ADVERTISEMENT

തോട്ടങ്ങളിൽ പഴവർഗങ്ങൾ കൂടി കൃഷി ചെയ്യാനായി ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള നീക്കം, പ്രതിസന്ധി നേരിടുന്ന തോട്ടങ്ങൾക്കുള്ള ജീവവായു മാത്രമല്ല, കോവിഡ് അനന്തര കേരളം കൃഷിയിൽ തേടേണ്ട പുതുവഴി കൂടിയാകുന്നു. ഇതു യാഥാർഥ്യമായാൽ, കേരളത്തിൽ പഴങ്ങൾ കൂടുതലായി ഉൽപാദിപ്പിച്ചു പരാശ്രയത്വം കുറയ്ക്കാനും മൂല്യവർധന നടത്താനും സാധിക്കും. തോട്ടം മേഖലയിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാവുകയും ചെയ്യും. 

കേരളത്തിലെ റബർ, തേയില, കാപ്പി, ഏലം, കശുമാവ്, കൊക്കോ തോട്ടങ്ങൾ മൂന്നര ലക്ഷം തൊഴിലാളികളുടെ ഉപജീവന സ്രോതസ്സാണ്. കേരളത്തിന്റെ അടിസ്ഥാന സാമ്പത്തികശിലയും പച്ചപ്പുതപ്പും കൂടിയാണവ. എന്നാൽ, ഉയർന്ന കൃഷിച്ചെലവും വിലയിടിവും കാലാവസ്ഥാമാറ്റം മൂലമുള്ള ഉൽപാദനക്കുറവും പ്രകൃതിക്ഷോഭങ്ങളും മൂലം എല്ലാ തോട്ടങ്ങളും പ്രതിസന്ധിയിലാണിപ്പോൾ. കഴിഞ്ഞ വർഷം 4600 കോടി രൂപയായിരുന്നു തോട്ടം മേഖലയുടെ ആകെ നഷ്ടം. 

തോട്ടങ്ങളുടെ പുനരുജ്ജീവനത്തിനായി നികുതിയിളവ് ഉൾപ്പെടെ പല പ്രഖ്യാപനങ്ങളും സർക്കാർ നടത്തിയെങ്കിലും, അതുകൊണ്ടു മാത്രമാവില്ലെന്നതാണു യാഥാർഥ്യം. കാലഹരണപ്പെട്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഈ മേഖലയിലെ പല നവീകരണങ്ങൾക്കും തടസ്സമായെന്നു മാത്രമല്ല, നമ്മെ കൂടുതൽ പരാശ്രയത്വത്തിലേക്കു നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നമുക്കു വേണ്ട പഴങ്ങൾ ഉൽപാദിപ്പിക്കാൻ തോട്ടങ്ങളെ അനുവദിക്കണമെന്ന വാദത്തിന്റെ പ്രസക്തിയും പ്രാധാന്യവും. പഴവർഗങ്ങൾക്കൊപ്പം പച്ചക്കറി കൂടി കൃഷി ചെയ്യാനുള്ള ശുപാർശയുമുണ്ട്. 

ഇക്കാര്യം യാഥാർഥ്യമാവുകയാണെങ്കിൽ രണ്ടു നേട്ടങ്ങൾക്കു സാധ്യത തെളിയും – തോട്ടങ്ങളുടെ സാമ്പത്തിക സുരക്ഷയും നാടിന്റെ പോഷകസുരക്ഷയും. നിലവിലുള്ള തോട്ടങ്ങളിൽ സമ്മിശ്രവിളയായും ഇടവിളയായുമൊക്കെ പഴവർഗക്കൃഷി ആരംഭിക്കാനാകും. നമ്മുടെ പരമ്പരാഗത വിളകളെ അപേക്ഷിച്ച് ഫലവൃക്ഷങ്ങളുടെ ഉൽപാദനക്ഷമതയും ആദായവും കൂടുതലാണ്. വർഷത്തിൽ ഒൻപതു മാസവും പഴങ്ങളുടെ ഉൽപാദനം നടത്താൻ യോജ്യമായ കാലാവസ്ഥയാണു കേരളത്തിലേത്. അടുത്തകാലത്തു നാം തിരിച്ചുപിടിച്ച ചക്ക മുതൽ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള റമ്പുട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങി ഉയർന്ന മൂല്യമുള്ള പഴങ്ങൾ വരെ ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനാകും. 

