ADVERTISEMENT

കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് ഇതു നിർണായക മാസം. ഈ മാസം പ്രതിദിന രോഗബാധിതരുടെ എണ്ണം 189 വരെ ഉയരാമെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രൊജക്‌ഷൻ റിപ്പോർട്ട്. ജൂണിൽ പ്രതിദിന രോഗികൾ 169 വരെ ഉയരാമെന്ന, ദുരന്തനിവാരണ അതോറിറ്റിയുടെ ആദ്യ പ്രൊജക്‌ഷൻ റിപ്പോർട്ടിലെ പ്രവചനം ഏതാണ്ടു കൃത്യമായിരുന്നു. 

ആകെ രോഗബാധിതരുടെ എണ്ണം 12000 വരെയെത്താം. സമൂഹവ്യാപനം തടഞ്ഞുനിർത്താൻ കഴിഞ്ഞാൽ അടുത്ത മാസത്തോടെ രോഗബാധിതരുടെ എണ്ണം കുറഞ്ഞുതുടങ്ങും. പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം, ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കാനും സംസ്ഥാന സർക്കാർ നടപടി തുടങ്ങി.

തിരിച്ചെത്തും, 4 ലക്ഷം പേർ

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായിഏകദേശം  4 ലക്ഷം പേർ ഈ മാസത്തോടെ തിരിച്ചെത്തുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. തിരികെയെത്തുന്നവരിൽ ഏകദേശം 3% പേർ കോവിഡ് പോസിറ്റീവ് ആകുന്നുവെന്ന കണക്കനുസരിച്ച്, ആകെ രോഗികളുടെ എണ്ണം 12000 വരെയാകാം. ജൂലൈ പകുതിയോടെ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും ഉയരാം. മരണസംഖ്യ 140 വരെ ആയേക്കാം. 

സമൂഹവ്യാപനം ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ഈ കണക്കുകൾ. പ്രാഥമിക സമ്പർക്ക വിഭാഗത്തിൽപെട്ട 1000 പേരിൽ ഒരാൾക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കണക്കനുസരിച്ച് പരമാവധി 200 പേർക്കു മാത്രമേ രോഗസാധ്യതയുള്ളൂ. അതേസമയം, പ്രതിരോധ നടപടികൾ പാളിയാൽ സമ്പർക്ക വ്യാപനം വർധിക്കുകയും സമൂഹവ്യാപനം ഉണ്ടാവുകയും ചെയ്യാം. അതോടെ, ഈ കണക്കുകളെല്ലാം  കൈവിട്ടുപോകാം.

ഇപ്പോൾ ദിവസേന, ശരാശരി 50 വിമാനങ്ങളിലായി 10,000 പേർ വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നുവെന്നാണ് നോർക്കയുടെ കണക്ക്. ഇത് ഈ മാസം മുഴുവൻ തുടരാനിടയുണ്ടെന്നും അവർ വിലയിരുത്തുന്നു.

1.38 ലക്ഷം കിടക്കകൾ

സർക്കാർ മേഖലയിലെ 1459, സ്വകാര്യമേഖലയിലെ 873 ആശുപത്രികളിലായി 1.38 ലക്ഷം പേ രെ കിടത്തിച്ചികിത്സിക്കാനുള്ള  സൗകര്യമാണ് ഇപ്പോഴുള്ളത്. 7453 ഐസിയു ബെഡുകൾ, 3375 വെന്റിലേറ്ററുകൾ എന്നിവയും നിലവിലുണ്ട്.

1045 ഹോസ്റ്റലുകൾ, 2523 ഹോട്ടലുകൾ, 2175 ലോഡ്ജുകൾ, 721 റിസോർട്ടുകൾ, 128 ആ യുർവേദ കേന്ദ്രങ്ങൾ എന്നിവയെ ആവശ്യമെങ്കിൽ കോവിഡ് ചികിത്സാകേന്ദ്രങ്ങളായി മാറ്റി, 1.97 ലക്ഷം പേർക്കു കിടത്തിച്ചികിത്സയ്ക്കു സൗകര്യമൊരുക്കാം. പാലക്കാട്, മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിൽ സൗകര്യം കുറവാണ്.

ഇതിനിടെ പ്രളയ ദുരിതാശ്വാസകേന്ദ്രങ്ങളായി 11,937 സ്കൂളുകളിൽ ഉൾപ്പെടെ, 1.69 ലക്ഷം പേരെ താമസിപ്പിക്കാനുള്ള സൗകര്യവും കണ്ടെത്തിയിട്ടുണ്ട്.

രോഗികളുടെ എണ്ണം പിടിച്ചുനിർത്താനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ രോഗികൾ വർധിക്കുകയാണെങ്കിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ പ്ലാൻ എ,ബി,സി എന്നിവ തയാറാക്കിയിട്ടുണ്ട്. ഇതിനുള്ള മുന്നൊരുക്കങ്ങളും പൂർത്തിയാക്കി.

പ്ലാൻ എ

കോവിഡ് ബാധിതരെ ചികിത്സിക്കാൻ 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും 29 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും തയാർ. കോവിഡ് ആശുപത്രികളിൽ ആകെയുള്ളത് 8585 കിടക്കകൾ. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 15,975 കിടക്കകളുണ്ട്.

പ്ലാൻ ബി

രോഗികളുടെ എണ്ണം കൂടിയാൽ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ എണ്ണവും കൂട്ടും. ഹോസ്റ്റലുകൾ, ലോഡ്ജുകൾ എന്നിവ ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റും.

പ്ലാൻ സി

സമൂഹവ്യാപനം ഉണ്ടാവുകയും പ്ലാൻ എ, ബി പ്രകാരമൊരുക്കിയ സൗകര്യങ്ങൾ മതിയാകാതെ വരികയും ചെയ്താൽ സ്റ്റേഡിയങ്ങൾ ഉൾപ്പെടെ താൽക്കാലിക ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി സൈന്യത്തിന്റെ സഹായവും തേടും.

വെല്ലുവിളികൾ ബാക്കി

രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണെങ്കിൽ ഇപ്പോൾ പ്ലാൻ ചെയ്യുന്ന ആശുപത്രിക്കിടക്കകൾക്കും തീവ്രപരിചരണ സംവിധാനങ്ങൾക്കും ആവശ്യമുള്ള പരിശീലനം ലഭിച്ച ഡോക്ടർമാരെയും നഴ്സുമാരെയും അനുബന്ധ ആരോഗ്യപ്രവർത്തകരെയും എങ്ങനെ കണ്ടെത്തും എന്നത് സർക്കാരിനു മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.

നിലവിൽ ആരോഗ്യപ്രവർത്തകരെല്ലാം വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. പല ജില്ലകളിലും കോവിഡ് ആശുപത്രികളിൽ വേണ്ടത്ര ജീവനക്കാരില്ല. നിരീക്ഷണവലയത്തിനു പുറത്ത് സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്ന രോഗബാധകളും ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com