ADVERTISEMENT

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ കസ്റ്റഡി ഇരട്ടക്കൊലക്കേസ് ദേശീയ ശ്രദ്ധയിലെത്തിയിരിക്കുകയാണ്. യുഎസിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തിയതിനു സമാനം എന്ന രീതിയിൽപോലും സമൂഹം ഏറ്റെടുത്ത ഈ കേസിൽ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നു. ലോക്ഡൗൺ ലംഘനത്തിന് അറസ്റ്റിലായ അച്ഛനും മകനും ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചത് ഈ രോഗകാലത്തു രാജ്യം കേട്ട ഏറ്റവും നിന്ദ്യമായ സംഭവങ്ങളിലൊന്നാണെന്നതിൽ സംശയമില്ല.

ജനങ്ങളുടെ ജീവനും സ്വത്തും പരിരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ് തന്നെ ജീവനെടുക്കുന്ന കിരാത സാഹചര്യം പരിഷ്കൃത സമൂഹത്തിനാകെ കളങ്കം ചാർത്തുകയാണ്. കസ്റ്റഡിമരണങ്ങൾ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേർക്കുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവജ്ഞയാണെന്നു സുപ്രീം കോടതി പറഞ്ഞത് 2017ൽ ആണ്. ഇതിനെതിരെ പൊലീസിനു പലവട്ടം താക്കീതും മുന്നറിയിപ്പും ലഭിച്ചിട്ടുമുണ്ട്. എന്നിട്ടും ഈ പ്രാകൃതത്വം തുടർന്നുകൊണ്ടിരിക്കുന്നു.

ലോക്ഡൗൺ വേളയിൽ സമർപ്പിതസേവനത്തിനു നാടിന്റെ അഭിനന്ദനവും നന്ദിയും ഏറ്റുവാങ്ങിയ കേരളത്തിലെ പൊലീസ് സേനയുടെ നല്ലോർമകൾക്കിടയിലാണ് അയൽസംസ്ഥാനത്തുനിന്ന് ഈ പൊലീസ് ക്രൂരത നാം കേൾക്കുന്നത്. തൂത്തുക്കുടിയിൽ അച്ഛനും മകനും ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയുണ്ടായി. ലോക്ഡൗൺ കാലത്തു ജനങ്ങളോടു മാനുഷിക പരിഗണന കാട്ടാൻ പൊലീസ് തയാറാവണമെന്ന് അഭിപ്രായപ്പെട്ട കോടതി, കസ്റ്റഡിമരണങ്ങൾ തടയാൻ പ്രത്യേക ചട്ടം കൊണ്ടുവരണമെന്നു സർക്കാരിനു വാക്കാൽ നിർദേശം നൽകിയിട്ടുമുണ്ട്.

നിസ്സാര കുറ്റത്തിന് അറസ്റ്റ് ചെയ്ത അച്ഛനെയും മകനെയും പൊലീസ് ഏറെനേരം മർദനത്തിന് ഇരയാക്കിയതായും പരുക്കേറ്റ എൺപതോളം പാടുകൾ ഇരുവരുടെയും ശരീരത്തിലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈയിടെ തെങ്കാശിയിൽ ഓട്ടോ ഡ്രൈവർ പൊലീസ് കസ്റ്റഡിയിൽ മരിച്ചതു ക്രൂരമർദനത്തിനിരയായാണെന്ന പരാതിയും ഉയർന്നുകഴിഞ്ഞു. രാജ്യത്തു കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിൽ ഇത്തരം ക്രൂരതകൾകൂടി നടക്കുന്നത് അത്യധികം നിർഭാഗ്യകരമാണ്. തൂത്തുക്കുടി കസ്റ്റഡി ഇരട്ടക്കൊലക്കേസ് അന്വേഷണം സിബിഐക്കു കൈമാറാൻ തീരുമാനിച്ചുകഴിഞ്ഞു. കസ്റ്റഡിമരണത്തിന്റെ പിന്നിലുള്ള ഗൂഢോദ്ദേശ്യങ്ങൾ എത്രയും വേഗം പുറത്തുകൊണ്ടുവരികയും കുറ്റക്കാരെയെല്ലാം പിടികൂടി മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

കോവിഡ്കാലത്ത് തമിഴ്നാട്ടിലെ പൊലീസ് സേനയുടെ ഭാഗത്തുനിന്നുള്ള മികച്ച സേവനം കുറച്ചു കാണാനുമാവില്ല. സേവനത്തിനിടെ ആയിരത്തിലേറെ പൊലീസുകാർക്കു കോവിഡ് ബാധിക്കുകയും ഒരു ഇൻസ്പെക്ടർ മരിക്കുകയും ചെയ്തു. ഈ രോഗകാലത്തുതന്നെയുണ്ടായ തൂത്തുക്കുടി സംഭവം പക്ഷേ, സേനയ്ക്കാകെ നാണക്കേടായിത്തീർന്നു. കസ്റ്റഡി കൊലപാതകങ്ങൾ കോവിഡ് പോലെ മറ്റൊരു വ്യാധിയാണെന്ന മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം രാജ്യത്തിന്റെയാകെ വികാരമാണ്.

തൂത്തുക്കുടി സംഭവത്തിൽ തമിഴ്നാട് സർക്കാരിന്റെ ഒളിച്ചുകളിയും അപലപിക്കപ്പെടേണ്ടതാണ്. കേസിന്റെ അന്വേഷണം തുടങ്ങുന്നതിനു മുൻപേ, മരണകാരണം കസ്റ്റഡിമർദനമല്ലെന്നു ചില മന്ത്രിമാർ തന്നെ വിധി പറഞ്ഞുകളഞ്ഞു. തെളിവുകൾ നശിപ്പിക്കുന്നതു തടയാൻ, സംഭവം നടന്ന സാത്താൻകുളം പൊലീസ് സ്റ്റേഷൻ റവന്യു ഉദ്യോഗസ്ഥരോട് ഏറ്റെടുക്കാൻ നിർദേശിച്ചതുൾപ്പെടെയുള്ള ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകൾ ഇരകൾക്കു നീതി ലഭിക്കുമെന്ന പ്രതീക്ഷ പകരുന്നതാണ്.

ഉയർന്ന സാക്ഷരതയും മനുഷ്യാവകാശ അവബോധവും പറഞ്ഞ് അഭിമാനിക്കുന്ന കേരളത്തിൽപോലും കസ്റ്റഡി മരണങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുടെ മാറ്റമനുസരിച്ചു രാഷ്ട്രീയ ഇടപെടലുകളിൽ മാറ്റം വരുന്നതല്ലാതെ രാജ്യത്തെ പൊലീസ് സേനയാകെ മാനുഷികമായും നൈതികമായും നവീകരിക്കപ്പെടുന്നില്ല എന്നതു നിർഭാഗ്യകരമാണ്.

തൂത്തുക്കുടിയിലെ ആ അച്ഛന്റെയും മകന്റെയും ദാരുണമരണത്തിനു മറുപടിയായി, പൊലീസ് കസ്റ്റഡിയിൽ ഇത്തരം ദാരുണമരണങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കില്ലെന്ന ഉറപ്പാണു രാജ്യത്തിനു വേണ്ടത്.

English Summary: Thoothukudi custody twin murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com