തോട്ടക്കൃഷി കുറയുകയോ തൊഴിലാളികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്തുകയോ ചെയ്യാത്ത പരിഷ്കാരമാണു വേണ്ടത്. പഴവർഗങ്ങളുടെ ഉൽപാദനവും സംസ്കരണവും വിപണനവുമൊക്കെ ഏകോപിപ്പിച്ച് ഒരു സംയോജിത വ്യവസായമായി വളർന്നാൽ മാത്രമേ നാടിനു പ്രയോജനം ചെയ്യൂ. ഫലവർഗവ്യവസായത്തിൽ ക്രമേണ ഒട്ടേറെ ചെറുകിട കർഷകർക്കും സംരംഭകർക്കും വളരാനാകും. തൊഴിലവസരങ്ങളും കൂടുതലായുണ്ടാകും. വൻതോതിലുള്ള ഉൽപാദനമെത്തുന്നതോടെ സംസ്കരണ സംരംഭങ്ങൾ, ശീതീകൃത വിതര‌ണശൃംഖല എന്നിങ്ങനെ അനുബന്ധ തൊഴിൽ മേഖലകളും വിപുലമാകും. 

ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടം ഭൂമിയിൽ മറ്റു വിളകൾ കൃഷി ചെയ്താൽ 15 ഏക്കറിൽ കൂടുതൽ കൈവശം വയ്ക്കാനുള്ള നിയമപരിരക്ഷ ഇല്ലാതാകും. അതിനാൽ ഈ നിയമത്തിന്റെ അന്തഃസത്ത നിലനിർത്തിയുള്ള ഭേദഗതിയാണ് ആലോചിക്കുന്നത്. പഴവർഗങ്ങൾ കൂടി കൃഷി ചെയ്യുന്ന തോട്ടങ്ങൾ തുണ്ടുകളായി മുറിച്ചു വിൽക്കാൻ അനുവദിക്കില്ലെന്നതടക്കമുളള വ്യവസ്ഥകൾക്കു വിധേയമായി നിയമഭേദഗതി കൊണ്ടുവരണമെന്നാണ് ഇടതു മുന്നണിയോടു കൃഷിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. തോട്ടം ഭൂമിയുടെ നിശ്ചിത ശതമാനം പഴം – പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനുള്ള ഇളവാണു കൃഷിവകുപ്പ് തേടുന്നത്. കേരളത്തിലെ കാർഷിക നവീകരണത്തിനു വേണ്ടി കേരള കാർഷിക സർവകലാശാല, ആസൂത്രണ ബോർഡ് എന്നിവയുടെ സഹായത്തോടെ കൃഷിവകുപ്പ് സമഗ്ര പഠനം നടത്തിയിരുന്നു. 

നിയമഭേദഗതിയുടെ കാര്യത്തിൽ രാഷ്ട്രീയാനുമതി വൈകിക്കൂടാ. അതേസമയം, എത്ര നല്ല ആശയവും ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ പാഴാകുമെന്നു നീര നമ്മെ പഠിപ്പിച്ചതു മറക്കാനും പാടില്ല. അതുകൊണ്ടുതന്നെ, കൃത്യമായ ദിശാബോധത്തോടെയാവണം ഈ പരിഷ്കാരങ്ങൾ നമ്മുടെ തോട്ടങ്ങളിലെത്തേണ്ടത്. സർക്കാർതലത്തിൽ കൂടുതൽ ചർച്ചകളിലൂടെ വ്യക്തത വരുത്തി, തോട്ടം മേഖലയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു നയപരിഷ്കരണ നടപടികളിലൂടെ കരകയറ്റേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com