sections
MORE

വഴിപിരിയലും നഷ്ടക്കണക്കും

udf
SHARE

പുറത്താക്കി എന്നും ഇല്ലെന്നും ഒരേസമയം തന്നെ മുന്നണി നേതൃത്വം വിശേഷിപ്പിക്കുന്ന കേരള കോൺഗ്രസി(ജോസ് കെ.മാണി)നു മുന്നിൽ ഒരു വാതിൽപാളി യുഡിഎഫ് ലേശം തുറന്നിട്ടിട്ടുണ്ടാകാം. പക്ഷേ, യുഡിഎഫ് വിട്ടു സ്വതന്ത്രമായി നിൽക്കാനാണ് ആ പാർട്ടിയുടെ നേതൃയോഗം തീരുമാനിച്ചിരിക്കുന്നത്. അതിനർഥം ഒരു ഘടകകക്ഷി കൂടി പുറത്തുപോയി എന്നു മാത്രമല്ല; മുന്നണിയിലെ കലഹങ്ങളുടെ പേരിൽ വിലയേറിയ രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി യുഡിഎഫിനു നഷ്ടപ്പെട്ടു എന്നുകൂടിയാണ്. രണ്ടു വർഷത്തിനിടെ രണ്ടു രാജ്യസഭാ സീറ്റ് അങ്ങനെ ഒരു മുന്നണിക്കു ‘ചോരുന്നത്’ മുൻപുണ്ടാകാത്തതാണ്.  

കോൺഗ്രസ് – യുഡിഎഫ് നേതൃത്വവുമായി തെറ്റി എം.പി.വീരേന്ദ്രകുമാർ എന്ന രാജ്യസഭാംഗം 2018 ആദ്യം യുഡിഎഫ് വിട്ടതിനു പിന്നാലെയാണ് രാജ്യസഭാംഗമായ ജോസ് കെ.മാണി നയിക്കുന്ന പാർട്ടിയും യുഡിഎഫിനു  വെളിയിലാകുന്നത്. വീരേന്ദ്രകുമാർ ദൾ വിടപറഞ്ഞുപോയതും ജോസ്പക്ഷത്തെ പറഞ്ഞുവിട്ടതുമാണെന്ന വ്യത്യാസമുണ്ട്. നഷ്ടം പക്ഷേ ഒന്നു തന്നെ: രണ്ടു കക്ഷികളും അവർക്കു നൽകിയ രണ്ടു രാജ്യസഭാസീറ്റും.

യുഡിഎഫ് ടിക്കറ്റിലെ രാജ്യസഭാംഗത്വം രാജിവച്ചു മാതൃക കാട്ടിയാണു വീരേന്ദ്രകുമാർ എൽഡിഎഫിന്റെ ഭാഗമായത്. കോൺഗ്രസ് വിട്ടു പുറത്തുപോയപ്പോൾ ആ പാർട്ടി നൽകിയ രാജ്യസഭാസീറ്റ് രാജിവയ്ക്കാൻ കെ.കരുണാകരൻ വരെ തയാറായതാണു ചരിത്രം. മുന്നണി ചാടിയാൽ ആ മാതൃക ജോസ് കെ.മാണിയും സ്വീകരിക്കുമോ? തൽക്കാലം, വീരേന്ദ്രകുമാറിനെപ്പോലെ സ്വയം ഒഴിഞ്ഞുപോയതല്ല, യുഡിഎഫ് നീക്കിയതാണെന്ന വ്യത്യാസം ജോസിനു ചൂണ്ടിക്കാട്ടാം. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടി എൽഡിഎഫിലെത്തിയാൽ ആ രാജ്യസഭാസീറ്റിനെക്കുറിച്ചു ധാർമിക ചോദ്യങ്ങളുയരും. ചിലരൊക്കെ പ്രവചിക്കുന്നതുപോലെ, ബിജെപിയുടെ ക്ഷണം സ്വീകരിച്ചാൽ യുപിഎയുടെ രാജ്യസഭാംഗത്വം കൊണ്ട് എൻഡിഎയുടെ മന്ത്രിയാകുന്ന നിലവരും! 

കോൺഗ്രസ് രക്തം ചിന്തിയ സീറ്റ് 

ഏതു സാഹചര്യത്തിലും നഷ്ടം യുഡിഎഫിനു തന്നെ. സഖ്യകക്ഷിയെന്ന നിലയിൽ സ്വാഭാവിക ഊഴം വന്നപ്പോൾ കേരള കോൺഗ്രസിനു നൽകിയ രാജ്യസഭാ സീറ്റല്ല, ജോസ് കെ.മാണി അലങ്കരിക്കുന്നത്. കെ.എം.മാണിയും പി.ജെ.ജോസഫും ഒരുമിച്ചുള്ള കേരള കോൺഗ്രസ് 2016ൽ യുഡിഎഫ് വിട്ടു പുറത്തുപോയപ്പോൾ അവരെ തിരികെ കൊണ്ടുവരാനുള്ള പാരിതോഷികമായിരുന്നു ആ രാജ്യസഭാംഗത്വം.

