ADVERTISEMENT

തന്റെ കൃഷിയിടം കുഴിക്കുന്നതിനിടെ ഒരാൾക്കൊരു വെണ്ണക്കൽ പ്രതിമ ലഭിച്ചു. രണ്ടു ദിവസം അയാൾ ആ പ്രതിമ വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ശിൽപങ്ങൾ ഇഷ്ടപ്പെടുന്ന ഒരാൾക്കു വലിയ തുകയ്ക്കു വിറ്റു. പണവുമായി വീട്ടിലേക്കു മടങ്ങുമ്പോൾ അയാൾ ചിന്തിച്ചു – മണ്ണിൽ പുതഞ്ഞു കിടന്ന പ്രതിമ കിട്ടിയതും വിറ്റതും നന്നായി. ഈ പണംകൊണ്ട് എന്തെല്ലാം കാര്യങ്ങൾ നടക്കും. ആ വിഡ്ഢിയല്ലാതെ ആരെങ്കിലും ഇതു വാങ്ങുമോ? പ്രതിമ വാങ്ങിയ ആൾ ചിന്തിച്ചു – എന്തൊരു സൗന്ദര്യമാണ് ഈ പ്രതിമയ്ക്ക്. ഇതിലേക്കു നോക്കിയാൽത്തന്നെ മനസ്സു നിറയും. ആ വിഡ്ഢിയല്ലാതെ മറ്റാരെങ്കിലും ഇതു വിൽക്കുമോ?

എന്ത് അന്വേഷിക്കുന്നു എന്നത് എന്തിൽ ആനന്ദം കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സുഖാനുഭവങ്ങൾ തരുന്നവയുടെ പിന്നാലെയുള്ള യാത്രയാണ് ഓരോ ജീവിതവും. മനോഭാവത്തിനും കാഴ്ചപ്പാടിനുമനുസരിച്ച് ആ അന്വേഷണങ്ങളിൽ വ്യത്യാസമുണ്ടാകുമെന്നു മാത്രം.

തനിക്ക് അപരിചിതമോ അനാകർഷകമോ ആയ ഒന്നിന്റെയും മൂല്യമളക്കാൻപോലും ആരും തയാറാകില്ല. ഇഷ്ടപ്പെട്ടവയുടെ സന്തോഷാനുഭവങ്ങളിലൂടെ മാത്രം സഞ്ചരിക്കുമ്പോൾ വിലയുള്ളവയുടെ അതുല്യാനുഭവങ്ങൾ പലപ്പോഴും നഷ്ടപ്പെടും. ഇഷ്ടമുള്ളവയുടെയും ആവശ്യമുള്ളവയുടെയും സമീകൃത മിശ്രിതത്തിൽനിന്നാണ് പോഷകസമൃദ്ധമായ ജീവിതക്രമം സാധ്യമാകുന്നത്. ഇഷ്ടമുള്ളവയെല്ലാം സ്വന്തമാക്കാനോ ആവശ്യമുള്ളവയെല്ലാം കണ്ടെത്താനോ കഴിഞ്ഞെന്നുവരില്ല.

എല്ലാ അനിഷ്ടങ്ങളെയും വിലപറഞ്ഞു വിൽക്കാനാകില്ല; എല്ലാ ആവശ്യങ്ങളെയും വിലകൊടുത്തു വാങ്ങാനും. വേണ്ടാത്തതെല്ലാം വിൽപനയ്ക്കു വയ്ക്കുമ്പോൾ ഓർക്കണം, ഉപയോഗമില്ലാത്തതൊന്നും ഇല്ലെന്നും ഉപയോഗം അറിയാത്തവന്റെ കയ്യിൽ എല്ലാം പാഴ്‌വസ്തു ആണെന്നും.

ഒന്നിന്റെ മൂല്യം പണത്തിന്റെ പേരിൽ മാത്രം നിർണയിക്കപ്പെടുമ്പോഴാണ് അതിന്റെ വില നഷ്ടപ്പെടുന്നത്. എല്ലാ വസ്തുക്കളും ധനസമ്പാദനത്തിനുവേണ്ടി ഉള്ളവയല്ല. സന്തോഷവും സംതൃപ്തിയും സമാധാനവും തരുന്നവയ്ക്ക് എന്തു വിലയിടും, എങ്ങനെ വിലയിടും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com