വാചകമേള

vachakamela
SHARE

∙ ആർട്ടിസ്റ്റ് നമ്പൂതിരി: സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല. കാരണം, അച്ഛൻ എന്നെ സ്കൂളിൽ ചേർത്തില്ല എന്നതു തന്നെ. അച്ഛൻ പണ്ഡിതനായിട്ടും എനിക്കു വിദ്യാഭ്യാസം തരാതിരുന്നതിന്റെ പൊരുൾ മനസ്സിലാവുന്നില്ല. അന്നൊക്കെ അതിൽ വിഷമമുണ്ടായിരുന്നു. സ്കൂൾ ജീവിതമൊക്കെ സങ്കൽപിച്ചിട്ടുണ്ട്, വരച്ചിട്ടുണ്ട്.

∙ എ.ഹേമചന്ദ്രൻ: മുൻ ഗുജറാത്ത് ഡിജിപി ആർ.ബി.ശ്രീകുമാർ എന്നോടു സൂചിപ്പിച്ച കാര്യം ഓർക്കുന്നു. അദ്ദേഹം പറഞ്ഞു: ‘സിവിൽ സെർവന്റ്സ് പൊതുവേയും പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേകിച്ചും നേത്രരോഗ വിദഗ്ധരാണ്’. അതായത് Eye specialists. കൃത്യമായി പറഞ്ഞാൽ I-specialists. അദ്ദേഹം അർഥമാക്കിയത്, അവർ പറയുമ്പോഴും എഴുതുമ്പോഴും ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ‘ഞാൻ, ഞാൻ മാത്രം’ എന്ന മനോനില പ്രകടമാണെന്നാണ്.

∙ സച്ചിദാനന്ദൻ: കോവിഡ്കാലം വർഗവിഭജനത്തെ കൃത്യമായി എടുത്തുകാണിച്ചു. ഇന്ത്യയിൽത്തന്നെ, അതിഥിത്തൊഴിലാളികളെ നാം ആദ്യമായി ശ്രദ്ധിച്ചു. നഗരങ്ങൾ പടുത്തുയർത്തിയ അവരെ ആദ്യമായി നമ്മൾ ‘കാണേണ്ടിവന്നു.’ ഗ്രാമങ്ങളിലേക്കു നടന്നുപോകുന്ന അവരുടെ വിണ്ട കാലടികളും വണ്ടിതട്ടി മരിക്കുന്ന അവരുടെ ഉടലുകളും കണ്ടു.  

∙ എം.എൻ.കാരശ്ശേരി: മലബാർ കലാപത്തെ സംബന്ധിക്കുന്ന സത്യം നമ്മളൊരിക്കലും കണ്ടെത്തുകയില്ലെന്നു പറഞ്ഞത് 1924ൽ മഹാത്മാ ഗാന്ധിയാണ്. കാരണം, അത്ര സങ്കീർണമാണ് അതിന്റെ സ്വഭാവം. ഇന്നു സിനിമകളുടെ പേരിൽ വിവാദമുണ്ടാകുന്നതിൽ സത്യം പറഞ്ഞാൽ കഷ്ടം തോന്നുന്നുണ്ട്.

∙ ഡോ. വി.പി.ഗംഗാധരൻ: മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്ന മലയാളികൾക്ക് നമ്മുടെ ഹെൽത്ത് സിസ്റ്റം മഹാമോശമാണ് എന്നൊരു ധാരണയുണ്ടായിരുന്നു. ഇപ്പോൾ പലരും യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്. ലോകം ഇപ്പോൾ നമ്മളെ നോക്കുന്നുണ്ട്. അതുപോലെ ഡോക്ടർമാരുടെ ആത്മവിശ്വാസം കൂടുന്നുമുണ്ട്. 