കോൺഗ്രസിനു കിട്ടുമായിരുന്ന സീറ്റ് മാണി ഗ്രൂപ്പിന് അടിയറവച്ച് അവരെ യുഡിഎഫിലെത്തിക്കാൻ നോക്കിയതിനു കോൺഗ്രസ് നേതൃത്വം കേട്ട പഴിക്കു കണക്കില്ല. അങ്ങനെ ഒരു വലിയ ‘നിക്ഷേപം’ നടത്തി തിരിച്ചെത്തിച്ച പാർട്ടിയിലെ ഒരു വിഭാഗത്തെയാണ് യുഡിഎഫ് കൺവീനർ ഒരു ഉച്ചനേരത്തു പുറത്താക്കുന്നത്. 

മുന്നണി യോഗങ്ങളിൽനിന്നു മാറ്റിനിർത്താൻ മാത്രമാണു നിശ്ചയിച്ചതെന്നു പ്രതിപക്ഷനേതാവ് ഇന്നലെ വിശദീകരിച്ചിട്ടുണ്ട്. ഈ രണ്ടു നടപടികളിലെയും വലിയ വ്യത്യാസം ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും  അറിയാത്തവരല്ല മുന്നണി നേതൃത്വം. അനുരഞ്ജന ചർച്ചകളിൽ ജോസ് പക്ഷത്തിന്റെ കടുംപിടിത്തത്തിലും മെയ്‌വഴക്കമില്ലായ്മയിലും കോൺഗ്രസ് സഹികെട്ടിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കാനുള്ള അവസാന സമയപരിധി കഴിഞ്ഞിട്ടും കുഞ്ഞാലിക്കുട്ടിക്കു ജോസ് കെ.മാണി ഒരു മറുപടി നൽകാത്തതോടെ അദ്ദേഹവും കയ്യൊഴിഞ്ഞു. അതുവഴി, അതേ കുഞ്ഞാലിക്കുട്ടിയും ലീഗും മുൻകയ്യെടുത്തു മാണി ഗ്രൂപ്പിനു വാങ്ങിക്കൊടുത്ത രാജ്യസഭാസീറ്റും യുഡിഎഫിന്റെ കയ്യിൽനിന്നു പോയി.

റെക്കോർഡിലേക്ക് ഇടത് 

തൽക്കാലം സ്വതന്ത്രമായി പുറത്തുനിൽക്കാൻ തന്നെയാണു ജോസ്പക്ഷത്തിന്റെ തീരുമാനമെങ്കിൽ രാജ്യസഭയിലെ യുഡിഎഫ് ശബ്ദം എ.കെ.ആന്റണിയും പി.വി.അബ്ദുൽ വഹാബും മാത്രമാകും. അനാരോഗ്യം കാരണം വയലാർ രവി ഏറെയായി പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാറില്ല. അടുത്ത ഏപ്രിലിൽ രവിയും വഹാബും കെ.കെ.രാഗേഷും കാലാവധി പൂർത്തിയാക്കി ഒഴിയും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രാജ്യസഭാ തിരഞ്ഞെടുപ്പു നടന്നാൽ മൂന്നിൽ രണ്ടു സീറ്റും എൽഡിഎഫിനു കിട്ടും. ജോസ് കെ.മാണി തിരിച്ചെത്തിയില്ലെങ്കിൽ യുഡിഎഫ് അംഗബലം അപ്പോൾ ദയനീയമായ രണ്ടിലൊതുങ്ങും. വി. മുരളീധരൻ, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം എന്നിവരുള്ള എൻഡിഎയെക്കാൾ കുറവ്. 

വീരേന്ദ്രകുമാറിന്റെ വേർപാടിനെത്തുടർന്ന് ആ സീറ്റിലെ  തിരഞ്ഞെടുപ്പു വൈകാതെ പ്രഖ്യാപിച്ചേക്കും. ഇനി ജോസ് കെ.മാണി കൂടി രാജിവച്ച് ഒരുമിച്ചു തിരഞ്ഞെടുപ്പു നടന്നാലും യുഡിഎഫിനു കാഴ്ചക്കാരായി നിൽക്കേണ്ടിവരും. നിയമസഭാ അംഗബലം വച്ച് രണ്ടും എൽഡിഎഫ്  കൊണ്ടുപോകും. ഒറ്റ ലോക്സഭാംഗം മാത്രമുള്ള അവരുടെ ഉപരിസഭയിലെ അംഗബലം ആറായും ഏപ്രിലിൽ ഏഴായും ഉയരും. എൽഡിഎഫിന് അതു റെക്കോർഡ് നേട്ടമാണ്. യുഡിഎഫിലെ കാറ്റുവീഴ്ചകൾ കൂടിയാണ് ആ കൊയ്ത്തിനു കാരണമായതെന്നു മാത്രം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA