sections
MORE

മര്യാദ വേണം; മനുഷ്യത്വവും

SHARE

മാരകമായ കോവിഡിനെതിരെ ജാഗ്രതയുടെ കൈപിടിച്ച് ഹോം ക്വാറന്റീനിൽ പ്രവേശിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. വീട്ടിലിരുന്നുതന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ കരുതലോടെ കണ്ണിയാകാനും രോഗവ്യാപനത്തിന്റെ കണ്ണി കരുത്തോടെ മുറിച്ചുമാറ്റാനുമാണ് അവരൊക്കെയും ഹോം ക്വാറന്റീനിൽ കഴിയാനൊരുങ്ങുന്നത്. ഉറ്റബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഹോം ക്വാറന്റീൻ ദിവസങ്ങളിൽ ആവശ്യമായ അകലം പാലിച്ചുകൊണ്ട് കരുതലും ഭക്ഷണവുമായി അവരുടെ ഹൃദയത്തിനടുത്തുതന്നെ നിൽക്കുന്നവരുടെ സ്നേഹചിത്രങ്ങളും നാം കണ്ടുവരുന്നുണ്ട്. അതേസമയം, ഹോം ക്വാറന്റീനിൽ ഫ്ലാറ്റിലോ വീട്ടിലോ കഴിയാനെത്തുന്നവരുടെ നേരെ നാട്ടുകാരും സ്വന്തം വീട്ടുകാർപോലും ഭീഷണിയും ശാപവാക്കുകളും ഉയർത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നതിൽ സംശയമില്ല.

ആത്മവിശ്വാസത്തിന്റെ പിന്തുണയോടെ, അങ്ങേയറ്റത്തെ ജാഗ്രത കൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. അതിജീവനമെന്നതു കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കാനുള്ള ഈ അവസരം നാം അർഥപൂർണമാക്കിയേ തീരൂ. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവർ അവർക്കുവേണ്ടിയും മറ്റുള്ളവർക്കു വേണ്ടിക്കൂടിയും ക്വാറന്റീനിലേക്കു പ്രവേശിക്കുന്നത് ഈ ജാഗ്രത കൊണ്ടുതന്നെയാണ്. രോഗവ്യാപനം ആശങ്കാകുലമായി വർധിക്കുമ്പോഴും ഇങ്ങനെ ഒട്ടേറെപ്പേർ പലവിധ കഷ്ടപ്പാടുകൾ സഹിച്ചും ഹോം ക്വാറന്റീന്റെ ഏകാന്തത സ്വയം വരിക്കുന്നതുകൊണ്ടാണ് രോഗത്തെ ഒരു പരിധിയോളം പിടിച്ചുനിർത്താൻ നമുക്കു കഴിയുന്നതും. അവരുടെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കുന്ന സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കുന്നതും രോഗവ്യാപനം കുറയ്ക്കുക എന്നതുതന്നെ.

പക്ഷേ, ഹോം ക്വാറന്റീനിലുള്ള ചിലർക്കെങ്കിലും വീടിന്റെയും നാടിന്റെയും കരുതൽ ഇല്ലാതെപോകുന്നതു സങ്കടകരമാണ്. അത്രനാളും ഒരേ കുടുംബമെന്നപോലെ കഴിഞ്ഞിരുന്ന അയൽക്കാർപോലും ഹോം ക്വാറന്റീൻകാരോട് അവരുടെ സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ പറയുന്ന അവസ്ഥ സംസ്ഥാനത്തു ചിലയിടത്തെങ്കിലുമുണ്ട്. വിദേശത്തുനിന്നുമറ്റും നാട്ടിലെത്തി സ്വന്തം വീട്ടിലോ ഫ്ലാറ്റിലോ ഹോം ക്വാറന്റീനിൽ കഴിയാനെത്തുന്നവരോട് ഇങ്ങനെ പെരുമാറുന്നവർ കേരളത്തിന്റെ സംസ്കാരത്തിനെതിരെയാണു നിലയുറപ്പിക്കുന്നത്.