∙ മനോജ് കുറൂർ: പുസ്തകവായനയും അന്വേഷണവും ആലോചനയുമൊക്കെ ഉൾപ്പെടുന്ന അധ്യാപകവൃത്തിയെ എങ്ങനെയാണ് ക്ലിപ്തസമയം തുടങ്ങിയ ബാഹ്യ മാനദണ്ഡങ്ങൾകൊണ്ട് അളക്കുക? അധ്യാപകർ ജോലി ചെയ്യുന്നില്ല എന്നും അവരുടെ ജോലിയെന്നാൽ ക്ലാസ് കൈകാര്യം ചെയ്യുന്ന സമയം മാത്രമാണ് എന്നുമുള്ള മുൻധാരണകളോടെ നിരന്തരം വരുന്ന നിബന്ധനകൾ, അവരുടെ ആത്മവിശ്വാസത്തെയും ഉത്തരവാദിത്തബോധത്തെയുമാണ് പ്രതികൂലമായി ബാധിക്കുന്നത്.

∙ ശ്രീകുമാരൻ തമ്പി: ഇന്ത്യൻ ജനാധിപത്യം ദയനീയ പരാജയമാണ്. സ്വാതന്ത്ര്യം കിട്ടി ഏറെക്കഴിഞ്ഞിട്ടും എന്താണ് ജനാധിപത്യം എന്നു നമുക്കറിയില്ല. ജനസേവകരാകേണ്ട നേതാക്കന്മാർ രാജാക്കന്മാരെപ്പോലെയല്ലേ പെരുമാറുന്നത്... ഒന്നാം കമ്യൂണിസ്റ്റ് സർക്കാർ നാട്ടിലുണ്ടാക്കിയ സാമൂഹിക മാറ്റങ്ങൾകൊണ്ടാണ് കേരളം ഇന്നും പിടിച്ചുനിൽക്കുന്നത്.

‌∙‍‍ ഡോ. എം.കുഞ്ഞാമൻ: കമ്യൂണിസ്റ്റ് പാർട്ടി തന്നെ ജാതിസംഘടനകൾ ഉണ്ടാക്കുന്ന കാലമാണിത്... പട്ടികജാതി വികസനസമിതിയും ആദിവാസിക്ഷേമ സമിതിയുമെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ സൃഷ്ടിയാണ്. ഇതൊക്കെ ആവശ്യമുണ്ടോയെന്ന് അവർ ചിന്തിക്കട്ടെ. 

∙ ഡോ. ആർ.വി.ജി.മേനോൻ: എൻജിനീയറിങ്ങിനോട് പ്രത്യേക ആഭിമുഖ്യമോ ശേഷിയോ ഇല്ലാത്ത കുട്ടികൾ ആ കോഴ്സുകൾക്കു ചേരുന്നുവെന്നത് യഥാർഥ ദുരന്തമാണ്. കഴിഞ്ഞ 10-20 വർഷമായി ഇക്കാര്യം മാധ്യമങ്ങളിലൂടെ പറയുന്നുണ്ടെങ്കിലും ആരും ശ്രദ്ധിക്കുന്നില്ല, മാധ്യമങ്ങൾ പോലും.

∙ മമ്മൂട്ടി: കുട്ടിക്കാലങ്ങളിലും മുതിർന്നപ്പോഴും അഭിനയഭ്രാന്തുകളിലൂടെ സഞ്ചരിക്കുമ്പോൾ ഒ.വി.വിജയന്റെ പല കഥാപാത്രങ്ങളായും ഞാൻ എന്നെത്തന്നെ സങ്കൽപിച്ചിട്ടുണ്ട്. ഒരുകാലത്ത് രവിയായും നൈസാമലിയായും പിന്നീടൊരു ഘട്ടത്തിൽ അള്ളാപ്പിച്ചയായും എന്നെ സങ്കൽപിക്കാറുണ്ടായിരുന്നു. 

∙ ശ്രീനിവാസൻ: ഞാൻ അലോപ്പതിക്കോ ചികിത്സയ്ക്കോ എതിരല്ല. ഈ രംഗത്തു നടക്കുന്ന തട്ടിപ്പുകളെ മാത്രമാണ് എതിർക്കുന്നത്. അതു നവമാധ്യമക്കാർക്കു മനസ്സിലാകാത്തത് എന്റെ കുറ്റമല്ല.

English Summary: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA