ADVERTISEMENT

രണ്ടു വർഷം കൊണ്ടു നേടിയ അവിശ്വസനീയമായ വളർച്ച ഒറ്റ രാത്രികൊണ്ട് അസ്തമിക്കുന്നതിന്റെ നടുക്കം. ഇന്ത്യയിൽ 12 കോടി ഉപയോക്താക്കളുള്ള ടിക്ടോക്കിലെ ആഘോഷങ്ങൾക്കു കർട്ടൻ വീഴുമ്പോൾ ഒറ്റയടിക്ക് വലിയൊരു വിഭാഗം ഉപയോക്താക്കളെ നഷ്ടപ്പെടുന്ന ചൈനീസ് കമ്പനിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. ഒപ്പം, ചൈനീസ് കടന്നുകയറ്റത്തിനു ശേഷം വലിയ പ്രചാരം നേടിയ മിത്രോം ഉൾപ്പെടെ ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകൾക്കു വലിയ വളർച്ചാസാധ്യത കൂടിയാണ് ഈ നിരോധനം. 

മ്യൂസിക്കലി എന്ന ആപ്പുമായി ലയിച്ച ശേഷം 2018ലാണ് ടിക്ടോക് ലോകമെങ്ങും ലഭ്യമായത്. ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം ഉപയോക്താക്കളെ നേടി ആകെ 200 കോടി ഉപയോക്താക്കൾ എന്ന ചരിത്രനേട്ടം കൈവരിച്ചത് ഈ വർഷം ആദ്യമാണ്. ആയിരക്കണക്കിനു പ്രതിഭകൾക്ക് തങ്ങളുടെ കഴിവുതെളിയിക്കാൻ അവസരമൊരുക്കിയ ആപ്പിന് വിലക്കേർപ്പെടുത്തുമ്പോൾ ഉപയോക്താക്കളുടെ ഏറ്റവും വലിയ ആശങ്ക തങ്ങളുടെ ഫോണിലുള്ള ആപ്പ് ഇനി പ്രവർത്തിക്കില്ലേ എന്നതാണ്. എന്നാൽ നിയമപരമായ വിലക്കിനു പുറമേ പ്രായോഗികമായി ഇത് എങ്ങനെ നടപ്പാക്കും എന്നതു സർക്കാർ വ്യക്തമാക്കിയിട്ടില്ല. 

ആപ്പ് സർക്കാർ വിലക്കിയാൽ ഔദ്യോഗിക ആപ്പ്സ്റ്റോറുകളിൽ നിന്ന് അതു നീക്കം ചെയ്യുകയാണ് ആദ്യനടപടി. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ആപ്പുകൾ അപ്രത്യക്ഷമാകും. എന്നാൽ, ഒരു പടി കൂടി കടന്ന് ഇന്റർനെറ്റ് സേവനധാതാക്കളോട് നിരോധിത ആപ്പിനുള്ള ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കാൻ സർക്കാർ ആവശ്യപ്പെട്ടാൽ ടിക്ടോക്കിൽ വിഡിയോ പോസ്റ്റ് ചെയ്യാനോ നിലവിലുള്ള വിഡിയോകൾ കാണാനോ സാധിക്കാതെ വരും.എന്നാൽ, ഈ നടപടികളിലേക്ക് സർക്കാർ കടക്കുമോ എന്നത് വ്യക്തമല്ല.  ഇന്റർനെറ്റ് ബന്ധം ആവശ്യമില്ലാത്ത, ക്യാംസ്കാനർ, ഇഎസ് ഫയൽ എക്സ്പ്ലോറർ തുടങ്ങിയ ആപ്പുകളുടെയും റെഡ്മി ഫോണുകളിൽ പ്രീ ഇൻസ്റ്റാൾഡ് ആയി എത്തുന്ന മി വിഡിയോകോൾ, മി കമ്യൂണിറ്റി തുടങ്ങിയ ആപ്പുകളുടെ നിരോധനം എങ്ങനെ നടപ്പാക്കും എന്നതിൽ വ്യക്തതയായിട്ടില്ല. 

ടിക്ടോക്കിനൊപ്പം നിരോധിക്കപ്പെടുന്ന ആപ്പുകളിൽ പലതും ഏറെ പ്രചാരമുള്ളവയാണ്. ഫയൽ ഷെയറിങ്ങിനായി വ്യാപകമായി ഉപയോഗിച്ചിരുന്ന എക്സെൻഡർ, ഷെയർ ഇറ്റ്, ഡേറ്റാ മോഷണത്തിനു പേരുകേട്ട മൊബൈൽ വെബ് ബ്രൗസറുകളായ യുസി, സിഎം, എപിയുഎസ്, ഡോക്യുമെന്റ് സ്കാനർ ആയ ക്യാംസ്കാനർ എന്നിവ ഇവയിൽ ഉൾപ്പെടും. 

ചൈനയിൽ വാട്സാപ്പിനു ബദലായി പ്രചാരത്തിലുള്ള വിചാറ്റ്, മൊബൈൽ വിഡിയോ എഡിറ്റിങ് ആപ്പായ വിവ വിഡിയോ എന്നിവയും ഏറെ പ്രചാരമുള്ളതാണ്. അതേ സമയം, ചൈനീസ് കമ്പനിയായ ടെൻസെന്റിനു നിക്ഷേപമുള്ള പബ്ജി ഉൾപ്പെടെ ചൈനീസ് ബന്ധമുള്ള മറ്റു പല ആപ്പുകളും നിരോധിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

English Summary: Digital cleaning my India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com