ADVERTISEMENT

അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ ഒരുവർഷം നീളുന്ന നവതി ആഘോഷങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തുടക്കം കുറിക്കും. കാൻസർ പോലുള്ള മാരകരോഗങ്ങളാൽ വലയുന്നവർക്കു ജാതിമതഭേദമെന്യേ സഹായമെത്തിക്കാനുള്ള പദ്ധതികളാണു നവതിയുടെ ഭാഗമായി സഭാനേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്.

13 വർഷമായി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനം വഹിച്ചുവരുന്ന തിരുമേനി, സഭയുടെ മുത്തും പൊതുസമൂഹത്തിന്റെ സ്വത്തുമാണെന്നു വിലയിരുത്താനാണ് എനിക്കിഷ്ടം. മഹാകവി കുമാരനാശാന്റെ വാക്കുകൾ കടമെടുത്താൽ, ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ​’ എന്ന് മനുഷ്യസ്നേഹിയായ ഈ വിവേകിയെക്കുറിച്ചും പറയാം.

കുട്ടിക്കാലം മുതൽ എനിക്കടുപ്പമുള്ള സഭയാണു മാർത്തോമ്മാ സഭ. എന്റെ ജന്മഗ്രാമത്തിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗം അവരാണ്. നാട്ടിലുള്ള മാർത്തോമ്മാ ഹൈസ്കൂളിലാണു ഞാൻ പഠിച്ചത്. എന്റെ അച്ഛനമ്മമാരോടൊപ്പം, എന്നെ ലാളിച്ചുവളർത്തിയ ഒട്ടേറെപ്പേർ അച്ഛന്റെ സ്നേഹിതന്മാരായ ക്രിസ്തീയ സഭാ വിശ്വാസികളായിരുന്നു. 

മൂന്നു കൊല്ലം മുൻപു റമസാൻ കാലത്ത്, പ്രവാചക പാരമ്പര്യമുള്ള മലപ്പുറത്തെ ഒരു കുടുംബത്തെക്കുറിച്ചു ഫീച്ചർ തയാറാക്കാൻ പ്രമുഖ ചാനൽ മുന്നോട്ടുവന്നു. ആരെയൊക്കെ ഇന്റർവ്യൂ ചെയ്ത് അഭിപ്രായം തേടണമെന്നു ചോദിച്ചപ്പോൾ ആ കുടുംബം നിർദേശിച്ച മൂന്നു പേരുകളിലൊന്ന് എന്റേതായിരുന്നു. ഇതുകേട്ട് അമ്പരന്ന റിപ്പോർട്ടർ ‘ഇതെന്താ ഇങ്ങനെ?’ എന്ന് എന്നോടു ചോദിച്ചു.

സർവധർമസമഭാവം, ഏകം സദ് വിപ്രാഃ ബഹുധാ വദന്തി തുടങ്ങിയ നമ്മുടെ പൈതൃക കാഴ്ചപ്പാടുകൾ ഞാനപ്പോൾ നിരത്തി. ഈ കാഴ്ചപ്പാട് രക്തത്തിലുള്ളിടത്തോളം കാലം ഒരു മതവിശ്വാസത്തെയും ഒരാൾക്കും വെറുക്കാനാവില്ല. എന്നിൽ നിങ്ങൾ സമന്വയം കാണുന്നുവെങ്കിൽ അതിനുള്ള ഏറ്റവും വലിയ കാരണം, എന്റെ ഗ്രാമവും ബാല്യവുമാണെന്നും ഞാൻ പറഞ്ഞു.

ഇംഗ്ലണ്ടിലും പടിഞ്ഞാറൻ യൂറോപ്പിലും എത്തുന്നതിനു വളരെ മുൻപുതന്നെ തെക്കേ ഇന്ത്യയിൽ ക്രിസ്തുമതം പ്രചരിച്ചിരുന്നതായി ജവാഹർലാൽ നെഹ്റുവിന്റെ ‘ഗ്ലിംസസ് ഓഫ് വേൾഡ് ഹിസ്റ്ററി’യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 19–ാം നൂറ്റാണ്ടിൽ നവീകരണ ഉദ്യമങ്ങൾ മലങ്കര ക്രിസ്ത്യൻ സമൂഹത്തിലുണ്ടായപ്പോൾ അതിനു നേതൃത്വം നൽകിയവരുടെ കൂട്ടത്തിൽപെട്ട ഏബ്രഹാം മൽപാന്റെയും ഗീവർഗീസ് മൽപാന്റെയും പിന്തുടർച്ച അവകാശപ്പെടുന്ന സമൂഹമാണു മാർത്തോമ്മാ സഭയുടേത്.

