ADVERTISEMENT

പ്രസ്താവനകളുമായി പത്രമോഫിസുകളിലേക്ക് ഓടുന്ന രാഷ്ട്രീയ പ്രവർത്തനവും മേലനങ്ങാത്ത ധർണകളും നടത്തി രക്ഷപ്പെടുന്നവർ ജാഗ്രതൈ!

അത്തരം മണുക്കൂസ് പ്രവർത്തനത്തിന്റെ കാലം കഴിഞ്ഞു. അതുമായി നടക്കുന്നവർക്കാർക്കും ഇനി രക്ഷയില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു.

ചുറുചുറുക്കുള്ളർക്കു മാത്രമേ കുറഞ്ഞപക്ഷം ഈ സർക്കാരിന്റെ കാലത്തെങ്കിലും ഭാവിയുള്ളൂ. സ്ഥാനമാനങ്ങളും നിയമനങ്ങളും അംഗീകാരങ്ങളും അവർക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

ഏതോ ഒരു സ്കൂളിലെ അധ്യാപക – രക്ഷാകർതൃസമിതി പ്രസിഡന്റ് എന്ന നിലയിലുള്ള മഹത്തായ ബാലജന സേവനമാണ് ഈയിടെ ഒരാൾക്ക് സംസ്ഥാന ബാലാവകാശ കമ്മിഷൻ അധ്യക്ഷസ്ഥാനം നേടിക്കൊടുത്തതെന്ന പരാതിയുയർന്നപ്പോൾ മുഖ്യമന്ത്രി ആ യോഗ്യത വിശദീകരിക്കുകയുണ്ടായി:

ആൾ പരമയോഗ്യനും ചുറുചുറുക്കുള്ളയാളുമാണ്.

അങ്ങനെയാണ് ചുറുചുറുക്ക് നമ്മുടെ സംസ്ഥാനത്തെ പരമ യോഗ്യതകളിലൊന്നായി മാറുന്നത്.

ചുറുചുറുക്ക് എന്ന യോഗ്യത നിഘണ്ടുവിൽ പണ്ടേ സ്ഥാനം പിടിച്ചിട്ടുണ്ടെന്നോർക്കണം. ഉത്സാഹം, ഊർജസ്വലത, പ്രസരിപ്പ് എന്നിവ ചേർന്നാൽ നിഘണ്ടുവിലെ ചുറുചുറുക്കായി.

ഇതിൽനിന്നു തെല്ലുമാത്രം വ്യത്യാസമുള്ള മറ്റൊരു യോഗ്യതയും നിഘണ്ടുവിൽ അപ്പുക്കുട്ടൻ കണ്ടെത്തി: ചുറുചുറുപ്പ്. ചൊടിചൊടിപ്പ്, ചുണ, വേഗം എന്നിവയൊക്കെയാണ് ചുറുചുറുപ്പിലുള്ളതെന്നും നിഘണ്ടുവിൽ പറയുന്നു.

ചുണയും വേഗവും ഏതൊരാൾക്കും അതിവേഗം മനസ്സിലാക്കാമെങ്കിലും ചൊടിചൊടിപ്പ് വല്ലാത്തൊരു യോഗ്യതയാണ്.

ചൊടിപ്പ് വേഗമാണ്; ചൂടാണ്; കോപമാണ്.

അതിന്റെകൂടെ ചൊടികൂടി ചേർന്നാൽ ചൊടിചൊടിപ്പായി.

ഉത്സാഹത്തിനും ഉന്മേഷത്തിനും പുറമേ വീറും എരിവും കൂടി ചൊടിയിലുണ്ട്.

ബാലാവകാശ കമ്മിഷൻ അധ്യക്ഷന് ചുറുചുറുക്കാണ് വേണ്ടതെങ്കിൽ കമ്മിഷൻ അംഗങ്ങൾക്കു യോഗ്യത ചുറുചുറുപ്പ് എന്നു നിശ്ചയിക്കാമെന്നു തോന്നുന്നു.

പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനങ്ങളിൽ ഈ യോഗ്യതകൾ ഒട്ടും വൈകാതെ ചുറുചുറുക്കോടെയും ചുറുചുറുപ്പോടെയും കയറിയിരുന്നു ചിരിക്കുമെന്നു കരുതാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com