ADVERTISEMENT

1967‌, രണ്ടു ഭാഷകളുടെ ചരിത്രത്തിൽ നിർണായകമായ വർഷമാണ്. ആദ്യത്തേത് ലാറ്റിൻ അമേരിക്കയിലെ സ്പാനിഷ് ഭാഷ. ആ ഭാഷയ്ക്ക് സ്പെയിനിലെ സ്പാനിഷിന്റെ അത്ര പ്രാമുഖ്യം ഉണ്ടായിരുന്നില്ല. 1967ൽ ഗബ്രിയേൽ ഗാർസ്യ മാർക്കേസിന്റെ നോവൽ, ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ പുറത്തു വന്നു. അതു ലാറ്റിൻ അമേരിക്കയിലെ സ്പാനിഷ് ഭാഷയുടെ തലവര മാറ്റി. 

1967ൽ തന്നെയാണ് ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മാതൃഭൂമി വാരികയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. പുതുതായിട്ടുള്ളതെന്തും അപരിചിതത്വം ഉണ്ടാക്കും എന്ന യാഥാർഥ്യത്തെ ഓർമിപ്പിച്ചുകൊണ്ട്, ഖസാക്കിന്റെ ആദ്യ വായന ഞാനടക്കമുള്ള പല വായനക്കാരെയും അമ്പരപ്പിച്ചു. ആ നോവൽ, മലയാള സാഹിത്യത്തെയും മലയാളിയുടെ പാരായണത്തെയും മാറ്റി എന്നതു കൊണ്ടാണ്, അഞ്ചിലേറെ ദശകങ്ങൾ കഴിഞ്ഞിട്ടും ഖസാക്ക് ചർച്ചകൾ തുടരുന്നത്.

അതതുകാലത്തെ വായനാശീലങ്ങളും രാഷ്ട്രീയവും അനുസരിച്ച് ഒരേ കൃതിതന്നെ പല കാലങ്ങളിൽ വെവ്വേറെ രീതികളിൽ വായിക്കപ്പെടും എന്നതാണ് ക്ലാസിക്കിന്റെ ലക്ഷണം. അങ്ങനെ വായിക്കപ്പെട്ട കൃതിയാണു ഖസാക്ക്. ആ നോവലിന്റെ ആദ്യ വായന നടക്കുന്നതു ക്ഷുബ്ധമായ 1970കളിലാണ്. നിലനിൽപിന്റെ പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യാകുലതകൾ അടങ്ങുന്ന സാർത്രിന്റെ അസ്തിത്വവാദവും ജീവിതം നിരർഥകമാണെന്ന കമ്യുവിന്റെ അസംബന്ധതാവാദവും മറ്റും ദാർശനികതലത്തിൽ വലിയ മഥനങ്ങൾ നടത്തിയിരുന്ന അക്കാലത്ത് ഖസാക്ക് ഈ ചിന്താധാരകളോടു ചേർത്തു വായിക്കപ്പെട്ടു. 

വിയറ്റ്നാം യുദ്ധവും യൂറോപ്പിലെങ്ങും പൊട്ടിപ്പുറപ്പെട്ട വിദ്യാർഥിപ്രക്ഷോഭങ്ങളും യുവജനതയെ അധികാരകേന്ദ്രങ്ങൾവിട്ട് അരാജകത്വം സ്വീകരിക്കാൻ പ്രേരിപ്പിച്ചു. ‘ദ് ബീറ്റിൽസ്’ ഗായകസംഘം മഹർഷി മഹേഷ്‌ യോഗിയുടെ ആശ്രമത്തിലെത്തിയത് ഒരു വലിയ തലമുറയെ ഭാരതീയ ആത്മീയതയിലേക്ക് ആകർഷിച്ചു. ഗർഭനിരോധന ഗുളിക (ദ് പിൽ) പടിഞ്ഞാറൻ നാടുകളിൽ ലൈംഗിക സ്വാതന്ത്ര്യം തുറന്നുവിട്ടു. സോവിയറ്റ് യൂണിയൻ ചെറിയ നാടുകളെ അടിച്ചമർത്തുന്ന കാലവും കൂടിയായിരുന്നു അത്. ഇരുമ്പുമറയ്ക്കു പിന്നിൽ വിമോചനത്തിന്റെ ആശയം അടിച്ചമർത്തലിന്റെ ആയുധമായി. ആ കാലത്തിന്റെ സ്പന്ദനങ്ങളെല്ലാം ‘ഖസാക്കിന്റെ ഇതിഹാസം’ സ്വീകരിച്ചു.

പിന്നീട് ഖസാക്ക് പല രീതിയിലും വായിക്കപ്പെട്ടു. ഇനിയും പല വായനകൾ അതിനു ബാക്കിയുണ്ട്. ആഗോളവൽക്കരണം ലോകത്തെ മുഴുവൻ തുറന്നിട്ടപ്പോൾ, മനുഷ്യർ അതിനു വിപരീതമായി, അവരുടെ വേരുകളെക്കുറിച്ചു കൂടുതൽ ബോധവാന്മാരായി. അതുകൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പുതിയ വായനക്കാരൻ അല്ലെങ്കിൽ വായനക്കാരി ഖസാക്ക് ആസ്വദിച്ചു വായിക്കാനാണു സാധ്യത. അത്രയ്ക്കുണ്ട് അതിൽ – അവരെ ആകർഷിക്കുന്ന, വിവിധ ജനസമൂഹങ്ങളുടെ ഭാഷ, ജീവിതരീതി, മിത്തുകൾ തുടങ്ങിയ – അതിപ്രാദേശികത്വത്തിന്റെ (hyperlocalism) മാസ്മരിക ഘടകങ്ങൾ.

