ADVERTISEMENT

ചികിത്സയിലൂടെയും വാക്കിലൂടെയും സ്നേഹസ്പർശത്തിലൂടെയും രോഗികൾക്ക് ആശ്വാസം നൽകുന്ന നൂറുകണക്കിനു ഡോക്ടർമാർ നമ്മുടെ നാട്ടിലുണ്ട്. അവർ ചൊരിയുന്ന രോഗശാന്തിക്കും നീട്ടിത്തരുന്ന ആയുസ്സിനും രോഗികളും ബന്ധുക്കളും കടപ്പെട്ടിരിക്കുന്നു. രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവന്റെ താളവും ഒന്നുതന്നെയാണെന്നു തിരിച്ചറിയുന്ന ഒട്ടേറെ ഡോക്ടർമാരുടെ പ്രതിബദ്ധതയിൽനിന്നു കൂടിയാണ് ആരോഗ്യകേരളം ചൈതന്യവത്താവുന്നത്. ഈ കോവിഡ്കാലത്ത് വിശ്രമമില്ലാത്ത അവരുടെ സമർപ്പിതസേവനത്തെ ആദരിക്കാൻ ഓർമപ്പെടുത്തുകകൂടിയാണ് ഈ ഡോക്ടർ ദിനം.

ഈ രോഗകാലത്ത് സ്വന്തം ജീവനും കുടുംബവും ജീവസുരക്ഷ തന്നെയും മറന്ന് എത്രയോ ഡോക്ടർമാരാണ് രോഗികളെ ചികിത്സിക്കുന്നത്. അതേസമയം, സ്വന്തം സമയവും താൽപര്യങ്ങളും ത്യജിച്ചുള്ള സേവനസന്നദ്ധതയുടെയും ആത്മത്യാഗത്തിന്റെയും പ്രതിരൂപങ്ങളെ നമ്മിൽ പലരും അവരർഹിക്കുംവിധം മാനിക്കുന്നുണ്ടോ എന്നു സംശയം. ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമൊക്കെയടങ്ങുന്ന ആതുരശുശ്രൂഷാസമൂഹത്തിന്റെ സേവനക്ലേശം ഓർമിക്കപ്പെടുകയും ആദരിക്കപ്പെടുകയും വേണം. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ ജീവിതത്തിന്റെ മഹനീയത ഓർമിപ്പിക്കുന്ന ഈ ദിവസത്തിന്റെ സവിശേഷത സമൂഹം മാനിക്കാതെ പോകരുത്.

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കുടുംബ ഡോക്ടർ സങ്കൽപത്തിലുള്ളത് ആയുരാരോഗ്യസൗഖ്യ വ്യവസ്ഥയിലെ ഏറ്റവും മനോഹരമായ ബന്ധമാണ്. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും മനസ്സും ശരീരവും അറിയുന്ന ഡോക്ടർ; കുടുംബത്തിലെ ബഹുമാന്യ അംഗമായി ഡോക്ടറെ സ്വീകരിക്കുന്ന വീട്ടുകാർ. ഇന്നു നാം ഡോക്ടർ ദിനം ആചരിക്കുമ്പോൾ ആഘോഷിക്കപ്പെടേണ്ടത് ഈ വലിയ കുടുംബ സങ്കൽപവും അതിന്റെ പിന്നിലെ പാരസ്പര്യത്തിന്റെ തത്വശാസ്ത്രവുമാണ്.

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നണിപ്പോരാളികളായി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സർവസജ്ജരായി നിലയുറപ്പിച്ചിട്ടുള്ളതു കൊണ്ടാണ് ജനങ്ങൾക്കു സമാധാനത്തോടെയും സുരക്ഷയോടെയും കഴിയാനാവുന്നത്. കേരളത്തിലും ഇതിനകം ഡോക്ടർമാരുൾപ്പെടെ ചില ആരോഗ്യപ്രവർത്തകർക്കു കോവിഡ് പിടിപെട്ടത് അത്യധികം ഗൗരവത്തോടെ വേണം കാണാൻ. സ്വന്തം സുരക്ഷ പോലും മറന്ന് കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും പരിചരണത്തിലും ശ്രദ്ധയൂന്നുന്ന ആരോഗ്യപ്രവർത്തകർക്കു സർക്കാരും സമൂഹവും തിരിച്ചുനൽകേണ്ടതു പൂർണ സുരക്ഷിതത്വമാണെന്നതു മറന്നുകൂടാ. നാം സുരക്ഷിതമായി ജീവിക്കുമ്പോൾ, ജനതയുടെ സൗഖ്യത്തിനുവേണ്ടി പ്രതികൂല സാഹചര്യങ്ങളിലും അവിരാമം പ്രയത്നിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതു സർക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്.

ഒരു പഴയ കഥ ഇന്നോർമിച്ചേതീരൂ. വർഷം 1933. ഡോക്ടറോടു കലഹിക്കുകയാണൊരു രോഗി. മറ്റാരുമല്ല, ഗാന്ധിജി. മരുന്നുകൾ ഇന്ത്യൻ നിർമിതമല്ലെന്നതായിരുന്നു കാരണം. ‘‘ഈ രാജ്യത്തെ 40 കോടി ജനങ്ങളെയും സൗജന്യമായി ചികിത്സിക്കാൻ നിങ്ങൾക്കാകുമോ ?’’ അതായിരുന്നു ഡോക്ടറോടുള്ള ഗാന്ധിജിയുടെ ചോദ്യം. ഡോക്ടറും കടുപ്പക്കാരനായിരുന്നു. ‘‘ഇല്ല. അവരെയെല്ലാം സൗജന്യമായി ചികിത്സിക്കാൻ എനിക്കു കഴിയില്ല. പക്ഷേ, ഞാനിവിടെ വന്നിരിക്കുന്നതു മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ചികിത്സിക്കാനല്ല. അങ്ങു പറഞ്ഞ 40 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്ന വ്യക്തിയെ ചികിത്സിക്കാനാണ്.’’ അങ്ങനെ പറഞ്ഞത് ഇന്ത്യൻ വൈദ്യശാസ്ത്ര ലോകത്തെ കാലാതീത താരവും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബി.സി.റോയി ആണ്. ജനനം: 1882 ജൂലൈ ഒന്ന്. മരണം: 1962 ജൂലൈ ഒന്ന്. രണ്ടു ദിവസങ്ങളും ഒന്നാണ്; ഇന്നാണ്. ഇന്ത്യയിൽ അതുകൊണ്ടുതന്നെ ഇത് ഡോക്ടർ ദിനവുമാണ്.

ഡോ. ബി.സി.റോയിയെ മാർഗതാരമാക്കുന്ന എത്രയോ ഡോക്ടർമാർ നമുക്കൊപ്പമുണ്ട്. ആയുസ്സു പണയംവച്ച് ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും സേവനം ചെയ്യുന്നതുകൊണ്ടുകൂടിയാണ് നമ്മൾ ആയുരാരോഗ്യസൗഖ്യത്തോടെ ജീവിക്കുന്നതെന്നതു മറക്കാതിരിക്കാം. അതുകൊണ്ടുതന്നെ, ഹൃദയത്തിൽനിന്നുള്ള നന്ദിവാക്കുകളുമായി നമുക്ക് ഈ ഡോക്ടർ ദിനത്തെ വരവേൽക്കാം; ആതുരശുശ്രൂഷകരെ ആദരവോടെ ഹൃദയാലിംഗനം ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com