38 സാമൂഹികക്ഷേമ സ്ഥാപനങ്ങൾ, 14 അഗതിസംരക്ഷണ കേന്ദ്രങ്ങൾ, 10 ആശുപത്രികൾ, 9 കോളജുകൾ തുടങ്ങി വിദ്യാഭ്യാസ, ആരോഗ്യ, സേവന രംഗങ്ങളിൽ മാർത്തോമ്മാ സഭയുടെ പങ്കു വളരെ വലുതാണ്. അനീതിക്കെതിരെ ശക്തമായി പ്രതികരിച്ച ചരിത്രമാണു സഭയുടേത്. തിരുവിതാംകൂറിൽ സർ സിപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സഭ കടുത്ത നിലപാടെടുത്തു.

1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യം ഏകാധിപത്യത്തിന്റെ വഴിയിലേക്കു നീങ്ങിയപ്പോൾ, ‘അരുത്, അടിയന്തരാവസ്ഥ പിൻവലിക്കണം’ എന്നു പരസ്യമായി ആവശ്യപ്പെടുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്ത മഹത്തായ ചരിത്രം മാർത്തോമ്മാ സഭയ്ക്കുണ്ട്. സഭ സംഘടിപ്പിച്ചുവരുന്ന മാരാമൺ കൺവൻഷൻ ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കൂട്ടായ്മയാണ്. 

ക്രിസ്തീയ നവീകരണരംഗത്ത് അഗ്രഗണ്യനായി വിരാജിച്ച മാരാമണ്ണിലെ പാലക്കുന്നത്ത് ഏബ്രഹാം മൽപാന്റെ കുടുംബത്തിൽ ജനിച്ചയാളാണ് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 

മനുഷ്യമനസ്സിന്റെയും സമൂഹത്തിന്റെയും വികാസത്തിനായി ആത്മാർഥമായി പ്രയത്നിക്കുന്ന ആത്മീയനേതാവാണു തിരുമേനി. ദൈവവേലയ്ക്കു വേണ്ടി ജീവിതം സമർപ്പിച്ച ഈ പുണ്യശ്ലോകൻ, ‘സ്ഥിതപ്രജ്ഞൻ’ എന്നു വിശേഷിപ്പിക്കാവുന്ന ശ്രേഷ്ഠനായകനാണ്. 

2016 ഏപ്രിലിൽ തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥിയായ എന്റെ പുസ്തകത്തിന്റെ പ്രകാശനം അദ്ദേഹം നിർവഹിച്ചതു മറക്കാനാവില്ല. അതുപോലെ, 2019ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ എനിക്കൊപ്പം ഡൽഹിയിലെത്തിയ അദ്ദേഹത്തെ ഞാൻ നന്ദിപൂർവം ‌പ്രണമിക്കുന്നു.

ജീവിതം ദൈവത്തിനായി സമർപ്പിച്ച തനിക്കു രാഗ–ഭയ–ക്രോധങ്ങൾക്കു വഴങ്ങേണ്ട കാര്യമില്ലെന്നും ആരെയും പ്രീണിപ്പിക്കേണ്ടതില്ലെന്നും തിരുമേനി വിശ്വസിക്കുന്നു. ധർമത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുകയെന്നതാണ് അദ്ദേഹത്തിന്റെ ജീവിതവ്രതം. ഭഗവദ്ഗീതയിലെ സാംഖ്യയോഗത്തിൽ പറയുന്നു: 

‘ദുഃഖേഷ്വനുദ്വിഗ്നമനാഃ സുഖേഷു 

വിഗതസ്പൃഹഃ

വീതരാഗഭയക്രോധഃ സ്ഥിതധീ‍ർമുനിരുച്യതേ.’

ദുഃഖങ്ങളിൽ വ്യാകുലനാകാതെയും സുഖങ്ങളിൽ തൽപരനാകാതെയും രാഗം, ഭയം, ക്രോധം എന്നിവ ഏശാതെ മൗനിയായും വർത്തിക്കുന്നയാൾ സ്ഥിതപ്രജ്ഞനാണ് എന്നർഥം. എന്റെ വിലയിരുത്തലിൽ ജോസഫ് മാർത്തോമ്മാ തിരുമേനി എന്ന കർമയോഗി തികച്ചും സ്ഥിതപ്രജ്ഞനാണ്. അദ്ദേഹത്തിനു നവതി പ്രണാമത്തിനൊപ്പം ദീർഘായുസ്സും നേരുന്നു.

English Summary: Dr. Joseph Marthoma Metropolitan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com