ചെറുകഥകളും നോവലുകളുമായി പരന്നുകിടക്കുന്ന ഒ.വി.വിജയന്റെ സാഹിത്യലോകം തലമുറകളായി വായനക്കാരിൽനിന്നു നിരന്തരം ആവശ്യപ്പെടുന്നത് വായനയ്ക്കൊപ്പം മനനവും കൂടിയാണ്. അത്തരം എഴുത്തുകാർ അപൂർവമായേ കാണുകയുള്ളൂ. അതുതന്നെയാണ് അദ്ദേഹത്തിന്റെ നവതിസ്മരണയെ കൂടുതൽ ദീപ്തമാക്കുന്നത്.

ആ റിപ്പോർട്ടിന് സംഭവിച്ചത്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം ബോളിവുഡ് ആകെ കലങ്ങിമറിഞ്ഞിരിക്കുന്നു. സ്വയം ജീവനൊടുക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചതിനു കാരണമായി പല വാദങ്ങളുമുയർന്നു. സ്വജനപക്ഷപാതം, യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഹിന്ദി സിനിമാലോകത്തു നേരിടുന്ന വിവേചനം തുടങ്ങി പല ആരോപണങ്ങളും സമൂഹമാധ്യമങ്ങളെ ചൂടു പിടിപ്പിച്ചു.

സ്വാഭാവികമായും ഇതിന്റെ അനുരണനം മലയാളത്തിലും ഉണ്ടായി. ബോളിവുഡിൽ ഉണ്ടെന്നു പറയുന്ന ദുഷ്പ്രവണതകൾ മലയാള സിനിമയിലും ഉണ്ടെന്ന് ഒരു നടൻ പ്രസ്താവിച്ചു. തുടർന്നുനടന്ന വാദപ്രതിവാദങ്ങളിൽ ഹിന്ദി സിനിമയെ സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന വിവാദത്തിൽ ഉയർന്നുവരാത്ത മറ്റൊരു ആരോപണംകൂടി മലയാള സിനിമയെക്കുറിച്ചു കേൾക്കാനിടയായി: അതു നടിമാരോടുള്ള മോശം പെരുമാറ്റമാണ്.

സിനിമാലോകവുമായി ബന്ധമില്ലാത്ത, വിവാഹത്തട്ടിപ്പു നീക്കത്തിനെതിരെ ഒരു നടി ഈയിടെ പൊലീസിനു നൽകിയ പരാതിയുടെ തുടർച്ചയായി പുറത്തുവന്നത് ഒട്ടേറെ സംഭവങ്ങൾ. അതെക്കുറിച്ചു പിന്നീട് സംസാരിച്ചപ്പോൾ അവർ പറഞ്ഞ ഒരു കാര്യം, ചില നടിമാർ ജീവിക്കുന്നത് വലിയൊരു ‘ഓർമ’യിലാണ് എന്നാണ്. ആ ദുഃഖകരമായ ഓർമ, നമുക്കറിയാം: ഒരു നടിക്കു നേരിടേണ്ടി വന്ന ഹീനമായ അനുഭവം. ഇപ്പോൾ വിചാരണയിലുള്ള ആ സംഭവം നടന്നതിനു ശേഷം മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കലക്ടീവ് മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ, സിനിമാരംഗത്തു സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷനെ 2017 ജൂലൈയിൽ സർക്കാർ നിയമിച്ചു. വിശദമായ തെളിവെടുപ്പുകൾക്കു ശേഷം 2019 ഡിസംബർ 31നു കമ്മിഷൻ മുഖ്യമന്ത്രിക്കു റിപ്പോർട്ട് കൈമാറി.

ഇത്രയും നാൾ കഴിഞ്ഞിട്ടും ആ റിപ്പോർട്ട് പുറത്തുവരികയോ അതിന്മേൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. റിപ്പോർട്ട് സമർപ്പിക്കുന്ന സമയത്തു ജസ്റ്റിസ് ഹേമ മാധ്യമങ്ങൾക്കു നൽകിയ, റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചനകൾ നമ്മെ ആകുലപ്പെടുത്തേണ്ടതാണ്. കാസ്റ്റിങ് കൗച്ച്, ലൈംഗിക പീഡനം തുടങ്ങി ശുചിമുറികളുടെ ദൗർലഭ്യം വരെ ആ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നത്. മലയാള സിനിമയെ സ്ത്രീസൗഹൃദ ഇടമാക്കുന്നതിനു സഹായിക്കേണ്ട ഈ റിപ്പോർട്ടിന്മേൽ മൗനം പാലിക്കുന്നതും തുടർനടപടികൾ സ്വീകരിക്കാതിരിക്കുന്നതും, മിതമായ ഭാഷയിൽ പറഞ്ഞാൽ, ദുരൂഹമാണ്.

സ്കോർപ്പിയൺ കിക്ക്: ഇരിപ്പിടങ്ങൾ ക്രമീകരിച്ച് ഒറ്റദിവസത്തെ നിയമസഭാ സമ്മേളനം നടത്തും. 

കേരള കോൺഗ്രസ് (ജോസ് കെ.മാണി) ആരുടെ അടുത്തുനിന്നാണു സാമൂഹിക അകലം പാലിക്കുക?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com