വാക്സിൻ എന്ന ശുഭപ്രതീക്ഷ

HIGHLIGHTS
  • നമ്മുടെ ജാഗ്രതയിൽ ഒരു വിള്ളലും ഉണ്ടായിക്കൂടാ
SHARE

ആറു മാസത്തിലേറെയായി ലോകത്തെയാകെ മുൾമുനയിൽ നിർത്തുന്ന വൈറസിനെതിരെ സാധ്യമായ ഏക പോംവഴി ഫലപ്രദമായൊരു വാക്സിനാണെന്നിരിക്കെ, അതിനായി ലോകം ഒന്നിച്ചു നടത്തുന്ന ശ്രമങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്നതിനെക്കാൾ ശുഭപ്രതീക്ഷ നൽകുന്ന മറ്റൊരു വാർത്തയില്ല. മനുഷ്യരിൽ പരീക്ഷണം നടത്തുന്നതുൾപ്പെടെ, ഒട്ടേറെ വാക്സിനുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണിപ്പോൾ.

ഇക്കാര്യത്തിൽ പ്രതീക്ഷയ്ക്കൊപ്പം അഭിമാനംകൂടി നൽകുന്ന വാർത്തയാണ് ഈ നിരയിൽ ഒടുവിലത്തേത്. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ ‘കോവാക്സിൻ’ മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരിക്കുന്നു. നേരത്തേ പല വൈറസുകൾക്കുമെതിരെ വാക്സിൻ നിർമിച്ച് ഈ രംഗത്തു മികവുറ്റ സംഭാവനകൾ നൽകിയ ഭാരത് ബയോ‌ടെക്കുമായി കേന്ദ്ര സർക്കാരും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ഇക്കാര്യത്തിൽ കൈകോർത്തിട്ടുണ്ട്.

ഇതിനു സ്വീകരിച്ച മാനദണ്ഡത്തെക്കുറിച്ചടക്കം വിമർശനം ഒരുഭാഗത്തുണ്ടെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ചുവെന്നാണു സർക്കാർ വാദം. അക്കാദമിക് പഠനവും ചെറുജീവികളിലെ പരീക്ഷണം എന്ന ആദ്യ കടമ്പയും വിജയകരമായി നടന്നുകഴിഞ്ഞു. ഇനിയുള്ള ഘട്ടമാണ് അതിനിർണായകം: പല വാക്സിൻ പരീക്ഷണങ്ങൾക്കും കാലിടറിപ്പോകാവുന്ന ക്ലിനിക്കൽ ട്രയൽ. മനുഷ്യരിൽ നടക്കേണ്ട ഈ പരീക്ഷണത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങൾ പിന്നിടാൻ കുറഞ്ഞതു മൂന്നു മാസം വേണ്ടിവരുമെന്നാണ് ഇതിനു നേതൃത്വം നൽകുന്ന ഭാരത് ബയോടെക് ഉടമകളിലൊരാളായ സുചിത്ര എല്ല ‘മലയാള മനോരമ’ അഭിമുഖത്തിൽ പറഞ്ഞത്.

കോവിഡ് വാക്സിൻ ഓഗസ്റ്റ് 15നുള്ളിൽ ലഭ്യമാക്കണമെന്നു നിർദേശിച്ച് ഐസിഎംആർ, ഭാരത് ബയോടെക്കിനടക്കം കത്തു നൽകിയിരിക്കുകയാണ്. ഒരേസമയം, സന്തോഷവും ഒപ്പം ആശങ്കയും നൽകുന്ന കാര്യമാണിത്. നടപടിക്രമങ്ങളും നൂലാമാലകളും ഒഴിവാക്കി ഭാരത് ബയോടെക്കിനു വാക്സിൻ പരീക്ഷണത്തിനുള്ള വഴി എളുപ്പമാക്കുന്നതു നല്ലതുതന്നെ. പക്ഷേ, മനുഷ്യരിലെ മരുന്നുപരീക്ഷണത്തിനു ചുരുങ്ങിയ സമയപരിധി നിശ്ചയിച്ചു നൽകുന്നത് ആശങ്ക ഉളവാക്കുന്നുമുണ്ട്. സമയബന്ധിതമായി വാക്സിൻ നിർമിക്കാനുള്ള ശ്രമം നടത്തുമ്പോൾത്തന്നെ മനുഷ്യരുടെ ജീവരക്ഷയ്ക്കായി ഉപയോഗിക്കുന്ന വാക്സിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ജാഗ്രതയും അധികൃതർ കാട്ടേണ്ടതുണ്ട്. സ്വകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഗവേഷണത്തിൽ സർക്കാർ കൈകോർത്തിരിക്കുന്നതോടൊപ്പം, ഡിസിജിഐ പോലുള്ള നിയന്ത്രണ സംവിധാനങ്ങളും അവരുടെ കടമ സൂക്ഷ്മതയോടെ നിർവഹിച്ചു മുന്നോട്ടുപോയാൽ സുരക്ഷിതമായ വാക്സിൻ എന്ന സ്വപ്നം അകലെയല്ല.

കൂടുതൽ വാക്സിൻ ഗവേഷണങ്ങൾ നിർണായക ഘട്ടത്തിലേക്കു കടക്കുന്നുവെന്ന ശുഭവാർത്ത കൂ‌ടിയുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില എന്ന മരുന്നുനിർമാണ കമ്പനി വികസിപ്പിച്ച സാധ്യതാവാക്സിനും മനുഷ്യരിലെ പരീക്ഷണത്തിനു ഡിസിജിഐയുടെ യോഗ്യത നേടിയിരിക്കുന്നു. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാ സെനെക്കയും വികസിപ്പിച്ച സാധ്യതാ വാക്സിൻ മരുന്നുപരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. ചൈനയുടെ വകയായും കൊറോണയ്ക്കെതിരെ വാക്സിൻ പുറത്തിറക്കിയിട്ടുണ്ടെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ ഇതു സൈനികർ മാത്രമാണു നിലവിൽ ഉപയോഗിക്കുന്നത്. ലോകത്താകെ 149 വാക്സിൻ ഗവേഷണങ്ങൾ സമാന്തരമായി നടക്കുന്നുവെന്നാണു കണക്ക്. ഇതിൽ 18 എണ്ണം മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്കു കടന്നുവെന്നതുതന്നെ ഗവേഷണം ഊർജിതമാണെന്നതിന്റെ സൂചന നൽകുന്നു. ഇന്ത്യയിൽ മാത്രം മുപ്പതോളം വാക്സിൻ പരീക്ഷണങ്ങളാണു പുരോഗമിക്കുന്നത്.

വാക്സിന് എന്തുവില വരും എന്നതുപോലുള്ള ആശങ്കകൾ ഇതിനൊപ്പം ഉയരുക സ്വാഭാവികമാണ്. ഇക്കാര്യത്തിൽ ഉത്തരവാദപ്പെട്ട ഭരണകൂടം ഉചിത നടപടി സ്വീകരിക്കേണ്ടതുണ്ട്. മാനവരാശി ഒന്നടങ്കം കാത്തിരിക്കുന്ന വാക്സിൻ ലക്ഷ്യത്തിലെത്തുകയാണു മറ്റെന്തിനെക്കാളും പ്രധാനം. വാക്സിൻ കാത്തിരിക്കുമ്പോൾത്തന്നെ, അതിനിർണായകമായ ഈ രോഗവ്യാപനഘട്ടത്തിൽ നമ്മുടെ ജാഗ്രതനില അങ്ങേയറ്റം ഉയർത്തുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടായിക്കൂടാ.

English Summary: Hope about covid vaccine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA