ADVERTISEMENT

അധിനിവേശ വെസ്റ്റ്ബാങ്കിന്റെ മൂന്നിലൊന്നു ഭാഗം ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം തൽക്കാലം നടക്കില്ലെന്നു വ്യക്തമായെങ്കിലും മധ്യപൂർവദേശത്തു വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നീക്കം ഇസ്രയേൽ ഉപേക്ഷിക്കുമെന്നു കരുതാനാവില്ല.

സഖ്യകക്ഷിയായ യുഎസ് അനുമതി നൽകാത്തതും ഭരണമുന്നണിയിൽനിന്നു തന്നെ പിന്തുണ ലഭിക്കാത്തതുമാണ് ജൂലൈ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ച കൂട്ടിച്ചേർക്കൽ നടപടികൾക്കു വിലങ്ങിട്ടത്. ഇസ്രയേലിന്റെ പ്രഖ്യാപനത്തിനെതിരെ പലസ്തീൻ മേഖലയിൽ നൂറുകണക്കിനു പ്രതിഷേധ പ്രകടനങ്ങൾ നടന്നുകഴിഞ്ഞു. മേഖലയെ പൊട്ടിത്തെറിയിലേക്കും കൂടുതൽ ദുരിതത്തിലേക്കും നയിക്കുന്ന പ്രകോപനങ്ങൾ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാൻ രാജ്യാന്തര തലത്തിൽ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണ്.

1967ലെ യുദ്ധത്തിൽ തന്ത്രപ്രധാനമായ ജോർദാൻ താഴ്‌വര അടക്കം വെസ്റ്റ്ബാങ്കിലെ 30% ഭൂപ്രദേശങ്ങൾ ഇസ്രയേൽ പിടിച്ചെടുത്തതാണ്. ജൂത ജനതയുടെ പൈതൃകാവകാശമാണു ജോർദാൻ താഴ്‌വര അടക്കമുള്ള വെസ്റ്റ്ബാങ്ക് എന്നാണ് ഇസ്രയേൽ നിലപാട്. വ്യാപകമായി ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിച്ച് ഈ പ്രദേശങ്ങൾ തങ്ങളുടേതാക്കുന്ന പദ്ധതികൾ ദശകങ്ങളായി ഇസ്രയേൽ നടപ്പാക്കി വരികയാണ്. കഴിഞ്ഞ വർഷങ്ങളിൽ കുടിയേറ്റം ഗണ്യമായി വർധിപ്പിക്കുകയും ചെയ്തു. ജനുവരിയിൽ ട്രംപ് ഭരണകൂടം മധ്യപൂർവദേശ പദ്ധതി മുന്നോട്ടുവച്ചിരുന്നു. വെസ്റ്റ് ബാങ്കിന്റെ പരമാധികാരം ഇസ്രയേലിനു വിട്ടുകൊടുത്തുകൊണ്ട് സ്വതന്ത്ര പലസ്തീൻ രൂപീകരണം എന്ന ആശയമായിരുന്നു അത്. നിർദേശം പലസ്തീൻ നേതൃത്വം അന്നേ തള്ളിയതാണ്.

പലസ്തീന്റെ ഭക്ഷ്യകലവറ എന്നറിയപ്പെടുന്ന ജോർദാൻ താഴ്‌വര ഈ മേഖലയിലെ കൃഷിഭൂമിയുടെ പകുതി വരും. അവരുടെ പ്രധാന ജലസ്രോതസ്സും ഇതാണ്. വെസ്റ്റ് ബാങ്കിൽ 30 ലക്ഷത്തോളം പലസ്തീൻ പൗരന്മാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അവർക്കു പരിമിതമായ സിവിൽ അധികാരമാണുള്ളത്. ഇസ്രയേൽ സൈന്യത്തിന്റെ അധിനിവേശത്തിനു കീഴിലാണു ജീവിതം.

