്ള പ്രോഗ്രാമിനും പുതുതായി ആരംഭിക്കുന്നവയ്ക്കും വ്യവസായ പങ്കാളികളെ കണ്ടെത്തുക പ്രധാനം.ഉദാഹരണത്തിന് ബിടെക് കെമിക്കൽ എൻജിനീയറിങ്ങിനു ഫാക്ടിന്റെ പങ്കാളിത്തം ആലോചിക്കാവുന്നതല്ലേ? ഇതുപോലെ എംഎസ്‌സി കംപ്യൂട്ടേഷനൽ സയൻസിന് ഒരു ഐടി സ്ഥാപനം, എംഎസ്‌സി ആക്ച്വേറിയൽ സയൻസ് & അപ്ലൈഡ് ഫിനാൻസിന് ഒരു ഇൻഷുറൻസ്-ധനകാര്യ സ്ഥാപനം, എംകോം ബാങ്കിങ് & ഫിനാൻസിന് ഒരു ബാങ്ക് എന്നിങ്ങനെ പങ്കാളിത്ത സാധ്യത ആലോചിക്കാം.

മികവിന്റെ പട്ടികയിലെത്താൻ

ഐഐടികൾ, ജെഎൻയു, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐഎസ്ഐ) എന്നിവയുടെ നിലവാരത്തിലേക്ക് ഉയരാവുന്ന 10 സ്ഥാപനങ്ങളെങ്കിലും കണ്ടെത്തി അവയുടെ അക്കാദമികവും ഭൗതികവുമായ വികസനത്തിനു സർക്കാർ ഒപ്പം നിൽക്കണം. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും അധ്യാപകരെയും ഗവേഷകരെയും ആകർഷിക്കാനാകും വിധം മികച്ച വേതനവ്യവസ്ഥകളും നിശ്ചയിക്കണം.

ചില നിർദേശങ്ങൾ കൂടി

∙ അടുത്തടുത്ത കോളജുകളുടെ ക്ലസ്റ്ററുകൾ രൂപീകരിച്ച് അവയ്ക്കു സംയുക്തമായി ഗവേഷണ പ്രോഗ്രാമുകൾ ആരംഭിക്കാം.

∙ കോളജുകളിൽ എൻജിനീയറിങ് കോളജ്, പോളിടെക്നിക്, ഐടിഐകൾ, വ്യവസായ - ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാം.

∙ ഒരു ഡിഗ്രി/പിജി പ്രോഗ്രാമിനു ചേർന്ന ശേഷം അതു പൂർത്തിയാക്കാൻ പറ്റാതെ പോകുന്നവർക്ക് ഏതാനും വർഷങ്ങൾക്കുശേഷം അവർ ആഗ്രഹിക്കുന്നുവെങ്കിൽ അനുബന്ധ വിഷയങ്ങളിലൊന്നിൽ ബിരുദം നേടാൻ അവസരമുണ്ടാക്കണം. അല്ലെങ്കിൽ, ലഭിച്ച ക്രെഡിറ്റുകൾ ട്രാൻസ്ഫർ ചെയ്ത് അവശ്യമായ ബാക്കി ക്രെഡിറ്റുകൾ കൂടി ഇഷ്ട വിഷയങ്ങളിൽ ഉറപ്പാക്കി ലിബറൽ ബിരുദം (ഉദാ: ബിഎ സോഷ്യൽ സയൻസസ് /ബിഎസ്‌സി അപ്ലൈഡ് സയൻസസ്) നേടാനുള്ള സാധ്യത ഒരുക്കണം.

എങ്ങനെ തുടങ്ങണം?

ഈ അധ്യയന വർഷം തന്നെ 200 പുതിയ കോഴ്സുകൾ തുടങ്ങുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇത്ര ലാഘവത്തോടെയാകരുത് തീരുമാനം. മികച്ച നിലവാരത്തിൽ ഇവ നടത്തണമെങ്കിൽ മികച്ച അധ്യാപകരും ഭൗതിക സൗകര്യങ്ങളും വേണം. ഇനിയുള്ള മൂന്നു മാസത്തിനകം ഇതെല്ലാം സാധ്യമാണോ? ആദ്യം കുട്ടികൾ, പിന്നെ അധ്യാപകർ, അതും കഴിഞ്ഞ് ഭൗതിക സാഹചര്യങ്ങൾ എന്ന പഴയ രീതിയാണു പിന്തുടരുന്നതെങ്കിൽ ഈ ഉടച്ചുവാർക്കൽ പാഴ്‌വേലയാകും.

പുതിയ പ്രോഗ്രാമുകൾ ഏതു രീതിയിലാണ് ആരംഭിക്കാൻ പോകുന്നതെന്നു വ്യക്തമല്ല. ചെലവു ചൂണ്ടിക്കാട്ടി സ്വാശ്രയ രീതിയിൽ നടപ്പാക്കാനാണു ശ്രമമെങ്കിൽ സാധാരണക്കാരായ വിദ്യാർഥികൾ പുറത്താകും. മികച്ച അധ്യാപകരെയും കിട്ടാതാകും. പകരം, അഭിരുചിയുടെ അടിസ്ഥാനത്തിലായിരിക്കണം പ്രവേശനം. 10+2/ഡിഗ്രി തലങ്ങളിലെ മാർക്ക്, വിഷയവുമായി ബന്ധപ്പെട്ട പ്രവേശനപ്പരീക്ഷയിലെയും ഇന്റർവ്യൂവിലെയും പ്രകടനം എന്നിവയാണു കണക്കിലെടുക്കേണ്ടത്.

(വിദ്യാഭ്യാസ വിദഗ്ധനും ഗ്രന്ഥകാരനുമാണ് ലേഖകൻ)

English Summary: Discussion needed regarding expert suggestions of higher education

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA