ADVERTISEMENT

ഡാക്കിലെ ചൈനീസ് കടന്നുകയറ്റ പ്രശ്നത്തിൽ ഇന്ത്യ കടുത്ത നിലപാടിലേക്കു മാറുകയാണെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നൽകുന്നത്. ഇന്ത്യൻ ഭൂമിയിൽ ആരും കയറിയിട്ടില്ലെന്ന് ഏതാനും ദിവസം മുൻപു സർവകക്ഷിയോഗത്തിൽ അദ്ദേഹം നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇന്ത്യൻ നിലപാടു ദുർബലമാക്കിയെന്നും ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. പ്രധാനമന്ത്രിയുടെ ആ പ്രസ്താവന ചൈനീസ് മാധ്യമങ്ങളും എടുത്തുകാട്ടിയിരുന്നു. പ്രസ്താവന നടത്തിയ അവസരത്തിൽ ശത്രുസൈന്യം ഇന്ത്യൻ ഭൂമിയിലില്ലെന്നാണ് പ്രധാനമന്ത്രി ഉദ്ദേശിച്ചതെന്ന രീതിയിൽ പിന്നീടു വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചിരുന്നു.

എന്നാൽ, അതിനുശേഷവും ചൈനീസ് സൈനികർ നിർമിച്ച കൂടാരങ്ങളും പോസ്റ്റുകളും ഇന്ത്യൻ ഭൂമിയിലുണ്ടായിരുന്നു. സൈനികർ തൽക്കാലം പിൻവാങ്ങിയെങ്കിലും ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കില്ലെന്ന നയമാണു ചൈന സ്വീകരിച്ചിരിക്കുന്നത്. അവർ നിർമിച്ച പോസ്റ്റുകളും കൂടാരങ്ങളും നശിപ്പിക്കാൻ അനുവദിക്കാത്തതും അതിനാലാണ്. മാത്രമല്ല, അവർ അവരുടെ അതിർത്തിക്കുള്ളിൽ തന്നെയാണെങ്കിലും തർക്കമേഖലയിൽനിന്ന് എത്രദൂരം പിന്നിലേക്കാണു സൈന്യം മാറുന്നത് എന്നതും ചർച്ചയ്ക്കുവരുന്നുണ്ട്. ഏതു നിമിഷവും തിരിച്ചുകയറി കയ്യേറാവുന്നത്ര അകലത്തിലേക്കേ ചൈനീസ് സൈന്യം മാറാൻ തയാറായിട്ടുള്ളൂ. ഇത് ഇന്ത്യയ്ക്കു സ്വീകാര്യമല്ല. ഈ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രി ലഡാക്ക് സന്ദർശിച്ചത്. സൈന്യത്തിന് ആത്മവീര്യം പകരുകയാണ് ഒരു ഉദ്ദേശ്യമെന്നു വ്യക്തം. രാജ്യം നിങ്ങളോടൊപ്പമുണ്ടെന്ന് അറിയിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രനേതാക്കൾ പോരാട്ടമുന്നണികളിലെത്തി സൈനികരെ അഭിസംബോധന ചെയ്യുന്ന പതിവു പണ്ടേയുള്ളതാണ്. സാധാരണ രാജ്യരക്ഷാ മന്ത്രിമാരാണ് ഇതു ചെയ്യുന്നത്. എന്നാൽ, അപൂർവം ചില അവസരങ്ങളിൽ പ്രധാനമന്ത്രിമാരും മുന്നണിയിലെത്താറുണ്ട്. 1965ലെ യുദ്ധകാലത്ത് ലഹോറിനു നേർക്കുള്ള അതിർത്തിയിലെത്തി പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി സൈനികരെ അഭിസംബോധന ചെയ്തിരുന്നു.

ഇരുവശവും അൽപമെങ്കിലും അയഞ്ഞുകൊടുക്കാതെ സമാധാനം സാധ്യമല്ല. എന്നാൽ, ആരാണു കൂടുതൽ അയയുന്നത് എന്നതാവും രാഷ്ടീയവിവാദമായി മാറുക. ദോക് ലാ പ്രശ്നത്തിൽ ഇന്ത്യയാണോ കൂടുതൽ അയഞ്ഞത് എന്നൊരു തോന്നൽ ചില കേന്ദ്രങ്ങളിൽ ഉയർന്നിരുന്നു. മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പർവതപ്രഹര കോറിന്റെ തുടർന്നുള്ള വിപുലീകരണം മോദി സർക്കാർ വേണ്ടെന്നുവച്ചതാണ് ഈ വിമർശനമുയരാൻ കാരണമായത്. ഇങ്ങനെയൊരു വിമർശനം വീണ്ടും ഉയരാതിരിക്കാൻ കൂടിയാവണം, പ്രധാനമന്ത്രി മുന്നണി സന്ദർശിച്ചതും ശക്തമായ ഭാഷയിൽ ചൈനയ്ക്കു താക്കീതു നൽകിയതും.

രാജ്യാന്തരതലത്തിലും സന്ദർശനം ശ്രദ്ധിക്കപ്പെടും. ഇന്ത്യ ശക്തമായ നിലപാടിലേക്കു നീങ്ങാൻ മടിക്കില്ല എന്നാണ് ഇതോടെ ലോകം മനസ്സിലാക്കുക. മാത്രമല്ല, ചൈന എന്നും ശക്തിയെ മാത്രമേ ബഹുമാനിച്ചിട്ടുള്ളൂ. 1967ൽ നാഥു ലായിൽ ചൈനീസ് സൈന്യം കടന്നുകയറിയപ്പോൾ ശക്തമായ സൈനിക നീക്കത്തിനു പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉത്തരവിട്ടു. തൊണ്ണൂറോളം ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച ആ സംഭവത്തിൽ, അതിലേറെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കരുതുന്നത്. ഏതായാലും ഇന്ത്യ ശക്തമായി നിലകൊള്ളുകയാണെന്നു മനസ്സിലാക്കിയതോടെ ചൈന പിന്മാറുകയായിരുന്നു.

അതുപോലെ 1987ൽ സുംദോരോംഗ് ചൂവിൽ ഉണ്ടായ പ്രശ്നത്തിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശക്തമായ സൈനിക നടപടിക്കു തുനിഞ്ഞു. യുദ്ധം പൊട്ടിപ്പുറപ്പെടുമെന്നുവരെ പലരും കരുതി. എന്നാൽ, ഇന്ത്യയുടെ ശക്തമായ നിലപാടു കണ്ട ചൈന പിന്മാറുകയായിരുന്നു. അതിർത്തിപ്രശ്നത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിച്ചത് അതോടെയായിരുന്നു. ഇപ്പോൾ വീണ്ടും ഇന്ത്യ നിലപാടു ശക്തമാക്കിയാൽ ചൈന അയയുമെന്നാണു പ്രതീക്ഷ.

English Summary: India China faceoff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com