കിഴക്കൻ ജറുസലം ഒഴികെയുള്ള വെസ്റ്റ്ബാങ്കിൽ 132 കുടിയേറ്റ കേന്ദ്രങ്ങളിലായി നാലര ലക്ഷം ജൂതന്മാരുണ്ട്. വെസ്റ്റ്ബാങ്കിലെ ഇസ്രയേൽ അധിനിവേശവും കുടിയേറ്റ പദ്ധതികളും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ഭൂരിപക്ഷം രാജ്യാന്തര സമൂഹവും എന്നും എതിർത്തിട്ടുള്ളതാണ്. ഫലമുണ്ടായിട്ടില്ല. സമീപകാലത്ത് സമാനമായ അധിനിവേശമുണ്ടായത് റഷ്യ 2014ൽ ക്രൈമിയയുടെ ഒരുഭാഗം കൂട്ടിച്ചേർത്തപ്പോഴാണ്. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ ഉപരോധവും ഏർപ്പെടുത്തിയിരുന്നു.

രാജ്യാന്തര തലത്തിലെയും ഭരണസഖ്യകക്ഷിയിലെയും എതിർപ്പുകൾ അവഗണിച്ച് പദ്ധതിയുമായി നെതന്യാഹു മുന്നോട്ടു പോകുന്നത് തനിക്കെതിരായ അഴിമതിക്കേസുകളിൽനിന്നു ജനശ്രദ്ധ തിരിക്കാനാണെന്ന് ആരോപണമുണ്ട്. മൂന്നുവട്ടം പൊതുതിരഞ്ഞെടുപ്പു നടത്തിയിട്ടും കേവല ഭൂരിപക്ഷം കിട്ടാതെവന്നതോടെയാണു കഴിഞ്ഞമാസം, നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നു സഖ്യസർക്കാരുണ്ടാക്കി അധികാരമേറ്റത്.

വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കുമെന്നതു നെതന്യാഹുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണെങ്കിലും നെതന്യാഹുവിനോടു വിയോജിച്ച് പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് രംഗത്തുവന്നു. ഇപ്പോഴത്തെ മുൻഗണന കോവിഡ് നിയന്ത്രണവും സാമ്പത്തികരംഗത്തെ തളർച്ച മറികടക്കലുമാണെന്നു ഗാന്റ്സ് പറയുന്നു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് കൂട്ടിച്ചേർക്കൽ യാഥാർഥ്യമാക്കണമെന്നാണു നെതന്യാഹുവിന്റെ താൽപര്യം. മുൻ പട്ടാളമേധാവി കൂടിയായ ഗാന്റ്സ് ആകട്ടെ, രാജ്യാന്തരതലത്തിൽ ആലോചനകൾ നടത്തിയ ശേഷമേ മുന്നോട്ടു പോകാവൂ എന്ന നിലപാടിലും.

യുഎൻ സെക്രട്ടറി ജനറൽ, യൂറോപ്യൻ യൂണിയൻ, പ്രധാന അറബ് രാജ്യങ്ങൾ എന്നിവരെല്ലാം നെതന്യാഹുവിന്റെ നീക്കത്തോടു കടുത്ത എതിർപ്പു പ്രകടിപ്പിച്ചുകഴിഞ്ഞു. കൂട്ടിച്ചേർക്കൽ പദ്ധതിയിൽനിന്നു പിന്തിരിയണമെന്നാണു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഇസ്രയേലിലെ പ്രമുഖ പത്രത്തിലെഴുതിയ ലേഖനത്തിൽ ആവശ്യപ്പെട്ടത്. വത്തിക്കാനും ആശങ്ക പ്രകടിപ്പിച്ചു രംഗത്തെത്തി.

കൂട്ടിച്ചേർക്കൽ നീക്കം ഇസ്രയേൽ – പലസ്തീൻ സമാധാനം കൂടുതൽ വിദൂരമാക്കുകയേയുള്ളൂ. രാജ്യാന്തര നിയമങ്ങൾ മാനിക്കാനും പലസ്തീൻ ജനതയുടെ പൗരാവകാശങ്ങൾ അംഗീകരിക്കാനും ഇസ്രയേൽ തയാറാകേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യാന്തര സമൂഹം ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തുകയും വേണം.

English Summary: Conflict in middle east

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com