കുടുംബവീട്ടിൽപോലും പ്രവേശനം കിട്ടാതിരുന്ന പ്രവാസിയുടെ ദുഃഖകഥ ഇതിനിടെ നാം കേട്ടുകഴിഞ്ഞു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടിട്ട് അതുപോലും കൊടുക്കാതിരുന്നവർ സ്വന്തം വീട്ടുകാർതന്നെയാണെന്ന സങ്കടം അദ്ദേഹത്തിന്റെ ഉള്ളിൽ എന്തുമാത്രം നീറിയിരിക്കണം? ഗൾഫിൽനിന്നു ഹോം ക്വാറന്റീനിലെത്തിയ, ഗർഭിണിയായ യുവതിയോട് മാറിത്താമസിക്കണമെന്നാവശ്യപ്പെട്ടു ഭീഷണി മുഴക്കിയവരും നമുക്കൊപ്പമുണ്ട്. ഇങ്ങനെയുള്ള പല സംഭവങ്ങളും ഈ ദിവസങ്ങളിലായി കേരളം കേട്ടുവരുന്നത് ആശങ്കാജനകമാണ്.

രോഗത്തിനെതിരെയുള്ള ജാഗ്രതയെന്നാൽ ഇങ്ങനെയുള്ള ക്രൂരതയാണോ എന്നു ചോദിക്കാതിരിക്കാൻ വയ്യ. ഇങ്ങനെ അപമാനിക്കപ്പെടാനും ആട്ടിയോടിക്കപ്പെടാനും എന്തു തെറ്റാണ് അവർ വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ ചെയ്തത്? രോഗവ്യാപനത്തിനെതിരായ മുൻകരുതലിൽ കുറച്ചു ദിവസം സ്വന്തം വീട്ടിൽ ഒറ്റപ്പെട്ട് സമൂഹബന്ധമില്ലാതെ ജീവിക്കാൻ തീരുമാനിച്ചതോ? മാറ്റിനിർത്താനും ഒറ്റപ്പെടുത്താനുമൊക്കെ പുറപ്പെടുന്നവർ ഹോം ക്വാറന്റീനിൽ പ്രവേശിക്കുന്നവർക്കെല്ലാം രോഗമുണ്ടെന്നാണോ കരുതുന്നത്? രോഗവ്യാപനത്തിനെതിരെ മുൻകരുതലെടുത്തവർ സമൂഹത്തെ സഹായിക്കുകയാണെന്ന് ഓർക്കണം. രോഗം ഉണ്ടെന്നു പരിശോധനയിലൂടെ കണ്ടെത്തുന്നതിനു മുൻപേ വിധിയെഴുതാനും ഒറ്റപ്പെടുത്താനുമൊക്കെ മുന്നിട്ടിറങ്ങുന്നവർക്കും ഇതേ അവസ്ഥ ഉണ്ടായിക്കൂടെന്നില്ല എന്നും ഓർക്കണം.

ജാഗ്രത തന്നെയാണ് കോവിഡ്ബാധയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ ആയുധം. അതറിഞ്ഞതുകൊണ്ടാണ്, ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവിനെ കാണാൻ ഖത്തറിൽനിന്നെത്തി, സ്വമേധയാ ഐസലേഷൻ വാർഡിൽ കിടന്ന തൊടുപുഴ സ്വദേശിയായ യുവാവിനു പിതാവിനെ അവസാനമായൊന്നു കാണാൻപോലും കഴിയാതിരുന്നത്. അതറിഞ്ഞതുകൊണ്ടു തന്നെയാണ്, അവനവനോടും സമൂഹത്തോടുമുള്ള കരുതൽ ഉറപ്പുവരുത്താനായി നമ്മുടെ നാട്ടിൽ എത്രയോ പേർ സ്വയംതന്നെ ഐസലേഷൻ വിധിക്കുന്നത്.

ഒരുപാടു കഷ്ടനഷ്ടങ്ങൾക്കുശേഷം ജന്മനാട്ടിലേക്കും സ്വന്തം വീട്ടിലേക്കും മടങ്ങിയെത്തുന്നവരുടെ മാനസികാവസ്ഥ സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ സ്ഥാനത്ത് നമ്മളായിരുന്നുവെങ്കിലോ? രോഗവ്യാപനം അതിവേഗം നടക്കുന്ന കേരളത്തിൽ, ഇവിടെ ജീവിക്കുന്ന ഓരോരുത്തർക്കു മുന്നിലും രോഗസാധ്യത ഉണ്ടെന്ന യാഥാർഥ്യംകൂടി തിരിച്ചറിയാനായാൽ ആട്ടിയോടിക്കാനും ഭീഷണിപ്പെടുത്താനുമുള്ള അഹങ്കാരം ചോർന്നുപോവുമെന്നു തീർച്ച.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA