ഉയർന്നുവലയ്ക്കുന്ന ഇന്ധനവില

SHARE

രോഗകാലം ബഹുതലങ്ങളിൽ ജനങ്ങളെ വലയ്ക്കുമ്പോൾ ഓരോ ദിവസവും എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടുന്നതു ക്രൂരത തന്നെയാണെന്നതിൽ സംശയമില്ല.

ഇന്ധനവിലയിലെ കയറ്റം അതിൽ മാത്രം ഒതുങ്ങുന്നതല്ല. ചരക്കുനീക്കത്തിന്റെ ചെലവു കൂടുമെന്നതിനാൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ സർവ വസ്‌തുക്കളുടെയും വിലക്കയറ്റമാണ് ആത്യന്തിക ഫലം. പക്ഷേ, ഭരണാധികാരികൾ മാത്രം അത് അറിയുന്നില്ലെന്നോ അറിഞ്ഞില്ലെന്നു നടിക്കുന്നുവെന്നോ കരുതണം. കേരളത്തിൽ വൈദ്യുതിനിരക്കിലെ ഇരുട്ടടിയും വരാനിരിക്കുന്ന ബസ് ചാർജ് വർധനയുമൊക്കെ ചേരുമ്പോൾ സാധാരണക്കാരന്റെ നട്ടെല്ലൊടിയുകതന്നെ ചെയ്യും. കോവിഡ്മൂലം പ്രതിസന്ധിയിലായ ബസ്, ഓട്ടോ, ടാക്സി മേഖലകളിൽ നേരിട്ടുണ്ടായിരിക്കുന്ന ആഘാതം അതിലും കനത്തതാണ്.

ഇന്ധനവില ദിനംപ്രതി നിശ്‌ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കു നൽകിയ 2017 ജൂൺ മുതൽ വില പൊതുവേ വർധിക്കുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നുവെങ്കിലും അതിന്റെ ചെറിയ നേട്ടം പോലും ജനങ്ങളിലെത്തിയില്ലെന്നു മാത്രമല്ല, കുത്തനെയുള്ള ഇടിവിനു ശേഷം എണ്ണവില അൽപം ഉയർന്നുതുടങ്ങിയതോടെ പെട്രോൾ – ഡീസൽ വിലകൾ കഴിഞ്ഞ മൂന്നാഴ്ചയും തുടർച്ചയായി കൂട്ടുകയും ചെയ്തിരിക്കുന്നു. അസംസ്കൃത എണ്ണവില കൂടുന്നെന്നു പറഞ്ഞ് കമ്പനികൾ ഇപ്പോൾ നിത്യേന വില കൂട്ടുമ്പോൾ സർക്കാർ ആ ഇന്ധനക്കൊള്ളയ്ക്കു കൂട്ടുനിൽക്കുന്നതു വ്യക്തമായ ജനവഞ്ചന തന്നെയാണ്.

രാജ്യാന്തര എണ്ണവില ഏറെ താഴ്ന്ന ലോക്ഡൗൺ വേളയിൽ അതിന്റെ ആനുകൂല്യം ജനത്തിനു നിഷേധിച്ചുകൊണ്ട് എക്സൈസ് ഡ്യൂട്ടിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന അടിച്ചേൽപിക്കുകയാണു കേന്ദ്രസർക്കാർ ചെയ്തത്; പെട്രോൾ ലീറ്ററിന് 13 രൂപയും ഡീസൽ ലീറ്ററിന് 10 രൂപയും. എണ്ണവില അത്രത്തോളം ഇടിഞ്ഞിരുന്നതിനാൽ പെട്രോൾ, ഡീസൽ വിൽപന വിലയിൽ അന്നതു പ്രതിഫലിച്ചില്ലെന്നു മാത്രം. ഇപ്പോഴത്തെ തുടർച്ചയായ വർധനയിലൂടെ ഡീസലിന് 10.21 രൂപയും പെട്രോളിന് 8.73 രൂപയുമാണ് 20 ദിവസങ്ങൾക്കിടയിൽ കൂടിയത്. അയൽരാജ്യങ്ങളിലേതിനെക്കാൾ ഉയർന്ന വിലയാണ് ഇന്ത്യയിലേതെന്നും ജനങ്ങളുടെ സാമ്പത്തികശേഷിയിൽ പിന്നിലാണെങ്കിലും വികസിത – സമ്പന്ന രാജ്യങ്ങളിലെ നിലവാരത്തിലാണ് ഇവിടെ വിലയെന്നതും ഇതിനു പിന്നിലെ ജനവിരുദ്ധതയെ എടുത്തുകാണിക്കുന്നു. ഡോളറിന്റെ മൂല്യം ഉയരുന്നത് ഇറക്കുമതിച്ചെലവു വർധിപ്പിക്കുന്നുവെന്നാണു ന്യായീകരണമെങ്കിൽ അത് അയൽരാജ്യങ്ങൾക്കും ബാധകമാണല്ലോ. 

ഒരു രാജ്യം ഒരു വിപണി എന്ന പേരിൽ നടപ്പാക്കിയ ജിഎസ്ടി, ഇന്ധനത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതെ ജനങ്ങളെ പിഴിയുകയാണ്. ജിഎസ്ടിയിലെ ഏറ്റവും ഉയർന്ന സ്ലാബിൽ പോലും 28% നികുതിയും 22% സെസും ചേ‍ർന്ന് 50% നികുതിയേ വരൂ. ജിഎസ്ടി നടപ്പാക്കിയാൽ പെട്രോൾ വില ലീറ്ററിന് 37 രൂപയോളമായി കുറയും. ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല, രാജ്യാന്തര എണ്ണവില കുറയുന്നതിന്റെ ആനുകൂല്യം ജനത്തിനു കിട്ടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ജനങ്ങളുടെ ഈ ദുരിതത്തിൽനിന്നു വരുമാനനേട്ടത്തിനു വഴി കണ്ടെത്തുകയാണു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഒരു ലീറ്റർ പെട്രോളിൽനിന്ന് 30.08% വിൽപന നികുതിയും അതിന്റെ ഒരു ശതമാനം പ്രളയ സെസും ഒരു രൂപ റോഡ് വികസന സെസുമാണ് സംസ്ഥാന സർക്കാർ ഈടാക്കുന്നത്. വില കൂടുന്നതിന് അനുസരിച്ച് ഈ തുകയും വർധിക്കും. ഈ സാഹചര്യത്തിൽ എക്സൈസ് നികുതി കുറയ്ക്കാൻ കേന്ദ്രവും പ്രാദേശിക വിൽപന നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാനവും തയാറാകണം. എന്നാൽ, നികുതി കുറയ്ക്കില്ലെന്ന നിലപാടാണു കേന്ദ്രവും സംസ്ഥാനവും സ്വീകരിക്കുന്നതെന്നതു സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു.

ഇന്ധനവിലക്കയറ്റത്തിലൂടെ രാജ്യത്തെ ജനങ്ങളെയാകെ ദുരിതക്കയത്തിലേക്കു പിടിച്ചുതള്ളുകയാണോ അതോ വില കുറച്ചു ജനപക്ഷത്തു നിൽക്കാൻ സർക്കാർ തയാറാകുകയാണോ വേണ്ടത് എന്ന ചോദ്യത്തിന് ഈ രോഗകാലത്തു പ്രസക്തിയേറുന്നു. സർക്കാരുകൾ അതിനു തയാറായാൽ സമസ്ത ജനവിഭാഗങ്ങളെയും സ്പർശിക്കുന്ന അതിലും വലിയ കോവിഡ് സഹായ പാക്കേജുണ്ടാകില്ല.

English Summary: Petrol - Diesel Price

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA